ശാന്തമായ കിടപ്പുമുറി

എത്രമാത്രം ഉറക്കം വേണമെന്നത് ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുവരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത് ആവശ്യമാണ്. സ്കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്.

ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഒന്നല്ല ഉറക്കം. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് പിൻവരുന്ന കാര്യങ്ങൾക്ക് ഉറക്കം പ്രധാനമാണ്.

കുട്ടികളുടെയും കൗമാരത്തിലുള്ളവരുടെയും വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും.

പുതിയ വിവരങ്ങൾ പഠിക്കുന്നതിനും ഓർമയിൽ സൂക്ഷിക്കുന്നതിനും.

ഭക്ഷണത്തിലൂടെയുള്ള ഊർജോത്പാദനത്തെയും ശരീരഭാരത്തെയും സ്വാധീനിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ.

ഹൃദയാരോഗ്യത്തിന്.

രോഗങ്ങൾ തടയുന്നതിന്.

അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, അപകടങ്ങൾ എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമായേക്കാം. ഇത്, മതിയായി ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.

വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

എല്ലാ ദിവസവും ഒരേ സമയത്തുതന്നെ കിടക്കുക. ഒരേ സമയത്ത് എഴുന്നേൽക്കുക.

നിങ്ങളുടെ കിടപ്പുമുറി ശാന്തവും ഇരുട്ടുള്ളതും സ്വസ്ഥവുമായിരിക്കണം. കൂടാതെ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഒരു അന്തരീക്ഷവും ആയിരിക്കണം.

കിടന്നുകൊണ്ട് ടിവി കാണുകയോ മൊബൈലും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുകയോ ചെയ്യരുത്.

നിങ്ങളുടെ കിടക്ക പരമാവധി സുഖപ്രദമാക്കുക.

കാപ്പിയും കഫീൻ അടങ്ങിയ മറ്റ് ഭക്ഷണപദാർഥങ്ങളും അമിതഭക്ഷണവും മദ്യവും കിടക്കുന്നതിനുമുമ്പ് കഴിക്കാതിരിക്കുക.

ഇക്കാര്യങ്ങളെല്ലാം ചെയ്തതിനു ശേഷവും ഉറക്കമില്ലായ്മയോ അതിനോട് ബന്ധപ്പെട്ട മറ്റ് തകരാറുകളോ, അതായത് പകൽസമയത്ത് അസാധാരണമായി ഉറക്കം തൂങ്ങുക, ഉറങ്ങുന്നതിനിടയിൽ ശ്വാസം കിട്ടാതെ ചാടി എഴുന്നേൽക്കുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരുടെ നിർദേശം സ്വീകരിക്കുക.