എന്താണ് മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയെ (അപ്പർ യൂറിനറി ട്രാക്റ്റ്, ലോവർ യൂറിനറി ട്രാക്റ്റ്) ബാധിക്കുന്ന ഏറ്റവും സാധാരണമായ അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (യുടിഐ) അഥവാ മൂത്രനാളിയിലെ അണുബാധ.

ബാക്ടീരിയകൾ മൂലമാണ് മൂത്രനാളത്തിൽ അണുബാധയുണ്ടാകുന്നത്. വൃക്ക, മൂത്രസഞ്ചി, ഗർഭാശയം, മൂത്രനാളം തുടങ്ങിയ ഭാഗങ്ങളിൽ അണുബാധയുണ്ടാകാം.

യുടിഐ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായും സ്ത്രീകൾക്കായിരിക്കും. മൂത്രനാളത്തിന്റെ നീളം കുറവായതും മൂത്രമൊഴിക്കുന്നതിനുള്ള താമസം, ലൈംഗിക പ്രവൃത്തികൾ, ഡയഫ്രം പോലെയുള്ള ഗർഭനിരോധ ഉപാധികൾ ഉപയോഗിക്കുന്നതു മൂലം മൂത്രനാളത്തിനു സമീപം ഇ.കോലി ബാടീരിയകൾ അടിഞ്ഞുകൂടുന്നത് എന്നിവ ഇതിനു കാരണാമാകുന്നു.

മൂത്രനാളിയിലെ അണുബാധയുടെ കാരണങ്ങൾ

സാധാരണയായി, ഇ.കോലി ബാക്ടീരിയയാണ് യുടിഐയ്ക്ക് കാരണമാകുന്നത്. എന്ററോബാക്ടർ, സ്റ്റാഫിലോകോക്കസ് സാപ്രോഫൈറ്റിക്കസ്,ക്ളെയെല്ല ന്യുമോണിയെ, സ്യൂഡോമൊണാസ് തുടങ്ങിയ തരങ്ങളും ഇതിനു കാരണമാകുന്നു.

യുടിഐ ലക്ഷണങ്ങൾ

അടിക്കടി മൂത്രശങ്കയുണ്ടാവുക, രാത്രിയിൽ അമിതമായി മൂത്രമൊഴിക്കുക, മൂത്രസഞ്ചിയിൽ അസ്വസ്ഥതയും മൂത്രമൊഴിക്കുന്ന അവസരത്തിൽ വേദനയും അനുഭവപ്പെടുക തുടങ്ങിയവയാണ് മുതിർന്ന ഒരാൾക്ക് ഇതുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ.

യുടിഐയുടെ പ്രാരംഭദശയിൽ, മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതായും അടിവയറ്റിൽ വേദനയും അസ്വസ്ഥതയും തോന്നാം. ഇത് ലോവർ യുടിഐയുടെ ലക്ഷണങ്ങളായിരിക്കും.

മൂത്രമൊഴിക്കാൻ തുടങ്ങുമ്പോൾ അല്ലെങ്കിൽ മൂത്രമൊഴിക്കുന്ന സമയത്ത് വേദന തോന്നുന്നുവെങ്കിൽ, അണുബാധ മൂത്രനാളത്തിനുള്ളിൽ ആയിരിക്കുന്നതിനാണ് സാധ്യത. അതേസമയം, മൂത്രമൊഴിച്ചു കഴിഞ്ഞാണ് വേദന അനുഭവപ്പെടുന്നതെങ്കിൽ, മൂത്രസഞ്ചിയിലോ പ്രോസ്റ്റേറ്റ് ഭാഗത്തോ ആയിരിക്കും അണുബാധ.

മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ അപ്പർ യൂറിനറി ട്രാക്റ്റ് അണുബാധയുടെ ലക്ഷണങ്ങളാണ്. ഇതിൽ 10% കേസുകളിൽ, മൂത്രത്തിൽ രക്തം കലർന്നിരിക്കും. ഈ അവസ്ഥ ഹെമറാജിക് സിസ്റ്റൈറ്റിസ് എന്ന് അറിയപ്പെടുന്നു.

ചെറിയ പനി, പെട്ടെന്നുണ്ടാകുന്ന കുളിര് എന്നിവ സിസ്റ്റൈസ് ഉള്ളവരിൽ സാധാരണമായിരിക്കും. അപ്പർ യൂറിനറി ട്രാക്റ്റ് അണുബാധയുടെയും സാധാരണ ലക്ഷണമാണിത്.

യുടിഐ സ്ഥിരീകരണം

രോഗിക്ക് എന്താണ് അനുഭവപ്പെടുന്നത് എന്ന് ചോദിച്ചറിയുന്ന ഡോക്ടർ, ശാരീരിക പരിശോധനയിലൂടെ അപ്പർ ട്രാക്റ്റ് അണുബാധയാണോ ലോവർ ട്രാക്റ്റ് അണുബാധയാണോ എന്ന് മനസ്സിലാക്കും.

മൂത്രത്തിന്റെ മധ്യധാര (ക്ളീൻ ക്യാച്ച്) ശേഖരിച്ച് പരിശോധന നടത്തും. യുടിഐ യുടെ സൂചനയ്ക്കായി ശ്വേതരക്താണുക്കളുടെ എണ്ണം പരിശോധിക്കും. മൂത്രം കൾച്ചർ നടത്തി അണുബാധയുടെ കാരണം മനസ്സിലാക്കും. ഈ രണ്ട് പരിശോധനകളിലൂടെ ഏതു തരത്തിലുള്ള ചികിത്സയാണ് നൽകേണ്ടതെന്ന് ഡോക്ടർ തീരുമാനിക്കും. അപ്പർ യുടിഐ ആണ് സംശയിക്കുന്നതെങ്കിൽ, കമ്പ്ളീറ്റ് ബ്ളഡ് കൗണ്ട് (സിബിസി), ബ്ളഡ് കൾച്ചർ എന്നിവ നിർദേശിക്കും. അണുബാധ രക്തത്തിലേക്ക് പടർന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുന്നതിനാണ് ഈ പരിശോധന. ആവർത്തിച്ച് അണുബാധയുണ്ടാവുന്നവർക്ക് ഇനി പറയുന്ന പരിശോധനകൾ നിർദേശിച്ചേക്കാം;

അൾട്രാസൗണ്ട് – വളർച്ചകളോ തടസ്സങ്ങളോ ഉണ്ടോയെന്ന് മനസ്സിലാക്കുന്നതിന് അൾട്രാസൗണ്ട് തരംഗങ്ങൾ ഉപയോഗിക്കുന്നു.

ഇൻട്രാവെനസ് പൈലോഗ്രാം (ഐവിപി) – മൂത്രനാളത്തിൽ ഒരു ഡൈ കുത്തിവച്ച് ഡോക്ടർമാർക്ക് മൂത്രനാളിയുടെ പൂർണമായ കാഴ്ച ലഭ്യമാക്കുന്നു.

സിസ്റ്റോസ്കോപി – മൂത്രസഞ്ചിയിൽ പരിശോധന നടത്തുന്നതിനായി, ചെറിയ ക്യാമറ അല്ലെങ്കിൽ പ്രോബിന്റെ സഹായം തേടുന്നു.

യുടിഐ ചികിത്സയും പ്രതിരോധവും

ചികിത്സ

യുടിഐയ്ക്ക് ആന്റിബയോട്ടിക് ചികിത്സയാണ് നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഇത്.

ആദ്യ ഘട്ടം – ഫസ്റ്റ്-ലൈൻ ആന്റിബയോട്ടിക്: റെസിസ്റ്റൻസ് നിരക്ക് <20% ആണെങ്കിൽ ട്രൈമിതൊപ്രിം/സൾഫാമെതോക്സസോൾ എന്നിവ നൽകുന്നു.

രണ്ടാമത്തെ ഘട്ടം – ഫസ്റ്റ് ലൈൻ പരാജയപ്പെടുന്ന അവസരത്തിൽ സിപ്രൊഫ്ലൊക്സസിൻ.ലിവൊഫ്ലൊക്സസിൻ,നൊർഫ്ലൊക്സസിൻ,ഒഫ്ലൊക്സസിൻ എന്നിവ നൽകുന്നു.

യുടിഐയ്ക്ക് ആന്റിബയോട്ടിക്കുകൾ നൽകാമെങ്കിലും ആളുകൾക്കിടയിൽ റെസിസ്റ്റൻസ് നിരക്ക് വർദ്ധിച്ചുവരുന്നത് അവഗണിക്കാനാവില്ല. ഇന്ത്യയിൽ സിപ്രൊഫ്ളൊക്സാസിൻ റെസിസ്റ്റൻസ് നിരക്ക് 47%-69% ആണെന്ന് മനസ്സിലാക്കുക.

അതിനാൽ, ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശപ്രകാരം കുറഞ്ഞ കാലയളവിൽ മാത്രം കഴിക്കുക.

പ്രതിരോധം

ആവർത്തിക്കുന്ന സ്വഭാവമുള്ള യുടിഐകൾക്ക് പ്രതിരോധ കുത്തിവയ്പുകൾ വികസിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ചില ലളിതമായ നടപടികളിലൂടെ യുടിഐ പ്രതിരോധിക്കാം;

ദിവസവും മതിയായ അളവിൽ വെള്ളം കുടിക്കുക. 8-10 ഗ്ളാസ് അല്ലെങ്കിൽ 3-4 ലിറ്റർ

സെക്സിനു ശേഷം വെള്ളം കുടിക്കുക

ദീർഘനേരം മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തുന്നത് ഒഴിവാക്കുക

യോനി,മലദ്വാരം തുടങ്ങിയ ഭാഗങ്ങൾ ശുചിയായി സൂക്ഷിക്കുക

ശുചിമുറി ഉപയോഗിച്ച ശേഷം മുന്നിൽ നിന്ന് പിറകിലേക്ക് വേണം ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് തുടയ്ക്കേണ്ടത്.

അടുത്ത നടപടിക

മൂത്രനാളിയിലെ അണുബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.

അപകടസാധ്യതകൾ

മൂത്രം പോകാത്ത അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അടിയന്തിര വൈദ്യസഹായം തേടുക.

കടപ്പാട് : മോഡസ്റ്റ