നിശാന്ധത

ഒരു വ്യക്തിക്ക്, കുറഞ്ഞ പ്രകാശത്തിൽ അല്ലെങ്കിൽ രാത്രിയിൽ അനുഭപ്പെടുന്ന കാഴ്ചക്കുറവാണ് നിശാന്ധത അല്ലെങ്കിൽ നിക്റ്റലോപിയ എന്നു പറയുന്നത്. ഇത് ഒരു രോഗം എന്നതിനെക്കാൾ കൂടുതൽ മറ്റു അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്. പ്രകാശമുള്ള സ്ഥലത്തു നിന്ന് ഇരുട്ടിലേക്ക് എത്തുന്ന അവസരത്തിൽ ഈ പ്രശ്നം കൂടുതൽ വഷളാവുന്നു.

രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങളെ കാണുന്നതിനും വെളിച്ചം കുറവുള്ള മുറിയിൽ നടക്കുന്നതിനും മറ്റും നിശാന്ധതയുള്ളവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. രാത്രികാലത്ത് സുരക്ഷിതമായി വാഹനമോടിക്കുന്നതിനും ഇവർക്ക് കഴിഞ്ഞില്ലെന്നുവരും.

കാരണങ്ങൾ

നിശാന്ധതയുടെ കാരണങ്ങൾ ഇനി പറയുന്നു;

തിമിരം – കണ്ണിന്റെ ലെൻസിൽ പാടമൂടുന്നതു മൂലം കാഴ്ചക്കുറവ് സംഭവിക്കുന്ന നേത്ര തകരാറാണിത്. തിമിരമുള്ളവർക്ക് രാത്രിയിലെ കാഴ്ച ബുദ്ധിമുട്ടുള്ളതായിരിക്കും. ഇന്ത്യയിൽ, പഴയ തലമുറയ്ക്ക് ഇരു കണ്ണുകൾക്കും അന്ധത വരുത്തുന്ന വളരെ സാധാരണമായ കാരണമായിരുന്നു തിമിരം. തിമിര ചികിത്സയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരാം.

ഹ്രസ്വദൃഷ്ടി – ഈ അവസ്ഥയെ നേരിടുന്ന ആളുകൾക്ക് ദൂരത്തിലുള്ള വസ്തുക്കൾ കാണുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും അടുത്തുള്ള വസ്തുക്കൾ കാണുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല. ശസ്ത്രക്രിയ, കോണ്ടാക്ട്ലെൻസുകൾ, കണ്ണടകൾ എന്നിവ ഇതിനുള്ള പരിഹാരമാണ്.

ഗ്ളൂക്കോമ – കണ്ണിൽ സമ്മർദം കൂടുതലാവുകയും അതുമൂലം ഒപ്റ്റിക് നേർവിന് തകരാർ സംഭവിക്കുകയും ചെയ്യുന്നു. ചികിത്സിച്ചില്ല എങ്കിൽ സ്ഥിരമായ കാഴ്ച നഷ്ടം സംഭവിച്ചേക്കാം.

പ്രമേഹം – രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അസ്വാഭാവികത കാണപ്പെടുന്ന അവസ്ഥയാണിത്. ശരിയായ ചികിത്സ നൽകിയില്ല എങ്കിൽ, പ്രമേഹം മൂലം കാഴ്ച നഷ്ടവും നിശാന്ധതയും ഉണ്ടായേക്കാം. പ്രമേഹത്തെ നിയന്ത്രിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ പ്രതിരോധിക്കാൻ സാധ്യമാണ്.

റെറ്റിനൈറ്റിസ് പിഗ്മെന്റോസ – സാവധാനത്തിൽ റെറ്റിന നശിക്കുന്ന, പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നമാണിത്.

വൈറ്റമിൻ എ യുടെ അപര്യാപ്തത: വൈറ്റമിൻ എ അപര്യാപ്തത മൂലം, രാത്രിയിൽ കാഴ്ചക്കുറവ്, കണ്ണുകൾക്ക് വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. പ്രതിരോധിക്കാൻ കഴിയുന്ന കുട്ടിക്കാലത്തെ അന്ധതയുടെ ഒരു പ്രധാന കാരണം കൂടിയാണിത്. സ്കൂൾ കുട്ടികളിൽ ഏറ്റവും കൂടുതൽ തോതിൽ (31-57%) വൈറ്റമിൻ എ അപര്യാപ്തത കണ്ടുവരുന്നത് ഇന്ത്യയിലാണ്. ഏകദേശം അഞ്ച് ശതമാനം വരുന്ന ഗർഭിണികൾക്കും വൈറ്റമിൻ എ യുടെ കുറവു മൂലം നിശാന്ധത ഉണ്ടെന്ന് കണക്കാക്കുന്നു.

കെരാട്ടോകോണസ് – ക്രമാനുഗതമായി കോർണിയയുടെ ആകൃതിയിൽ വ്യത്യാസം വരുന്ന അവസ്ഥയാണിത്. സാവധാനത്തിൽ, കോർണിയയുടെ കനം കുറയുകയും കോണാകൃതിയിൽ മുന്നോട്ടു തള്ളുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതു മൂലം, നിശാന്ധത, കാഴ്ചമങ്ങൽ തുടങ്ങിയ കാഴ്ച തകരാറുകൾ ഉണ്ടാകാം.

ലക്ഷണങ്ങൾ

നിശാന്ധത ഒരു പ്രത്യേക രോഗമല്ല. ഇത് മറ്റ് പല ഗുരുതരമായ രോഗാവസ്ഥകളുടെയും സൂചനയായിരിക്കും.

രോഗനിർണയം

നിങ്ങൾക്ക് രാത്രിയിൽ അല്ലെങ്കിൽ വെളിച്ചത്തു നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് വരുന്ന അവസരത്തിൽ കാഴ്ചയ്ക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഉടൻ ഡോക്ടറുമായി ബന്ധപ്പെടുക. നിശാന്ധതയാണ് ഒരു ലക്ഷണമെങ്കിൽ, ഡോക്ടർ ഇനി പറയുന്ന പരിശോധനകൾക്ക് നിർദേശിച്ചേക്കാം;

വിഷ്വൽ അക്വിറ്റി -വർണങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, പ്യൂപിൾ-ലൈറ്റ് റിഫ്ളക്സ്

സ്ളിറ്റ്-ലാമ്പ് പരിശോധന – കൺമിഴിയെയും അകത്തെ കൺപോളയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാളി (കൺജൻക്റ്റീവ), കോർണിയ, കൺപോളകൾ, ഐറിസ്, ലെൻസ്, സ്ക്ളീറ എന്നിവയ്ക്ക് തകരാർ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്.

വിട്രിയസ് , റെറ്റിന, കോറോയിഡ് എന്നിവയ്ക്ക് തകരാർ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി റെറ്റിന പരിശോധന.

വൈറ്റമിൻ എ, ഗ്ളൂക്കോസ് നിലകൾ അറിയുന്നതിനായി രക്തപരിശോധനയ്ക്കും വിധേയമാവേണ്ടിവരും.

ചികിത്സ

അടിസ്ഥാന കാരണത്തിനെ ആശ്രയിച്ചായിരിക്കും നിശാന്ധതയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നത്. തിമിരത്തിന് ശസ്ത്രക്രിയയും പ്രമേഹത്തിന് ശരിയായ രീതിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതായും വരും. ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്തുന്നതും വേണ്ടത്രയളവിൽ വൈറ്റമിൻ എ യും സിങ്കും ഉൾപ്പെടുത്തുന്നതും, പ്രത്യേകിച്ച് ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കും, ഈ സാഹചര്യത്തെ നേരിടാൻ സഹായിക്കും.

പ്രതിരോധം

നിശാന്ധത പ്രതിരോധിക്കുന്നതിനുള്ള നടപടികളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കും വൈറ്റമിൻ എ സമ്പുഷ്ടമായ ആഹാരക്രമം.

പ്രമേഹരോഗികൾ അവരുടെ കാഴ്ചയ്ക്ക് തകരാർ പറ്റാത്ത വിധത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്.

കടുത്ത പ്രകാശത്തിൽ നിന്ന് കണ്ണുകൾക്ക് സംരക്ഷണം നൽകുക.

അടുത്ത നടപടികൾ

നിങ്ങൾക്ക് രാത്രി കാഴ്ചയിൽ ബുദ്ധിമുട്ട് ഉണ്ട് എന്നും മങ്ങിയ വെളിച്ചം പ്രശ്നമുണ്ടാക്കുന്നുണ്ട് എന്നും തിരിച്ചറിയുന്ന ഉടൻ നേത്രരോഗ വിദഗ്ധയെ/വിദഗ്ധനെ കാണുക. നിങ്ങളുടെ കാഴ്ച തകരാർ പരിഹരിക്കപ്പെടുന്നതു വരെ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണം.

അപകടസൂചനകൾ

ഇനി പറയുന്ന സാഹചര്യങ്ങളിൽ ഉടൻ ഡോക്ടറെ സന്ദർശിക്കേണ്ടതുണ്ട്;

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിലയിലാണെങ്കിലും ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും നിയന്ത്രണത്തിലല്ല എങ്കിലും.

രാത്രികാലങ്ങളിൽ മങ്ങിയ കാഴ്ച സ്ഥിരം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെങ്കിൽ.

ഉയർന്ന പ്രകാശത്തിനോട് സൂക്ഷ്മ സംവേദിയായിരിക്കുകയും മങ്ങിയ വെളിച്ചത്തിലേക്ക് മാറുമ്പോൾ കാഴ്ചയുടെ ക്രമീകരണത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിലും.

കടപ്പാട്: modasta