കഴിഞ്ഞ 50 വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യ മേഖലയിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

അംഗീകൃത മാനദണ്ഡങ്ങളായ പൊതു മരണ നിരക്ക്, ശിശു മരണ നിരക്ക്, ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലാണെന്ന് മാത്രമല്ല ഏതാണ്ട് വികസിത രാജ്യങ്ങൾക്കു തുല്യമായ സൂചികകളാണ് കേരളം നേടി കഴിഞ്ഞിട്ടുള്ളത് (പട്ടിക 1). സാമൂഹ്യ നീതിയിലധിഷ്ഠിതമായ, ചെലവുകുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങൾക്കാകെ ലഭ്യമാക്കി എന്നതാണ് കേരള ആരോഗ്യ മാതൃകയുടെ സവിശേഷത. സാമ്പത്തികമായ പിന്നോക്കാവസ്ഥ തുടരുമ്പോൾ തന്നെ ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച ഉജ്ജ്വലമായ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ ``കേരള മാതൃക ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടു വരികയാണ്.

കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണനിയമം വഴി ജൻമിത്തം അവസാനിച്ചതും, സാർവ്വത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയതിലൂടെ ഉയർന്ന സാക്ഷരത നേടാനായതും, പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതുമെല്ലാം ഗ്രാമീണരുടെ ജീവിത നിലവാരം ഉയരാൻ സഹായകരമായി. ശക്തമായ പൊതുവിതരണ സമ്പ്രദായം, ദുർബല വിഭാഗങ്ങളുടെ ഉയർന്ന അവകാശബോധം തുടങ്ങിയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളും, കേരളത്തിൽ നിലവിലുള്ള സാർവ്വത്രികവും, സൗജന്യവുമായ പൊതുജനാരോഗ്യ സംവിധാനവും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.