മദ്യത്തിന്റെ പിടിയില്‍ അമരുന്ന കേരളം പ്രബുദ്ധ കേരളമെന്നാണ് കേരളത്തെ നമ്മള് അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ളത്. വലുപ്പം അടിസ്ഥാനമാക്കിയാല്‍ കൊച്ചു സംസ്ഥാനമാണ് നമ്മുടേതെങ്കിലും നവോത്ഥാന നായകന്മാര് അടിത്തറയിട്ട സാമൂഹിക ഭൂമികയില്‍ നിന്ന് നമ്മള് പടുത്തുയര്‍ത്തിയത് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരുപക്ഷേ വികസ്വര രാജ്യങ്ങള്‍ക്കുമൊക്കെ മാതൃകയാവുന്ന തരത്തിലുള്ളതാണ് പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യരംഗത്തുമൊക്കെ നമ്മള് കരഗതമാക്കിയ നേട്ടങ്ങള്‍. മാനവ വികസന സൂചികയില്‍ മുന്തിയ സ്ഥാനമാണ് കേരളത്തിനുള്ളത്. ഉത്ബുദ്ധമായ സാമൂഹിക, രാഷ്ട്രീയ ബോധമുള്ളവരാണ് മലയാളികള്‍. സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ക്കെതിരാണ് മലയാളിയുടെ പൊതുമനസ്സ്. എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും, പൊതുജനാരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഒക്കെ ബാധിക്കുന്ന തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് മലയാളിയുടെ മദ്യപാനശീലം. മദ്യവും മലയാളിയും മദ്യത്തിന്റെ ഉപഭോഗം മനുഷ്യന്റെ ആരോഗ്യത്തെ ശിഥിലമാക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. മറ്റേതൊരു ജനസമൂഹത്തേക്കാളും ഈ തിരിച്ചറിവ് ഉള്ളവരാണ് നമ്മള്. എന്നിരുന്നാലും ലക്ഷക്കണക്കിന് കെയ്സ് മദ്യമാണ് നമ്മള് പ്രതിവര്‍ഷം കുടിച്ചുതീര്‍ക്കുന്നത്. ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നമ്മുടെ മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ നമ്മള് ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറി തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 14% ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് നമ്മള്. പഞാബും മഹാരാഷ്ട്രയുമൊക്കെ നമുക്ക് പിന്നിലാണ്. സൂര്യന് കീഴിലുള്ള ഏതു കാര്യത്തിലും സുചിന്തിതമായ അഭിപ്രായവും സുവ്യക്തമായ നിലപാടുകളും പുലര്‍ത്തുന്ന മലയാളി മദ്യത്തോട് എന്തിനിങ്ങനെ വലിയ വിധേയത്വം കാട്ടുന്നു? ആഴത്തില്‍ ചിന്തിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ട കാര്യമാണിത്. മദ്യാസക്തിയില്പ്പെട്ടു പോയവര്‍ നൂറ്റാണ്ടുകളായി കേരളത്തില്‍ മദ്യത്തിന്റെ ഉത്പാദനവും വിതരണവുമുണ്ടെന്ന് ചരിത്രം പറയുന്നു. എന്നാല്‍ ഇത്രകണ്ട് ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തെ മദ്യം പിടികൂടിയിട്ട് ഒരു ദശകം പോലുമായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചെട്ടു വര്‍ഷങ്ങള്‍ കൊണ്ട് ദ്രുതഗതിയിലാണ് മദ്യോപഭോഗം വര്‍ദ്ധിച്ചത്. കേരളത്തിലെ പുരുഷന്മാരില് ഗണ്യമായ ശതമാനം മദ്യപാനികളാണ്. അതില്‍ത്തന്നെ നല്ലൊരുഭാഗം മദ്യാസക്തിയില്പ്പെട്ടുപോയവരും മറ്റു പല ലഹരി വസ്തുക്കളുമെന്ന പോലെ മദ്യത്തിന്റെ ആവര്‍ത്തിച്ചുള്ള ഉപഭോഗം മസ്തിഷ്കത്തില്‍ രാസപരിണാമങ്ങള്‍ വരുത്തുകയും തുടര്‍ന്ന് മദ്യപാനി മദ്യാസക്തിയിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. ഞാന്‍ വിചാരിച്ചാല്‍ എന്ന് വേണമെങ്കിലും ഇത് നിര്‍ത്താന്‍ കഴിയും ഇത് ഏതൊരു മദ്യപാനിയുടെയും സ്ഥിരം പല്ലവിയാണ്. അനുകൂലമായ സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും മദ്യപിക്കാന്‍ അവസരമൊരുക്കുക വഴി മദ്യപന്മാര് മദ്യപാനം അവസാനിപ്പിക്കണമെന്ന് വിചാരിക്കാറില്ലെന്ന് മാത്രം. ഉറച്ച നിലപാടെടുക്കാന്‍ തക്ക കരുത്തുള്ള മനസ്സിന്റെ ഉടമയാണെങ്കില്പ്പോലും നിരന്തരമായ മദ്യപാനംമൂലം ഒരാള്‍ക്കുണ്ടാകുന്ന ആശ്രിതത്വം കാരണം മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിമോചിതനാകാന്‍ കഴിഞ്ഞെന്ന് വരില്ല. മദ്യാസക്തിയിലേക്ക് വഴുതിവീഴുന്ന ഒരാളുടെ ജീവിതത്തിലേക്ക് കെടുതികളുടെ പരമ്പരയാണ് വരാനിരിക്കുന്നത്. കൊടുക്കേണ്ടത് കനത്ത വില മദ്യാസക്തിയില്പ്പെട്ടുപോയ ഒരാള്‍ തന്റെ ഓരോ ദിവസവും ആരംഭിക്കുന്നതുതന്നെ ഇന്നെങ്ങനെ മദ്യപിക്കാം എന്ന് ആലോചിച്ചുകൊണ്ടായിരിക്കും. അല്ലെങ്കില്‍ ഇന്നും മദ്യപിക്കാമല്ലോ എന്ന സന്തോഷത്തോടെയായിരിക്കും. എന്നാല്‍ ആ സന്തോഷത്തിന് അല്പായുസ്സായിരിക്കും. കാരണം മദ്യാസക്തനെ കാത്തിരിക്കുന്നത് അനവധി രോഗങ്ങളാണ്. ശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും പ്രത്യേകിച്ച് കരള്‍, ഹൃദയം, മസ്തിഷ്കം, ആമാശയം തുടങ്ങിയ പ്രധാന ആന്തരാവയവങ്ങളെയെല്ലാം തകരാറിലാക്കുന്ന മദ്യം ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിയേ തകരാറിലാക്കുന്നു. ഇതിലൂടെ ജൈവഘടികാരത്തിന്റെ താളാത്മകതയെയാണ് മദ്യം തകിടം മറിക്കുന്നത്. കേവലം ആരോഗ്യപ്രശ്നം മാത്രമാണോ? മദ്യാസക്തിയില്‍ അടിപ്പെട്ട് ഭ്രാന്തമായ മനസ്സും വിറയാര്‍ന്ന ശരീരവുമായി ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളെ അഭയം പ്രാപിക്കുന്നവരുടെയും, കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണാസന്നരായി ആശുപത്രിക്കിടക്കകളില്‍ അമരുന്നവരുടെയും സംഖ്യ കേരളത്തിലിന്ന് ചെറുതല്ല. മദ്യത്തില്‍ അടിപ്പെട്ടു പോയവരുടെ ശാരീരിക-മാനസിക ആരോഗ്യം തകരുകയും ആ നിലക്ക് സാധാരണജീവിതം സാധ്യമല്ലാതാവുകയും ചെയ്യുന്നത് മാത്രമാണോ പ്രശ്നം? അല്ല. നിരന്തര മദ്യപാനത്താല്‍ ഒരാളുടെ വ്യക്തിജീവിതം കുത്തഴിയുകയും അയാളെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതംകൂടി കീഴ്മേല്‍ മറിയുകയും ചെയ്യുന്നു. ഒരാളുടെ മദ്യാസക്തിയെ പിന്പറ്റിയെത്തുന്നത് രോഗങ്ങള്‍ മാത്രമല്ല തൊഴില്‍നഷ്ടം, വരുമാന നഷ്ടം, മനോവിഭ്രാന്തി, സംശയരോഗം, ആക്രമണോത്സുകത, ഒറ്റപ്പെടല്‍, കുടുംബബന്ധങ്ങളിലെ ശൈഥില്യം, വ്യക്തിപരമായി ഉള്‍വലിയല്‍ തുടങ്ങിയവ കൂടിയാണ്. കേരളത്തിലെ വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ആത്മഹത്യ, വിവാഹമോചനം, റോഡപകടങ്ങള്‍ എന്നിവയുടെ സ്ഥിതിവിവരം നമുക്ക് ലഭ്യമാണ്. കണക്കുകള്‍ക്കപ്പുറം കാരണങ്ങള്‍ ചികയുമ്പോള്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ഒരു ഘടകം നമ്മുടെ മദ്യാസക്തി തന്നെയാണ്. ടെക്നോക്രാറ്റുകള്‍ മുതല്‍ അസംഘടിത തൊഴിലാളികള്‍ക്കുവരെ മദ്യാസക്തി കാരണം തങ്ങളുടെ തൊഴില്‍ മേഖലകളില്‍ കാര്യക്ഷമത കുറയുന്നു. രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവേണ്ട യുവത്വത്തിന്റെ ക്രിയാശേഷി, വീടിനും നാടിനും കൈവിളക്കാകേണ്ട യൗവ്വനം പാതി വഴിക്കുവച്ച് കരിന്തിരി കത്തി കനല് കെടുന്നത് കേരളത്തിന്റെ പതിവു കാഴ്ചയായിത്തീര്‍ന്നിരിക്കുന്നു. ആ വിലാപങ്ങള്‍ കേള്‍ക്കാതിരുന്നുകൂടാ കേരളത്തിലെ നല്ലൊരുഭാഗം മദ്യപന്മാരും കൗമാരഘട്ടത്തിലോ യൗവ്വനാരംഭത്തിലോ മദ്യപാനം ആരംഭിക്കുന്നതായി സര്‍വ്വേകള്‍ പറയുന്നു. അതുകൊണ്ടുതന്നെ ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്ന ഘട്ടത്തിലേ നല്ല മദ്യപന്മാരായിരിക്കും ഇത്തരക്കാര്‍. നിത്യേന മദ്യപിച്ചെത്തി ഭാര്യയെ തല്ലുകയെന്നത് ജീവിതവ്രതമാക്കിയവര്‍ നമ്മുടെ നാട്ടില്‍ വിരളമല്ല. കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല, മൂക്കറ്റം മദ്യപിച്ച് ഭാര്യയെ കണക്കറ്റ് തല്ലുന്ന ഭര്ത്താക്കന്മാരുടെ സ്വന്തം നാട് കൂടിയാണ്. മദ്യലഹരിയിലെത്തുന്ന ഭര്‍ത്താവിന്റെ നിര്‍ദ്ദയമായ ഉപദ്രവങ്ങളേറ്റ് അപമാന ഭാരത്താല്‍ അടുക്കള ചുമരുകള്‍ക്കുള്ളില്‍ മക്കളെയും മാറോടണച്ചു പ്രാണഭയത്തോടെ പതിയിരിക്കുന്ന നിരാശയിലാണ്ടുപോയ മനുഷ്യജന്മങ്ങളെ ഇനിയെങ്കിലും നമ്മള് കാണാതിരുന്നുകൂടാ. അവരില്‍ നിന്നുയരുന്ന അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കാതിരുന്നുകൂടാ. ജീവിതസായാഹ്നത്തില്‍ കൈത്താങ്ങാകുമെന്നു കരുതിയിരുന്ന മക്കള്‍ ജീവിതത്തിന്റെ നേര്‍വഴിയില്‍ നിന്ന് കുതറി മാറി ലഹരിയുടെ ഇരുള്‍വഴികളിലൂടെ മരണത്തിലേക്കുള്ള കുറുക്കുവഴികളിലൂടെ ശിഷ്ടജീവിതം തള്ളിനീക്കുമ്പോള്‍ ആര്‍ത്തലയ്ക്കുന്ന മാതൃത്വത്തിന്റെ വിലാപങ്ങള്‍ നാം കേള്‍ക്കാതിരുന്നുകൂടാ. കൊടിയ പീഡനങ്ങള്‍ സഹിച്ചും മക്കളുടെ ആഹാരത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും പണിയെടുക്കുകയും പെടാപ്പാട് പെടുകയും ചെയ്യുന്ന അമ്മമാരുടെ കണ്ണീരിന്റെ പെരുമഴക്കാലം എന്നാണിനി അവസാനിക്കുക. ആ സ്വപ്നങ്ങള്‍ക്ക് നിറം പകരണ്ടേ? അന്തിമയങ്ങുമ്പോള്‍ മൂക്കറ്റം മദ്യപിച്ച് എത്തുന്ന അച്ഛന്റെ കൊടിയ മര്‍ദ്ദനമേറ്റ് അയല്‍വീടുകളില്‍ അഭയം പ്രാപിക്കുന്ന ബാല്യങ്ങള്‍. ഇരുള്വീഴുമ്പോള് മദ്യപിച്ച് എത്തുന്ന അച്ഛന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാന്‍ ഭയം നിഴലിക്കുന്ന കണ്ണുകളോടെ വീട്ടുമുറിയുടെ മൂലയില്‍ പതിയിരിക്കുന്ന ബാല്യങ്ങള്‍. ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തില്‍ കാണാന്‍ കഴിയുന്ന കാഴ്ചയാണിത്. ആവശ്യത്തിന് ആഹാരവും വസ്ത്രവുമില്ലാതെ, പഠനോപകരണങ്ങളില്ലാതെ നിരാശാഭരിതരായി നാളുകള്‍ തള്ളിനീക്കുന്ന ബാല്യ കൗമാരങ്ങള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ലെന്നുമാത്രമല്ല വിദ്യാഭ്യാസം പകുതിവഴിക്ക് ഉപേക്ഷിക്കേണ്ടിയും വരുന്നു. തന്മൂലം കരിനിഴല്‍ വീഴുന്നത് അവരുടെ നിറമാര്‍ന്ന സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലാണ്. കളിച്ചുതീര്‍ക്കേണ്ട ബാല്യം നിശ്വാസങ്ങളുടെതും വിതുമ്പലുകളുടെതും ദാരിദ്ര്യത്തിന്റേതുമായിത്തീരുന്നു. അച്ഛന് മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുന്നത് രാത്രിയിലാണെന്നതിനാല്‍ രാത്രിയാകരുതേയെന്ന് ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിഷ്കളങ്ക ബാല്യങ്ങളോട് പരിഷ്കൃത സമൂഹമെന്നവകാശപ്പെടുന്ന നമുക്ക് മാപ്പിരക്കാം. വിപത്തിനെതിരെ കൈകള്‍ കോര്‍ക്കാം. മദ്യാസക്തിക്ക് വലിയ വിളയാണ് നമ്മള് കൊടുത്തു കൊണ്ടിരിക്കുന്നത്. മദ്യാസക്തിയില്‍ പെട്ടുപോയവര്‍ മാത്രമല്ല അവരുടെ കുടുംബവും സമൂഹവും രാഷ്ട്രവുമൊക്കെ ഏറിയും കുറഞ്ഞും വില നല്‍കുകയാണ്. വ്യക്തിനിഷ്ഠമായ പ്രശ്നം എന്നതിനപ്പുറം മദ്യാസക്തി ഒരു സാമൂഹിക ദുരന്തമാണ് എന്നത് അടിവരയിട്ട് അംഗീകരിച്ചേ മതിയാവൂ. ലഹരിവിമുക്ത ചികിത്സ, കൗണ്‍സിലിംഗ്, പുനരധിവാസം എന്നിവ നല്‍കേണ്ടതുണ്ട്. അതിനപ്പുറം പുതിയ തലമുറ മദ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ഫലപ്രദമായ ബോധവല്‍ക്കരണ പദ്ധതികള്‍ സമഗ്രമായി സംവിധാനം ചെയ്ത് പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്. മദ്യത്തിന്റെ വ്യാപനത്തിനെതിരെ ഒരു ജനകീയ പ്രക്ഷോഭം രൂപപ്പെടുത്തിയാലെ വിജയം വരിക്കാനാകൂ. ലഹരിവിമുക്തമായ പുതിയ പ്രഭാതം, പുതിയ തലമുറ, പുതിയ കേരളം ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം. ലക്ഷ്യസാഫല്യം വരെ ദൗത്യം നമുക്ക് തുടരാം, നിതാന്തമായി പരിശ്രമിക്കാം. ഒരു മദ്യപാനി പിറവിയെടുക്കുന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ മദ്യം രുചിച്ചു തുടങ്ങുന്ന ആണ്‍കുട്ടികളുടെ ശരാശരി പ്രായം 18 വയസ്സിലും താഴെയെന്നാണ്. മദ്യത്തിന് ഏറെ സ്വീകാര്യത കല്‍പ്പിക്കപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഇന്നത്തെ കേരളത്തില്‍ നിലനില്‍ക്കുന്നത്. ദശകങ്ങള്‍ക്ക് മുമ്പ് പൊതുവേ മലയാളി മദ്യപിച്ചിരുന്നത് രഹസ്യമായിട്ടായിരുന്നെങ്കില്‍ ഇന്ന് ഒത്തുചേരലുകളില്‍ മദ്യം ഒഴിവാക്കാനാവാത്ത ഒരിനമായി മാറിക്കഴിഞ്ഞു. വല്ലപ്പോഴുമുള്ള കൂടിച്ചേരലുകളില്‍ ചെറിയ തോതില്‍ മദ്യപിച്ചുതുടങ്ങുന്ന യുവാക്കളില്‍ ചിലരെങ്കിലും “ സോഷ്യല്‍ ഡ്രിങ്കേഴ്സ് “ എന്ന തലത്തില്‍ നിന്ന് മദ്യാസക്തരായി തന്നെ മാറിയേക്കാം. പിന്മാറല് അസാധ്യമാവുംവിധം കാലാന്തരത്തില്‍ ലഹരി മദ്യപനെ അയാള്‍ അറിയാതെ തന്നെ കീഴ്പെടുത്തുകയും ചെയ്യാം. അഞ്ചിലൊരാള്‍ മദ്യം രുചിച്ചു തുടങ്ങുന്നവരില്‍ 20% പേര് കാലാന്തരത്തില്‍ മദ്യാസക്തരായി മാറുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വെളിവാക്കുന്നത്. അതായത് കൗതുകത്താലോ നിര്‍ബന്ധത്തിന് വഴങ്ങിയോ മദ്യം രുചിച്ചു നോക്കുന്ന ഓരോ അഞ്ചുപേരിലും ഒരാള്‍ പില്ക്കാലത്ത് മദ്യത്തിന് അടിമപ്പെടും. മദ്യത്തിന് അടിമപ്പെടാന്‍ സാധ്യതയുള്ള അഞ്ചിലൊരാള്‍ ആരെന്ന് മുന്‍കൂട്ടി തിരിച്ചറിയാന്‍ ആകില്ലെന്നതിനാല്‍ മദ്യത്തില്‍ നിന്ന് കര്‍ശനമായ അകലം പാലിക്കുകയാണ് ഉചിതം. ഒരിക്കലും മദ്യപിക്കില്ലെന്ന ദൃഡനിശ്ചയമാണ് നമുക്ക് വേണ്ടത്. മദ്യത്തിലേക്കുള്ള വഴി ജീവിതത്തേപ്പറ്റി വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉറയ്ക്കാത്ത കൗമാരത്തിനു മുന്നില്‍ മദ്യപിക്കാനുള്ള പ്രലോഭനങ്ങളുടെ പെരുമഴയാണ് നമ്മുടെ നാട്ടില്‍. നിരവധി ഘടകങ്ങള്‍ ഒരാളെ മദ്യപാനത്തിലേക്ക് നയിക്കാം. അവയെന്താണെന്ന് പരിശോധിക്കാം. പ്രലോഭനം സുഹൃത്തുക്കളുടെയോ സഹപാഠികളുടെയോ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മദ്യപിക്കുന്നവര്‍ ഏറെയാണ്. വ്യക്തിത്വമുറയ്ക്കാത്ത പ്രായത്തില്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചു തുടങ്ങിയേക്കാം. കൗതുകം മദ്യം അനുഭൂതിദായകമാണെന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ പലരും മദ്യം പരീക്ഷിച്ചുനോക്കാറുണ്ട്. മദ്യത്തെപ്പറ്റി പലപ്പോഴായി ലഭിച്ച കേട്ടറിവുകള്‍ ഒരാളില്‍ മദ്യം ഉപയോഗിച്ച് നോക്കാനുള്ള കൗതുകം ജനിപ്പിച്ചേക്കാം. അംഗീകാരത്തിനുള്ള മോഹം വീട്ടിലും പുറത്തും മറ്റുള്ളവരാല്‍ അംഗീകരിക്കപ്പെടാന്‍ ചില കൗമാരപ്രായക്കാര്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാം. കൂട്ടുകാരുടെ ഇടയില്‍ ‘ഹീറോ’ പരിവേഷം കിട്ടാനുള്ള കുറുക്കുവഴിയായും മദ്യത്തെ കണ്ടേക്കാം. അനുകരണ വാസന വീടുകളില്‍ത്തന്നെ മുതിര്‍ന്നവര്‍ കൂടിയിരുന്ന് മദ്യപിക്കുന്നത് സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. ക്രമേണ കുട്ടികളുടെ മനസ്സില്‍ അനുകരിക്കാനുള്ള ശീലം ഉടലെടുക്കുന്നു. അരുതാത്തതോ, അധാര്‍മ്മികമോ ആണ് മദ്യവും ലഹരി വസ്തുക്കളുമെന്ന പൊതുധാരണ ഇത്തരം വീടുകളിലെ കുട്ടികളില്‍ നഷ്ടമാവുന്നു. കുട്ടികളിലെ സ്വാഭാവികമായ അനുകരണ വാസന മുതിര്‍ന്നവരുടെ ദുശ്ശീലം അവരിലേക്കെത്തിക്കുന്നു. അവഗണന സുഹൃത്തുക്കളാല്‍ അവഗണിക്കപ്പെടുന്നവര്‍, വീട്ടുകാരാലും ബന്ധുജനങ്ങളാലും അവഗണിക്കപ്പെടുന്നവര്‍, പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങി ലഹരിയില്‍ അഭയം തേടാന്‍ സാധ്യതയുള്ളവര്‍ നിരവധിയാണ്. മാധ്യമങ്ങളുടെ സ്വാധീനം സിനിമ, സീരിയല്‍ തുടങ്ങിയ ബഹുജന മാധ്യമങ്ങളില്‍ തങ്ങളുടെ ആരാധനാപാത്രങ്ങളായ താരങ്ങള്‍ യഥേഷ്ടം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് കണ്ട് വളരുന്ന കുട്ടികള്‍ പെട്ടെന്ന് ലഹരിക്ക് അടിമപ്പെടുന്നു. അറിവില്ലായ്മ കേവലം ഒരു തവണത്തെ ഉപയോഗം കൊണ്ടുപോലും മദ്യത്തിന്റെ നീരാളിപ്പിടിത്തത്തില്പ്പെട്ടുപോകാം. മദ്യത്തിന്റെ ഉപഭോഗം ആരോഗ്യത്തെ എത്രമാത്രം അപകടപ്പെടുത്തുമെന്നോ ആന്തരികാവയവങ്ങള്‍ എത്ര കണ്ട് തകരാറിലാവുമെന്നോ ഉള്ള അറിവില്ലായ്മയും മദ്യപാനത്തിലേക്ക് നയിച്ചേക്കാം. മദ്യാസക്തിയില്പ്പെട്ടുപോയാല് തിരിച്ചുവരവ് അത്രകണ്ട് എളുപ്പമല്ല എന്ന തിരിച്ചറിവ് പലര്‍ക്കുമില്ല. പൊതുസമൂഹത്തില്‍ മദ്യത്തിന് ഏറെ സ്വീകാര്യത ലഭിച്ചിട്ടുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പുതുതലമുറയ്ക്ക് മദ്യത്തില്‍ നിന്ന് കുതറിമാറി നില്‍ക്കാന്‍തന്നെ പ്രയാസമാണ്. ഈ സ്ഥിതിവിശേഷം ഒഴികഴിവാക്കി മദ്യപിക്കുന്നവരുമുണ്ട്. തന്റെ വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും മദ്യപാനം കീഴ്മേല്‍ മറിക്കുമെന്ന ധാരണ ഏതൊരു വ്യക്തിയിലും ഉണ്ടാവേണ്ടതാണ്. ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് മദ്യാസക്തി കാരണമാകുമെന്നുള്ള അനവധി തെളിവുകള്‍ നമ്മുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. ദാരുണമായ ഇന്നത്തെ സാഹചര്യത്തില്‍ നിന്നും കേരളീയ സമൂഹത്തെ കൈപിടിച്ചു കയറ്റെണ്ടത് പ്രതിജ്ഞാബദ്ധതയുള്ള ഓരോ കേരളീയന്റെയും ധര്‍മ്മമാണ്. എം.എസ്.ശംഭു മോഹന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ മദ്യപാനം ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍ മനുഷ്യന് ഒരു സാമൂഹിക ജീവിയാണ്. സമൂഹത്തില്‍ നിന്ന് ഒറ്റതിരിഞ്ഞു ജീവിക്കുവാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ സാധിക്കുകയില്ല. ഒരു വ്യക്തി മുഴുക്കുടിയനായിത്തീരുമ്പോള് അയാളുടെ സാമൂഹിക ബന്ധങ്ങള്‍ നഷ്ടപ്പെടുവാനും തന്നിലേക്ക് തന്നെ ഉള്‍വലിയാനും സാധ്യത ഏറെയാണ്. മദ്യത്തില്‍ അടിമപ്പെട്ടു പോയ ഒരു വ്യക്തിക്ക് കാര്യങ്ങള്‍ ശരിയാംവണ്ണം വിലയിരുത്തുവാനും യുക്തിഭദ്രമായി ചിന്തിക്കുവാനും കഴിയാതെ വരും. തന്മൂലം കുടുംബത്തിലും സമൂഹത്തിലും തൊഴിലിടങ്ങളിലും അയാള്‍ക്ക് അതുവരെ ലഭിച്ചിരുന്ന സ്വീകാര്യത കുറയും. ഇത് അപകര്‍ഷതാ ബോധത്തിലേക്കും മാനസികമായ അസ്വസ്ഥതകളിലെയ്ക്കും അയാളെ നയിക്കും. മദ്യാസക്തി ഒരു സാധാരണ മനുഷ്യനേപ്പോലും ആക്രമണ സ്വഭാവത്തിലേക്ക് നയിക്കും. സഹിഷ്ണുതയോടെ മറ്റുള്ളവരെ കേള്‍ക്കാനും സമചിത്തതയോടെ, വിവേചന ബുദ്ധിയോടെ തീരുമാനങ്ങള്‍ എടുക്കാനും പെരുമാറാനും കഴിയാതെ വരും. അടുത്ത സുഹൃത്തുക്കളോട് പോലും തര്‍ക്കിക്കാനും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കും എന്നുമാത്രമല്ല പെട്ടെന്നുള്ള വികാര വിക്ഷോഭത്താല്‍ അപകടകരമായ പ്രവര്ത്തികളില്പ്പോലും ഏര്‍പ്പെട്ടേക്കാം. ചിരകാല സൗഹൃദങ്ങള്‍ പോലും തകര്‍ന്നേക്കാം. സമൂഹത്തിലെ നല്ലൊരു ശതമാനം പേരും മദ്യപന്മാരാണെങ്കില് ചലനാത്മകമല്ലാത്ത ഒരു സാമൂഹിക ജീവിതം മാത്രമേ അവിടെയുണ്ടാകൂ. ആ സമൂഹത്തിലെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും സേവനപ്രവര്ത്തനങ്ങളുമൊക്കെ നിര്‍ജ്ജീവമാകും. നമ്മുടെ ഗ്രാമങ്ങളില്‍ ഒരു പതിറ്റാണ്ടിനു മുമ്പുണ്ടായിരുന്ന യുവജന സംഘടനകളും സാംസ്കാരിക കൂട്ടായ്മകളും ഒരു പരിധിവരെ അന്യംനിന്നു പോയതിന് നമ്മുടെ മദ്യപാനാസക്തി ഒരു കാരണമാണ്. ഒരു രാജ്യത്തെ ജനതയില്‍ നല്ലൊരു ശതമാനം പേര് മദ്യപന്മാരാണെങ്കില് രാജ്യം കനത്തവില നല്‍കേണ്ടിവരും. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അതു ബാധിക്കും. സേവന, വ്യാവസായിക, കാര്‍ഷിക മേഖലകളിലെ ഉത്പാദനക്ഷമതയെ ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുകയും ചെയ്യാം. മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹികപ്രശ്നങ്ങള്‍ നിരവധിയാണ്. സാമ്പത്തിക തകര്‍ച്ച മദ്യപാനത്തിന് അടിമപ്പെട്ട് വരവും ചെലവും കൃത്യമായി അവലോകനം ചെയ്യാതെ ധനവിനിയോഗം നടത്തുമ്പോള്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുന്നു. മദ്യം അതുപയോഗിക്കുന്നയാളെ മാത്രമല്ല സമൂഹത്തെ ഒന്നാകെയാണ് ബാധിക്കുന്നത്. തൊഴില്‍ ചെയ്ത് കിട്ടുന്ന വരുമാനമാകെ മദ്യത്തിന് വേണ്ടി ചെലവഴിക്കുന്ന തൊഴിലാളികള്‍ വളരെയേറെയാണ്. താഴ്ന്ന വരുമാനമുള്ള തൊഴിലാളികളാണ് കടുത്ത മദ്യപാനികളില്‍ വലിയൊരു ഭാഗവും. ഇവരുടെ കുടുംബങ്ങള്‍ക്ക് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവര്‍ക്ക് കഴിയില്ല എന്നതാണ് പ്രധാനം. കേരളത്തിലെ മദ്യപാനികളില്‍ മദ്യാസക്തിയില്പ്പെട്ടുപോയവര് വളരെയേറെയാണ്. ഇവരിലേറെയും ദിവസക്കൂലിക്കാരായ തൊഴിലാളികളാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കുപോയിട്ടും പല കുടുംബങ്ങളും കടബാധ്യതയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. പണം ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തുന്നതിനിടയില്‍ത്തന്നെ നഷ്ടമാക്കുന്ന ഭര്ത്താക്കന്മാര് ഇന്ന് ഏറെയാണ്. ഇവരുടെ രോഗ ചികിത്സക്കായി സ്വന്തം വരുമാനം വിനിയോഗിക്കേണ്ടി വരുന്ന ഹതഭാഗ്യകളുടെ എണ്ണവും കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു. തകരുന്ന കുടുംബബന്ധങ്ങള്‍ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയോടൊപ്പം സ്വസ്ഥതയെയും മദ്യം അപകടത്തിലാക്കുന്നു. മദ്യപാനമെന്ന രോഗത്തിന്റെ വേദന മദ്യപര്‍ അറിയുന്നില്ല എന്നത് വസ്തുതയാണ്. വേദനയും ദുഖവും ദുരിതങ്ങളും എല്ലാം അനുഭവിക്കേണ്ടിവരുന്നത് മാതാപിതാക്കളും ഭാര്യയും കുട്ടികളുമാണ്. മദ്യം മൂലം നിരവധി കുടുംബങ്ങളാണ് ഇന്ന് കേരളത്തില്‍ തകര്‍ന്നടിയുന്നത്. ഭൂമിയിലെ നരകമായി മദ്യപന്റെ കുടുംബാം മാറുന്നു. പട്ടിണി നിത്യസംഭവമായി മാറുകയും മക്കളുടെ വളര്‍ച്ചയും വിദ്യാഭ്യാസവും വഴിമുടങ്ങുകയും ചെയ്യുന്നു. മദ്യപന്റെ ഭാര്യയാണ് ഏറ്റവും കൂടുതല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവങ്ങേണ്ടി വരുന്നത്. നിരന്തരമായ സംഘര്‍ഷങ്ങള്‍ അവരെ രോഗിയാക്കി മാറ്റുകയും ചെയ്യുന്നു. മദ്യപരുടെ ഭാര്യാ-ഭര്‍തൃ ബന്ധം പലപ്പോഴും തകര്‍ച്ചയുടെ വക്കത്തായിരിക്കും. മദ്യാസക്തരില്‍ കാണപ്പെടുന്ന സംശയരോഗം പരസ്പര വിശ്വാസം നശിപ്പിക്കുന്നതിന് കാരണമായിത്തീരുന്നു. കുടുംബ ഭദ്രത തകരുന്നതോടെ കുട്ടികളുടെ സ്വസ്ഥത കൂടി നശിക്കുന്നു. ദമ്പതികളുടെ പൊരുത്തക്കേടില്‍ നിന്ന് ഉണ്ടാകുന്ന സംഘര്‍ഷം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്.കുട്ടികളുടെ വികാരങ്ങള്‍ മാനിക്കപ്പെടാത്ത അവസ്ഥയും മദ്യപരുടെ വീടുകളില്‍ കാണാം. ഇത് കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെ ബാധിക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങളും വിവാഹമോചനവുമെല്ലാം പൊതുവായി ചര്‍ച്ച ചെയ്യപ്പെടുന്ന വസ്തുതകളാണ്. ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും മൂര്ഛ്പ്പിക്കുന്നതിലും മദ്യം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഇത്തരം അവസ്ഥയില്‍ നിന്നും മോചനം ലഭിക്കുവാനും സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആസ്വദിക്കുവാനും നമുക്ക് കഴിയണമെങ്കില്‍ മദ്യവര്ജ്ജനമുള്പ്പെടെയുള്ള നന്മ നിറഞ്ഞ ഒരു മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. കുട്ടികളിലെ മാനസിക വൈകല്യങ്ങള്‍ ലഹരി പദാര്‍ത്ഥത്തിന് കീഴടങ്ങിയ ഒരു വ്യക്തിയുടെ കുട്ടികളില്‍ സ്വഭാവവൈകല്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഈ കുട്ടികളില്‍ സാധാരണ പോലെയുള്ള ഒരു വ്യക്തിത്വവികാസമല്ല ഉണ്ടാകുന്നത്. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന കുട്ടിയായോ, എല്ലാറ്റിനോടും പൊരുത്തപ്പെടല്‍ വിധിയായി ഏറ്റെടുക്കുന്ന കുട്ടിയായോ, മറ്റുള്ളവരെ ആശ്വസിപ്പിക്കുന്ന കുട്ടിയായോ, എല്ലാറ്റിനോടും പ്രതികരിക്കുന്ന കുട്ടിയായോ മാറാനിടയുണ്ട്. കുട്ടികള്‍ ഇത്തരം മാറ്റത്തിന് കീഴ്പ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് കുട്ടിക്കാലമാണ്. അവരുടെയിടയില്‍ കളിതമാശകള്‍ ഇല്ലാതാകുന്നു. സ്വന്തം വിഷമങ്ങള്‍ അമ്മയോടുപോലും അവര്‍ പറയാതാകുന്നു. മദ്യത്തിന് കീഴ്പ്പെട്ടവരുടെ കുട്ടികള്‍ കടുത്ത നാണക്കേടും കുറ്റബോധവും അനുഭവിക്കുന്നതിനാല്‍ മറ്റുള്ളവരില്‍ നിന്ന് മാറിനില്ക്കാന് ആഗ്രഹിക്കുന്നു. ചിലര്‍ ആരോടും കൂട്ടുകൂടാത്തവരായി മാറുന്നു. പഠനം, കളികള്‍, ചങ്ങാത്തം, വിനോദം എന്നിവയിലൊന്നും താല്പ്പര്യമില്ലാത്തവരായി മാറുന്നു. ഇത് ഓര്‍മശക്തി, ഗ്രാഹ്യശക്തി എന്നിവയെയും ബാധിക്കാറുണ്ട്. അങ്ങനെ ഒരു കുറ്റവും ചെയ്യാതെ ജീവിതകാലം മുഴുവന്‍ ശിക്ഷിക്കപ്പെടുന്നവരാണ് മദ്യത്തിന് വിധേയരായ പലരുടെയും കുട്ടികള്‍. വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ റോഡപകടങ്ങളില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്. അപകടങ്ങളില്‍ 60 ശതമാനവും മദ്യപാനികള്‍ അലക്ഷ്യമായി വാഹനം ഓടിക്കുന്നതു കൊണ്ടുണ്ടാകുന്നതാണ്. കേരളത്തില്‍ മദ്യഷാപ്പുകളുടെ ഒഴിവുദിവസങ്ങളിലാണ് റോഡപകടങ്ങള്‍ കുറയുന്നത് എന്നത് ഈ നിരീക്ഷണത്തിന് ശക്തി പകരുന്നു. കോഴിക്കോട് നഗരത്തില്‍ മാത്രം 2008 ജൂണില്‍ മദ്യപിച്ച് വാഹനമോടിച്ച് ട്രാഫിക് പോലീസിന്റെ പിടിയിലായവര്‍ 219 പേര് ആയിരുന്നെങ്കില്‍ 2009ല്‍ അത് 357 ആയി വര്‍ദ്ധിച്ചു. അപകടങ്ങളില്‍ തലയ്ക്ക് പരിക്കേറ്റു ആശുപത്രികളില്‍ എത്തുന്നവരില്‍ 37 ശതമാനം പേരും മദ്യപാനികളാണ്. മദ്യവും ഡ്രൈവിംഗും നിത്യശത്രുക്കളാണെന്ന് എടുത്ത് പറയേണ്ടതുണ്ട്.മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നതിലെ അപകടം ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും ഈ സന്ദേശം എത്തിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ മദ്യപാനികള്‍ വിഷാദമനസ്ക്കരും കുറ്റവാളികളും സാമൂഹ്യവിരുദ്ധരുമൊക്കെയായി മാറുന്നത് സമൂഹത്തിന് ഇന്നൊരു ശാപമായിത്തീര്‍ന്നിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും സദാചാര ലംഘനങ്ങള്‍ക്കും പലപ്പോഴും മദ്യം ഒരു പ്രേരക വസ്തുവാകാറുണ്ട്. ഒരു പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മദ്യോപയോഗത്തിനു നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മദ്യപരില്‍ ആത്മനിയന്ത്രണം പലപ്പോഴും നഷ്ടമാകുന്നു. സ്ഥലകാലബോധവും യാഥാര്‍ത്യബോധവും ഇല്ലാതാകുമ്പോള്‍ കുറ്റവാസന പ്രകടിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ചിലര്‍ അവര്‍ അറിയാതെ കുറ്റകൃത്യങ്ങളില്‍ ചെന്നുപെടുന്നു. ഇവര്‍ കലഹപ്രിയരും ചിലപ്പോള്‍ ഭാര്യയേയും കുട്ടികളെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നവരുമാണ്. അടിച്ചമര്‍ത്തുന്ന വിധത്തിലുള്ള പ്രാകൃത വാസനകള്‍ പ്രകടിപ്പിക്കാന്‍ മദ്യം കാരണമാകാറുണ്ട്. കളവ്, കൊള്ള, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരില്‍ പലരും മദ്യത്തിന് കീഴ്പ്പെട്ടവരായിരിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ മദ്യത്തിന്റെ ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇടയിലെ മദ്യപാനശീലം കാരണം കോടിക്കണക്കിന് ഡോളര്‍ നഷ്ടം a രാജ്യങ്ങള്‍ക്ക് ഉണ്ടാകാറുണ്ടെന്നു രാജ്യാന്തര തൊഴിലാളി സംഘടന International Labour Organisation (ILO) യുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ മദ്യാസക്തി നമ്മുടെ രാജ്യത്തെ ഗൗരവമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കൃത്യമായി ജോലിക്ക് എത്താതിരിക്കല്‍ മദ്യപന്മാരായ തൊഴിലാളികള്‍ക്ക് സംഭവിക്കുന്നതാണ്. അതത് തൊഴില്‍ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച തൊഴിലാളികള്‍ക്ക് പോലും മദ്യാസക്തിയില്പ്പെട്ടു പോയാല്‍ അവരുടെ തൊഴിലിലെ നൈപുണ്യം തുടര്‍ന്ന് പ്രകടിപ്പിക്കാനാകില്ല. മദ്യാസക്തി വരുത്തിത്തീര്‍ക്കുന്ന ഈ നൈപുണ്യനഷ്ടം കാലക്രമേണ അയാളുടെ തൊഴില്‍തന്നെ നഷ്ടപ്പെടുത്തിയേക്കാം. കടുത്ത മദ്യപാനത്താല്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ചെറുതല്ല. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പകുതിക്കും കാരണം മദ്യപിച്ചെത്തുന്ന തൊഴിലാളികളാണെന്ന് പഠനങ്ങള്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ മദ്യാസക്തി ഒരാളുടെ ശാരീരിക സുസ്ഥിതിയെ മാത്രമല്ല മാനസിക സമനിലയേയും ബാധിക്കും. കടുത്ത മാനസിക സംഘര്‍ഷവും വിഹ്വലതകളും മദ്യപന്റെ കൂടപ്പിറപ്പുകളാണ്. തന്മൂലം ആത്മഹത്യാ പ്രവണത മദ്യാസക്തരില്‍ കൂടുതലാണ്. മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്ക്കുന്ന കേരളത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആത്മഹത്യാനിരക്ക്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 25 പേരാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ ദേശീയ ശരാശരി ഒരു ലക്ഷത്തില്‍ 10 മാത്രമാണ്. മാത്രമല്ല കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യ വര്‍ദ്ധിച്ചു വരികയാണ്. ഗൃഹനാഥന്റെ മദ്യപാനവും തന്മൂലമുള്ള കടക്കെണിയുമാണ് പലപ്പോഴും ഇതിനിടയാക്കുന്നത്. ജെസീന അല്‍താഫ് സ്ക്രിപ്റ്റ് റൈറ്റര്‍, ഐ&പി.ആര്.ഡി മദ്യവും ആരോഗ്യപ്രശ്നങ്ങളും മദ്യം നിരുപദ്രവകാരിയായ പാനീയമോ ഒരു ഭക്ഷണ പദാര്ഥമോ അല്ല. വിവിധ പേരുകളിലും തരത്തിലും നിറങ്ങളിലുമൊക്കെ ലഭ്യമാണെങ്കിലും മദ്യത്തിലടങ്ങിയിരിക്കുന്ന അടിസ്ഥാനഘടകം ഈതൈല്‍ ആല്‍ക്കഹോള്‍ ആണ്. ഓരോ തരം മദ്യത്തിലും ആല്‍ക്കഹോളിന്റെ സാന്ദ്രത വ്യത്യസ്ഥമായിരിക്കുമെന്നു മാത്രം. വിസ്കി, ബ്രാണ്ടി, റം എന്നിവയില്‍ 42.86 ശതമാനവും ജിന്നില്‍ 35 ശതമാനം വരെയും ഈതൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകും. ബിയറില്‍ 6% വരെയും വൈനില്‍ 8% മുതല്‍ 15.5% വരെയും വിവിധതരം കള്ളില്‍ 4.9% മുതല്‍ 8.1% വരെയും ഈതൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാകും. മദ്യത്തിന്റെ പ്രവര്‍ത്തനം മദ്യം ആമാശയത്തില്‍ നിന്നും ദ്രുതഗതിയില്‍ ആഗിരണം ചെയ്യപ്പെടുന്നു. അതിനാല്‍ മദ്യപിച്ച് ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ രക്തത്തിലെ മദ്യത്തിന്റെ തോത് (Blood Alcohol Concentration അഥവാ BAC) ഉച്ചസ്ഥായിയിലെത്തുന്നു. രക്തത്തിലെ മദ്യത്തിന്റെ തോത് (BAC) അളക്കുന്നത് ലിറ്ററിന് ഇത്ര മില്ലിഗ്രാം എന്ന രീതിയിലാണ്. വെറുംവയറ്റില്‍ മദ്യപിക്കുമ്പോഴും സോഡാ പോലുള്ള കാര്ബണെറ്റ് പാനീയങ്ങള്‍ ചേര്‍ത്ത് മദ്യപിക്കുമ്പോഴും മദ്യം ആഗിരണം ചെയ്യപ്പെടുന്നു. ആഹാരത്തിനു ശേഷം മദ്യപിക്കുമ്പോള്‍ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാകും. സ്ത്രീകളും പുരുഷന്മാരും ഒരേ അളവില്‍ മദ്യപിച്ചാലും രക്തത്തിലെ മദ്യത്തിന്റെ തോത് (BAC) സ്ത്രീ ശരീരത്തില്‍ കൂടുതലായിരിക്കും. സ്ത്രീകളുടെ ശരീരത്തിന്റെ സ്വാഭാവിക ജലാംശക്കുറവാണ് ഇതിനുകാരണം. ശരീരത്തില്‍ നിന്നും മദ്യത്തെ പുറംതള്ളുന്നത് മണിക്കൂറില്‍ 7 മുതല്‍ 10 വരെ ഗ്രാം എന്ന തോതിലാണ്. അതിനാല്‍ മദ്യപിച്ച ശേഷം കുറെ നേരത്തേക്ക് രക്തത്തിലെ മദ്യത്തിന്റെ തോത് (BAC) ഉയര്‍ന്നുതന്നെ നില്ക്കും. കുടിക്കുന്ന മദ്യത്തിന്റെ സിംഹഭാഗവും ദഹിക്കുന്നത് കരളില്‍വച്ച് നടക്കുന്ന ഓക്സീകരണത്തിലൂടെയാണ്. മദ്യത്തിന്റെ ചെറിയൊരംശം മൂത്രം, വിയര്‍പ്പ്, ശ്വാസോച്ഛ്വാസം എന്നിവയിലൂടെ പുറംതള്ളപ്പെടുന്നു. ഉഛ്വാസവായുവിലെ മദ്യത്തിന്റെ തോതും രക്തത്തിലെ മദ്യത്തിന്റെ തോതും തമ്മില്‍ സാമ്യതയുള്ളതിനാലാണ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപാനം മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശരീരത്തില്‍ ആള്‍ക്കഹോള്‍ ഡീ ഹൈഡ്രോജനേസ് എന്ന എന്‍സൈമിന്റെ സഹായത്തോടെ മദ്യം (ഈതൈല്‍ ആല്‍ക്കഹോള്‍) അസെറ്റാല്‍ഡിഹൈഡ് ആയി മാറുന്നു. ആല്‍ഡിഹൈഡ് ഡിഹൈഡ്രോജനേസ് എന്ന എന്സൈമാകട്ടെ, അസെറ്റാല്ഡിഹൈഡിനെ അസറ്റെറ്റ് ആയി മാറ്റുന്നു. അസറ്റെറ്റ് ശരീരത്തില്‍ ദ്രുതഗതിയില്‍ രാസമാറ്റത്തിന് വിധേയമാകുകയും കാര്‍ബണ്‍ഡയോക്സൈഡും ജലവുമായി പരിണമിക്കുകയും ചെയ്യുന്നു. മദ്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. മദ്യപാനം മനുഷ്യനെ മാനസികമായും ശാരീരികമായും രോഗിയാക്കി മാറ്റുന്നു. മാനസിക പ്രശ്നങ്ങള്‍ മദ്യപാനം തുടങ്ങി ഏകദേശം പതിനഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രശ്നങ്ങളും ആരംഭിക്കുന്നു. മദ്യം നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തുന്നു. മദ്യപാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ തലച്ചോറിനുണ്ടാകുന്ന മന്ദത മൂലം മദ്യപാനി ‘താന്‍ ശക്തിശാലി’ യാണെന്ന് തെറ്റിദ്ധരിക്കുകയും അപകടകരമായ പ്രവൃത്തികള്‍ക്ക് മുതിരുകയും ചെയ്യുന്നു. മദ്യപാനം മൂലം തലച്ചോറിനുണ്ടാകുന്ന മന്ദത പലരിലും പല സാഹചര്യത്തിലും വ്യത്യസ്തമാകാം. സാധാരണയായി മദ്യപാനത്തിന് തൊട്ടുമുന്‍പുള്ള മാനസികാവസ്ഥയെ മദ്യപാനം താല്‍ക്കാലികമായി ശക്തിപ്പെടുത്താറുണ്ട്. അതായത് ദുഖിതനായിരിക്കുന്ന അവസ്ഥയില്‍ മദ്യപിക്കുന്നയാള്‍ കൂടുതല്‍ ദുഖമനുഭവിക്കാനും സന്തോഷവാനായിരിക്കുന്ന അവസ്ഥയില്‍ മദ്യപിക്കുന്നയാള്‍ താല്‍ക്കാലികമായി കൂടുതല്‍ സന്തോഷവാനാകാനും സാധ്യതയുണ്ട്. മദ്യപാനം കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തുകയും ആലോചിച്ച് തീരുമാനമെടുക്കാനുള്ള ശേഷി നശിപ്പിക്കുകയും ചെയ്യുന്നു. താന്‍ ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് കൂടി നഷ്ടപ്പെടുന്നതോടെ മദ്യപിക്കുന്നയാള്‍ അപകടകരമായ പ്രവൃത്തികളിലേര്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. വാഹനാപകടങ്ങള്‍, ജോലി സംബന്ധമായ അപകടങ്ങള്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയ്ക്കെല്ലാം ഇത് കാരണമാകുന്നു.മദ്യപിച്ച് വാഹനം ഓടിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നു. വാഹനാപകടത്തിന്റെ കാര്യം തന്നെ എടുക്കാം. പലരും എത്ര മദ്യപിച്ച് കഴിഞ്ഞാലും താന്‍ ഓ.കെ. ആണെന്നും വാഹനമോടിക്കുന്നതില്‍ ഒരു വീഴ്ചയും വരില്ലായെന്നും വിശ്വസിച്ച് മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിക്കാറുണ്ട്. മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ നമ്മുടെ വാഹനം അബദ്ധവശാല്‍ എതിര്‍ദിശയിലേക്ക് സഞ്ചരിച്ചാലോ, എതിരെ വരുന്ന വാഹനം നമ്മുടെ മുന്നിലേക്ക് വരുന്ന സാഹചര്യമുണ്ടായാലോ അത് കണ്ട് തിരിച്ചറിയുന്നതിന് മദ്യലഹരിയിലിരിക്കുന്ന ഡ്രൈവര്‍ വൈകുന്നു. അപകടസാധ്യത തിരച്ചറിഞ്ഞുകഴിഞ്ഞാലും അതിനേക്കുറിച്ച് ആലോചിച്ച് സ്വന്തം വാഹനത്തിന്റെ ദിശ അനുയോജ്യമായ വിധത്തില്‍ മാറ്റുവാനുള്ള തീരുമാനമെടുക്കുന്നതിനും വൈകുന്നു. സ്വന്തം വാഹനം നേര്ദിശയിലാക്കുന്നതിനുള്ള തീരുമാനം തലച്ചോറിനുള്ളില്‍ എടുത്തുകഴിഞ്ഞാലും ആ സന്ദേശം മദ്യലഹരിയില്‍ വാഹനമോടിക്കുന്നയാളുടെ കൈകാലുകളിലെ പേശികളിലേക്ക് എത്താനും വൈകുന്നു. അതുകൊണ്ടുതന്നെ വാഹനത്തെ നിയന്ത്രിക്കുന്നതിലും നേര്ദിശയിലാക്കുന്നതിലും വീണ്ടും ഒരു വൈകല്‍ (Delay) സംഭവിക്കുന്നു. ഇത് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മദ്യപിച്ച് കഴിഞ്ഞുള്ള ഉറക്കത്തിന്റെ ആദ്യപകുതിയില്‍ അഗാധമായ ഉറക്കം ലഭിക്കുമെങ്കിലും മറ്റേ പകുതിയില്‍ ലഭിക്കുന്നത് അസ്വസ്ഥമായ ഉറക്കമായിരിക്കും. മദ്യപാനത്തിന്റെ തൊട്ടടുത്ത ദിവസം രാവിലെ ‘ഹാങ്ങ് ഓവര്‍’ എന്ന പ്രതിഭാസം അനുഭവിക്കാറുണ്ട്. ശക്തമായ തലവേദന, തലകറക്കം, വിറയല്‍, ക്ഷീണം, വയറെരിച്ചില്‍,ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ശാരീരിക ബുദ്ധിമുട്ടുകള്‍ ദഹനേന്ദ്രിയ വ്യൂഹം (Gastro intestinal system) മദ്യം ചെറിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ആമാശയത്തില്‍ അമ്ലത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിശപ്പ് കൂടുകയും ചെയ്യുന്നു. മദ്യം ആമാശയത്തിലെ മൃദുലമായ മ്യൂക്കസ് പാളികളില്‍ മുറിവുണ്ടാക്കും. വയറില്‍ അള്‍സര്‍ രോഗമുണ്ടാകുവാനും ഉള്ളത് വര്‍ദ്ധിക്കുവാനും ഇത് ഇടവരുത്തുന്നു. ഛര്‍ദ്ദി, ആമാശയത്തിലും അന്നനാളത്തിലും രക്തസ്രാവം എന്നിവയും മദ്യപാനം മൂലം ഉണ്ടാകാം. ദഹനക്കുറവ് ഉണ്ടാക്കുന്നു. മദ്യം അന്നനാളത്തിന്റെ ആരംഭത്തിലും അവസാനത്തിലുമുള്ള സ്ഫിംഗ്ടറുകളുടെ നിയന്ത്രണത്തില്‍ ക്രമക്കേടുകളുണ്ടാക്കുകയും നെഞ്ചെരിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു. ഹൃദയം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. രക്തക്കുഴലുകളെ വികസിപ്പിക്കുകയും തന്മൂലം ത്വക്കിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യം ഹൃദയത്തിന്റെ (പ്രത്യേകിച്ചും ഇടതു വെന്‍ട്രിക്കിളിന്റെ) പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു. മദ്യപിക്കുന്നവരില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഹൃദയാഘാതം മൂലമുള്ള വേദന അനുഭവവേദ്യമാകുന്നതിലുള്ള കുറവുമൂലമാണങ്ങനെ സംഭവിക്കുന്നത്. കാര്‍ഡിയോ മയോപ്പതി ( ഹൃദയ പേശികളുടെ ശക്തി കുറയുന്നു ) പേശികള്‍ ആല്‍ക്കഹോളിക് മയോപ്പതി: മദ്യപാനം മൂലമുണ്ടാകുന്ന ഈ രോഗം പേശികളെ തകരാറിലാക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ശ്വാസകോശം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. ഓക്കാനവും ഛര്‍ദ്ദിയും ചിലപ്പോള്‍ ആഹാരശകലങ്ങള്‍ ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഇടവരുത്തുകയും തന്മൂലം ന്യുമോണിയ (ആസ്പിരേഷന്‍ ന്യുമോണിയ) ഉണ്ടാവുകയും ചെയ്യുന്നു. നാഡീവ്യവസ്ഥ ഓര്‍മ്മക്കുറവ് ഡിമെന്‍ഷ്യ പെരിഫെറല്‍ ന്യൂറോപ്പതി സെറിബല്ലത്തിന് ക്ഷതം വെര്നിക്കേ-കോര്സക്കോഫ്- സിന്‍ഡ്രോം രക്തം വിളര്‍ച്ച ശ്വേത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും കുറവ് (ഇതുമൂലം അണുബാധ, രക്തസ്രാവം) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. കരള്‍ മദ്യം ഓക്സീകരിക്കപ്പെടുന്നത് കരളില്‍ വച്ചാണ്. അതിനാല്‍ മദ്യപാനം കരളിന്റെ പ്രവര്‍ത്തനഭാരം വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കരള്‍വീക്കം, സീറോസിസ്, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍. മദ്യപാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍വീക്കം ഉണ്ടാകുന്നു. മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍ കരളിന്റെ ആരോഗ്യം ഈ ഘട്ടത്തില്‍ വീണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ മദ്യപാനം തുടരുന്ന പക്ഷം കരളിലെ കോശങ്ങള്‍ നശിച്ച് സിറോസിസ് രോഗമായി മാറുന്നു. സിറോസിസ് ബാധിച്ചുകഴിഞ്ഞാല്‍ കരളിനെ സാധാരണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ല. സിറോസിസ് ബാധിച്ചുകഴിഞ്ഞയാള് മദ്യം ഉപേക്ഷിക്കുകയും ആധുനിക വൈദ്യശാസ്ത്രചികിത്സ തേടുകയും ചെയ്താല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിതദൈര്‍ഘ്യം താരതമ്യേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന (പ്രത്യേകിച്ചും കരളിന്) ദോഷങ്ങളെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ശാസ്ത്രീയമായ പ്രതിവിധികളൊന്നും ഇന്ന് നിലവിലില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ ‘പുര കത്തുമ്പോള്‍ ബീഡി കത്തിക്കുക’ എന്ന പോലെ ദുഷ്ടലാക്കോടു കൂടിയ കച്ചവടലക്ഷ്യങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കുക. മദ്യപാനം കൊണ്ടുള്ള ദുരന്തം ഒഴിവാക്കുവാന്‍ മദ്യപാനം ഒഴിവാക്കുകയെന്ന മാര്‍ഗമേയുള്ളൂ. കാന്‍സര്‍ വായ്, അന്നനാളം, വന്‍കുടല്‍, കരള്‍ എന്നിവിടങ്ങളില്‍ കാന്‍സര്‍ ഉണ്ടാകാന്‍ മദ്യം കാരണമാകുന്നു. മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാരക്കുറവ് സ്ഥിരമായ മദ്യപാനം തയാമിന്‍, പിരിഡോക്സിന്‍, വിറ്റാമിന്‍ എ, ഫോളിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് എന്നിവയുടെ അളവ് ശരീരത്തില്‍ കുറയാനിടയാക്കുന്നു. രക്തത്തിലെ പഞ്ചസാര, കാത്സ്യം, മഗ്നീഷ്യം എന്നിവ കുറയാനും മദ്യപാനം കാരണമാകാം. മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ കുറവ് വിവിധതരം രോഗങ്ങള്‍ക്ക് കാരണമാകുന്നു. മറ്റു രോഗങ്ങള്‍ ക്ഷയരോഗം, സോറിയാസിസ്, എന്നിവയില്‍ നിന്നും മുക്തി നേടുന്നതിന് മദ്യപാനം തടസ്സമാകാറുണ്ട്. അസ്ഥികളുടെ തേയ്മാനം ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം (മദ്യപാനികളായ സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗം) അപകടങ്ങള്‍ മദ്യവും നിങ്ങളും തലച്ചോറ് (Brain) മദ്യം നാഡീകോശത്തെ തളര്‍ത്തി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. മദ്യത്തിന്റെ തുടര്‍ച്ചയായ ഉപയോഗം ഓര്‍മ്മശക്തി, സ്വഭാവം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ നശിപ്പിക്കുന്നു. അതുകാരണം പ്രവര്‍ത്തനങ്ങളെ നന്നായി നിയന്ത്രിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. ശ്വാസകോശം (Lungs) മദ്യത്തിന്റെ അമിത ഉപയോഗം അണുബാധയെ ചെറുക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവിനെ കുറയ്ക്കുന്നതിനോ ശ്വാസം തന്നെ നിലയ്ക്കുന്നതിനോ കാരണമാകുന്നു. മദ്യം അമിതമായി ഉപയോഗിക്കുന്ന വ്യക്തിക്ക് ശ്വാസകോശ രോഗബാധ, ആഹാരശകലങ്ങള്‍ വയറില്‍ നിന്നും തിരികെയെത്തി ശ്വാസകോശത്തില്‍ പറ്റിപ്പിടിക്കുന്നതിലൂടെ പിടിപെടുന്ന ന്യുമോണിയ (ആസ്പിരേഷന്‍ ന്യുമോണിയ) എന്നിവ ബാധിക്കുന്നു. ഹൃദയം (Heart) രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിലെ പേശികളുടെ കഴിവിനെ മദ്യം തകരാറിലാക്കുന്നതുമൂലം ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കാതെ വരുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റുകയും ചെയ്യുന്നു. അമിതമായ മദ്യപാനം മൂലം പലതരം ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. മദ്യപര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹൃദയമിടിപ്പ് തെറ്റാന്‍ സാധ്യതയുണ്ട്. കരള്‍ (Liver) അമിത മദ്യപാനം ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാക്കും. പഞ്ചേന്ദ്രിയങ്ങള്‍ (Sense Organs) കാഴ്ച, കേള്‍വി, സ്വാദ്, മണം എന്നീ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുന്നു. കൂടാതെ സ്ഥലകാലബോധം നഷ്ടപ്പെടുകയും വേദന അറിയാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്യുന്നു. കുടലും പാന്‍ക്രിയാസും (Intestine and Pancreas) പദാര്‍ഥങ്ങളെ വിഘടിക്കാനും ആഗിരണം ചെയ്യാനുമുള്ള കഴിവിനെ തകരാറിലാക്കി അള്‍സര്‍, കാന്‍സര്‍ എന്നിവ പിടിപെടാന്‍ മദ്യം കാരണമാകുന്നു. പാന്‍ക്രിയാസിലെ ദഹനരസങ്ങള്‍ പുറത്തേയ്ക്കു വരുന്ന അവസ്ഥ രൂപപ്പെടുകയും പാന്‍ക്രിയാസിന്റെ നാശത്തിലെത്തുകയും ചെയ്യുന്നു. എല്ലുകളും പേശികളും (Bone and Muscles) കാത്സ്യത്തിനെ ആഗിരണം ചെയ്യാനുള്ള കഴിവിനെ മദ്യം തടസ്സപ്പെടുത്തുന്നു. വയര്‍ (Stomach) മദ്യം വയറിനെ അസ്വസ്ഥമാക്കുകയും ക്രമേണ പെപ്പറ്റിക് അള്‍സര്‍, കാന്‍സര്‍ എന്നിവ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. രക്തം (Blood) തുടര്‍ച്ചയായ മദ്യോപയോഗം അനീമിയ, തെറ്റായ രീതിയിലുള്ള രക്തത്തിന്റെ കട്ടപിടിക്കല്‍, തുടര്‍ച്ചയായ രക്തപ്രവാഹം, ശ്വേതരക്താണുക്കളുടെ എണ്ണം കുറയുക തുടര്‍ന്ന് രോഗാണുബാധ ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകുന്നു. ഇപ്രകാരം ദാരിദ്ര്യത്തിലേയ്ക്കും മാറാരോഗങ്ങളിലേയ്ക്കും കുടുംബ തകര്‍ച്ചയിലേക്കും തള്ളിവിടുന്ന മദ്യപാനത്തില്‍നിന്നും അകന്നു നില്ക്കുക മാത്രമാണ് പോംവഴി. ആഘോഷത്തിനു വേണ്ടിയോ, കൂട്ട്കൂടുന്നതിനു വേണ്ടിയോ മദ്യം സല്ക്കരിക്കുകയാണെങ്കില് സ്നേഹപൂര്‍വ്വം വേണ്ടെന്നു വയ്ക്കുക. മദ്യപാനം അപമാനമാണ്, അഭിമാനമല്ല എന്ന് ഓര്‍ക്കുക. അബ്കാരി നിയമം മദ്യത്തിന്മേലുള്ള നിയന്ത്രണവും കുത്തകാവകാശവും സര്‍ക്കാരിനാണ്. സര്‍ക്കാര്‍ അനുമതി ഇല്ലാതെ മദ്യം ഇറക്കുമതി ചെയ്യാനോ, കയറ്റുമതി ചെയ്യാനോ, കടത്താനോ, കൈവശം വച്ചു സൂക്ഷിക്കാനോ, വില്‍ക്കാനോ പാടില്ല. കേരളത്തില്‍ അബ്കാരി നിയമപ്രകാരം ചാരായം നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാം. വ്യാജമദ്യ നിര്‍മ്മാണവും വിതരണവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി കര്‍ശനമായ വകുപ്പുകളാണ് അബ്കാരി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് പരിധി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ മദ്യവും മദ്യാംശമുള്ള തയ്യാരിപ്പുകളും ഉല്‍പ്പാദിപ്പിക്കാന്‍ പാടുള്ളൂ. മദ്യമുള്പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് അബ്കാരി ഓഫീസര്‍മാരാണ്. കേരളത്തില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ മദ്യപിക്കാന്‍ പാടില്ലാത്തതും, ലൈസന്‍സ്ഡ് സ്ഥാപനങ്ങളില്‍ നിന്ന് അവര്‍ക്ക് മദ്യം വില്ക്കാന് പാടില്ലാത്തതുമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, കോടതി, തെരുവ്, പൊതുവാഹനം, ഹോട്ടല്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍വച്ച് മദ്യപിക്കുന്നത് ശിക്ഷാര്‍ഹമാണ്. സര്‍ക്കാരിലേക്ക് എക്സൈസ് ഡ്യൂട്ടി ഈടാക്കിയ മദ്യം മാത്രമേ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ വഴി വില്ക്കാന് പാടുള്ളൂ. മദ്യവുമായി ബന്ധപ്പെട്ട നിയന്ത്രണ നിയമങ്ങള്‍ രൂപപ്പെടുത്തുന്നത് സര്‍ക്കാരാണ്. എക്സൈസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം നില്ക്കല്, അനധികൃത മദ്യം കൈകാര്യം ചെയ്യുന്ന കുറ്റകൃത്യങ്ങളിലെ ഗൂഡാലോചന, ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനം, കുറ്റവാളിയെ രക്ഷപ്പെടാന്‍ സഹായിക്കല്‍ തുടങ്ങിയവയും കുറ്റകരമാണ്. കുറ്റകൃത്യത്തിന് സഹായകമായ കൂട്ടുവസ്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മയക്കുമരുന്നുകളും ആരോഗ്യവും തലച്ചോറിന്റെ രാസഘടനയില്‍ വിവിധതരം മാറ്റങ്ങളുണ്ടാക്കിക്കൊണ്ട് വിഭ്രാന്തി പോലുള്ള അനുഭൂതികളുണ്ടാക്കുകയും ക്രമേണ സ്ഥിരമായ ഉപയോഗത്തിനടിമപ്പെടുത്തുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളാണ് മയക്കുമരുന്നുകള്‍. ഇവ പല രൂപത്തിലും പേരുകളിലും വ്യാപകമായി കാണപ്പെടുന്നു. മയക്കുമരുന്നുകളെല്ലാം തന്നെ ശക്തമായ ആസക്തി ഉളവാക്കുന്നവയാണ്. മയക്കുമരുന്നുപയോഗത്തിനുള്ള സാഹചര്യങ്ങള്‍ തമാശയ്ക്കുവേണ്ടി തുടങ്ങുക സുഹൃത്തുക്കളുടെ നിര്‍ബന്ധം അനുകരണം എന്താണെന്നറിയാനുള്ള ജിജ്ഞാസ ദോഷത്തേക്കുറിച്ചുള്ള വ്യക്തമായ തിരിച്ചറിവില്ലായ്മ ഉപയോഗിച്ചാല്‍ കിട്ടിയേക്കാവുന്ന ഫലങ്ങളേക്കുറിച്ചുള്ള മിഥ്യാധാരണ സാധാരണയായി കണ്ടുവരുന്ന മയക്കുമരുന്നുകള്‍ കഞ്ചാവും അതില്‍നിന്നുണ്ടാകുന്ന ഹാഷിഷ്, കഞ്ചാവ് ഓയില്‍ എന്നിവ കറുപ്പും അതിന്റെ ഉപോല്പ്പന്നങ്ങളായ ഹെറോയിന്‍, ബ്രൌണ്‍ ഷുഗര്‍ എന്നിവ ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയസിപ്പാം, പെത്തഡിന്, ബുപ്രിനോര്ഫിന്, പെന്റാസോസിന് മുതലായ മരുന്നുകള്‍. ഉപയോഗം ലോകത്താകമാനം ഏകദേശം പതിനാല് ദശലക്ഷത്തോളം ആളുകള്‍ മയക്കുമരുന്നായ കറുപ്പും അതിന്റെ ഉപോല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. ഏകദേശം നൂറ്റിനാല്‍പ്പത്തിയേഴ് ദശലക്ഷത്തോളം ആളുകള്‍ കഞ്ചാവും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. ആംഫീറ്റമിന്‍ പോലുള്ള മയക്കുമരുന്നുകളും കൊക്കൈനുമാണ് ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചുവരുന്ന മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍. വര്‍ധിച്ചുവരുന്ന ലഹരി മരുന്നുപയോഗം എയിഡ്സ്, ഹെപ്പറ്റൈറ്റിസ് എന്നിവ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുന്നു. ലഹരി മരുന്നുപയോഗ സാധ്യതാ ഘടകങ്ങള്‍ ലിംഗ ഭേദം പുരുഷന്മാരിലാണ് മയക്കുമരുന്നുപയോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും അവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കടുത്ത ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്. പ്രായം പതിനഞ്ചു മുതല്‍ ഇരുപത്തിനാല് വരെയുള്ള പ്രായത്തിലാണ് പലരും മയക്കുമരുന്നുപയോഗം ആരംഭിക്കുന്നത്. തൊഴില്‍ വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, ലൈംഗിക തൊഴിലാളികള്‍, പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി പല മേഖലയിലുമുള്ളവരില് മയക്കുമരുന്നുപയോഗം കണ്ടുവരാറുണ്ട്. എന്നാല്‍ തൊഴില്രഹിതരുടെയിടയില് പകുതിയോളം പേരും ലഹരിയുടെ പിടിയിലമര്ന്നിരിക്കുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. മാനസിക രോഗങ്ങള്‍ ഉന്മാദരോഗങ്ങള്‍, വിഷാദരോഗം, ഉല്‍ക്കണ്ഠരോഗങ്ങള്‍, മതിവിഭ്രമം തുടങ്ങിയ മാനസിക രോഗങ്ങള്‍ ബാധിച്ചവര്‍ക്കിടയില്‍ മദ്യപാനം, മയക്കുമരുന്നുപയോഗം എന്നിവ കൂടുതലായി കണ്ടുവരുന്നു. കറുപ്പ് നമ്മുടെ ശരീരത്തിലെ ഒപ്പയോയിസ് റിസപ്റ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളുടെ വിഭാഗമാണിത്. ഇവയില്‍ പ്രകൃത്യാ കണ്ടുവരുന്നവ, ഭാഗികമായി കൃത്രിമമായി നിര്‍മ്മിക്കുന്നവ, പൂര്‍ണ്ണമായി കൃത്രിമമായി നിര്‍മ്മിക്കുന്നവ എന്നിങ്ങനെ മൂന്ന് തരമുണ്ട്. മോര്‍ഫിനും കോഡീനും പോപ്പിചെടിയില് (പപ്പാവര്‍ സോമ്നിഫെറം) നിന്നും വേര്തിരിച്ചെടുക്കുന്നവയായതിനാല് പ്രകൃത്യാ കണ്ടുവരുന്ന വിഭാഗത്തില്‍പ്പെടുന്നു. ഹെറോയിന്‍, ഓക്സികോഡോണ്‍, ഹൈഡ്രോകോഡോണ്‍ എന്നിവ പ്രകൃത്യാലുള്ള കറുപ്പില്‍നിന്നും കൃത്രിമ മാറ്റങ്ങള്‍ വരുത്തി നിര്‍മ്മിക്കുന്നവയാണ്. എന്നാല്‍, ഫെന്റാനില്‍, മെത്തഡോണ്‍ എന്നിവ പൂര്‍ണ്ണമായും കൃത്രിമമായി വികസിപ്പിച്ചെടുത്തിട്ടുള്ള മയക്കുമരുന്നുകളാണ്. കറുപ്പ് വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നുകളെല്ലാംതന്നെ ഒരുപോലെ ദോഷങ്ങള്‍ക്കിടയാക്കുന്നതും അടിമത്വം ജനിപ്പിക്കുന്നതുമാണ്. എന്നാല്‍ സാന്ത്വനപരിചരണം (പാലിയേറ്റീവ് കെയര്‍) ലഭിക്കുന്ന രോഗികള്‍ക്ക് വേദന നിവാരണത്തിനു നല്കുന്ന മോര്‍ഫിന്‍ അവര്‍ക്ക് മറ്റു ദോഷഫലങ്ങളോ അടിമത്തമോ ഉണ്ടാക്കുകയില്ല. ഉപയോഗം കറുപ്പും അതിന്റെ ഉപോല്‍പ്പന്നങ്ങളും പുകയായോ, കുത്തിവയ്പ്പായോ, വായിലൂടെയോ, ത്വക്കില്‍ ചേര്‍ത്തോ ഉപയോഗിക്കുകയാണ് പതിവ്. ആരോഗ്യ പ്രശ്നങ്ങള്‍ മാനസികം അമിതമായി ദുഖം/സന്തോഷം എന്നിവ താല്‍ക്കാലികമായി അനുഭവപ്പെടുന്നു. വൈകാരികമായ വെപ്രാളം വിവിധ വികാരങ്ങളുടെ താല്‍ക്കാലിക ഉത്തേജനം മയക്കം ശ്രദ്ധക്കുറവ് ഓര്‍മ്മക്കുറവ് പിച്ചുംപേയും പറയല്‍ മിഥ്യാബോധം (Illution) വിഭ്രാന്തി ശാരീരിക പ്രശ്നങ്ങള്‍ ഓക്കാനം, ഛര്‍ദ്ദി വിശപ്പില്ലായ്മ മലബന്ധം ശ്വാസതടസ്സം ഹൃദയമിടിപ്പ് കുറയുക രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുക ചൊറിച്ചില്‍ ലൈംഗികശേഷിക്കുറവ് ബോധക്ഷയം അപസ്മാരം കഞ്ചാവ് ‘കന്നാബിസ് സറ്റൈവ’ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പലതരം മയക്കുമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഭാംഗ് - ഇലകള്‍ ഗംജാ (കഞ്ചാവ്) - പുഷ്പിതമാകുന്ന തണ്ട് ഭാഗം ചരസ് (ഹാഷിഷ്) - ചെടിത്തണ്ടിനു ചുറ്റുമുള്ള റെസിന്‍ കഞ്ചാവിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഉഗ്രവസ്തുക്കളെ കനാബിനോയിടുകള് എന്നറിയപ്പെടുന്നു. അവയില്‍ ടെട്രോ ഹൈഡ്രോ കനാബിനോള്‍ (THC) ആണ് ഏറ്റവും തീവ്രമായ വിഷവസ്തു. റ്റി.എച്ച്.സി യുടെ അളവ് വിവിധതരം കഞ്ചാവുല്പ്പന്നങ്ങളില് വ്യത്യസ്തമാണ്. ചരസിലും ഹാഷിഷ് ഓയിലിലുമാണ് റ്റി.എച്ച്.സി യുടെ അളവ് ഏറ്റവുമധികം കാണപ്പെടുന്നത്. ഉപയോഗം കഞ്ചാവുല്പ്പന്നങ്ങള് പുകവലിയായും, ആവിവലിയായും, ലഘുഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തും, പാനീയങ്ങളില്‍ ചേര്‍ത്തുമൊക്കെ ഉപയോഗിച്ചു വരുന്നു. കുത്തിവയ്പിലൂടെ ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് ജീവനപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാധാരണഗതിയില്‍ കഞ്ചാവുല്പ്പന്നങ്ങള് കുത്തിവെച്ച് ഉപയോഗിക്കാറില്ല. കഞ്ചാവ് പുക ശ്വസിക്കുമ്പോള്‍ വിഷവസ്തുക്കള്‍ ശ്വാസനാളിയിലൂടെ നമ്മുടെ രക്തത്തിലേക്ക് ദ്രുതഗതിയില്‍ ആഗിരണം ചെയ്യപ്പെടുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ മത്തുപിടിക്കുകയും ഏതാനും മണിക്കൂറുകള്‍ ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു. എന്നാല്‍ വായിലൂടെ കഴിക്കുമ്പോള്‍ ഏകദേശം അര മണിക്കൂറിനുള്ളില്‍ മത്തുപിടിക്കുകയും കൂടുതല്‍ നേരം ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു. ശരീരത്തില്‍ ആഗിരണം ചെയ്യപ്പെട്ട വിഷവസ്തുക്കളില്‍ ഒരു ശതമാനത്തോളം തലച്ചോറിലെത്തുന്നു. കരളിലെ രാസാഗ്നികളെ ഉദ്ദീപിപ്പിക്കാന്‍ കഞ്ചാവിലെ വിഷവസ്തുക്കള്‍ക്ക് കഴിയും. പ്ലാസന്റയിലൂടെയും മുലപ്പാലിലൂടെയും കഞ്ചാവിലെ വിഷവസ്തുക്കള്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പ്രവേശിച്ച് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. പുകയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കള്‍ പൂര്‍ണ്ണമായും ശരീരം വിട്ടൊഴിയാന്‍ ഏകദേശം ഒരുമാസമെടുക്കുന്നത്കൊണ്ട് ചെറിയ അളവില്‍ വല്ലപ്പോഴുമുള്ള ഉപയോഗം പോലും നീണ്ടുനില്‍ക്കുന്ന ദോഷഫലങ്ങള്‍ക്ക് ഇടയാക്കും. മദ്യപാനം കൂടിയുണ്ടെങ്കില്‍ കഞ്ചാവ് മൂലമുള്ള ദോഷഫലങ്ങള്‍ വളരെ വര്‍ദ്ധിക്കും. ആരോഗ്യപ്രശ്നങ്ങള്‍ മാനസികം മയക്കവും ഉത്തേജനവും ഉണ്ടാകുക. മായിക സ്വപ്നങ്ങള്‍ അനുഭവിക്കുകയും ആ അവസ്ഥയില്‍ മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വബോധമില്ലാതെ പിന്തുടരുകയും ചെയ്യുക. മതിഭ്രമം സംഭവിക്കുകയും ധാരണാശക്തിയില്‍ വൈകല്യവും ദുര്‍വ്യാഖ്യാനവും ഉണ്ടാകുകയും ചെയ്യുന്നു. ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക. വിഷാദം, ആത്മഹത്യാപ്രവണത എന്നിവ കൂടുതലായി കാണുന്നു. വാഹനവും യന്ത്രങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കൃത്യതയും ശ്രദ്ധയും നഷ്ടപ്പെടുന്നു. സ്ഥിരമായി കഞ്ചാവുല്പ്പന്നങ്ങള് ഉപയോഗിക്കുന്നവര്‍ക്ക് ഇങ്ങനെ സംഭവിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. മുന്നില്‍ കാണുന്ന കാഴ്ചകളുടെ ആഴവും നിറങ്ങളും തെറ്റായി മനസ്സിലാക്കാനിടവരുന്നു. ഇതും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. സ്ഥലകാലബോധം നശിക്കുകയും സ്വയം തിരിച്ചറിയാന്‍ പോലും കഴിയാതെ വരികയും ചെയ്യുന്നു. വെപ്രാളവും ഭയവും അനുഭവപ്പെടുന്നു. ഓര്‍മ്മക്കുറവ്, മന്ദത എന്നിവയുണ്ടാകുന്നു. ശാരീരികം ദാഹം, വിശപ്പ്, മലബന്ധം, വായ ഉണങ്ങല്‍ എന്നിവയുണ്ടാകുന്നു. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിക്കുന്നു. രക്തക്കുഴലുകള്‍ വികസിക്കുകയും തന്മൂലം ഇരുന്നിടത്തു നിന്ന് പെട്ടെന്ന് എഴുന്നേല്ക്കാന് ശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം താല്‍ക്കാലികമായി കുറയുകയും ബോധക്കേടുണ്ടാവുകയും ചെയ്യുന്നു. ഹൃദ്രോഗികള്‍ക്ക് അവരുടെ അസുഖത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നു. പുകവലി മൂലമുണ്ടാകാവുന്ന എല്ലാ ശ്വാസകോശ രോഗങ്ങളും കഞ്ചാവുല്പ്പന്നങ്ങള് ഉപയോഗിക്കുമ്പോള്‍ പല മടങ്ങായി വര്‍ദ്ധിക്കുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നു. കണ്ണുകള്‍ ചുവന്ന് തുടുക്കുകയും നേത്രരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ദീര്‍ഘനാളത്തെ മയക്കുമരുന്നുപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ച്ചയായ അണുബാധ ഹെപ്പറ്റൈറ്റിസ്, എയിഡ്സ്, ക്ഷയരോഗം ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം ശ്വാസകോശ രോഗങ്ങള്‍ പോഷകാഹാരക്കുറവ് അപകടങ്ങള്‍ കരള്‍രോഗങ്ങള്‍ ഡിമെന്‍ഷ്യ മാനസിക രോഗങ്ങള്‍ ലഹരിയില്പ്പെടാതെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് എന്തു കാര്യവും രക്ഷിതാക്കളോട് തുറന്ന് സംസാരിക്കാന്‍ കഴിയണം. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക. മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിത്വം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരുവാന്‍ ശ്രമിക്കുക. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയില്‍പ്പെടാതെ സ്വയം കുട്ടികള്‍ക്ക് മാതൃക കാണിക്കുക.]ക്രിയാത്മകവും ആരോഗ്യകരവുമായ പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ കുട്ടികളെ സഹായിക്കുക. കുട്ടികളുടെ സുഹൃത്തുക്കളാരെന്നും അവരുടെ ജീവിതസാഹചര്യങ്ങളെന്തൊക്കെയെന്നും മനസ്സിലാക്കുക. കുട്ടികളുടെ കൂട്ടുകാരുടെ വീട്ടില്‍ പോകുകയും അവരുടെ രക്ഷിതാക്കളെയും മറ്റും പരിചയപ്പെടുകയും ചെയ്യുന്നത്, നമ്മുടെ കുട്ടികള്‍ സുഹൃദ്ബന്ധങ്ങളിലൂടെ തെറ്റുന്നത് ഒഴിവാക്കാന്‍ സഹായിക്കും. പ്രശ്നങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുക. മയക്കുമരുന്നുകള്‍ക്കെതിരെ എന്‍.ഡി.പി.എസ്.ആക്റ്റ് മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985 ലെ എന്‍.ഡി.പി.എസ്.ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്ടാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ (Commercial Quality) കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടു വരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍.ഡി.പി.എസ്. കേസിലെ കുറ്റകരമായ ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ ശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു ‘കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി’ കേസ്സില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന് കോടതി മുമ്പാകെ തെളിയിക്കുവാനും കഴിഞ്ഞാല്‍ എന്‍.ഡി.പി.എസ്.ആക്റ്റ് പ്രകാരം വിധിക്കാവുന്ന ശിക്ഷ വധശിക്ഷ മാത്രമാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്റെ വില്‍പ്പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഡാലോചനയില്‍ പങ്കെടുക്കുന്നതും എല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല. പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി. പുകയിലയും പാന്മസാലകളും പുകയില ലോകത്തില്‍ പത്തിലൊരാളുടെ മരണത്തിനിടയാക്കുന്ന മാരകവിഷമാണ് പുകയില. ലോകത്തില്‍ പ്രതിവര്‍ഷം അറുപത് ലക്ഷത്തോളം മരണങ്ങള്‍ക്ക് കാരണം പുകയിലയാണ്. എയിഡ്സ്, ക്ഷയരോഗം, മലമ്പനി എന്നിവ കൊണ്ടുണ്ടാകുന്ന മരണസംഖ്യയേക്കാള്‍ വലുതാണിത്. പുകയിലയുടെ ഉപയോഗം പ്രധാനമായും രണ്ടു രീതിയിലാണ്. പുകവലി പുകരഹിത പുകയില പുകവലി പുകവലിക്കാരുടെ മരണനിരക്ക് പുകവലിക്കാത്തവരേക്കാള്‍ രണ്ടു മുതല്‍ മൂന്നിരട്ടി വരെയാണ്. അതായത് പുകവലി ശീലമാക്കിയവരില്‍ പകുതി പേരും പുകയിലമൂലം തന്നെയാണ് മരണം വരിക്കുക. ലോകത്തെ 120 കോടിയോളം വരുന്ന പുകവലിക്കാരില്‍ എണ്‍പത് ശതമാനവും വികസ്വര രാഷ്ട്രങ്ങളിലാണ്. വികസിത രാജ്യങ്ങളില്‍ പുകയിലയുടെ ഉപയോഗം കുറഞ്ഞുവരുമ്പോള്‍, വികസ്വര രാജ്യങ്ങളില്‍ വര്‍ഷം തോറും ഇത് 3.4 ശതമാനത്തോളം വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. പുകയില മൂലം മരണപ്പെടുന്നവരില്‍ പകുതിയും മദ്ധ്യവയസ്ക്കരാണ്. സ്വാഭാവിക ജീവിത കാലയളവിന് മുമ്പേ മാനവരാശിയെ മരണക്കെണിയില്‍ കുടുക്കുന്ന പല കാരണങ്ങളില്‍ ഏറ്റവും മുമ്പില്‍ അജയ്യനായി നില്‍ക്കുന്നത് പുകയിലയാണ്. ചെറുപ്പക്കാരെ പുകയില കൊന്നൊടുക്കുന്നത് കൂടുതലായും ഹൃദ്രോഗത്തിലൂടെയാണ്. 30 നും 50 നും ഇടയില്‍ പ്രായമുള്ള പുകവലിക്കാരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ അഞ്ചിരട്ടിയാണ്. ഹൃദ്രോഗ-ധമനീരോഗ സാധ്യത കുറയ്ക്കുവാനുള്ള ഏറ്റവും മികവുറ്റ മാര്‍ഗ്ഗം പുകയില ഉപയോഗിക്കാതിരിക്കുക എന്നത് തന്നെയാണ്. കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ 30 ശതമാനവും പുകയിലയുടെ ഉപയോഗം കൊണ്ടുള്ളതാണ്. ശ്വാസകോശ കാന്‍സര്‍ മൂലം മരണപ്പെടുന്ന പുരുഷന്മാരില് 95 ശതമാനത്തിനും, സത്രീകളില്‍ 75 ശതമാനത്തിനും പുകയില മൂലമാണ് രോഗബാധയുണ്ടായതെന്നു തെളിഞ്ഞിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം പുരുഷന്മാരില് 25 ഉം സത്രീകളില്‍ 10 ശതമാനം പേരുടെയും മരണകാരണം പുകവലിയാണ്. നിഷ്ക്രിയ പുകവലി (Passive Smoking) പുകവലിക്കുന്നവരുമായുള്ള സാമീപ്യം മൂലം പുകവലിക്കാത്തവര്‍ പുകയിലപ്പുക ശ്വസിക്കാനിടവരുന്നതിനെ നിഷ്ക്രിയപുകവലി (Passive Smoking) എന്നു വിളിക്കുന്നു. കത്തുന്ന സിഗരറ്റിന്റെയും ബീഡിയുടെയും അറ്റത്തുനിന്നു വമിക്കുന്ന പുകയിലും, പുകവലിക്കാരന് പുറത്തേയ്ക്കു വിടുന്ന പുകയിലും പുകവലിക്കാരന് ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്ന പുകയേക്കാള്‍ മൂന്നു മുതല്‍ പത്തുമടങ്ങുവരെ വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളില്‍ ആസ്ത്മാ രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ നിഷ്ക്രിയ പുകവലിക്ക് കഴിയും. ആസ്ത്മാബാധിതരായ കുഞ്ഞുങ്ങള്‍ക്ക് അസുഖം കൂടുതല്‍ തീവ്രമാകാന്‍ നിഷ്ക്രിയ പുകവലി കാരണമാകുന്നു. കുഞ്ഞുങ്ങളില്‍, പ്രത്യേകിച്ചും രണ്ടുവയസ്സിന് താഴെയുള്ളവരില്‍ ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 50-60 ശതമാനം വരെ വര്‍ധിക്കാന്‍ നിഷ്ക്രിയ പുകവലി കാരണമാകുന്നു. നിഷ്ക്രിയ പുകവലിക്കാരില്‍ ശ്വാസകോശ കാന്‍സറിനുള്ള സാധ്യത 20 മുതല്‍ 30 ശതമാനം വരെ കൂടുതലാണ്. ചൈന കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവുമധികം പുകയില ഉല്‍പ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയാണ്. 2009-2010-ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വ്വേ പ്രകാരം ഇന്ത്യന്‍ ജനതയുടെ മൂന്നിലൊരുഭാഗം പുകയില ഉപയോഗിക്കുന്നവരാണ്. പുകരഹിത പുകയില പാന്‍മസാല, മുറുക്കാന്‍ തുടങ്ങിയവയുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യാക്കാരില്‍ 14 ശതമാനം പേര് പുകവലിക്കാരും 26 ശതമാനം പേര് പുകരഹിത പുകയില ഉപയോഗിക്കുന്നവരുമാണ്. അഞ്ചു ശതമാനം പേര് പുകവലിയും പുകരഹിത പുകവലിയും ശീലമാക്കിയവരാണ്. നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പതിനാല് ശതമാനത്തോളം പുകയിലയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ഏകദേശം 10 ലക്ഷത്തോളം ഭാരതീയരാണ് വര്‍ഷംതോറും പുകയില രോഗങ്ങള്‍ മൂലം മരണപ്പെടുന്നത്. അതായത് ഓരോ മണിക്കൂറിലും നൂറ്റിപ്പതിനാല് ഭാരതീയരുടെ ജീവനാണ് പുകയിലമൂലം എരിഞ്ഞടങ്ങുന്നത്. പുകയിലയിലെ ഘടകങ്ങള്‍/വിഷാംശങ്ങള്‍ പുകയിലയില്‍ ഏകദേശം ഏഴായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ 69 ഘടകങ്ങള്‍ വിവിധതരം കാന്‍സറുകള്‍ക്ക് കാരണമാകാന്‍ ശേഷിയുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുകയിലയിലെ പ്രധാന വിഷവസ്തുക്കള്‍ താഴെപ്പറയുന്നവയാണ്. നിക്കോട്ടിന് മരണത്തിനുവരെ കാരണമാകാവുന്ന ഉഗ്രവിഷം മദ്യത്തെക്കാളും ആയിരം മടങ്ങ് മാരകശേഷി മയക്കുമരുന്നുകളെപ്പോലെ, ഉപയോഗിക്കുന്നവരെ അടിമപ്പെടുത്തുവാന്‍ കഴിവുള്ള തീവ്രവിഷം പുകയില ചെടികളിലെ സ്വാഭാവിക ഘടകം കീടനാശിനികളില്‍ ഉപയോഗിക്കുന്ന രാസവസ്തു. പുകയിലപ്പുക ശ്വസിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ തലച്ചോറിലെത്തുകയും നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിച്ച് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു. ടാര്‍ പുകയില കത്തുമ്പോഴുണ്ടാകുന്ന പശപോലുള്ള കറുത്ത വസ്തുവാണ് ടാര്‍. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതും ഫാക്ടറികളിലെ പുകക്കുഴലുകളില്‍ കാണുന്നതും ഇതുതന്നെയാണ്. കാന്സര്ജന്യവും വിഷലിപ്തവുമായ നൂറുകണക്കിന് രാസവസ്തുക്കള്‍ ടാറില്‍ അടങ്ങിയിരിക്കുന്നു. ബെന്‍സോപൈറീന്‍ കോള്‍ടാറിലും പുകയിലപ്പുകയിലും കാണുന്ന ഈ രാസവസ്തു കാന്സറുണ്ടാക്കാന് തീവ്രശേഷിയുള്ളതാണ്. കാര്‍ബണ്‍ മോണോക്സൈഡ് പുകയിലപ്പുകയിലടങ്ങിയിട്ടുള്ള ഈ വിഷം മറ്റു കോശങ്ങള്‍ക്ക് ഓക്സിജന്‍ നല്കുവാനുള്ള ചുവന്ന രക്താണുക്കളുടെ ശേഷി കുറയ്ക്കുന്നു. അത് ഹൃദയം, തലച്ചോറ്, പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. ഫോര്‍മാല്‍ഡിഹൈഡ് പുകയില ഉണങ്ങി നശിക്കാതിരിക്കാന്‍ ഫോര്‍മാല്‍ഡിഹൈഡ് ചേര്‍ക്കുന്നു. മൃതശരീരം കേടാകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഈ രാസവസ്തു ഒരു കാന്സര്ജന്യ ഘടകം കൂടിയാണ്. ഇത് ശ്വാസകോശം, ചര്‍മ്മം, ദഹനേന്ദ്രിയവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ബെന്‍സീന്‍ നിസ്സാരമായ അളവില്‍ ഉണ്ടായിരുന്നാല്‍പ്പോലും കാന്‍സര്‍ ഉണ്ടാക്കാന്‍ തീവ്രശേഷിയുള്ള രാസവസ്തുവാണിത്. കീടനാശിനികളിലും ഗാസോലിന് തുടങ്ങിയ വിഷവസ്തുക്കളിലും പലപ്പോഴും ഇത് ഉപയോഗിക്കപ്പെടുന്നു. ഹൈഡ്രജന്‍ സയനൈഡ് പുകയിലപ്പുകയിലെ ഏറ്റവും വീര്യം കൂടിയ വിഷാംശമാണിത്. വിഖ്യാതമായ മരണപ്പുരകളായ ഗ്യാസ് ചേംബറുകളിലും മറ്റും വിഷമായി ഉപയോഗിച്ചിരുന്ന ഈ ഘടകം താരതമ്യേന ചെറിയ അളവിലാണ് സിഗരറ്റിലും മറ്റും കാണുന്നത്. ഇത് ശ്വാസനാളികളിലെ ‘സീലിയ’ എന്നറിയപ്പെടുന്ന ചെറുനാരുകളെ നശിപ്പിക്കുന്നു. ശ്വാസകോശത്തിലേക്ക് പൊടിപടലങ്ങള്‍ പ്രവേശിക്കുന്നത് തടയാനുള്ള ‘സീലിയ’കള്‍ക്ക് കേടുപാട് വരുമ്പോള്‍ ശ്വാസകോശത്തില്‍ വിവിധ വിഷവസ്തുക്കള്‍ പ്രവേശിക്കുന്നു. ആഴ്സനിക്ക് കീടനാശിനിയായി ഉപയോഗിക്കുന്ന ഉഗ്രവിഷമാണ് ആഴ്സനിക്ക്. കാഡ്മിയം കാര്ബാറ്ററികളിലും മറ്റും ഉപയോഗിക്കുന്ന ലോഹമൂലകമാണിത്. കരളിനെയും കിഡ്നിയെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന കാഡ്മിയം ശരീരത്തില്‍ കൂടുതല്‍ കാലം നിലനില്ക്കും. അമോണിയ വിവിധതരം ക്ലീനിംഗ് ലായനികളില്‍ കണ്ടുവരുന്ന രാസവസ്തുവാണ് അമോണിയ. പുകയിലയുടെ സ്വാദ് പുകയിലടങ്ങിയ അമോണിയ വര്‍ദ്ധിപ്പിക്കുന്നതായി ഉല്‍പ്പാദകര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ നിക്കോട്ടിന്റെ ആഗിരണം വര്‍ധിപ്പിച്ച് പുകയിലയിലേക്ക് അടിമത്വം കൂട്ടുകയാണ് യഥാര്‍ത്ഥത്തില്‍ അമോണിയ ചെയ്യുന്നത്. ടര്പ്പന്റൈയ്ന് പെയിന്റ് തുടച്ചുനീക്കാനും മറ്റും ഉപയോഗിക്കുന്ന വിഷമയമുള്ള രാസവസ്തു. മീതോപ്രീന് വളര്‍ത്തു മൃഗങ്ങളില്‍ ബാധിക്കുന്ന കൃമികളെ നശിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തു. അസെറ്റോണ്‍ നെയില്‍പോളിഷ് തുടച്ചുമാറ്റാന്‍ ഉപയോഗിക്കുന്ന രാസവസ്തു. ലെഡ് ശരീരവളര്‍ച്ചയെ മുരടിപ്പിക്കാനും തലച്ചോറിനു കേടുപാടുകള്‍ വരുത്തുവാനും ഛര്ദ്ദിയുണ്ടാക്കാനും ശേഷിയുള്ള രാസവസ്തു. പ്രോഷിലിന്ഗ്ലൈക്കോള് ഇത് ആന്റിഫ്രീസ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നു. പുകയില വരണ്ടുപോകാതിരിക്കാന് ചേര്‍ക്കുന്നതാണെന്ന് പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ രാസവസ്തു നിക്കൊട്ടിനെ തലച്ചോറിലേക്ക് എത്തിക്കുന്നതില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. മേല്‍പ്പറഞ്ഞവ കൂടാതെ ടോളുവിന്‍, ബൂട്ടൈന് തുടങ്ങിയ വിഷവാതകങ്ങളും വിനൈല്‍ ക്ലോറൈഡ്, പോളോമിയം 210 എന്നീ കാന്സര്ജന്യ ഘടകങ്ങളും ക്രോമിയം എന്ന വിഷാംശമുള്ള മൂലകവും പുകയിലപ്പുകയില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലിമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാന്‍സര്‍:- നമ്മുടെ നാട്ടില്‍ പുരുഷന്മാരില് 50 ഉം സ്ത്രീകളില്‍ 25 ഉം ശതമാനം കാന്‍സറിന് കാരണം പുകയിലയാണ്. പ്രധാനമായും നാവ്, വായ്, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, കരള്‍, വൃക്ക, മൂത്രനാളി, മൂത്രസഞ്ചി, ഗര്‍ഭാശയഗളം എന്നിവിടങ്ങളിലാണ് പുകവലിമൂലം കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത. പുകവലി മൂലം രക്താര്‍ബുദം (ബ്ലഡ് കാന്‍സര്‍) ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സമീപകാലപഠനങ്ങള്‍ തെളിയിക്കുന്നു. ഹൃദയ-ധമനീവ്യവസ്ഥ ഹൃദ്രോഗം, രക്തക്കുഴലുകളില്‍ വിള്ളലും വീര്‍ക്കലും, കൈകാലുകളിലേക്ക് രക്തയോട്ടം കുറയല്‍ (പെരിഫെറല്‍ വാസ്കുലാര്‍ ഡിസീസസ്), പക്ഷാഘാതം. ശ്വാസകോശം പുകവലിക്കുന്നവര്‍ക്ക് ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്, ക്ഷയരോഗം പിടിപെടാനുള്ള സാധ്യത എന്നിവ പുകവലിക്കാത്തവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ക്ഷയരോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കാരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരേക്കാള്‍ മൂന്നുമുതല്‍ നാലിരട്ടി വരെയാണ്. വായ് പെരിയോഡോണ്‍ഡൈറ്റിസ്, പല്ലുകളില്‍ പോടുണ്ടാവുക, വായ്നാറ്റം, അണുബാധ, പല്ലുകളില്‍ നിറംമാറ്റം. പ്രത്യുല്പ്പാദനം പുകവലി പ്രത്യുല്പാദനശേഷി കുറയ്ക്കുകയും പുരുഷന്മാരില് ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യുന്നു. പുകവലിക്കാരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകും. കുഞ്ഞുങ്ങളിലെ അണ്ണാക്കില്‍ വിടവ് (cleft palate) ഉണ്ടാകാനും പുകവലി കാരണമാകാമെന്നു കണ്ടെത്തിയിട്ടുണ്ട്. മുറിവുകള്‍ ഉണങ്ങുവാനുള്ള ശേഷി കുറയുവാനും തൊലിയില്‍ ചുളിവുകള്‍ ഉണ്ടാകുവാനും നഖങ്ങളില്‍ നിറവ്യത്യാസമുണ്ടാകുവാനും പുകവലി കാരണമാകുന്നു. പാന്‍മസാല കവറുകളില്‍ എഴുതിയിരിക്കുന്ന വസ്തുക്കള്‍ക്ക് പുറമേ നിക്കല്‍ മുതലായ ലോഹ വിഷങ്ങള്‍, കീടനാശിനി ഘടകങ്ങള്‍, ചില്ലുപൊടി (Glass പൌഡര്‍) എന്നിവയും പാന്മസാലകളില് കണ്ടെത്തിയിട്ടുണ്ട്. വിഷാംശങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ചില്ലുപൊടി കവിളിലും വായുടെ മറ്റു ഭാഗങ്ങളിലും മുറിവുണ്ടാക്കി ഈ വിഷാംശങ്ങള്‍ പെട്ടെന്ന് രക്തത്തില്‍ കലരുന്നതിനും കൂടുതല്‍ മാരകഫലങ്ങള് ഉണ്ടാകുന്നതിനും കാരണമാകുന്നു. പുകരഹിത പുകയില പുകവലിയിലൂടെയല്ലാതെ പുകയില ഉപയോഗിക്കുന്ന രീതിയാണിത്. പുകരഹിത പുകയില പുകയുണ്ടാക്കാത്തതിനാല് അപകടരഹിതമെന്ന് കരുതുന്നത് ശരിയല്ല. മറിച്ച് പുകവലിയേക്കാള്‍ ഹാനികരമാണ് പുകരഹിത പുകയിലയെന്നതാണ് സത്യം. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ‘നാലും കൂട്ടി മുറുക്ക്’, പാന്‍മസാലകള്‍, മൂക്കിപ്പൊടി, എന്നിങ്ങനെ വിവിധ തരത്തിലാണ് പുകരഹിത പുകയിലയുടെ ഉപയോഗം. പാന്‍മസാല പുകയില, പാക്ക്, പെരുംജീരകം, ചുണ്ണാമ്പ്, ;അക്കേഷ്യ കാറ്റിചു’ എന്നറിയപ്പെടുന്ന കൊന്നമരത്തില്‍ നിന്നെടുക്കുന്ന ഒരുതരം പശ എന്നിവ ചേര്‍ത്താണ് മിക്ക പാന്മസാലകളും നിര്‍മ്മിക്കുന്നത്. ഇതുകൂടാതെ മണത്തിനും രുചിക്കുമായി വിവിധതരം സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും പാന്മസാലകളില് ചേര്‍ക്കാറുണ്ട്. ഫോര്‍മാല്‍ഡിഹൈഡ്, ലെഡ്, കാഡ്മിയം, നൈട്രോളമീനുകള്, നൈട്രോ-അമിനോ അമ്ലങ്ങള്‍, ലാക്ടോനുകള് എന്നീ വിഷവസ്തുക്കളും പാന്മസാലകളില് കണ്ടുവരുന്നു. പാക്കിലടങ്ങിയിരിക്കുന്ന അരീക്കൊളിന് എന്ന വിഷാംശം വായിലും തൊണ്ടയിലും കാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. പുകവലി നിര്ത്തിയാലുള്ള ഗുണങ്ങള്‍ 20 മിനിട്ടിനുള്ളില്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാകും. 8 മണിക്കൂറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ തോത് കുറയുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണ ഗതിയിലേക്ക് എത്തുന്നു. 2 ദിവസത്തിനുള്ളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. മണവും രുചിയും തിരിച്ചറിയുവാനുള്ള കഴിവ് മെച്ചപ്പെടുന്നു. 2-4 ദിവസത്തിനുള്ളില്‍ ശ്വാസനാളികള്‍ അയയുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യുന്നതുവഴി ശ്വാസോച്ഛ്വാസം മെച്ചപ്പെടുന്നു. 2 ആഴ്ച മുതല്‍ 3 മാസത്തിനകം രക്തയോട്ടം മെച്ചപ്പെടും 6 മാസത്തിനുള്ളില്‍ സൈനസ്സുകളുടെ അടവ്, ചുമ, ശ്വാസതടസ്സം എന്നിവ കുറയുന്നു. ശ്വാസകോശം ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നു. 1 വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗസാധ്യത സാധാരണ പുകവലിക്കാരുടെതിനേക്കാള് പകുതിയായി കുറയുന്നു. 5 വര്‍ഷത്തിനുള്ളില്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത കുറയുന്നു. 10 വര്‍ഷത്തിനുള്ളില്‍ ശ്വാസകോശാര്‍ബുദത്തില്‍ നിന്നും മരണം സംഭവിക്കാനുള്ള സാധ്യത കുറയുന്നു. വായ്, തൊണ്ട, അന്നനാളം, കിഡ്നി, മൂത്രസഞ്ചി, പാന്‍ക്രിയാസ് എന്നിവയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയുന്നു. 15 വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കാത്തവരുടെതിന് തുല്യമാകുന്നു. പുകരഹിത പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അകാല മരണം പുകരഹിത പുകയില ഉപയോഗിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണം വരിക്കാന്‍ സാധ്യത കൂടുതലാണ്. കാന്‍സര്‍ വായ്ക്കുള്ളില്‍ കാന്‍സര്‍ ബാധിക്കുന്നവരില്‍ ലോകത്തില്‍ മൂന്നില്‍ രണ്ടുഭാഗം ഇന്ത്യക്കാരാണ്. നമ്മുടെ നാട്ടില്‍ പുരുഷന്മാരില് ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍ വായിലെ കാന്‍സറാണ്. ഇവയില്‍ ഭൂരിഭാഗവും പുകയിലയുടെ ഉപയോഗം മൂലമാണ് ഉണ്ടാകുന്നത്. അന്നനാളം, പാന്‍ക്രിയാസ് എന്നിവിടങ്ങളിലും പുകരഹിത പുകയിലമൂലം കാന്സറുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഹൃദ്രോഗം ക്രോണിക് ബ്രോങ്കൈറ്റിസ് ഗര്‍ഭസ്ഥ ശിശുമരണം ജനന സമയത്ത് കുഞ്ഞിന് തൂക്കംകുറവ് പ്രത്യുല്പാദനശേഷി കുറയല്‍ (പ്രത്യേകിച്ചും പുരുഷന്മാരില്) മുറിവുണങ്ങാന്‍ കാലതാമസം സബ് മ്യൂക്കസ് ഫൈബ്രോസിട്, ല്യൂക്കോപ്ലാക്കിയ മുതലായവ വായ്ക്കുള്ളിലെ അണുബാധയും മോണരോഗങ്ങളും കാന്‍സര്‍ മുന്നോടികളായ അവസ്ഥകള്‍ നിഷ്ക്രിയ പുകവലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇന്ത്യന്‍ ജനതയുടെ 52% പേര് വീടുകളിലും 29% പേര് പൊതുസ്ഥലങ്ങളിലും വച്ച് നിഷ്ക്രിയ പുകവലിക്ക് വിധേയരാകുന്നു എന്നാണ് കണക്ക്. നിഷ്ക്രിയ പുകവലി മുതിര്‍ന്നവരില്‍ ശ്വാസകോശ കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. നിഷ്ക്രിയ പുകവലി മൂലം ലിംഫോമ, ബ്ലഡ് കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ നിഷ്ക്രിയ പുകവലി മൂലം ശ്വാസകോശത്തിന്റെ വളര്‍ച്ചയില്‍ മുരടിപ്പ്, ശ്വാസകോശരോഗങ്ങള്‍ (അണുബാധ, ശ്വാസതടസ്സം, ആസ്ത്മയുടെ തീവ്രത വര്‍ധിക്കുക), ചെവിക്കുള്ളിലെ രോഗങ്ങള്‍, സഡന്‍ ഇന്ഫന്റ്റ് ഡെത്ത് സിന്‍ഡ്രോം എന്നിവയുണ്ടാകുന്നു. പുകയില സമ്പര്‍ക്കം (Third Hand Smoke) ബീഡിയും സിഗരറ്റും വലിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന കുറ്റികളും പുകയിലയുടെ ചാരവും അപകടകാരികളാണ്. കുഞ്ഞുങ്ങളും മറ്റും സിഗരറ്റ് കുറ്റികളും ചാരവുമായൊക്കെ സമ്പര്ക്കത്തിനിടവരുമ്പോള് പുകയിലയുടെ വിഷാംശങ്ങള്‍ ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Third Hand Smoke എന്നാണ് അറിയപ്പെടുന്നത്. പുകയില വ്യവസായത്തിലേര്പ്പെട്ടിരിക്കുന്നവരുടെ ആരോഗ്യപ്രശ്നങ്ങള്‍ ഗ്രീന്‍ ടുബാക്കോ രോഗം പുകയില കൃഷിയിലും പുകയിലയുടെ പാകപ്പെടുത്തലിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന രോഗമാണിത്. ചര്‍മ്മത്തിലൂടെ നിക്കോട്ടിന് ആഗിരണം ചെയ്യപ്പെടുന്നതാണ് രോഗകാരണം. ഓക്കാനം, ഛര്‍ദ്ദി, തലകറക്കം മുതലായവയാണ് രോഗലക്ഷണങ്ങള്‍. ശ്വാസകോശ രോഗങ്ങള്‍ പുകയിലപ്പൊടി സ്ഥിരമായി ശ്വസിക്കുന്നതും ചര്‍മ്മത്തിലൂടെ നിക്കോട്ടിന് ആഗിരണം ചെയ്യപ്പെടുന്നതും മൂലം പുകയില വ്യവസായത്തിലേര്പ്പെട്ടിരിക്കുന്നവര് സ്ഥിരമായി ശ്വാസകോശ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. ഇക്കൂട്ടരില്‍ ക്ഷയരോഗവും കൂടുതലായി കണ്ടുവരാറുണ്ട്. ത്വക്ക് രോഗങ്ങള്‍ പേശീവലിവും എല്ലുകള്‍ക്ക് തേയ്മാനവും പുകയിലയും ക്ഷയരോഗവും പുകയിലയുടെ ഉപയോഗം ശ്വാസകോശ പ്രതലത്തില്‍ കേടുവരുത്തുകയും ശ്വാസകോശത്തിന് പ്രകൃത്യാലുള്ള പ്രതിരോധശേഷിയെ കാര്യമായ തോതില്‍ കുറയ്ക്കുകയും ചെയ്യുന്നു. തന്മൂലം ക്ഷയരോഗ സാധ്യതയില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നു. ക്ഷയരോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ക്ഷയരോഗത്തിന്റെ തീവ്രത കൂടുകയും ചികിത്സയിലുള്ള രോഗശമനം ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ക്ഷയരോഗം വന്നവര്‍ പുകവലി തുടരുന്ന പക്ഷം അവരില്‍ നിന്നും ക്ഷയരോഗം മറ്റുള്ളവര്‍ക്ക് പടരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ക്ഷയരോഗത്തിന് സാധാരണ ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലിക്കാതെ വരുന്നു. ക്ഷയരോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത കൂടുന്നു. പുകവലിക്കുന്നവരില്‍ ക്ഷയരോഗമുണ്ടാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്. ക്ഷയരോഗം മൂലം മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ നാലിരട്ടി വരെ കൂടുതലാണ്. പുകയില മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വന നശീകരണം പുകയിലകൃഷിക്കായി മറ്റു മരങ്ങള്‍ നശിപ്പിക്കപ്പെടുന്നു. പുകയില പാകപ്പെടുത്തുന്നതിനായി വനവിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. പുകയിലകൃഷി മണ്ണിന്റെ വളക്കൂറു കുറയ്ക്കുന്നു. തന്മൂലം ഒരിക്കല്‍ പുകയിലകൃഷി ചെയ്ത സ്ഥലങ്ങളില്‍ മറ്റു കൃഷിയിറക്കാന്‍ കഴിയാതെ വരുന്നു. പുകയിലകൃഷിക്ക് തീവ്രമായ കീടനാശിനി പ്രയോഗവും വളപ്രയോഗവും ആവശ്യമാണ്. ഈ രാസവസ്തുക്കള്‍ ഭൗമജലസ്രോതസ്സുകളെ മലിനമാക്കുന്നു. പുകയിലകൃഷിയില് ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു. പുകയിലകൃഷി ഉല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങളും കവറുകളും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. പുകയില- സാമൂഹിക- സാമ്പത്തിക വശങ്ങള് പുകയിലയില്‍നിന്നും ലഭിക്കുന്ന നികുതി വരുമാനത്തെക്കാള്‍ കൂടുതലാണ് വിവിധ പുകയിലജന്യ രോഗങ്ങള്‍ക്കായി നാം ചെലവിടേണ്ടി വരുന്നത്. മിക്ക കുടുംബങ്ങളിലും വസ്ത്രം, പോഷകാഹാരം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പണത്തിനുള്ള കുറവിന് കാരണം ഒരു പരിധിവരെ പുകയില ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി വരുമാനം ചെലവഴിക്കപ്പെടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയിലകൃഷിയിലും അനുബന്ധ വ്യവസായങ്ങളിലുമായി പത്ത് ദശലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ബീഡി ചുരുട്ട് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത് സ്ത്രീകളാണെന്നതും അവരില്‍ ബഹുഭൂരിപക്ഷത്തിനും നിസ്സാര വേതനവും പലതരം ചൂഷണങ്ങളുമാണ് പ്രതിഫലമെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പുകയിലയില്‍നിന്ന് രക്ഷനേടാം പുകയിലയില്‍നിന്ന് സ്വയം രക്ഷ നേടാനുള്ള മാര്‍ഗ്ഗങ്ങളിതാ! പുകയില ഉപയോഗം നിര്‍ത്താന്‍ സ്വയം ബോധ്യപ്പെട്ട കാര്യങ്ങള്‍ എഴുതി വയ്ക്കുക. പുകയിലയുടെ ഉപയോഗം നിര്‍ത്താനുള്ള തിയ്യതി നിശ്ചയിക്കുക. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ തീരുമാനം അറിയിക്കുകയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്യുക. പുകയില ഉല്‍പ്പന്നങ്ങളും അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട വസ്തുവകകളും (ഉദാ;- ലെറ്ററുകള്‍, ആഷ്ട്രേ മുതലായവ) നിങ്ങളുടെ വീട്, വാഹനം, ജോലിസ്ഥലം എന്നിവയില്‍നിന്നും പൂര്‍ണ്ണമായി മാറ്റുക. നിശ്ചയിച്ച ദിവസം പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുക. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാനായി ആലോചിക്കുന്ന ദിവസം തന്നെ അവയുടെ ഉപയോഗം നിര്‍ത്തി നോക്കണം.ഇക്കാര്യത്തില്‍ തടസ്സം നേരിട്ടാല്‍ അടുത്തുതന്നെയുള്ള ഒരു തീയ്യതി നിശ്ചയിച്ച് ഉപയോഗം ക്രമേണ കുറച്ച് കൊണ്ടുവന്ന് നിശ്ചിത തീയതിയില്‍ പൂര്‍ണ്ണമായും പുകയില ഉപയോഗം നിര്‍ത്തുക. പുകയില ഉപയോഗിക്കുന്നവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക. (പ്രത്യേകിച്ച് അക്കൂട്ടര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍) പുകയില ഉപയോഗം നിര്ത്തുമ്പോഴുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ബോധവാനാകുക. അത്തരം ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പുകയില ഉപയോഗിക്കണമെന്ന് തോന്നുമ്പോള്‍ ഏലയ്ക്ക, നെല്ലിക്ക, കുരുമുളക് എന്നിവയിലേതെങ്കിലും ചവയ്ക്കുന്നതോ, വെള്ളം കുടിക്കുന്നതോ നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നത് പുകയില ഉപേക്ഷിക്കുവാന്‍ സഹായിക്കും. വ്യായാമം, യോഗ, നീന്തല്‍, വിവിധതരം കളികള്‍ എന്നിവയിലേര്‍പ്പെടുന്നത് പുകയിലഉപേക്ഷിക്കുന്നവര്ക്ക് സഹായകമാണ്. അലസമായിരിക്കുന്ന സമയം പരമാവധി കുറച്ച്, തനിക്കോ കുടുംബത്തിനോ സമൂഹത്തിനോ ഗുണപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക. ഓര്‍ക്കുക! നാമോരോരുത്തരും വ്യത്യസ്ഥമായ മേഖലകളില്‍ വിവിധതരം കഴിവുള്ളവരാണ്. നമ്മുടെ കഴിവുകളെ കണ്ടെത്തി വികസിപ്പിച്ചെടുക്കുകയും അത് വേണ്ടവിധത്തില്‍ വിനിയോഗിക്കുകയും ചെയ്താല്‍ നമ്മുടെയും നമ്മുടെ നാടിന്റെയും അഭിവൃദ്ധിക്ക് കാരണമാകും. ലഹരിപ്പിടിയിലമരുന്ന ജീവിതങ്ങളാകട്ടെ ദുരിതമയവും. ആവശ്യം തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഡോക്ടറുടെ സഹായം തേടുക. അനുയോജ്യമായ രീതിയിലുള്ള കൗന്‍സിലിംഗ്, മരുന്നുചികിത്സ എന്നിവ നല്ലരീതിയില്‍ ഫലം ചെയ്യാറുണ്ട്. പുകയില നിയന്ത്രണ നിയമങ്ങള്‍ പുകയില ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിതരണം, പരസ്യം എന്നിവയുടെമേല്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ഭാരതം നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. സിഗരറ്റും മറ്റു പുകയില ഉല്‍പ്പന്നങ്ങളും ആക്റ്റ്, (Cigarette & Other Tobacco Products Act) 2003 പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം, ഓഡിറ്റോറിയങ്ങള്‍, പൊതു വാഹനങ്ങള്‍, വായനശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ വിധത്തിലുമുള്ള പൊതുസ്ഥലങ്ങളില്‍ പുകവലി പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. 2008 ഒക്ടോബര്‍ രണ്ടാം തീയതി നിലവില്‍ വന്ന പുതുക്കിയ പുകവിമുക്ത ചട്ടങ്ങള്‍ (Smoke free rules) പ്രകാരം മേല്‍പ്പറഞ്ഞ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം നടപ്പാക്കേണ്ട ഉത്തരവാദിത്വം അതതു സ്ഥലങ്ങളുടെ ഉടമസ്ഥത/ചുമതലയുള്ള വ്യക്തിക്കാണ്. നിരോധനം ലംഘിക്കുന്ന പക്ഷം പുകവലിച്ചയാളിനും, വേണ്ട നടപടിയെടുക്കാത്ത പക്ഷം ആ സ്ഥലത്തിന്റെ ചുമതലയുള്ള വ്യക്തിക്കും ശിക്ഷ ലഭിക്കാവുന്നതാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം, സ്പോണ്‍സര്‍ഷിപ്, പ്രോത്സാഹനം എന്നിവ പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യുന്നത് കുറ്റകരമാണ്. പതിനെട്ടു വയസ്സ് തികയാത്തവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഈ വിവരം വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്. പതിനെട്ടു വയസ്സ് തികയാത്തവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂറുവാര അകലത്തിനുള്ളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങളുടെ കവറുകളില്‍ പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ ചിത്രങ്ങള്‍ സഹിതമുള്ള മുന്നറിയിപ്പുകള്‍ വ്യക്തമായി നല്‍കിയിരിക്കണം. ലോകാരോഗ്യസംഘടനയുടെ പുകയില നിയന്ത്രണ പദ്ധതി പുകയിലയുടെ ആവശ്യം, ലഭ്യത, ഉപയോഗം എന്നിവ കുറയ്ക്കുന്നതിനായി ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഡബ്ലിയു.എച്ച്.ഒ എഫ്.സി.ടി.സി. (WHO Framework Convention on Tobacco Control) എന്ന പേരില്‍ അന്താരാഷ്ട്ര കരാറിന് രൂപംകൊടുത്തിട്ടുണ്ട്. ഒട്ടുമിക്ക ലോകരാജ്യങ്ങളും ഇതിനകം ഒപ്പുവച്ചു കഴിഞ്ഞ ഈ കരാര്‍ പ്രകാരം പുകയില നിയന്ത്രണത്തിനായി നിരവധി നടപടികളാണ് പ്രായോഗികതലത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. പുകവലിക്കാന്‍ തോന്നുമ്പോള്‍ എന്ത്ചെയ്യാം? ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരു പെന്‍സിലോ, പേനയോ, സ്ട്രോയോ കൈയില്‍ പിടിക്കുക. വാഹനമോടിക്കുമ്പോള്‍ മിഠായി, നെല്ലിക്ക, കല്‍ക്കണ്ടം, മുതലായവ ഉപയോഗിക്കുക. പുകവലിക്കാരുടെ ഇടയില്‍ അകപ്പെട്ടാല്‍ കഴിയുന്നതും പുകവലിക്കാത്തവരോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. നമ്മോടോപ്പമുള്ളവര് പുകവലിക്കാന്‍ തുടങ്ങിയാല്‍ കഴിയുമെങ്കില്‍ എന്തെങ്കിലും വ്യക്തമായ കാരണം പറഞ്ഞ് അക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞുമാറുക. പുകവലിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ വ്യക്തമായും ദൃഡമായും സൌമ്യമായും ‘ഞാന്‍ പുകവലി നിര്‍ത്തി‘ എന്നോ ‘ഞാന്‍ പുകവലിക്കില്ല’ എന്നോ പറയുക. നാം പുകവലി നിര്‍ത്തിയതിന്റെ കാരണം വിശദീകരിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അത് ഗുണകരമല്ലാത്ത വാഗ്വാദങ്ങള്‍ക്ക് മാത്രമേ, അത്തരം സന്ദര്‍ഭങ്ങളില്‍ ഇട നല്‍കുകയുള്ളൂ. ദുഖം, നിരാശ, ആശങ്ക വെള്ളം കുടിക്കുക. വിശ്രമിക്കുക. ലഘു വ്യായാമങ്ങളിലേര്‍പ്പെടുക നമ്മുടെ വിഷമങ്ങള്‍ അനുതാപത്തോടും ശ്രദ്ധയോടും കേള്‍ക്കുന്നവരുമായി മാത്രം സംസാരിക്കുക. രാവിലെ ഉറക്കമുണരുമ്പോള്‍ രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്. സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം പുതുമയുള്ള ഒരു ക്രമം നടപ്പിലാക്കുക. നടത്തം, ലഘു വ്യായാമം എന്നിവ രാവിലെ ശീലമാക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കും. ജോലി ചെയ്യുമ്പോള്‍ പുകയില ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ ജോലി സ്ഥലത്ത് എഴുതി വയ്ക്കുന്നത് നല്ലതാണ്. മിഠായി, ഏലയ്ക്ക, കടല, നെല്ലിക്ക എന്നിവ ഉപയോഗിക്കുകയും വെള്ളം കുടിയ്ക്കുകയും ചെയ്യുക. പൊതുസ്ഥലങ്ങളില്‍ പുകവലിയ്ക്കുന്നത് തന്റെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്ന ബോധം നമ്മുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുകയും ജീവിതവിജയം സുനിശ്ചിതമാക്കുകയും ചെയ്യും. ആഹാരത്തിനുശേഷം ആഹാരം കഴിച്ചു തീര്‍ന്നാലുടന്‍ തീന്മേശയില് നിന്നും എഴുന്നേല്‍ക്കണം. നന്നായി വായ കുലുക്കുഴിഞ്ഞു തുപ്പുകയോ പല്ല് തേയ്ക്കുകയോ ചെയ്യണം. ആഹാരം കഴിച്ചു കഴിഞ്ഞ് പത്തു മിനിട്ടെങ്കിലും നടക്കുന്നത് നല്ലതാണ്. വെറുതെയിരിക്കുമ്പോള്‍/ബോറടിക്കുമ്പോള്‍/കാത്തിരിക്കേണ്ടി വരുമ്പോള്‍ വെറുതെ അലസമായിരിക്കുന്നത് ഒഴിവാക്കുക സൃഷ്ടിപരമായ ചിന്തകള്‍, വായന, കണക്കുകൊണ്ടുള്ള കളികള്‍ എന്നിവയിലേര്‍പ്പെടുക. പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കുക. ഏലയ്ക്ക, കടല, നെല്ലിക്ക, മറ്റു ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുക. പാട്ടുകേള്‍ക്കുക, കത്തുകള്‍ എഴുതുക വരും ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക. തീര്‍ച്ചയായും നാം മനസ്സിലാക്കേണ്ടത് ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യകരമായ ഭക്ഷണരീതിയും ശരിയായ വ്യായാമവും പുകയില രഹിതമായ ജീവിതവും ഒത്തുചേര്‍ന്നാല്‍ പ്രമേഹ(വിശേഷിച്ച് ടൈപ്പ്-2) സാധ്യതയും ഹൃദ്രോഗ സാധ്യതയും എണ്‍പത് ശതമാനത്തോളവും, കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത നാല്പത് ശതമാനത്തോളവും കുറയും. പുകവലിക്കുന്ന ഒരാളോടൊത്ത് ഒരു മണിക്കൂര്‍ ചെലവഴിക്കുന്നത് ഇരുപത് വര്‍ഷക്കാലം ആസ്ബറ്റോസ് മേഞ്ഞ വീട്ടില്‍ താമസിച്ചാല്‍ ഉണ്ടായേക്കാവുന്ന ശ്വാസകോശ അര്‍ബുദ സാധ്യതയുടെ നൂറിരട്ടിയാണ്. പുകയില മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിന്റെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതിന് മുമ്പേയുള്ള പ്രസവം. ഗര്‍ഭസ്ഥ ശിശുവിന്റെ മരണം. മനുഷ്യന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന പുകയില ദോഷകരമായി ബാധിക്കാത്ത ശരീരഭാഗം ഒന്നുംതന്നെയില്ലെന്ന് പറയാം. മദ്യാസക്തിയില്‍ നിന്നുള്ള മോചനം മദ്യാസക്തിയില്‍ അടിമപ്പെട്ടുപോയ പതിനായിരക്കണക്കിനു ഹതഭാഗ്യര്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്. മദ്യത്തില്‍ മുങ്ങിത്താഴ്ന്നു പോയ ജീവിതങ്ങളെ കരകയറ്റി നിത്യജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. ഒരാളെ മദ്യാസക്തിയില്‍നിന്ന് മോചിതനാക്കാന്‍ ആദ്യം വേണ്ടത് താന്‍ മദ്യാസക്തിയില്പ്പെട്ടുപോയെന്ന് അയാള്‍ തിരിച്ചറിയുകയെന്നതാണ്. മദ്യാസക്തിയില്‍നിന്ന് മോചിതനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ഉത്തമ താല്‍പ്പര്യം അയാള്‍ക്ക് ഉണ്ടാകുകയാണെങ്കില്‍ മദ്യ മുക്തി ഏറെ എളുപ്പമായിത്തീരും. മദ്യത്തിന് അടിമപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രത്യാഘാതങ്ങളെ തടയാനും കഴിയുന്നത്ര പരിഹാരം കാണാനും ആധുനിക വൈദ്യശാസ്ത്ര ചികിത്സ സഹായിക്കുന്നുണ്ട്. മദ്യവിമുക്തിക്കായി പല രോഗികള്‍ക്കും വിദഗ്ധ ചികിത്സ വേണ്ടിവരാറുണ്ട്, എന്നാല്‍ മരുന്നു ചികിത്സ കൊണ്ട് മാത്രം മദ്യവിമുക്തി സാധ്യമാകാറില്ല. പലപ്പോഴും മദ്യപരില്‍ വ്യക്തിപരമായ തകരാറുകള്‍, വ്യക്തിബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍, വ്യവഹാരപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിയില്‍ ഉണ്ടാക്കാനാഗ്രഹിക്കുന്ന മാറ്റങ്ങള്‍ സാധ്യമാക്കാന്‍ കൌണ്സിലിംഗ് ആവശ്യമാണ്. മദ്യാസക്തി ഒരു രോഗമാണ്. മറ്റേതൊരു രോഗത്തെയും പോലെ മദ്യാസക്തിയും ഒരു രോഗാവസ്ഥയാണ്. ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണിത്. ഈ തിരിച്ചറിവ് മദ്യാസക്തിയില്പ്പെട്ടുപോയ ആളിനും കുടുംബത്തിനും ആ വ്യക്തിയെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉണ്ടാക്കേണ്ടതുണ്ട്. ശാസ്ത്രീയമായ ചികിത്സയാണ് ആവശ്യം മദ്യവിമുക്തി ലഭ്യമാക്കും എന്ന പ്രചാരണത്തോടെയുള്ള ഒറ്റമൂലി ചികിത്സയുടെയും ദുര്‍മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങളുടെയും പിന്നാലെ പോയി സമയം പാഴാക്കാതിരിക്കുകയാണ് ബുദ്ധി. മദ്യവിമുക്തി സാധ്യമാക്കുന്നതിന് യോഗ, ധ്യാനം, ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ലഹരി വിമുക്തി: മിഥ്യയോ യാഥാര്‍ത്ഥ്യമോ? മനുഷ്യ ജീവിതങ്ങളെ കാര്‍ന്നുതിന്നുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്ന് മോചനം സാധ്യമാണ്. ലഹരിയിലകപ്പെട്ടയാളെ ചികിത്സയിലേക്ക് കൊണ്ടുവരുന്നതും ചികിത്സ പൂര്‍ത്തിയാക്കുന്നതും എളുപ്പമുള്ള കാര്യമല്ല. പക്ഷേ തീര്‍ത്തും സാധ്യമായ ഒരു ലക്ഷ്യമാണെന്ന് ഓര്‍ക്കണം. ലഹരിയുടെ ഉപയോഗം ഏതു തലത്തിലാണെങ്കിലും ചികിത്സയിലൂടെ മോചനം സാധ്യമാണ്. നേരത്തേതന്നെ ചികിത്സ തേടുന്നവര്‍ക്ക് ഫലപ്രാപ്തിയും എളുപ്പമാകും. മദ്യാസക്തി ഒരു രോഗമാണെന്ന് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരിമരുന്നിനോടുള്ള അടിമത്തം മറ്റുരോഗങ്ങള്‍ പോലെ തന്നെ ശാസ്ത്രീയ ചികിത്സ ആവശ്യമുള്ളതാണ്. ചികിത്സയില്‍ സ്വകാര്യതയും രോഗിയുടെ വ്യക്തിത്വവും ഉയര്ത്തിപ്പിടിക്കപ്പെടും. പലരും മറ്റുള്ളവര്‍ തങ്ങളോട് എങ്ങനെ പെരുമാറുമെന്ന് ഭയന്ന് ചികിത്സയ്ക്ക് പോകാതിരിക്കാറുണ്ട്. രോഗിയുടെ അന്തസ്സിനും അഭിമാനത്തിനും ഭംഗം വരാതെ നോക്കുവാന്‍ ചികിത്സകനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ചികിത്സ എപ്പോള്‍? മദ്യം, മയക്കുമരുന്ന്, പാന്‍മസാല, പുകവലി എന്നിങ്ങനെ ഏതുതരം ലഹരിക്കടിമപ്പെട്ടവരും സ്വയം ലഹരി നിര്‍ത്തുവാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും തന്റെ തീരുമാനം അറിയിച്ച് പിന്തുണ അഭ്യര്‍ഥിക്കുന്നതും നല്ലതാണ്. ഒറ്റദിവസം കൊണ്ട് നിര്‍ത്തുവാന്‍ സാധിച്ചാല്‍ നല്ലത്. അതിനാവുന്നില്ലെങ്കില്‍ ലഹരിയുടെ ഉപയോഗം ക്രമേണ കുറച്ച് ഒരുമാസത്തിനുള്ളിലെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുക. സ്വന്തം ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കുന്നില്ലെങ്കില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രവുമായോ നിങ്ങളുടെ കുടുംബ ഡോക്ടറുമായോ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുക. ലഹരി വിമുക്ത ചികിത്സയ്ക്ക് പോയിട്ടുള്ളയാളെന്നത് സമൂഹത്തില്‍ നമ്മുടെ സ്ഥാനം കുറയ്ക്കുകയല്ല, മറിച്ച് ഉയര്‍ത്തുകയേ ചെയ്യുകയുള്ളൂ. ചികിത്സ എങ്ങനെ? ലഹരിയില്‍നിന്നും മുക്തി നേടാന്‍ ഒരാളെ മാനസികമായും , ശാരീരികമായും, സാമൂഹികമായും ആവശ്യമെങ്കില്‍ സാമ്പത്തികമായും ആധ്യാത്മികമായും തയ്യാറെടുപ്പിക്കുന്ന രീതിയിലാണ് ചികിത്സ നല്‍കുന്നത്. ലഹരിക്കടിമപ്പെടുന്നത് ഒരു രോഗാവസ്ഥയാണെന്ന് പറഞ്ഞുവല്ലോ. ഓരോ രോഗിയുടെയും ചികിത്സ രോഗത്തിന്റെ തീവ്രത, സ്വഭാവം, ചുറ്റുപാടുകള്‍ എന്നിവയ്ക്കനുസരിച്ച് വ്യത്യസ്തമാണ്. കൌണ്‍സിലിംഗും മരുന്നു ചികിത്സയും അനുതാപത്തോടെയുള്ള സമീപനവും ചികിത്സയുടെ ഭാഗമാണ്. കൌണ്സലിങ്ങിനെ ‘ഉപദേശവേള’ യായി കരുതരുത്. ശാസ്ത്രീയമായ കൌണ്‍സലിങ്ങില്‍ കൌണ്സിലിങ്ങ് നല്കുന്നയാളും കൌണ്സിലിങ്ങ് സ്വീകരിക്കുന്നയാളും പരസ്പരം ബഹുമാനത്തോടെ അറിവുകള്‍ പങ്കുവയ്ക്കുകയും മുന്‍വിധികളില്ലാതെ അവയെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്ഥ മേഖലകളില്‍ അറിവും കഴിവും മേന്മയും ഉള്ളയാളും പരിപൂര്‍ണ്ണ ബഹുമാനമര്ഹിക്കുന്നയാളുമാണെന്ന ഉത്തമ ബോധ്യത്തിലാണ് കൌണ്സിലിങ്ങ് നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് സഹതാപത്തിന് പകരം അനുതാപ പൂര്‍ണ്ണമായ സമീപനം കൌണ്‍സലിങ്ങില്‍ അവലംബിക്കുന്നത്. മരുന്നു ചികിത്സ രോഗാവസ്ഥയുടെ തീവ്രതയനുസരിച്ച് ഒ.പി. മുഖാന്തരമുള്ള ചികിത്സയോ അഡ്മിറ്റ് ചെയ്തു കൊണ്ടുള ചികിത്സയോ അവലംബിക്കാവുന്നതാണ്. രോഗിക്കും കുടുംബത്തിനും ഒരുമിച്ച് താമസിക്കാനും കഴിയുമെങ്കില്‍ സ്വന്തം ജോലിസ്ഥലത്ത് പോയി വരാനും കഴിയുന്ന തരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളാണ് ഏറ്റവും ഉചിതം. ചികിത്സയ്ക്കിടയിലും ചികിത്സയ്ക്കുശേഷവും വീണ്ടും ലഹരിയുടെ ചതിക്കുഴിയില്പ്പെടാതിരിക്കാനും രോഗിയും കുടുംബവും സുഹൃത്തുക്കളും ഒരുപോലെ ശ്രദ്ധിക്കണം. ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ വല്ലതും ദുസ്സഹമാണെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കേണ്ടതും അനുയോജ്യമായ പരിഹാരം ലഭ്യമാക്കേണ്ടതുമാണ്. ഇതിനകം സംഭവിച്ചുകഴിഞ്ഞ ദോഷഫലങ്ങളെ ഇല്ലായ്മ ചെയ്യാനും ലഹരിയുടെ അടിമത്തത്തില്‍നിന്നും രോഗിയെ മോചിപ്പിക്കുവാനുമാണ് പ്രധാനമായും ചികിത്സകര്‍ ശ്രമിക്കുന്നത്. മരുന്നുകള്‍ക്കും കൌണ്‍സലിങ്ങിനും പുറമേ നിരവധി മനശാസ്ത്രവിദ്യകളും ലഹരി വിമുക്ത ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. ചികിത്സ ലഭിക്കുന്ന സ്ഥലങ്ങള്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും മനശാസ്ത്ര വിഭാഗത്തില്‍ നേരിട്ടും ചിലയിടങ്ങളില്‍ പ്രത്യേകിച്ചുള്ള വിഭാഗമായും ലഹരി വിമുക്ത ചികിത്സ ലഭ്യമാണ്. സ്വകാര്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നതിനു മുമ്പ് അത്തരം കേന്ദ്രങ്ങളിലെ ആധുനിക വൈദ്യശാസ്ത്ര ഡോക്ടര്‍മാരുടെ ലഭ്യതയും സൗകര്യങ്ങളും വിലയിരുത്തുന്നത് നന്നായിരിക്കും. ഡോ.സി.വി.പ്രശാന്ത് ആര്.എം.ഒ, പാലിയേറ്റീവ് കെയര്‍ വിഭാഗം, ആര്.സി.സി, തിരുവനന്തപുരം മദ്യപാനം സ്ത്രീകളില്‍ മദ്യപാനം എന്ന വിപത്ത് ഒരു അലങ്കാരമായി അല്ലെങ്കില്‍ ഒരാഘോഷമായി നമ്മുടെ സ്ത്രീകളിലും കടന്നുകൂടിയിട്ടുണ്ട്. എല്ലാ ശ്രേണിയിലുള്ള സ്ത്രീകളും മദ്യപാനശീലരാകാം. പലപ്പോഴും മദ്യത്തോടൊപ്പം മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവാറുണ്ട്. National Birth defects prevention study പ്രകാരം 30.3% സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ മദ്യം ഉപയോഗിച്ചിട്ടുണ്ടെന്നും 8.3% മദ്യത്തിന് അടിമയാണെന്നുമാണ്. PRAMS സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഗര്‍ഭാവസ്ഥയ്ക്ക് മുമ്പ് 50% ലേറെ പേര് മദ്യം ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ചുരുക്കത്തില്‍ ഭാരതസത്രീകളില് മദ്യത്തിന്റെ ഉപയോഗം പഠനങ്ങള്‍ പ്രകാരം നിസ്സംശയം സ്ഥിതീകരിക്കപ്പെട്ടിരിക്കുന്നു. ഗര്‍ഭകാലത്തിന് മുമ്പോ പിമ്പോ മദ്യത്തിന് സുരക്ഷിതമായ ഒരു അളവുകോല്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല എന്നതാണ് മുഖ്യം. അതിനാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചു കരുതലുള്ള അമ്മമാര്‍ സമ്പൂര്‍ണ്ണ മദ്യവര്‍ജ്ജനം തന്നെ ശീലിക്കണം. എഫ്.എ.എസ്.ഡി. (FASD-Fatal Alcohol Spectrum Disorder) മദ്യപാനം ഉണ്ടാക്കുന്ന വിപത്ത് ഇങ്ങനെ വലിയ ഒരു തലക്കെട്ട് കൊണ്ട് വിശേഷിപ്പിക്കാം. മദ്യപാനം കുഞ്ഞിന്റെ മാനസികവും ശാരീരികവും ബുദ്ധിയും ചിന്താശക്തിയെയും ഒക്കെ ബാധിക്കാം. മദ്യം ഗര്‍ഭസ്ഥ ശിശുവിന് മാരകമായ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുവാണ്. തലച്ചോറിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും ബാധിച്ച് ശിശുവിന് ഓര്‍മ്മക്കുറവ്, പഠനവൈകല്യങ്ങള്‍, തലച്ചോറിന് അസന്തുലിതാവസ്ഥ, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ് കുറവ്, അലക്ഷ്യമായ ചിന്തകള്‍, സമയത്തെക്കുറിച്ചുള്ള ബോധമില്ലായ്മ, തീരുമാനങ്ങള്‍ എടുക്കാനും നടത്താനുമുള്ള ശേഷിക്കുറവ് തുടങ്ങി തലച്ചോറിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളെയെല്ലാം അവതാളത്തിലാക്കും. മുകളില്‍ വിവരിച്ച അവസ്ഥ ചിന്തിച്ചാല്‍ തന്നെ ഭീകരമാണ്. മദ്യത്തെ ദഹിപ്പിച്ചു പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ ഗര്‍ഭസ്ഥ ശിശുവിന് കഴിയില്ല. എന്നുമാത്രമല്ല അമ്നിയോട്ടിക് ദ്രാവകം വഴി മദ്യം വീണ്ടും വീണ്ടും കുഞ്ഞിന്റെ രക്തത്തില്‍ സംക്രമണം ചെയ്യും. ഗര്‍ഭാവസ്ഥയില്‍ ആദ്യ മൂന്നുമാസം ഗര്‍ഭിണി അമിതമായി മദ്യം ഉപയോഗിച്ചാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖത്തിനും പ്രധാന അവയവങ്ങള്‍ക്കും വൈകല്യം ഉണ്ടാക്കും. മറിച്ച് നാലുമാസം കഴിഞ്ഞാണെങ്കില്‍ ഗര്‍ഭചിദ്രത്തിനുള്ള സാധ്യത ഏറും. 7 മാസം കഴിഞ്ഞാണെങ്കില്‍ വളര്‍ച്ചക്കുറവു, ബുദ്ധിമാന്ദ്യം, മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത തുടങ്ങിയവ ഏറെയാണ്. മുന്വൈകല്യങ്ങള് പ്രധാനമായും ഹൃദയത്തിന്റെ വാല്‍വിന് തകരാറ്, എല്ലിനു വളര്‍ച്ചക്കുറവ്, വൃക്കകളുടെ വളര്‍ച്ചക്കുറവ്, വൃക്കകളുടെ അഭാവം മുതലായവ ഉണ്ടാക്കും. 28% പേരില്‍ അന്ധതയും കാഴ്ചവൈകല്യങ്ങളും ബധിരതയും വരാനിടയുണ്ട്. 34% കുട്ടികളില്‍ വളര്‍ച്ച മുരടിക്കല്‍ ഭാവിയില്‍ പ്രത്യക്ഷപ്പെടാം. ഇതോടൊപ്പമുള്ള കുട്ടികളില്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍, വെപ്രാളം, വിഷാദം, ഉറക്കമില്ലായ്മ, അക്രമവാസന ഇവയെല്ലാം കാണാനിടയുണ്ട്. ഗര്‍ഭാവസ്ഥയ്ക്ക് മുമ്പുള്ള പ്രത്യേകിച്ച് മൂന്നുമാസത്തിന് മുമ്പുള്ള മദ്യപാനവും മേല്‍വിവരിച്ച എല്ലാ ദൂഷ്യ ഫലങ്ങളും ഉണ്ടാക്കും. അതിനാല്‍ മദ്യപാനത്തിന് അടിമകളായ സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് പുനരധിവാസം നല്‍കേണ്ടത് അനിവാര്യമാണ്. അമ്മയുടെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ കുഞ്ഞിന് ഉണ്ടെങ്കില്‍ സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലനം അനിവാര്യമാണ്. മദ്യപാനത്തെ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണം വിദ്യാലയങ്ങളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ആവശ്യമാണ്. ചുരുക്കത്തില്‍ ഗര്‍ഭാവസ്ഥയ്ക്ക് മുമ്പോ, പിമ്പോ എല്ലാ രീതിയിലും ഉള്ള മദ്യപാനവും സ്ത്രീകള്‍ വര്‍ജ്ജിക്കണം. ഒരു ബ്രാന്‍ഡിലുമുള്ള ഒരു മദ്യവും സുരക്ഷിതമല്ല എന്ന സത്യവും സ്ത്രീകള്‍ അറിഞ്ഞിരിക്കണം. പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചു കരുതലുള്ള ഓരോ അമ്മമാരും മദ്യത്തെ തന്റെ ജീവിതധാരയില്‍ നിന്ന് ഒഴിവാക്കി വലിയൊരു സാമൂഹിക വിപത്ത് ഒഴിവാക്കേണ്ടതാണ്. ഡോ.അനുപമ.ആര് ഡയറക്ടര്‍, മെഡിട്രീന പ്രാന്‍ ഗൈനക്&ഫെര്‍ട്ടിലിറ്റി സെന്റര്‍, തിരുവനന്തപുരം നാച്വറലാണ് നല്ലത് ജനപ്രിയ സാഹിത്യകാരനായ ഹാരോള്‍ഡ് റോബിന്‍സ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലഹരി പദാര്‍ത്ഥം സ്നേഹമാണെന്ന് പറയുന്നു.വളരെയേറെ ആസ്വദിക്കപ്പെടാന്‍ കഴിയുന്ന ആക്രമണ സ്വഭാവം തീരെയില്ലാത്ത, ആസക്തിയുണ്ടാക്കാത്ത ഒരു ലഹരി പദാര്‍ത്ഥമാണ് സ്നേഹം. മറ്റേതൊരു ലഹരിയും ശരീരത്തിനും മനസ്സിനും ദോഷകരമാകുമ്പോള്‍ സ്നേഹം ശരീരത്തെയും മനസ്സിനെയും ഉന്മേഷകരമാക്കുന്നു. സ്നേഹത്തെക്കാള്‍ നാച്വറലായ ഒരു ഉത്തേജക മരുന്ന് മറ്റൊന്നില്ല തന്നെ. ലഹരിമരുന്നുകള്‍ കൂടാതെ അധികാരം ലഹരിയാണെന്ന് പറയുന്നവരുണ്ട്. പണം ലഹരിയാണെന്ന് പറയുന്നവരുണ്ട്. മനശാസ്ത്രപരമായി പറയുകയാണെങ്കില്‍ അതെല്ലാം ഒരു മാനിയയാണ്, അമിതമായ ഭ്രമം. എന്നാല്‍ അത്തരത്തിലുള്ള ഭ്രമാത്മകതയല്ല ലഹരിമരുന്നുകളോട് ആളുകള്‍ക്കുള്ള ആസക്തിയ്ക്കു പിന്നിലുള്ളത്. ഇനി അങ്ങനെയാണെന്ന് വരികില്ത്തന്നെ അതെല്ലാം അപകടകരവുമാണ്. അധികാരവും പണവും സ്വത്തുമെല്ലാം അപകടകരമായ ലഹരിയായിരിക്കെ ഹാരോള്‍ഡ് റോബിന്‍സ് അടിവരയിട്ട് പറയുന്നു സ്നേഹമെന്ന ലഹരി പദാര്‍ത്ഥം സ്വാഭാവികമാണ്, സംഗീതാത്മകമാണ്, സാര്‍വ്വത്രികമാണ്, പ്രയാസരഹിതവുമാണ്. മാനസിക സമ്മര്‍ദങ്ങള്‍, ചില മാനസിക രോഗങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചേക്കാം. അപ്രകാരമാണ് ഒരാള്‍ക്ക് ലഹരിക്ക് ആസക്തനാവുന്നതെങ്കില് അതിനെ സെക്കണ്ടറി അഡിക്ടീവ് ഡിസോര്‍ഡര്‍ എന്നാണ് വിളിക്കുക. അത്തരത്തിലൊരാളെ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനാക്കുമ്പോള്‍ അയാളുടെ മാനസിക സമ്മര്‍ദങ്ങള്‍ക്കും അല്ലെങ്കില്‍ രോഗങ്ങള്‍ക്കുമുള്ള ചികിത്സ നിര്‍ബന്ധമായും ലഭിച്ചിരിക്കണം. അല്ലെങ്കില്‍ അത് അശാസ്ത്രീയമായിപ്പോകും. രോഗി അറിയാതെയുള്ള ചികിത്സകളിലും പേരെന്തെന്ന് പോലുമറിയാത്ത പൊടികള്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കുന്നതിലുമുള്ള അശാസ്ത്രീയതയും അപകടങ്ങളും ഏറ്റവും കൂടുതലുണ്ടാകുന്നത് സെക്കണ്ടറി അഡിക്ടീവ് ഡിസോര്‍ഡറിലാണ്. രോഗി അറിയാതെ ചികിത്സിച്ചാല്‍, പൊടികള്‍ ആഹാരത്തില്‍ ചേര്‍ത്ത് നല്കിയാല് ശരിയാകുന്നതല്ല ഡീ-അഡിക്ഷന് ചികിത്സ. മനോരോഗ ചികിത്സകന്റെയും മനശാസ്ത്രജ്ഞന്റെയും ഉദ്ബോധകരുടെയും കൂട്ടായ്മയാണ് ഡീ-അഡിക്ഷന് ചികിത്സയുടെ അടിസ്ഥാനം. വിഷാംശ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം ബൗദ്ധിക സ്വഭാവ ചികിത്സ അഥവാ കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും ഫാമിലി തെറാപ്പിയുമെല്ലാം ഡീ-അഡിക്ഷന് ചികിത്സയില്‍ അനിവാര്യമാണ്. അത്രയും ഗൗരവമായി ശാസ്ത്രീയമായി ചെയ്യേണ്ടതാണ് ഈ ചികിത്സ. സമയമെടുത്ത് സാവധാനത്തില്‍ രോഗിയെ പൂര്‍ണ്ണമായും വിശകലനം ചെയ്തുകൊണ്ട് ഡീ-അഡിക്ഷന് ചികിത്സ ചെയ്യുന്ന പക്ഷം ഏതൊരാളെയും ഏതു കടുത്ത ലഹരി ആസക്തനെയും അതില്‍നിന്ന് വിടുതല്‍ നേടി ജീവിതത്തിന്റെ സുഗമമായ പാതയിലെത്തിക്കാനാവും. ആസക്തരെ സംബന്ധിച്ച് ചികിത്സയാണ് ശാസ്ത്രീയമായ സമീപനമെങ്കില്‍ ചെറുപ്പക്കാരെ സംബന്ധിച്ച് ഒരിക്കലും ഒരു രസത്തിനു പോലും തുടങ്ങരുത് എന്ന തിരിച്ചറിവാണ് പ്രധാനം. സോഷ്യല്‍ ഡ്രിങ്കിംഗ് പലപ്പോഴും സാമൂഹികമായി അനുവദിച്ചു കൊടുത്തിട്ടുള്ളതാണെന്നും ഒരു പ്രസ്റ്റീജ് സംഗതിയാണെന്നുമുള്ള ധാരണ പരക്കെയുണ്ട്. കുടുംബാംഗങ്ങളൊരുമിച്ചുള്ള മദ്യപാനത്തിന് മദ്യമൊഴിവാക്കിക്കൊണ്ടുള്ള ഫംഗ്ഷനുകളെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നതുമൊക്കെ ഇത്തരം പ്രസ്റ്റീജുകളുടെ പരിണിതഫലമാണ്. ഹൃദ്രോഗമൊഴിവാക്കാന് മദ്യം സഹായിക്കുമെന്നും രക്തസംക്രമണത്തിന് അങ്ങേയറ്റം ഉചിതമാണെന്നുമൊക്കെ വൈദ്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടെന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ നിരര്‍ത്ഥവും മേല്‍പ്പറഞ്ഞവ പ്രസ്റ്റീജിന്റെ ഭാഗങ്ങളുമാണ്. ഡോ.എല്‍.ആര്.മധുജന് ഡയറക്ടര്‍, കരുണാസായി ഡീ അഡിക്ഷന് സെന്റര്‍ വെള്ളനാട്, തിരുവനന്തപുരം കടപ്പാട്: കേരള സംസ്ഥാന എക്സൈസ് വകുപ്പ്