തുടര്‍ച്ചയായ ബസ്യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് സാധാരണ മൈഗ്രേന് രോഗികള്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നത്. 'മോഷന്‍ സിക്നസ്' ആണ് ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്.

ഇതോടനുബന്ധിച്ച് ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്ന്ന് തലവേദനയും ഉണ്ടാകുന്നു.

പനിവന്നാല്‍

1. പനിയോടു കൂടിയ തലവേദന ഉണ്ടാകുന്നത് സാധാരണമാണ്. എന്താണ് ഇതിനു കാരണം. ഇവ തമ്മിലുള്ള ബന്ധമെന്താണ്?

തലവേദന രണ്ടുവിധമുണ്ട്. ഇന്റര്‍നാഷണല്‍ ഹെഡ്എയ്ക് സൊസൈറ്റി (ഐ.എച്ച്.എസ്) യുടെ നിര്‍വചനപ്രകാരം തലവേദന പ്രൈമറിയും സെക്കന്ററിയുമുണ്ട്.

പ്രൈമറി തലവേദനയില്‍ മൈഗ്രേന്, ടെന്‍ഷന്‍ ടൈപ്പ് തലവേദന, ക്ലസ്റ്റര്‍ ഹെഡ്എയ്ക് എന്നിവയാണ്. സെക്കന്ററി തലവേദന എടുത്തുപറയാവുന്ന പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്.

തലയ്ക്ക് ഏല്ക്കുന്ന ആഘാതം, തലയിലെ രക്തക്കുഴലുകളുടെ വൈകല്യം, ട്യൂമറുകള്‍, തലച്ചോറിനെ ബാധിക്കുന്ന അണുബാധ, സൈനുസൈറ്റിസ്, ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയവയെല്ലാം തലവേദനയുണ്ടാക്കുന്നു.

പനിയുണ്ടാക്കുന്ന രോഗങ്ങളെല്ലാംതന്നെ സാധാരണ തലവേദന ഉണ്ടാക്കുന്നു. മെനിജൈറ്റിസ്, എന്‍സെഫാലൈറ്റിസ് തുടങ്ങിയ മസ്തിഷ്ക്കത്തെ ബാധിക്കുന്ന അണുബാധ പനിയോടു കൂടി ശക്തമായ തലവേദനയുണ്ടാക്കുന്നു.

മദ്യംകഴിച്ചാല്‍

2. മദ്യം കഴിച്ചാല്‍ ചിലരില്‍ തലവേദനയുണ്ടാകുന്നു. എന്താണ് ഇതിനു കാരണം.

പലതരം ഭക്ഷണപദാര്‍ഥങ്ങള്‍ തലവേദനയുണ്ടാകുന്നതിന് കാരണമാകുന്നു. തലവേദനയുണ്ടാകുന്ന ഏകദേശം പത്തുശതമാനം പേരില്‍ വിവിധ ഭക്ഷണപാനീയങ്ങള്‍ തലവേദനയ്ക്ക് പ്രേരണാഘടക(ട്രിഗര്‍) മാകുന്നു.

വിവിധതരം മദ്യഇനങ്ങളില്‍ ചുവന്ന വൈനും ബിയറും സാധാരണമായി തലവേദനയെ ഉദ്ദീപിപ്പിക്കുന്നു. ഇത് മൈഗ്രേന് രോഗമുള്ളവരില്‍ കൂടുതലായി കാണുന്നു. മദ്യം കുടിക്കുമ്പോള്‍ തലയിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതാണ് ഇതിനു കാരണം.

ദീര്‍ഘദൂരയാത്ര

3. ദീര്‍ഘദൂരബസ്യാത്ര തലവേദനയ്ക്ക് കാരണമാകുന്നത് എന്തുകൊണ്ടാണ്?

തുടര്‍ച്ചയായ ബസ്യാത്ര ചിലരില്‍ തലവേദയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് സാധാരണ മൈഗ്രേന് രോഗികള്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നത്.

'മോഷന്‍ സിക്നസ്' ആണ് ഇവിടെ മുന്നോടിയായി (ഓറ) ഉണ്ടാകുന്നത്. ഇതോടനുബന്ധിച്ച് ഓക്കാനം, തലകറക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതേതുടര്ന്ന് തലവേദനയും ഉണ്ടാകുന്നു.

സമയം തെറ്റിയ ഭക്ഷണം

4. പതിവു സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാല്‍ ചിലരില്‍ തലവേദനയുണ്ടാകുന്നു. ഇതിനു കാരണമെന്താണ്?

ഭക്ഷണം ശരിയായ സമയത്ത് കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയാനിടയാകും. ഇതുകൂടാതെ അസിഡിറ്റിയും വര്‍ധിക്കുന്നു.

ഈ രണ്ടു കാരണങ്ങളും മൈഗ്രേന് ഉദ്ദീപിപ്പിക്കുന്നു. വൈകിയാണെങ്കിലും ഭക്ഷണം കഴിച്ചാല്‍ തലവേദന പതുക്കെ കുറയുന്നതും കാണാം.

ചായയും കാപ്പിയും

5. കടുത്ത തലവേദനയുണ്ടാകുമ്പോള് ചായയോ കാപ്പിയോ കുടിച്ചാല്‍ ആശ്വസം ലഭിക്കുന്നതായി പറയുന്നവരുണ്ട്. ഇതിന്റെ ശാസ്ത്രീയ വശമെന്താണ്?

കാപ്പിയലടങ്ങിരിക്കുന്ന 'കഫീന്‍' എന്ന പദാര്‍ഥം മസ്തിഷ്കത്തിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു.

ഇത് തലച്ചോറിലെ 'അഡനോസിന്‍' സ്വീകരണികളെ തടസപ്പെടുത്തുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. ഈ പ്രക്രിയ വികസിച്ച രക്തക്കുഴലുകളെ സങ്കോചിപ്പിച്ചുകൊണ്ട് തലവേദനയ്ക്ക് താല്‍ക്കാലിക ആശ്വാസം നല്കുന്നു.

പക്ഷേ, ഇതൊരു ശാശ്വതപരിഹാരമായി കാണരുത്. ഇത്തരക്കാര്‍ തലവേദന മാറാനായി തുടരെ കാപ്പികുടിക്കുമ്പോള്‍ 'കഫീന്‍ അഡിക്ഷനു' സാധ്യതയുണ്ട്.

പകല്‍ സമയത്ത് സിനിമ കണ്ടാല്‍

6. പകല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ തലവേദന അനുഭവപ്പെടുന്നതായി ചിലര്‍ പറയാറുണ്ട്. ഇതിനു കാരണമെന്താണ്?

മൈഗ്രേന് രോഗികളില്‍ തലവേദനയുണ്ടാകാന്‍ കാരണമായ എല്ലാ ഉദ്ദീപനങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. അമിത പ്രകാശം, ശബ്ദം, അസാധാരണമായ ഗന്ധം, തിരക്കുകളോടുള്ള വൈമുഖ്യം, കാലാവസ്ഥയിലെ വ്യതിയാനം ഇവയെല്ലാം ഏതെങ്കിലും വിധത്തില്‍ ഓരോരുത്തരിലും തലവേദനയുണ്ടാക്കുന്നു.

കുരുമുളക് അരച്ചിടുന്നത്

7. തലവേദനയുണ്ടാകുമ്പോള് നെറ്റിയില്‍ കുരുമുളക് അരച്ചിട്ടാല്‍ മതിയെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇതില്‍ എന്ത് ശാസ്ത്രീയതയാണുള്ളത്?

തലവേദനയ്ക്ക് കുരുമുളക് അരച്ച് പുരട്ടുന്നത് നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. തലവേദനയുടെ ശക്തി കുറയുന്നതായും കണ്ടുവരുന്നു.

പനിക്കും ജലദോഷത്തിനും കുരുമുളക് നല്ല ഔഷധമായി ഉപയോഗിച്ചുവരുന്നു. എന്നാല്‍ അലോപതി മെഡിസിനില്‍ ശാസ്ത്രീയമായി ഇതിന് വിശദീകരണം നല്കാന് കഴിയില്ലെങ്കിലും ധമനികളെ സങ്കോചിപ്പിക്കുന്നതില്‍ കുരുമുളകിന് പങ്കുണ്ടെന്ന് അനുമാനിക്കാം.

ഫാനിന്റെ കാറ്റേറ്റാല്‍

8. ശീലമില്ലാത്തവര്‍ രാത്രിയില്‍ ഫാനിന്റെ കാറ്റേറ്റ് കിടന്നാല്‍ പിറ്റേന്ന് തലവേദനയ്ക്ക് കാരണമാകുമെന്ന് പറയുന്നു. ഇതിനു കാരണമെന്താണ്?

സാധാരണമായി നമ്മുടെ നാഡീവ്യൂഹം പ്രകാശം, ശബ്ദം, സുഗന്ധം, കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ തുടങ്ങിയവയോട് പൊരുത്തപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ എപ്പോഴും ഈ പ്രതിഭാഗങ്ങള്‍ക്കു മുന്നില്‍ നാഡീവ്യൂഹം ജാഗരൂകമായിരിക്കും. മൈഗ്രേന് സാധ്യതയുള്ളവരില്‍ നാഡീവ്യൂഹം അസാധാരണമായി ഊര്‍ജസ്വലമായിരിക്കും.

പാരിസ്ഥിതിക വ്യതിയാനങ്ങളായ കാലാവസ്ഥ, ഗന്ധം, വെളിച്ചം, കാറ്റ് ഇവയെല്ലാം അസാധാരണങ്ങളായി അനുഭവപ്പെട്ടാല്‍ തലവേദനയ്ക്കും കാരണമാകും. അതുകൊണ്ടാണ് ശീലമില്ലാത്തവര്‍ ഫാനിന്റെ കാറ്റേറ്റ് കിടന്നാല്‍ തലവേദനയുണ്ടാകുന്നത്.

വേദനസംഹാരികള്‍

9. വേദന സംഹാരികള്‍പുരട്ടുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ കാരണമെന്താണ്?

വേദനസംഹാരികളെല്ലാം തന്നെ താല്‍ക്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളു. തലവേദനകളുടെ മൂലകാരണം വിവേചിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമ്പോള്‍ വീണ്ടും പ്രകടമാകും.

ചിലപ്പോള്‍ ശക്തമായ റീബൗണ്ട് ഹെഡെയ്ക് ആദ്യം പ്രത്യക്ഷപ്പെടാം. തലവേദനയുണ്ടാകുമ്പോള് തലച്ചോറിലെ സെറട്ടോണിന്‍ എന്ന പദാര്‍ഥത്തിന്റെ അളവ് കുറയുന്നു.

ശാശ്വതമായ പരിഹാരം ഈ പദാര്‍ഥത്തിന്റെ കുറവ് തലച്ചോറില്‍ സന്തുലിതമാക്കുകതന്നെ.

മരുന്നുകളുടെ ഉപയോഗം

10. ചില മരുന്നുകള്‍ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകുമെന്ന് പറയുന്നത് ശരിയാണോ?

ചിലമരുന്നുകളുടെ ഉപയോഗം തലവേദനയ്ക്ക് കാരണമാകാറുണ്ട്. ഹൃദ്രോഗത്തിനായി ഉപയോഗിക്കുന്ന 'നൈട്രേറ്റ്' ഔഷധങ്ങള്‍ ഇത്തരത്തില്‍ തലവേദനയുണ്ടാക്കാം. ഒരു ഗുളിക കഴിച്ചാല്‍ ഏകദേശം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ രോഗിക്ക് ശക്തമായ തലവേദന ഉണ്ടാകാം.

തലയിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. തലയ്ക്ക് അമിതഭാരം, ചെറിയ തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതോടനുബദ്ധിച്ച് ഉണ്ടാകാം.

വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന നൈട്രേറ്റ് മരുന്നുകളാണ് ഇതിന് കാരണമാകുന്നത്. ഇതിന് പരിഹാരം സാവധാനം അലിഞ്ഞുചേരുന്ന നൈമട്രേറ്റ് മിശ്രിതങ്ങള്‍ തന്നെ. ചിലപ്പോള്‍ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്ന് വരും.

അങ്ങനെയുണ്ടെങ്കില്‍ മരുന്ന് നിര്‍ത്തുക തന്നെ വേണം. ഹൃദ്രോഗവിദഗ്ധനുമായി ചര്‍ച്ച ചെയ്തുവേണം ഇങ്ങനെ മരുന്ന് നിര്‍ത്താന്‍. നൈട്രേറ്റുകള്‍ ഹൃദയധമനികളെ വികസിപ്പിച്ച് രക്തസഞ്ചാരം സുഗമമാക്കുമ്പോഴാണ് ആന്ജൈന കുറയുന്നത്.

അതുകൊണ്ടാണ് ഹൃദ്രോഗികകളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത്. ഇതുകൂടാതെ എര്‍ഗോട്ടമിന്‍, ഈസ്ട്രോജന് തുടങ്ങിയ പദാര്‍ഥങ്ങളടങ്ങുന്ന ഔഷധങ്ങളും മറ്റു വേദന സംഹാരികളുടെ അമിത ഉപയോഗവും തലവേദനയ്ക്കു കാരണമാകാറുണ്ട്.

നിറങ്ങളും തലവേദനയും

11. പ്രത്യേക നിറങ്ങള്‍ തലവേദനയുണ്ടാക്കുന്നതായി പറയുന്നു. ഇതു ശരിയാണോ? ഇതിനു കാരണമെന്താണ്?

മൈഗ്രേന് രോഗികളുടെ നാഡീവ്യൂഹത്തിന്റെ സൂഷ്മസംവേദനശക്തി സാധാരണക്കാരേക്കാള്‍ വളരെ കൂടുതലാണ്. ഇതുമൂലം അവരുടെ നാഡീവ്യൂഹത്തില്‍, ചുറ്റുപാടുമുള്ള എന്തു മാറ്റങ്ങളും മറ്റുള്ളവരേക്കാള്‍ വേഗത്തിലും തീവ്രതയിലും പ്രതിഫലിക്കുന്നു.

ഇത് നാഡീവ്യൂഹത്തിന് അമിത ജോലിഭാരം നല്കുന്നു. പെട്ടെന്ന് മാറി മറിയുന്ന കടുത്ത നിറങ്ങള്‍ കാണുമ്പോള്‍, (സിനിമാ കാണുമ്പോള്‍) മാംസപേശികള്‍ വരിഞ്ഞുമുറുകകയും മസ്തിഷ്കത്തില്‍ നിന്ന് വിശ്രമിക്കാനുള്ള നിര്‍ദേശങ്ങള്‍ തടയുകയും ചെയ്യുന്നു.

ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. അവസാനം രക്തക്കുഴലുകള്‍ വിങ്ങുകയും തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.

തുടര്‍ച്ചയായ വായന

12. ദീര്‍ഘനേരമിരുന്നു വായിക്കുന്നത് തലവേദനയ്ക്ക് കാരണമാകുന്നത്എന്തുകൊണ്ടാണ്?

തുടര്‍ച്ചയായി വായിക്കുമ്പോള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന അമിത ജോലിഭാരം തലവേദനയ്ക്ക് കാരണമാകുന്നു. വായന കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കുന്നു. കൂടാതെ ചലനങ്ങളില്ലാതെ ഒരേനിലയില്‍ ഇരുന്ന് വായിക്കുമ്പോള്‍ കഴുത്തിലെ മാംസപേശികള്‍ക്കും സംഘര്‍ഷമുണ്ടാകുന്നു.

അവ വരിഞ്ഞു മുറുകുന്നു. ഈ രണ്ടു പ്രതിഭാസങ്ങളും തലവേദനയ്ക്ക് കാരണമാകുന്നു. വായിക്കുമ്പോള്‍ ഇടവേളകളുണ്ടാക്കി മുറ്റത്തും മുറിയിലും അല്‍പ്പനേരംനടക്കുന്നതും ശുദ്ധവായു ശ്വസിക്കുന്നതും വായനെത്തുടര്‍ന്ന് തലവേദനയുണ്ടാകാതിരിക്കാന്‍ സഹായിക്കും.

പ്രാണവായുവിന്റെ അഭാവം തലവേദനയുണ്ടാകുന്നതിന്റെ സുപ്രധാന കാരണമാണെന്നോര്‍ക്കണം. അതുകൊണ്ട് മലിനമല്ലാത്ത പ്രദേശത്തും ശുദ്ധവായു ശ്വസിച്ചു നടക്കുന്നതും ഏറെ ആശ്വാസം നല്‍കും.

പെര്‍ഫ്യൂമുകളുടെ ഉപയോഗം

13. പെര്‍ഫ്യൂമുകളുടേതു ഉള്‍പ്പെടെ ചില പ്രത്യേകതരം ഗന്ധം തലവേദനയുണ്ടാക്കുന്നു. ഇതിനു കാരണമെന്താണ്?

അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങള്‍ തലവേദനയ്ക്ക് ഉദ്ദീപനഘടകങ്ങളാണ്. പല തരത്തിലുള്ള രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പെര്‍ഫ്യൂമുകള്‍.

അവ നാഡീവ്യൂഹത്തിന്റെ സംവേദനശക്തിയെ തകിടം മറിക്കുന്നു. കടുത്ത മണങ്ങള്‍ അങ്ങനെ ചിലരില്‍ മൈഗ്രേന് ഉണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകളുടെ വികസനവും വീക്കവും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

കണ്ണില്‍ ഇരുട്ടു കയറുന്നു

14. കടുത്ത തലവേദനയോടു കൂടി കണ്ണില്‍ ഇരുട്ടു കയറുന്നതും കാഴ്ച താല്‍ക്കാലികമായി നഷ്ടപ്പെടുന്നതും എന്തുകൊണ്ടാണ്?

തലവേദനയ്ക്ക് മുമ്പുണ്ടാകുന്ന പൂര്‍വ ലക്ഷണമാണിത്. ഇതിനെ 'ഓറ' എന്നു പറയുന്നു. ഇത് ഏതാനും മിനിട്ടുകളില്‍ തുടങ്ങി ഒരു മണിക്കൂര്‍ വരെ നീണ്ടുനില്ക്കുന്നു.

മൈഗ്രേന് രോഗികള്‍ക്കും ഓറ ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതില്‍ പ്രധാന ഓറയാണ് കാഴ്ചയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍. കാഴ്ച മങ്ങുക, പതറിപോവുക ഇവയൊക്കെ ഓറയുടെ പ്രത്യേകതകളാണ്.

ഓറ തുടങ്ങി ഒരു മണിക്കൂറാകുമ്പേള്‍ ശക്തമായ തലവേദനയുണ്ടാകുന്നു. മറ്റ് ഓറകള്‍, കൈവിരലിലെ തരിപ്പ്, ചുണ്ടുകളില്‍ അസ്വസ്ഥത തുടങ്ങിയവയാണ്. തലച്ചോറിലെ ഒരു ഭാഗത്തേക്ക് രക്തപ്രവാഹം കുറയുന്നതാണ് ഓറയ്ക്കു പിന്നില്‍.

മധുരം കഴിച്ചാല്‍

15. മധുരം കൂടുതലടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകുന്നത് എന്തുകൊണ്ടാണ്?

വിവിധതരം ചോക്ലേറ്റുകള്‍ തലവേദനയുണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു കൂടാതെ മധുരമുള്ള മറ്റു പദാര്‍ഥങ്ങളും ചിലയവസരങ്ങളില്‍ തലവേദനയ്ക്ക് കാരണമാകുന്നു.

മധുര ഭക്ഷണത്തോടുള്ള ആര്‍ത്തി മൈഗ്രേന് കോംപ്ലക്സിന്റെ ഒരു പ്രോഡ്രോമാണ്.

കടപ്പാട് : മംഗളം