എന്താണ് പക്ഷാഘാതം

നമ്മുടെ തലച്ചോറിനു സുഗമമായി പ്രവർത്തിക്കുന്നതിന് തുടർച്ചയായുള്ള ഓക്സിജൻ വിതരണം ആവശ്യമാണ്. ഓക്സിജൻ വിതരണം തടസ്സപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലെ കോശങ്ങൾ നശിച്ചുതുടങ്ങുന്നു. ഇത് പക്ഷാഘാതം (സ്ട്രോക്ക്) എന്ന അടിയന്തിര വൈദ്യസഹായം ആവശ്യമായ അവസ്ഥയിലേക്ക് നയിക്കുന്നു. അറ്റാക്ക് എന്നും ബ്രെയിൻ ഹെമറേജ് എന്നും സാധാരണക്കാർ ഇതിനെ വിളിക്കുന്നു. ‘സെറിബ്രോവാസ്കുലർ ആക്സിഡന്റ്’ (സിവിഎ) എന്നാണ് ഇത് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്നത്.

ഇന്ത്യയിൽ ഉത്കണ്ഠയ്ക്ക് കാരണമാകുന്ന ഒരു ആരോഗ്യാവസ്ഥയാണ് പക്ഷാഘാതം. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതു മൂലം മരണമടയുന്നത്.

കാരണങ്ങൾ

കാരണത്തെ അടിസ്ഥാനമാക്കിയാണ് പക്ഷാഘാതത്തെ ഇനം തിരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്.

ഇസ്മിക് പക്ഷാഘാതം; ഇതാണ് ഏറ്റവും സാധാരണമായത്. തലച്ചോറിലേക്ക് ഓക്സിജൻ എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്.

ഇതിന് ഇനി പറയുന്ന ഉപ വിഭാഗങ്ങളുണ്ട്;

ത്രോംബോട്ടിക് സ്ട്രോക്ക്: ആർട്ടറികളിൽ രക്തം കട്ടപിടിക്കുന്നതു മൂലം ഓക്സിജൻ വിതരണം തടസ്സപ്പെടുന്നു.

എംബോലിക് പക്ഷാഘാതം: ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കട്ടപിടിച്ച രക്തം തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഓക്സിജൻ വിതരണം തടസ്സപ്പെടുകയും ചെയ്യുന്നു.

ഹെമറാജിക് പക്ഷാഘാതം: തലച്ചോറിലെ രക്തക്കുഴലുകളിൽ നിന്ന് രക്തമൊലിക്കുകയോ പൊട്ടുകയൊ ചെയ്യുമ്പോഴാണ് ഹെമറാജിക് പക്ഷാഘാതം ഉണ്ടാകുന്നത്. ഇത് സബരാക്കനോയിഡ് പക്ഷാഘാതമോ ഇൻട്രാസെറിബ്രൽ പക്ഷാഘാതമോ ആകാം.

ട്രാൻസിയന്റ് ഇസ്മിക് പക്ഷാഘാതം (ടിഐഎ): വളരെക്കുറച്ച് സമയത്തേക്കും മാത്രം ലക്ഷണങ്ങൾ പ്രകടമായാൽ അതിനെ ട്രാൻസിയന്റ് ഇസ്മിക് പക്ഷാഘാതം അല്ലെങ്കിൽ മിനി സ്ട്രോക്ക് എന്നു വിളിക്കുന്നു. രക്തധമനികളിൽ ഉണ്ടാകുന്ന താൽക്കാലികമായ തടസ്സമാണ് ഇതിനു കാരണമാകുന്നത്. കടുത്ത പക്ഷാഘാതത്തിനുള്ള മുന്നറിയിപ്പ് സൂചനയായി ഇതിനെ കണക്കാക്കാം.

പക്ഷാഘാതത്തിനുള്ള അപകടസാധ്യതാ ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

ഉയർന്ന രക്തസമ്മർദം

പ്രമേഹം

ഉയർന്ന കൊളസ്ട്രോൾ നില

ഹൃദ്രോഗം

പുകവലി

കുടുംബത്തിൽ ആർകെങ്കിലും ഇത് സംഭവിക്കുക

അമിതവണ്ണം

സ്ളീപ് ആപ്നിയ

മദ്യപാനം

കായികാധ്വാനം ഇല്ലാതിരിക്കുക

മയക്കുമരുന്ന് ദുരുപയോഗം

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വളരെ പെട്ടെന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്, അതിനാൽ ഇനി പറയുന്ന തരത്തിൽ വളരെ പെട്ടെന്നുള്ള ലക്ഷണങ്ങൾ ഉണ്ടാകും;

തലചുറ്റലും ശരീരത്തിന്റെ സന്തുലനം നഷ്ടമാകലും

നിയന്ത്രണം നഷ്ടമാകുക, ശരീരത്തിന്റെ ഏതെങ്കിലും വശത്ത് തരിപ്പ്

ഒന്നും മനസ്സിലാക്കാൻ കഴിയാതെവരിക

തലവേദനയും ഓക്കാനവും ഛർദിയും

കാണുന്നതിനു ബുദ്ധിമുട്ട്

സുബോധം നഷ്ടമാകുക

കുറച്ചുസമയത്തിനു ശേഷം ലക്ഷണങ്ങൾ ഇല്ലാതായാൽ അത് ടിഐഎ ആയിരിക്കാനാണ് സാധ്യത. ആരംഭത്തിൽ തന്നെ ചികിത്സ നകിയില്ലെങ്കിൽ സങ്കീർണതകൾ പ്രതിരോധിക്കാൻ സാധിച്ചുവെന്നുവരില്ല.

നിങ്ങൾ ഫാസ്റ്റ് (F A S T) നിയമത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം – F – ഫേസ്, A- ആം, S – സ്പീച്ച്, T- ടൈം. ഈ നാലു ഘടകങ്ങൾ ശ്രദ്ധിക്കുകയും രോഗിക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.

ഫേസ്– മുഖം കോടിപ്പോകുക

ആം – ഒരു കൈ താഴേക്ക് ഊർന്നു പോകുക അല്ലെങ്കിൽ ചലിപ്പിക്കാൻ സാധിക്കാതെ വരിക.

സ്പീച്ച് – ശരിയായി സംസാരിക്കാൻ സാധിക്കാതെവരിക അല്ലെങ്കിൽ നാക്കു കുഴയുക.

ടൈം – അടിയന്തിര വൈദ്യസഹായം എത്തിക്കുക.

സ്ഥിരീകരണം

പക്ഷാഘാതത്തിന്റെ കാരണം മനസ്സിലാക്കുന്നതിനുള്ള പരിശോധനകളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

എംആർഐ സ്കാൻ

ഇസിജി

സിടി സ്കാൻ

രക്തപരിശോധന

കരോറ്റിഡ് അൾട്രാസൗണ്ട്

സെറിബ്രൽ ആൻജിയോഗ്രാം

ചികിത്സ

പക്ഷാഘാതത്തിന്റെ കാരണത്തിന്റെ അടിസ്ഥാനത്തിൽ, രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് അടിയന്തിരമായി മരുന്നുകൾ നൽകുന്നു. രക്തം കട്ടപിടിച്ചത് അലിയിക്കുന്നതിനും രക്തസമ്മർദവും കൊളസ്ട്രോൾ നിലയും കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ നൽകിയേക്കാം.

കട്ടപിടിച്ചിരിക്കുന്ന രക്തവും രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയും നടത്തിയേക്കാം. രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിനായി ആൻജിയോപ്ളാസ്റ്റിയും ചെയ്തേക്കാം.

ഹെമറാജിക് പക്ഷാഘാതമാണെങ്കിൽ, ചോർച്ചയുള്ളതും തകരാർ പറ്റിയതുമായ രക്തക്കുഴലുകൾ ശസ്ത്രക്രിയയിലൂടെ നേരെയാക്കേണ്ടിവരും.

പുന:രധിവാസം പക്ഷാഘാത ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ്. പക്ഷാഘാതത്തിനു ശേഷം സ്വാഭാവിക ജീവിതം നയിക്കുന്നതിനായി സ്പീച്ച്, ഫിസിക്കൽ തെറാപ്പികൾ നടത്തേണ്ടിവരും. പക്ഷാഘാതം മൂലം ശരീരത്തിന്റെ ഏതു ഭാഗങ്ങൾക്കാണ് തകരാറു പറ്റിയത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുക.

പ്രതിരോധം

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രോഗാവസ്ഥകളെ നിയന്ത്രിച്ചു നിർത്തുന്നതും പക്ഷാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നു.

മുൻകരുതൽ നടപടികളായി ഇനി പറയുന്നവ പിന്തുടരാം;

രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ നില എന്നിവ നിയന്ത്രിക്കുക

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

ദിവസവും വ്യായാമം ചെയ്യുക

ആരോഗ്യകരമായ ഭക്ഷണം

മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക

സങ്കീർണതകൾ

പക്ഷാഘാതം മൂലം ഉണ്ടാകുന്ന വൈകല്യങ്ങൾ താൽക്കാലികമോ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതോ ആകാം. പക്ഷാഘാതം ഉണ്ടായ തലച്ചോറിന്റെ ഭാഗം ശരിയായി പ്രവർത്തിക്കില്ല.

പക്ഷാഘാതം ഉണ്ടായവർക്ക് ഇനി പറയുന്ന നിരവധി സങ്കീർണതകളുണ്ടാകാം;

ഭാഗികമായോ പൂർണമായോ ഉള്ള ശരീര സ്തംഭനം

സംസാരിക്കുന്നതിനും കഴിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ

ഓർമ്മ നഷ്ടം

വൈകാരിക പ്രശ്നങ്ങൾ

വേദന

മാനസിക പ്രശ്നങ്ങൾ

പക്ഷാഘാത ചികിത്സയുടെയും പുന:രധിവാസത്തിന്റെയും വിജയം ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ആദ്യത്തെ മൂന്ന് മണിക്കൂർ സമയമാണ് രോഗമുക്തിക്ക് നിർണായകമാകുന്നത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ വൈദ്യസഹായം നൽകുകയാണെങ്കിൽ, അതിജിവനത്തിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

നേരത്തെ നിങ്ങൾക്ക് പക്ഷാഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ;

വീണ്ടും പക്ഷാഘാതം ഉണ്ടാകാമെന്നതിനാൽ ജാഗ്രത പുലർത്തണം

കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുക

മരുന്നുകൾ മുടക്കാതിരിക്കുക

തെറാപ്പികൾ തുടരുക

അപകടസൂചനകൾ

ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ മൂലം ബുദ്ധിമുട്ടുന്നവർ ശാരീരികമായ സൂചനകളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളും സൂചനകളും ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടുക.

കടപ്പാട്: modasta