കുട്ടികളിലെ മൈഗ്രേന് 800 ബി.സി. മുതലുള്ള പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും 'ശിരസ്തോദാധികാരം' എന്ന ശീര്‍ഷകത്തില്‍ തലവേദനയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കാണാം. മൈഗ്രേന് എന്നു പരക്കെ അറിയപ്പെടുന്ന തലവേദനയെ 'ഹെമിക്രേനിയ' അഥവാ 'അര്ഥാവഭേദകം' എന്നു വിളിക്കുന്നു. മൈഗ്രേയ്ന് എന്ന സംജ്ഞ ഫ്രഞ്ചുഭാഷയില്നിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടന്നത്. ഇന്റര്‍നാഷണല്‍ ഹെഡെയ്ക് സൊസൈറ്റി നിര്‍ദേശിച്ച തരം തിരിവുകളാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്.

പ്രൈമറി ഹെഡെയ്ക്ക്, സെക്കന്‍ഡറി ഹെഡെയ്ക്

പ്രധാനമായി 13 തരം തലവേദനകള്‍. അതിന്റെ ഉപശീര്ഷകങ്ങളാകട്ടെ 70 തരം. എന്നാല്‍ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തില്‍ അതിനെ രണ്ടായി തിരിക്കാം - പ്രൈമറിയും സെക്കന്‍ഡറിയും. പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെന്‍ഷന്‍ ഹെഡെയ്ക്കും (78 ശതമാനം) മൈഗ്രേനും (16 ശതമാനം) ക്ലസ്റ്റര്‍ തലവേദനയും ഈ വിഭാഗത്തില്‍പ്പെടും. എന്നാല്‍ ശാരീരികാവയവങ്ങളിലെ വിവിധ ആഘാതങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെക്കന്‍ഡറി ഹെഡെയ്ക്. മെനിഞ്ചൈറ്റിസ്, എന്‍സെഫാലൈറ്റിസ്, ബ്രെയിന്‍ ട്യൂമര്‍, തലച്ചോറിലെ രക്തസ്രാവവും രക്തം കട്ടിയാകലും, ടെംപറല്‍ ധമനിയുടെ വീക്കം, സൈനസൈറ്റിസ്, വര്‍ധിച്ച പ്രഷര്‍, ഗ്ലൂക്കോമ, ഹൈഡ്രോകെഫാലസ്, ദന്തരോഗങ്ങള്‍, സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്നീ രോഗാവസ്ഥകള്‍ വിവിധ തീവ്രതയില്‍ സെക്കന്‍ഡറി ഹെഡെയ്ക് ഉണ്ടാക്കുന്നു.

പ്രാഥമിക വിഭാഗത്തില്‍പ്പെട്ട തലവേദനയില്‍ രോഗലക്ഷണങ്ങളുടെ കാഠിന്യംകൊണ്ട് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മൈഗ്രേന്തന്നെ. സ്ത്രീകളില്‍ 16 ശതമാനം പേരിലും പുരുഷന്മാരില് ആറു ശതമാനം പേരിലും മൈഗ്രേന് ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബ്രെയിന്‍ സ്റ്റെം, ഹൈപ്പോത്തലാമസ് എന്നീ ഭാഗങ്ങളിലെ ഘടനാപരിവര്‍ത്തനമോ വീക്കമോ മൂലമാണ് മൈഗ്രേന് ഉണ്ടാകുന്നത്. സെറോട്ടോണിന്‍ എന്ന സവിശേഷ രാസപദാര്‍ഥത്തിന്റെ അഭാവം മൂലം തലയോട്ടിയിലെ രക്തക്കുഴലുകള്‍ സമൂലമായി വികസിക്കുന്നു. ധമനികള്‍ വികസിക്കുന്പോള്‍ അവയെ ആവരണം ചെയ്തിരിക്കുന്ന വേദനവാഹികളായ നാഡീതന്തുക്കള്‍ ഉത്തേജിക്കപ്പെടുകയും തീവ്രമായ തലവേദനയുണ്ടാകുകയും ചെയ്യുന്നു. കൊടിഞ്ഞിക്ക് മുന്നോടിയായി ഉണ്ടാകുന്ന സവിശേഷ പ്രോഡ്രോമും ഓറയ്ക്കും ഈ രോഗാവസ്ഥയുടെ പ്രത്യേകതയാണ്. വെട്ടിത്തിളങ്ങുന്ന പ്രകാശരശ്മികള്‍, ശബ്ദം നിറഞ്ഞ അന്തരീക്ഷം കൂടാതെ മനോസംഘര്‍ഷം, ആര്‍ത്തവം, ഉറക്കക്ഷീണം, മദ്യം, ചോക്ലേറ്റ്, നിര്‍ജലീകരണം എന്നിവയെല്ലാം പല അവസരങ്ങളില്‍ മൈഗ്രേന്റെ ഉദ്ദീപനത്തിന് ഹേതുവാകുന്നു.

കുട്ടികളില്‍ തലവേദന പലകാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്. ടെന്‍ഷനും സ്ട്രെസും മൂലമുണ്ടാകുന്ന തലവേദനയാണ് മുഖ്യസ്ഥാനത്ത് കാണുന്നത്. പലപ്പോഴും ആദ്യകാലങ്ങളില്‍ കണ്ടുപിടിക്കപ്പെടാതെപോകുന്ന കാഴ്ചത്തകരാറുകള്‍ മൂലമുള്ള തലവേദനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്താണ് മൈഗ്രേന് അഥവാ കൊടിഞ്ഞി. പഠനവും പരീക്ഷയുമുണ്ടാക്കുന്ന അമിത സ്ട്രെസിനെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത കുട്ടികള്‍ക്കാണ് പ്രധാനമായി ടെന്‍ഷന്‍ ഹെഡെയ്ക് ഉണ്ടാകുന്നത്. 37-51 ശതമാനം കുട്ടികള്‍ക്കും ഇത്തരത്തിലുള്ള തലവേദനയുണ്ടാകുന്നതായി നാഷണല്‍ ഹെഡെയ്ക് ഫൗണ്ടേഷന് നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

കുട്ടികളില്‍ ഉണ്ടാകുന്ന മൈഗ്രേന് പലവിധമാണ്. സാധാരണ (3.5-10 ശതമാനം), ബാസിലാര്‍ മൈഗ്രേന് 3-19 ശതമാനം, വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അബ്ഡൊമിനല് മൈഗ്രേന് (20 ശതമാനം), ഛര്‍ദിയോടുകൂടിയ മൈഗ്രേന് (0.02 ശതമാനം).

ആറുമുതല്‍ പതിനഞ്ചു വരെ വയസുള്ള കുട്ടികളില്‍ നാലു ശതമാനം പേര്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ 10-23 ശതമാനം പേര്‍ക്കും പലപ്പോഴായി മൈഗ്രേന് ഉണ്ടാകുന്നതായി തെളിയുന്നു.