പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്. ഭൂമിയിൽ പതിക്കുന്ന മഴവെള്ളം ചെറിയ അരുവികളായി രൂപം കൊള്ളുന്നു. അരുവികൾ ചേർന്നു പുഴകളായി, പുഴകൾ ചേർന്നു നദികളായി നദികൾ കടലിൽ ചേരുന്നു.

**നദികളുടെ ഭൂമിശാസ്ത്രം**

അരുവി -ബന്ദിപൂർ വനത്തിലെ ഒരു കാട്ടരുവി

നദികൾ ഉയർന്ന നിലങ്ങളിലെ തടാകങ്ങൾ, ഹിമാനികൾ, നീരുറവകൾ, ഭൂജലസ്രോതസ്സുകളിൽ നിന്നുണ്ടാകുന്ന ചെറിയ അരുവികളിൽ നിന്ന് ഉദ്ഭവിക്കുന്ന നദികൾ താഴ്ന്ന നിലങ്ങളിലേക്കൊഴുകി വലിയ ജലാശയങ്ങളായ കടൽ, സമുദ്രം, തടാകം അല്ലെങ്കിൽ വെറേയൊരു (സാധാരണ വലിയ) നദിയിലേക്ക് ചേർന്നവസാനിക്കുന്നു. അത്യുഷ്ണ പ്രദേശങ്ങളിൽ നദികൾ ചിലപ്പോൾ ബാഷ്പീകരിക്കപ്പെടുകയോ മണൽ പ്രദേശങ്ങളിൽ കിനിഞ്ഞിറങ്ങി വറ്റുകയോ ചെയ്യുന്നു.

ഒരു പ്രദേശത്ത് നദിയെ മറ്റുജീവജാലങ്ങൾ ആശ്രയിക്കുന്നെങ്കിൽ ആ പ്രദേശത്തെ നദീതട പ്രദേശം എന്ന് വിളിക്കുന്നു.

**ഉത്പത്തിയും വളർച്ചയും**

ഒരു നദിയുടെ ഉദ്ഭവം ജലസമൃദ്ധമായ ഉറവ, ജലാശയം, ഹിമാനി (glacier) എന്നിവയിൽ ഏതെങ്കിലുമൊന്നിൽനിന്ന് ആകാം. ഗണ്യമായ ദൂരത്തോളം പ്രവഹിച്ചെത്തുന്ന വലിയ നദികൾ രൂപംകൊള്ളുന്നത് സാധാരണയായി നിരവധി നീർച്ചാലുകൾ ഒഴുകിച്ചേരുന്നതിലൂടെയാവും. നീരൊഴുക്ക് ശക്തിപ്രാപിക്കുന്ന സ്ഥാനമാണ് പ്രസ്തുത നദിയുടെ പ്രഭവസ്ഥാനം (source). നീരൊഴുക്കിന്റെ ചാലിനെ നദീപഥം (river course) എന്നു പറയുന്നു. നദി കടലിലേക്കോ ജലാശയത്തിലേക്കോ ഒഴുകിവീഴുന്ന ഇടത്തിന് പതനസ്ഥാനം, നദീമുഖം എന്നിങ്ങനെ പേരുകളുണ്ട്. ഒരു നദീപഥത്തിലേക്ക് ഒഴുകിച്ചേർന്ന് സ്വന്തം ജലപ്രവാഹത്തെ അതിൽ ലയിപ്പിക്കുന്ന ചെറുനദികളെ പോഷകനദി (tributary) എന്നു വിശേഷിപ്പിക്കുന്നു. ചെറുതും വലുതുമായ അനവധി പോഷകനദികളെ ഉൾക്കൊണ്ടാണ് നദികൾ ബൃഹദാകാരം പൂകുന്നത്; ഒപ്പം നന്നേ കനത്ത അളവിലുള്ള ജലധോരണിയായി മാറുകയും ചെയ്യുന്നു. ഒരു നദിയുടെ ജലപ്രവാഹവും വഹനശേഷിയും വർധിക്കുവാൻ സഹായകങ്ങളാവുന്ന ചെറുതും വലുതുമായ പോഷകനദികളെക്കൂടി പ്രധാന നദിയുമായി കൂട്ടിച്ചേർത്തു വ്യവഹരിക്കേണ്ടി വരുമ്പോൾ നദീവ്യൂഹം (river system) എന്ന സംജ്ഞ ഉപയോഗിക്കുന്നു.

ഒഴുകുന്ന ജലം ശിലാതലത്തിൽ ആഘാതമേല്പിക്കുകയും അവയെ ശിഥിലീകരിച്ചും പിളർന്നും തനതായ ഒരു ചാല് സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. നീരൊഴുക്ക് ഈ ചാലിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ശിലാവിഘടനം കൂടുതൽ ശക്തമാവുന്നു. തുടർന്ന് ചാലിന്റെ വലിപ്പം ക്രമേണ വർധിക്കുന്നു. തുടക്കത്തിൽ ഈ ചാലുകളുടെ ഛേദതലങ്ങൾക്ക് V-ആകൃതിയാണ് ഉണ്ടായിരിക്കുക. വീതിയെക്കാളേറെ ആഴം കൂടുന്ന പ്രവണതയാണ് ഒഴുക്കുവെള്ളത്തിനുള്ളത്. ഇതിന്റെ ഫലമായാണ് ആഴക്കൂടുതലുള്ള ഇടുങ്ങിയ നീർച്ചാലുകളുണ്ടാകുന്നത്. മഴ പെയ്തും മറ്റുവിധത്തിലുള്ള ജലലഭ്യത മൂലവും ഒരേയവസരം ഒന്നിലേറെ നീർച്ചാലുകൾ രൂപംകൊള്ളാം. ഭൂമിയുടെ നിമ്നോന്നതപ്രകൃതി ഇവയിലെ പ്രത്യേക വിഭാഗത്തെ കൂട്ടിയിണക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വർധിച്ച നീരൊഴുക്ക് അതിനെ ഉൾക്കൊള്ളുന്ന ചാലിന്റെ വലിപ്പം ഗണ്യമായി വർധിപ്പിക്കുന്നു. ഈ പ്രക്രിയയിൽ സ്വാഭാവികമായും ശിലാഘടനയുടെ പ്രത്യേകതകൾ സ്വാധീനം ചെലുത്താം. കടുപ്പമേറിയ ശിലകൾ വിണ്ടുകീറുന്നത് നന്നേ മന്ദഗതിയിലും ഇടുങ്ങിയ രീതിയിലും ആവാം. മറിച്ച് മൃദു(soft)ശിലകൾ ആഴത്തോട് ഏതാണ്ട് അടുത്തുനില്ക്കുന്ന വീതിയിൽ, താരതമ്യേന വിസ്തൃതങ്ങളായ ചാലുകൾക്ക് അവസരമുണ്ടാക്കുന്നു. ആഴം കൂട്ടുന്ന പ്രവർത്തനം അടിയിലുള്ള പ്രത്യേക ശിലാസ്തരം വരെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ നിരപ്പിനെ നിമ്നാപരദനതലം (base level of erosion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നീർച്ചാലിന്റെ ആഴം ഈ തലം വരെ എത്തിക്കഴിഞ്ഞാൽ ആ ചാലിന്റെ വീതി അനുക്രമമായി വർധിക്കുകയും അത് കൂടുതൽ ജലപ്രവാഹത്തെ ഉൾക്കൊള്ളുവാൻ പ്രാപ്തമാവുകയും ചെയ്യും.

അനേകം നീർച്ചാലുകൾ ഒന്നുചേർന്ന് തോടുകൾ ഉണ്ടാവുന്നു; തോടുകൾ കൂടിച്ചേർന്ന് പുഴകളുണ്ടാവുന്നു. അനുകൂല പരിതഃസ്ഥിതികളിൽ ഈ പുഴകൾ ഒറ്റപ്പെട്ട നിലയിൽത്തന്നെ കടലിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുകാറുണ്ട്; കനത്ത മഴയിലൂടെ കിട്ടുന്ന ജലസമൃദ്ധിയും ഏകതാനമായ ഭൂപ്രകൃതിയുമാണ് ഇതിനു സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ സാധാരണയായി, ഭൂപ്രകൃതി ക്രമരഹിതവും നിമ്നോന്നതവുമായിരിക്കുന്നതുമൂലം ചെറു പുഴകൾ പരസ്പരം കൂട്ടിമുട്ടുവാനും ഒന്ന് മറ്റൊന്നിൽ ലയിക്കുവാനും സാധ്യതയേറുന്നു. ഇങ്ങനെ ലയിച്ചുണ്ടാവുന്ന നദികൾ വീണ്ടും കൂടിച്ചേർന്ന് പരിഗണനീയമായ വലിപ്പത്തിലുള്ള നദികൾ സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിയിലെ ഭേദങ്ങൾക്കനുസരിച്ച് ഇവയുടെ നീളത്തിലും തടപ്രകൃതിയിലും (basin characteristics) വൈവിധ്യമുണ്ടാവും.

ഒരു ജലധാര ശിലകളെ വിഘടിപ്പിക്കുന്നതും സ്വന്തം ചാലിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നതും അപഘർഷണം (Corrasion), സംക്ഷാരണം (Corrosion), പ്രധാരാക്ഷാളനം (Hydraulic action), പരിവഹണം (Transportation) എന്നീ നാല് പ്രക്രിയകളിലൂടെയാണ്. താരതമ്യേന കടുപ്പമുള്ള ശിലാതലങ്ങളിലൂടെ നിരുപദ്രവമായി ഒഴുകുന്ന സ്വഭാവമാണ് ശുദ്ധജലത്തിനുള്ളത്. എന്നാൽ ഒരു ജലധാര വഹിച്ചുനീക്കുന്ന ചെറുതും വലുതുമായ ശിലാകണങ്ങൾ-അവ പൊടിമണൽ, ചൊരിമണൽ, ചളി, ചരൽ, പാറക്കഷണം എന്നിങ്ങനെ ഏതു രൂപത്തിലായാലും- ശിലാപാളികളിൽ ഉരസിയും ചുരണ്ടിയും പ്രഹരമേല്പിച്ചും അവയെ സാരമായ തോതിൽ വിഘടിപ്പിക്കുന്നു. ഇങ്ങനെ അടർന്നുമാറുന്ന ശിലാകണങ്ങൾ തുടർന്നുള്ള വിഘടനത്തിന് ആക്കംകൂട്ടുന്നു. ഈ പ്രക്രിയയെ മൊത്തത്തിൽ അപഘർഷണം എന്നു പറയുന്നു. ജലധാരയുടെ ഗതിവേഗത്തിന് ആനുപാതികമായി അപഘർഷണത്തിന്റെ തോതിലും വ്യതിയാനമുണ്ടാകുന്നു. ശിലാഘടകങ്ങളിൽ നല്ലൊരു വിഭാഗം ജലത്തിൽ ലയിക്കുന്നവയാണ്. ഒഴുക്കുവെള്ളത്തിന് ശിലകളുമായി വർധിച്ച തോതിൽ രാസപ്രവർത്തനത്തിലേർപ്പെടുന്നതിനും ശിലാപദാർഥങ്ങളെ വിലയിപ്പിക്കുന്നതിനും കഴിയും. ഫലത്തിൽ സാരമായ തോതിലുള്ള ശിലാവിഘടനമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ പ്രക്രിയയെയാണ് സംക്ഷാരണം എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നീരൊഴുക്കിന്റെ ശക്തിയിലൂടെ മാത്രം നിവർത്തിക്കുന്ന ശിലാവിഘടനത്തെയാണ് പ്രധാരാക്ഷാളനമായി വിവക്ഷിക്കുന്നത്. നീർച്ചാലിന്റെ പാർശ്വഭിത്തികളിലെ ബലക്കുറവുള്ള ഭാഗങ്ങൾ ഒഴുക്കിന്റെ ശക്തിയാൽ ഒന്നാകെ അടർന്നുവീഴുന്നത് സാധാരണമാണ്. ചാലിൽ അടിഞ്ഞുകൂടുന്ന ശിലാപദാർഥങ്ങളെ-വലിയ പാറകളുൾപ്പെടെ-ഒട്ടാകെ ഒഴുക്കിമാറ്റാനും ഒരു ജലധാരയ്ക്കു കഴിയും. ഒഴുക്കിൽപ്പെട്ട് വരുന്ന ചെറുതും വലുതുമായ പാറക്കഷണങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ അവയ്ക്ക് ശിഥിലീകരണം സംഭവിക്കുന്നു. വൻതോതിൽ നടക്കുന്ന ഈ ഉപപ്രക്രിയയ്ക്ക് സന്നിഘർഷണം (attrition) എന്നുപറയുന്നു. പാറക്കഷണങ്ങൾ കൂട്ടിയുരുമ്മുമ്പോൾ ഭാഗികമായി വിഘടനം സംഭവിക്കുന്ന കടുപ്പം കൂടിയ ശിലാഖണ്ഡങ്ങൾ മിനുസമേറിയ പ്രതലങ്ങളോടെ അവശേഷിക്കുന്നത് സാധാരണമാണ്. നദീപഥങ്ങളിൽ മിനുസമുള്ള ഉരുളൻകല്ലുകൾ ധാരാളമായി കാണപ്പെടുന്നതിന്റെ കാരണം സന്നിഘർഷണമാണ്. പ്രധാരാക്ഷാളനത്തിലൂടെ വിഘടിതമാവുന്ന ശിലാപദാർഥങ്ങൾ ജലധാരയാൽ വഹിച്ചുനീക്കപ്പെടുന്നു. ഇവ ഇടതൂർന്നുള്ള അപഘർഷണം ഇരട്ടിപ്പിക്കുന്നു; സ്വയം വിഘടിച്ച് ശിഥിലീകൃതമാകുവാനുള്ള പ്രവണതയും നിദർശിപ്പിക്കുന്നു. മേൽവിവരിച്ച രീതിയിലുള്ള അപരദന (erosional) പ്രക്രിയയിലൂടെ ശിലാപദാർഥങ്ങൾ വൻതോതിൽ അടിഞ്ഞുകൂടുന്നത് ചാലിന്റെ വികസനത്തിന് തടസ്സമാവേണ്ടതാണ്. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ വഹനക്ഷമത(transporting capacity) ഈ ദുഃസ്ഥിതിയെ ഒഴിവാക്കുന്നു. ഒരു ജലധാരയുടെ വഹനക്ഷമത അതിന്റെ ഗതിവേഗത്തിന്റെ നാലാം വർഗത്തിന് ആനുപാതികമാണ്. വേഗത കൂടുന്തോറും വർധിച്ച തോതിൽ പദാർഥങ്ങളെ വഹിച്ചുനീക്കാനാവും. ഇത് ഒരു ജലധാര സ്വന്തം ചാല് വികസിപ്പിച്ച് നദിയായി പരിണമിക്കുന്നതിലെ സുപ്രധാനഘടകമാണ്. ആകാവുന്നിടത്തോളം വസ്തുക്കളെ വിലയിപ്പിച്ചും കനം കുറഞ്ഞവയെ വഹിച്ചും നീങ്ങുന്ന ഒഴുക്കുവെള്ളം കനംകൂടിയ പദാർഥങ്ങളെ അടിവുകളാക്കി മുന്നേറുവാനുള്ള പ്രവണത കാട്ടുന്നു. എന്നാൽ അടിത്തട്ടിൽ പ്രധാരാക്ഷാളനം ശക്തമായതിനാൽ അടിഞ്ഞുകൂടുന്ന പദാർഥസഞ്ചയം സാവധാനമെങ്കിലും നദിയുടെ ഗതിക്കൊത്ത് വലിച്ചുനീക്കപ്പെടുന്നു. ശിലാഘടകങ്ങളുടെ പ്രവാഹജലത്തിൽപ്പെട്ടുള്ള നീക്കത്തിനെ മൊത്തത്തിൽ പരിവഹണം എന്ന സംജ്ഞയിലൂടെയാണ് വിവക്ഷിക്കുന്നത്. ശിലാവസ്തുക്കളെ വിലയിപ്പിക്കുവാൻപോന്ന അസാമാന്യ രാസികപ്രഭാവം, ജലവ്യാപ്തം, ഒഴുക്ക് എന്നിവയാണ് ജലധാരകളുടെ അപരദനശക്തി വർധിപ്പിക്കുന്നത്. ഒഴുകുന്ന പ്രതലത്തിന്റെ ചായ് വ് (slope) ഈ കഴിവിനെ നിർണായകമായി സ്വാധീനിക്കുന്നു. നീരൊഴുക്കിന് ആസ്പദമായ ഗുരുത്വവലിവ് (gravitational pull) പ്രദാനം ചെയ്യുന്നത് ഭൂമിയുടെ ചരിവുമാനം (slope) ആണ്. നദീ അപരദനത്തിന്റെ ഫലമായി വർഷംതോറും കോടിക്കണക്കിനു ടൺ ശിലാദ്രവ്യങ്ങൾ സമുദ്രങ്ങളിൽ അടിയുന്നു. ഇതിൽ ഭാരതത്തിലെ നദികളുടെ പങ്ക് 600 കോടി ടണ്ണിലേറെയാണ്.ഭൗമോപരിതലത്തിൽ വർഷപാതത്തിലൂടെ വന്നെത്തുന്ന ജലത്തിന്റെ 35 ശതമാനത്തോളം നീർച്ചാലുകളായും തുടർന്ന് തോടുകളായും ഇവ സംഗമിച്ചുണ്ടാകുന്ന തടിനികളായും ചെറുനദികളാൽ പോഷിപ്പിക്കപ്പെട്ട് വൻ നദികളായും രൂപാന്തരം പ്രാപിച്ച് സമുദ്രങ്ങളിലോ അവയോടനുബന്ധിച്ചുള്ള വിസ്തൃത ജലാശയങ്ങളിലോ പതിക്കുന്നു. തുടക്കത്തിൽ മഴപെയ്തു വീഴുന്ന ജലം ഭൂമിയുടെ ചായ്വിനെ അവലംബിച്ച് ഒഴുകുവാൻ തുടങ്ങുന്നു. പ്രവാഹദിശയുടെ അടിസ്ഥാനത്തിൽ ക്രമേണ അനുവർത്തിയോ (consequent) പ്രത്യനുവർത്തിയോ (obsequent) പരിവർത്തിയോ (subsequent) ക്രമഹീനമോ (insequent) ഒക്കെയായി ജലധാരകൾ രൂപംകൊള്ളുന്നു . നിശ്ചിതമാർഗ്ഗത്തിലൂടെ ഒഴുകിനീങ്ങുന്ന ഇവ കാലാന്തരത്തിൽ ചാലുകളുടെ ശിലാഭിത്തികളെ കരണ്ടെടുത്ത് അവയുടെ ആഴവും പരപ്പും വർധിപ്പിക്കുകയും തുടർന്ന് തനതായ താഴ്വാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരേ മേഖലയിൽത്തന്നെ വിഭിന്ന ജലധാരകളുടെ അപരദനത്തോത് അവയിലൂടെ ഒഴുകിനീങ്ങുന്ന ജലപ്രവാഹത്തിന്റെ പരിമാണം, സ്ഥാനീയശിലകളുടെ സ്വഭാവ സവിശേഷതകൾ, പ്രവാഹകാലം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സ്വാഭാവികമായും അവയുടെ പ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്ന താഴ്വരകളുടെ വിസ്തൃതി, ആകൃതി, ചരിവുമാനം തുടങ്ങിയവയ്ക്കും വിഭിന്ന സ്വഭാവം കൈവരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത താഴ്വരകളിൽ രൂപംകൊള്ളുന്ന നദികളുടെ പ്രാമാണ്യതയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു.

ചെറു തോടുകൾ രൂപംകൊള്ളുന്നതുമുതൽ അവയുടെ ഇരുപാർശ്വങ്ങളിലുമുള്ള ചരിവുതലങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന ജലം നീർച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തിൽ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതൽ കൂടുതൽ ജലധാരകളെ ഉൾക്കൊണ്ട് കനത്ത ജലപ്രവാഹം ഉൾക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയിൽ രൂപംകൊള്ളുന്ന താഴ്വരകൾ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടർന്ന് പ്രധാന നദീതടം ബഹിർവ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉൾക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തിൽ, പോഷകനദികളുടെ തടങ്ങൾ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം.അനേകം പോഷകനദികളെ ഉൾക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാർഗ്ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാൽ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാർഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉൾക്കൊള്ളേണ്ടിവരുന്നു. ചായ്വുതലങ്ങളിൽനിന്ന് നിരപ്പായ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതോടെ ഗുരുത്വവലിവ് കുറയുന്നതു നിമിത്തം നദിയുടെ വഹനക്ഷമതയിൽ കുറവുണ്ടാകും. ഇക്കാരണത്താൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥങ്ങളിലെ ഗണ്യമായ അംശത്തെ പിൻതള്ളി മുന്നോട്ടൊഴുകുവാൻ നദി നിർബന്ധിതമാവും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ നദീമധ്യത്തിലും പാർശ്വങ്ങളിലുമായി അട്ടിയിടപ്പെടുന്നു. നദീപഥത്തിന്റെ ചായ് വിൽ കുറവുണ്ടാകുന്ന ഇടങ്ങളിലൊക്കെത്തന്നെ ഈ വിധത്തിലുള്ള നിക്ഷേപണം (deposition) സംഭവിക്കുന്നു. ചാലിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെടുന്ന വസ്തുക്കൾ പ്രധാരാക്ഷാളനത്തിലൂടെ ഉരുണ്ടുനീങ്ങുന്നു. എന്നാൽ നദീമാർഗ്ഗത്തിലെ പ്രതിബന്ധങ്ങളുയർത്തുന്ന ശക്തമായ പ്രതിരോധത്തിനു വഴങ്ങി, ചിലയിടങ്ങളിൽ അടിവുകൾ (sediments) അട്ടിയട്ടിയായി വളർന്ന് ജലനിരപ്പിനു മുകളിലെ തുരുത്തു(braids)കളായി മാറുന്നു. അനുകൂല ഋതുക്കളിലുണ്ടാകുന്ന ജലപ്രളയങ്ങൾ പരിവഹണത്തിന്റെയും തന്മൂലം നിക്ഷേപത്തിന്റെയും അളവിൽ ഗണ്യമായ വർധനവുണ്ടാക്കുന്നു. കരകവിഞ്ഞൊഴുകുന്ന പ്രളയജലം വഹിച്ചുകൊണ്ടുവരുന്ന പദാർഥങ്ങളെ നദീപഥത്തിന്റെ ഇരുപുറവുമായി സാമാന്യം വലിയ അകലത്തോളം നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം നിക്ഷേപണം വർഷാവർഷം ആവർത്തിക്കുന്നതിലൂടെ കാലാന്തരത്തിൽ നദീതടത്തിന്റെ പതനസ്ഥലത്തോടടുത്തുള്ള മേഖല വിസ്തൃതമായ എക്കൽ സമതല(alluvial plain)മായി രൂപാന്തരപ്പെടുന്നു.

ഭൂമുഖത്തെ ആർദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമർഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങൾക്ക് യുവാവസ്ഥ (Youth), പ്രൗഢാവസ്ഥ (Maturity), വൃദ്ധാവസ്ഥ (Old age) എന്നീ സംജ്ഞകളാണ് നല്കിയിട്ടുള്ളത്. യുവാവസ്ഥയിൽ പരിവർത്തനകാരകങ്ങളുടെ തീവ്രവും സജീവവുമായ പ്രവർത്തനംമൂലം ത്വരിതഗതിയിലുള്ള വികാസത്തിന് നദിയും തടപ്രദേശവും വിധേയമാകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ പരിവർത്തനം താരതമ്യേന മന്ദീഭവിക്കുന്നു; എന്നാൽ നന്നേ വ്യാപകമാകും. അവസാനഘട്ടമായ വൃദ്ധാവസ്ഥയിൽ അപരദനപ്രക്രിയ തികച്ചും മന്ദഗതിയിലാവും. പക്ഷേ അപക്ഷയം(weathering), ഭൂതലജീർണത (mass wasting) എന്നിവ മൂലമുള്ള ശിഥിലീകരണവും ഭൂരൂപക്ഷയവും തുടർന്നുകൊണ്ടിരിക്കും. വിവർത്തനിക (tectonic) പ്രക്രിയകളിലൂടെ ഝടിതിയിലുള്ള പരിവർത്തനങ്ങൾ സംഭവിക്കാത്തപക്ഷം ആർദ്രകാലാവസ്ഥ(humid climate)യിലുള്ള ഏതു നദീതാഴ്വരയും മേൽപ്പറഞ്ഞ മൂന്ന് അവസ്ഥകളെയും പിന്നിട്ട് ഉച്ചാവചശൂന്യമായ സമതല(Peneplain)ങ്ങളായി പരിണമിക്കും. നന്നേ സാവധാനത്തിലുള്ള ഈദൃശ പരിവർത്തനത്തിന് നീണ്ട കാലയളവുകൾ ആവശ്യമാണ്. ഈ പ്രക്രിയയുടെ പരിസമാപ്തിക്ക് സാമാന്യ അപരദനചക്രം (Normal Cycle of Erosion) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്.

**നദീജന്യ ഭൂരൂപങ്ങൾ (Fluvial Land Features)**

ഒഴുക്കുവെള്ളത്തിന്റെ അപരദനപ്രവർത്തനം വിവിധ ഭൗമപ്രക്രിയകൾക്കു കളമൊരുക്കുന്നു. ഇവയിലൂടെ വ്യതിരിക്തങ്ങളായ അനേകം ഭൂരൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഗുരുത്വവലിവിനെ അവലംബിച്ചുള്ള സ്വന്തം ഗതിയെ സുഗമമാക്കുന്നതിന് ഒഴുക്കുവെള്ളം മെനഞ്ഞെടുക്കുന്ന ചാലിന്റെ വികസിത രൂപമാണ് നദീപഥം (River Course). എണ്ണമറ്റ അവനാളിക(gully)കളിലൂടെയാണ് വെള്ളത്തിന്റെ ഒഴുക്ക് ആരംഭിക്കുന്നത്. ഇവ സംയോജിച്ച് V-ആകൃതിയിൽ ഇടുങ്ങിയ ചാലുകളുണ്ടാവുന്നു. നീരൊഴുക്കിന്റെ എതിർദിശയിൽ ശീർഷാഭിമുഖ(headward)മായി നടക്കുന്ന ശിലാവിഘടനത്തിന് ചാലുകളുടെ വികാസത്തിൽ നിർണായകമായ പങ്കുണ്ട്. ആഴം കൂട്ടിയും അതോടൊപ്പം പാർശ്വഭിത്തികളെ കരണ്ടെടുത്തും ഒഴുക്കുവെള്ളം ചാലുകളുടെ വലിപ്പം കൂട്ടുന്നു. ഉൾക്കൊണ്ടിട്ടുള്ള ജലപ്രവാഹം, നീരൊഴുക്കിന്റെ വേഗത, വഹിച്ചുനീക്കുന്ന പദാർഥശേഖരത്തിന്റെ സ്വഭാവം, ആധാരശില(baserock)കളുടെ പ്രതിരോധശേഷി എന്നിവയാണ് ചാൽവികസനത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങൾ. ലയിച്ചുചേരുന്ന ജലപ്രവാഹത്തെയും പദാർഥശേഖരത്തെയും ഉൾക്കൊള്ളുവാൻ പോന്ന വികസനം നേടിയിട്ടുള്ള നീർച്ചാലുകളെയാണ് നദീപഥം എന്നു വിശേഷിപ്പിക്കാവുന്നത്. ഒരു നദീപഥം തീർത്തും ഋജു(straight)വായി വർത്തിക്കുക പ്രായേണ അസാധ്യമാണ്. പ്രഭവ -പതനസ്ഥാനങ്ങളെ യോജിപ്പിക്കുന്ന സാങ്കല്പിക ഋജുരേഖയ്ക്ക് ഇരുപുറവുമായി വളവുകളും പുളവുകളും തുല്യമായി വിന്യസിക്കപ്പെട്ടുകാണുന്ന നദീപഥത്തിനെ ഋജുപഥികം (regular)എന്നു വിശേഷിപ്പിക്കാറുണ്ട്. മിക്കവാറും നദീപഥങ്ങൾ തീർത്തും ക്രമരഹിത(irregular)ങ്ങളായിരിക്കും; ശിലാഘടനയെ അവലംബിച്ച് വളഞ്ഞുപുളഞ്ഞൊഴുകുവാൻ അവ ബാധ്യസ്ഥമായിത്തീരുന്നു.

**ഗിരികന്ദരം, വിതലകന്ദരം(Gorge,Canyon)**

കടുപ്പമേറിയ ശിലാതലങ്ങളിൽ നന്നേ ഇടുങ്ങി അഗാധമായ ചാലുകളുണ്ടാകുന്നു. ശിലാഭിത്തികളുടെ കാഠിന്യംനിമിത്തം പ്രധാരാക്ഷാളനം ഫലവത്താകുന്നില്ല; എന്നാൽ ആഴം വർധിക്കുകയും ചെയ്യും. ഇതിലൂടെയുണ്ടാകുന്ന ചാലിനെ ഗിരികന്ദരം (gorge) എന്നു വിളിക്കുന്നു. നന്നേ അഗാധവും ഒപ്പം സാമാന്യത്തിലധികം ദൈർഘ്യമുള്ളവയുമായ ഈയിനം ചാലുകളെ വിതലകന്ദരം (Canyon) എന്നാണ് വിശേഷിപ്പിക്കുന്നത്. യു.എസ്സിലെ അരിസോണാ മരുഭൂമിയിൽ കൊളൊറാഡോ നദീപഥത്തിലുള്ള ഗ്രാന്റ് കാന്യൺ എന്ന വിതലകന്ദരത്തിന്റെ ശരാശരി ആഴം 288 മീറ്ററും നീളം 483 കിലോമീറ്ററുമാണ്.

**ദ്രുതധാര/ജലപാത **

നയാഗ്രാ ജലപാതം

നദീപഥത്തിലെ ചായ്വിന്റെ തോതിനെ സൂചിപ്പിക്കുന്ന സംജ്ഞയാണ് ചരിവ് (gardient). ചരിവ് പെട്ടെന്ന് കൂടുമ്പോൾ നീരൊഴുക്കിന്റെ വേഗതയിൽ ആനുപാതികമായ വർധനവുണ്ടാകുന്നു. വേഗത അനുക്രമമായി വർധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളിൽ നദിയെ ദ്രുതധാര (Rapids) എന്നു വിശേഷിപ്പിക്കുന്നു. നദീപഥത്തിൽ കുത്തനെ ഇടിവുണ്ടാകുന്ന സ്ഥാനത്ത് ജലധാര തൂക്കായി നിപതിക്കുന്നു. ഈദൃശ പതനം ഏകീകൃതമായോ പല ധാരകളായോ കേന്ദ്രീകരിച്ചുകാണുന്നു. ഇത്തരം വെള്ളച്ചാട്ടങ്ങൾക്ക് ജലപാതം (Waterfall) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്. മുകളിലത്തെ കാഠിന്യം (hardness) കൂടിയ ശിലാസ്തരങ്ങളിലൂടെ ഒഴുകി ഊക്കോടെ നിപതിക്കുന്ന ജലം താരതമ്യേന കടുപ്പം കുറഞ്ഞ താഴത്തെ സ്തരങ്ങളെ അതിശീഘ്രം വിഘടിപ്പിച്ചെന്നുവരാം. തത്ഫലമായി ജലപാതത്തിന്റെ അടിഭാഗം കരണ്ടെടുക്കപ്പെട്ട് പ്രപാതമുഖത്തെ ശിലകൾ അടർന്നുവീഴുന്നു. തുടർന്ന് ജലപാതത്തിന്റെ സ്ഥാനം നദീപഥത്തിലൂടെ പിന്നാക്കം മാറുന്നു. ജലധാര പല ശാഖകളായി പിരിയാനും സാധ്യതയുണ്ട്. ഈ രീതിയിൽ യു.എസ്സിലെ നയാഗ്രാ ജലപാതം പ്രതിവർഷം 45 മീ. പിന്നോട്ട് നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

**കയങ്ങൾ (Pot holes)*

നദീപഥത്തിലെ ഒഴുക്കു കൂടിയ ഭാഗങ്ങളിൽ ചുഴി(Whirlpool)കൾ ഉണ്ടാകുന്നത് സാധാരണമാണ്. ഇവയുടെ പ്രഭാവം ആഴങ്ങളിൽ എത്തുന്നത് അടിത്തട്ടിലെ ശിലാപദാർഥങ്ങൾക്ക് വക്രഗതിയിലുള്ള ചലനമുണ്ടാക്കുകയും അവയ്ക്ക് ഒരു സ്ക്രൂ(Screw)വിന്റെ സവിശേഷതകളോടെ അടിത്തറ തുരന്നെടുക്കുവാൻ പ്രാപ്തിയുണ്ടാക്കുകയും ചെയ്യുന്നു. നദീപഥത്തിന്റെ അടിത്തറയിൽ വർത്തുളാകാരവും അഗാധവുമായ തുരപ്പ് സൃഷ്ടിക്കപ്പെടുന്നു. ഏതാനും സെ.മീ. മുതൽ 6 മീ. വരെ വ്യാസത്തിൽ രൂപംകൊള്ളുന്ന ഈയിനം ഗർത്തങ്ങളാണ് കയം (Pot hole) എന്നറിയപ്പെടുന്നത്. ഇവയ്ക്കുള്ളിൽ ശക്തമായി ചുറ്റിത്തിരിയുന്ന ജലമാണുള്ളത്; നന്നേ താണ താപനിലയും ഉണ്ടാകും.

**നദീഗ്രഹണം (River Capture)**

വലുതും വേഗതയേറിയതുമായ നദികളിൽ അപരദന പ്രക്രിയ താരതമ്യേന തീവ്രമായതിനാൽ പ്രസ്തുത നദീതടങ്ങൾ ത്വരിതഗതിയിൽ വികസിക്കുന്നു. ഏതെങ്കിലും പോഷകനദി പ്രധാന നദിയുമായി സമസ്ഥിതി കൈവരിക്കുന്നത് അവയിലെ ശീർഷമുഖ അപരദന(headward)ത്തിന്റെ തോത് ഇരട്ടിപ്പിക്കുന്നു. ത്വരിതഗതിയിൽ മുന്നേറുന്ന വിഘടനപ്രക്രിയ പ്രസ്തുത നദിയെ ജലവിഭാജക(Water divide)മായി വർത്തിക്കുന്ന ഉന്നതതടത്തിൽ വിള്ളലുണ്ടാക്കുവാനും ചിലപ്പോൾ മറ്റൊരു വ്യൂഹത്തിലുൾപ്പെടുന്ന ഏതെങ്കിലും നദീപഥത്തെ ഖണ്ഡിക്കുവാനും പ്രാപ്തമാക്കുന്നു. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഖണ്ഡിക്കപ്പെടുന്ന നദിയിലെ ജലപ്രവാഹത്തെ പൂർണമായി ഉൾക്കൊള്ളുവാൻ ആദ്യത്തെ നദിക്ക് അവസരമുണ്ടാകുന്നു. ഈ പ്രക്രിയയാണ് നദീഗ്രഹണം (River Capture). ഗ്രഹണത്തിന് ഇരയാവുന്ന നദീപഥത്തിന്റെ താഴോട്ടുള്ള ഭാഗം ജലശൂന്യമായി വരണ്ട നിലയിൽ വർത്തിച്ചേക്കാം.

**മിയാൻഡർ (Meander)**

ഒരു നദിയുടെ വഹനക്ഷമത, വേഗതയ്ക്ക് ആനുപാതികമായിരിക്കുകമൂലം, ചരിവിനെ ആശ്രയിച്ചിരിക്കുന്നു. പ്രവണത പ്രത്യേകമൂല്യത്തിലെത്തുമ്പോൾ പരിവഹിച്ചെത്തിക്കുന്ന പദാർഥശേഖരത്തെ പൂർണമായും പിൻതള്ളുവാൻ നദി നിർബന്ധിതമാവുന്നു. ഈ അവസ്ഥയിലെത്തുമ്പോൾ നദിക്ക് സമന്വിതം (graded) എന്ന വിശേഷണം നല്കാറുണ്ട്. ഒരു സമന്വിതനദി പഥത്തിന്റെ ആഴം കൂട്ടുവാനല്ല, മറിച്ച്, വഹിച്ചുകൊണ്ടുവരുന്ന ഭാരത്തെ മുന്നോട്ടുനീക്കുവാനുള്ള യത്നം തുടരുകയാണ് ചെയ്യുന്നത്. ഈ അവസരത്തിലും നദീപാർശ്വങ്ങൾ അപഘർഷണത്തിനു വിധേയമാവുന്നു; തന്മൂലം നദിയുടെ വീതി തുടർന്നും വർധിക്കുന്നു. കാലാന്തരത്തിൽ നദീതടത്തിലെ വലിയൊരു ഭാഗത്തോളം നദീപഥം വ്യാപിക്കുന്നു. ജലക്ഷാമം നേരിടുന്ന ഋതുക്കളിൽ നീരൊഴുക്ക് നദീപഥത്തിൽത്തന്നെയുള്ള പ്രത്യേക ചാലുകളിലേക്ക് ഒതുങ്ങുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഈ നീർച്ചാലുകൾ വളഞ്ഞുപുളഞ്ഞ് ജലോഢസമതല(flood plain)ത്തിന്റെ സീമകളോളം സംക്രമിച്ചശേഷം മടങ്ങി നദീപഥത്തിലെ പ്രധാന ചാലിലെത്തുന്നു. ഈ പുതിയ ചാലിലൂടെയുള്ള നീരൊഴുക്ക് നദിയിൽ വെള്ളം കുറയുമ്പോഴും മാറ്റമില്ലാതെ തുടരുന്നു. നീർച്ചാലിന്റെ വളവും പുളവുമുള്ള ഭാഗത്തിനെ മിയാൻഡർ എന്നു വിശേഷിപ്പിക്കുന്നു. ആർദ്രമേഖലയിൽ, ഏകാത്മക (homogeneous) ഘടനയിലുള്ള ശിലാതലങ്ങളിൽ ഒഴുകുന്ന നദികൾ അക്ഷദിശ(axial line)യ്ക്ക് ഇരുപുറങ്ങളിലും തുല്യ അകലങ്ങളോളമുള്ള മിയാൻഡറുകൾ കാണപ്പെടുന്നത് സാധാരണമാണ്; ഇവയിലെ മിയാൻഡറുകൾക്ക് ആവർത്തിച്ചുള്ള S-ആകൃതി കാണപ്പെടുന്നു.

**ഓക്സ്-ബോ തടാകം**

മിയാൻഡറുകൾക്ക് വളരെ കൂടിയ വക്രത ഉണ്ടാകുമ്പോൾ ചിലപ്പോൾ ബൾബിന്റെ ആകൃതി കൈവരുന്നു. ഇങ്ങനെവരുമ്പോൾ മിയാൻഡറിന്റെ തുടക്കത്തിലും അന്ത്യത്തിലുമുള്ള ചാലുകൾക്കിടയിൽ നേരിയ അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രളയകാലത്ത് ഈ ഇടുങ്ങിയ കരഭാഗത്തെ കീറിമുറിച്ച് നദി പുതിയ പഥം സൃഷ്ടിച്ചെന്നുവരാം. ഇതോടെ നേരത്തേയുണ്ടായിരുന്ന മിയാൻഡറിലെ ഒരു ഭാഗം നദിയിൽനിന്നു വേർപിരിയുന്നു. ജലപൂർണമായ ഈ ചാലുകൾ നീരൊഴുക്കിന്റെയോ ഉറവകളുടെയോ പിന്തുണയോടെ ജലാശയമായി നുകക്കൈയുടെ (Ox-bow) ആകൃതിയിൽ തുടർന്നും വർത്തിച്ചേക്കാം. ഇത്തരം വെള്ളക്കെട്ടുകളെ ഓക്സ്-ബോ തടാകം എന്നു വിളിക്കുന്നു.

**ബ്രെയ്ഡഡ് നദി Braided Stream**

ഒരു നദി സംയോജിക്കുകയും ഈ പ്രക്രിയ പലവുരു ആവർത്തിക്കുകയും ചെയ്യുന്നതിലൂടെ പിണൽരൂപത്തിൽ സങ്കീർണമായ നദീപഥം ഉരുത്തിരിയുന്നു. ഇതാണ് ബ്രെയ്ഡഡ് നദി എന്നറിയപ്പെടുന്നത്. നദീപഥത്തിൽ നീർച്ചാലുകൾക്കിടയിലോ ഒരേ ചാലിനുള്ളിൽത്തന്നെയോ ശിലാശേഖരങ്ങൾ അട്ടിയിട്ടുയർന്ന് സൃഷ്ടിക്കപ്പെട്ട തുരുത്തുകൾ ഉണ്ടായിരിക്കുമെന്നത് ഇത്തരത്തിലുള്ള നദിയുടെ സവിശേഷതയാണ്. ഈ തുരുത്തുകളിൽ ഏറിയവയും എക്കൽനിർമിതവും ഫലഭൂയിഷ്ഠവുമാകയാൽ ഇടതൂർന്ന സസ്യാവരണത്തിനു വിധേയങ്ങളായിരിക്കും.

**നദീജന്യ വേദികകൾ River Terraces**

സമതലത്തിലൂടെ പ്രവഹിക്കുന്ന നദികളിൽ ഏതെങ്കിലും കാരണത്താൽ ലംബദിശയിൽ അപഘർഷണം ശക്തിപ്പെടുമ്പോൾ നദീപഥം ഗണ്യമായി താഴുന്നു. തുടർന്ന് പുതിയ ചാലിന്റെ പാർശ്വഭിത്തികൾക്ക് ശോഷണം സംഭവിച്ച് ചാലിന്റെ വീതി വർധിക്കുന്നു. ജലപ്രളയമുണ്ടാകുമ്പോൾ ഈ ഭാഗം വൻതോതിലുള്ള നിക്ഷേപണ(deposition)ത്തിനു വിധേയമാവുകയും വെള്ളമിറങ്ങിക്കഴിയുമ്പോൾ ഒരു വേദികയുടെ മട്ടിൽ നിലകൊള്ളുകയും ചെയ്യും. ഈ പ്രക്രിയ പലവുരു ആവർത്തിച്ചേക്കാം. ഇതിലൂടെ നദീപഥത്തിന്റെ ഇരുവശത്തുമോ ഒരു വശത്തുമാത്രമോ തട്ടുകളായി വേർതിരിഞ്ഞ സമതലപ്രായമായ ഭൂപ്രകൃതി ലഭിക്കുന്നു.

**ജലോഢ സമതലം (flood plain)**

നദിയിലെ ജലം കരകവിഞ്ഞ് ഒഴുകുന്നതാണ് ഈയിനം ഭൂരൂപങ്ങൾക്കു നിദാനമാവുന്നത്. നദീപഥത്തിനു പുറത്തേക്ക് വമിക്കുന്നതോടെ ഒഴുക്കിന്റെ വേഗത കുറയുന്നു. തുടർന്ന് നദീജലം ഉൾക്കൊണ്ടിട്ടുള്ള പദാർഥ ശേഖരം പൂർണമായും നിക്ഷേപിക്കപ്പെടുന്നു. ഓരോ പ്രളയകാലത്തും ഈദൃശ നിക്ഷേപണം ആവർത്തിക്കപ്പെടുന്നതിലൂടെ കാലാന്തരത്തിൽ എക്കൽമണ്ണിനു പ്രാമുഖ്യമുള്ള സമതലം സൃഷ്ടിക്കപ്പെടുന്നു. നദീതടത്തിന്റെ പൊതു ചായ് വിനെ അവലംബിച്ച് ജലോഢസമതലം നദിയുടെ ഇരുപാർശ്വങ്ങളിലുമോ ഒരു വശത്തുമാത്രമോ നിർമിതമാവാം. നദിക്കരയിൽ ഉയരം കൂടിയ വരമ്പുകൾ അവശേഷിപ്പിച്ചാണ് ജലോഢ സമതലത്തിന്റെ സൃഷ്ടി തുടങ്ങുന്നത്. വീതികുറഞ്ഞ് അവിച്ഛിന്നമായി നീളുന്ന ഈയിനം വരമ്പുകളെ ലെവി (levee) എന്നു വിശേഷിപ്പിക്കുന്നു. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ഏറിയകൂറും ജലോഢ സമതലങ്ങൾ ചതുപ്പുനിലങ്ങളായി വർത്തിക്കുന്നു. മിയാൻഡറുകളും ഓക്സ്-ബോ തടാകങ്ങളും സാധാരണമാണ്. ആവർത്തിച്ചുണ്ടാകുന്ന നിക്ഷേപണത്തിലൂടെ ഏറെക്കാലത്തിനുശേഷം ഇത് എക്കൽ മൈതാനമായി മാറുന്നു. നദി ഗതി മാറി ഒഴുകുന്നതുമൂലം ജലോഢ സമതലങ്ങൾ ഒറ്റപ്പെട്ടുപോകുന്നത് അസാധാരണമല്ല; ഇവ നന്നേ ഫലഭൂയിഷ്ഠമായ നിരന്ന കൃഷിനിലങ്ങളായി വർത്തിക്കുന്നു.

**ഡെൽറ്റ (Delta)**

പതനസ്ഥാനത്തോടടുക്കുമ്പോൾ മിക്കനദികളും കൈവഴി(distributary)കളായി പിരിഞ്ഞൊഴുകുന്നു. ഈ കൈവഴികൾ വീണ്ടും പിരിയുകയും കൂടിച്ചേരുകയും ചെയ്ത് പൊതുവിൽ നീർച്ചാലുകളുടെ ഒരു ജാലിക സൃഷ്ടിക്കുന്നു. ഇവയ്ക്കിടയിൽ എക്കൽനിക്ഷേപങ്ങൾക്കു മുൻതൂക്കമുള്ള നിരന്ന കരഭാഗം അവശേഷിക്കുന്നുണ്ടാവും. ഇവയിലെ താണ നിലങ്ങൾ ചതുപ്പുകളായി മാറുന്നത് അസാധാരണമല്ല. ഈ രീതിയിലുള്ള നദീമുഖങ്ങളെ ഡെൽറ്റ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നു. ഡെൽറ്റകളുടെ സൃഷ്ടിയിൽ നിർണായക സ്വാധീനം ചെലുത്തുന്നത് രണ്ട് പ്രക്രമ(process)ങ്ങളാണ്. (i) പതനസ്ഥാനത്ത് കടൽത്തിരകളാലും വേലാപ്രവാഹ(tidal current)ങ്ങളാലും രോധിതമാകുന്നതോടെ ഒഴുക്കിന്റെ ശക്തി പാടെ നിലച്ചുപോവുന്നതിനാൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥശേഖരത്തെ അപ്പാടെ നിക്ഷേപിക്കുവാൻ നദി നിർബന്ധിതമാകുന്നു. (ii) നദീജലത്തിൽ കലങ്ങിയെത്തുന്ന സൂക്ഷ്മാകാരങ്ങളായ കളിമൺ കണങ്ങൾ ഉപ്പുവെള്ളവുമായി സമ്പർക്കമുണ്ടാവുന്നതോടെ കട്ടപിടിച്ച് അടിയുന്നു. വെള്ളത്തിൽ കലർന്നുവരുന്ന പരുക്കൻ ശിലാകണങ്ങൾ ചാലുകൾക്കിടയിലുള്ള തുരുത്തുകളുടെ ഓരങ്ങളിൽ നിക്ഷിപ്തമാവുന്നു.

**അഴിയും പൊഴിയും**

കടൽനിരപ്പ് പെട്ടെന്ന് ഉയരുന്നതുമൂലം ഡെൽറ്റയും നദീമുഖവും ഒന്നാകെ മുങ്ങിപ്പോയെന്നുവരാം. അവതലനവിധേയമായ ഭൂഭാഗം തീവ്രമായ അവശോഷണത്തിനു വിധേയമാകുന്നതുമൂലം നദീമുഖം ആഴമേറിയ ജലാശയമായി പരിണമിക്കുന്നു. വേലാപ്രവാഹങ്ങളുടെ സ്വാധീനംമൂലം ഈ ഭാഗത്ത് ലവണജലം നിറയുന്നു. നദീമുഖം വിസ്തൃതമാകുന്നതിന് ആനുപാതികമായി നദീപഥത്തിന്റെ ഉള്ളിലേക്ക് വേലിയേറ്റം അനുഭവപ്പെടുന്ന ദൂരത്തിൽ വർധനവുണ്ടാകുന്നു. കടലുമായി നിരന്തരം ബന്ധപ്പെട്ടുകിടക്കുന്ന ഈദൃശ നദീമുഖങ്ങളെ അഴി എന്നു വിശേഷിപ്പിക്കുന്നു.

അവതലനവിധേയമായ കരഭാഗം അധികം ആഴത്തിലല്ലാതെ ജലനിമഗ്നമായി അവശേഷിച്ചിട്ടുള്ള നദീമുഖങ്ങളും ഉണ്ട്. ഇവിടങ്ങളിൽ തിരമാലകളും വേലാതരംഗങ്ങളുംവഴി നിക്ഷിപ്തമാവുന്ന മണ്ണട്ടികൾ അട്ടിയിട്ടുയർന്ന് മണൽത്തിട്ടു(bars)കളായി മാറുന്നത് സാധാരണമാണ്. നദീമുഖ ജലാശയങ്ങൾ പാർശ്വികമായി വ്യാപ്തി വർധിപ്പിക്കുകയും നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവിൽ സാരമായ കുറവുണ്ടാവുകയും ചെയ്യുമ്പോൾ നദീമുഖം മണൽത്തിട്ടകളാൽ ബന്ധിക്കപ്പെടുന്നു. ഈ വിധത്തിൽ കടലുമായുള്ള സമ്പർക്കം ഋതുപരമായെങ്കിലും വിച്ഛേദിക്കപ്പെട്ടിട്ടുള്ള നദീമുഖങ്ങളെ പൊഴി എന്നു വിശേഷിപ്പിക്കുന്നു. (നോ: അഴിയും പൊഴിയും)

**നദീവ്യൂഹ പാറ്റേണുകൾ (River Patterns)**

ഭൗമോപരിതലത്തിലൂടെ ഒഴുകുന്ന ജലസഞ്ചയത്തിന് മൊത്തത്തിലുള്ള സംജ്ഞയാണ് അപവാഹം. മഴപെയ്ത് വീഴുന്ന ജലത്തിലെ ബാഷ്പീകരണത്തിനും അടിഞ്ഞുതാഴലിനും ശേഷമുള്ള ഭാഗമാണ് ഉപരിതലത്തിലൂടെ പ്രവഹിക്കുന്നത്. സ്വയം സൃഷ്ടിച്ച ചാലുകളിലൂടെ ഒഴുകിനീങ്ങുന്ന ഉപരിതല ജലധാരകളുടെ വികസിതവും പരിണതവുമായ പാറ്റേൺ ആണ് നദീവ്യൂഹം. ഒരു നദിയും അതിന്റെ ഉപനദികളും അവയിലേക്ക് ഒഴുകിവീഴുന്ന തോടുകളും നീർച്ചാലുകളുമൊക്കെ ചേർന്ന പ്രത്യേക ജലനിർഗമനവ്യവസ്ഥയാണ് അപവാഹക്രമം.സമീപവർത്തികളായ രണ്ട് നദീതാഴ്വരകൾക്കിടയ്ക്കുള്ള ഉയർന്ന ഭൂഭാഗത്തെ ദ്വിനദീമധ്യം (inter fluve) എന്നു വിളിക്കുന്നു. വ്യത്യസ്ത അപവാഹക്രമങ്ങൾക്ക് രൂപംനല്കത്തക്കവിധം അവയ്ക്ക് ഇടയ്ക്കായി സ്ഥിതിചെയ്യുന്ന ഉന്നത പ്രദേശത്തെയാണ് ജലവിഭാജകം എന്നു വിശേഷിപ്പിക്കുന്നത്. ഒരു നദിയുടെ നീളം, അതിലെ ജലപ്രവാഹത്തിന്റെ പരിമാണം, തടവിസ്തൃതി എന്നിവയിലോരോന്നും പ്രസ്തുത നദീവ്യൂഹത്തിന്റെ വലിപ്പം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. ഇവ ഓരോന്നും സ്വതന്ത്ര പ്രാചല(independent parameter)ങ്ങളാണ്. പ്രവഹിക്കുന്ന ജലത്തിന്റെ വാർഷികത്തോത് കണക്കാക്കുന്നതിനുള്ള പ്രാമാണിക സൂചകം (standard index) ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നത് നദീപഥത്തിലെ പ്രത്യേക സ്ഥാനങ്ങളിലൂടെ ഒരു സെക്കൻഡിൽ നിർഗമിക്കുന്ന ജലത്തിന്റെ വ്യാപ്തമാണ്. ഈ ജല വ്യാപ്തം അളക്കുന്നതിനുള്ള ഏകകം ഘ.മീ./സെക്കൻഡ് ആണ്. നദീതടത്തിലെ ഏകകക്ഷേത്ര(1 ച.കി.മീ.)ത്തിൽ നിന്ന് ആവാഹിക്കപ്പെടുന്ന നീരൊഴുക്കിന്റെ ശരാശരി അളവിനെ പ്രവാഹ ഏകകം (unit runoff) ആയി പരിഗണിക്കുന്നു.

ജലപ്രവാഹത്തിനും ഭൂരൂപത്തിനുമിടയ്ക്ക് അനുവർത്തകബന്ധം നിലനില്ക്കുന്നതായി സൂചിപ്പിച്ചത് പവ്വൽ ആയിരുന്നു. 'അപരദനചക്ര'ത്തിന്റെ ഉപജ്ഞാതാവായ ഡേവിസ് അപവാഹക്രമങ്ങൾക്ക് ജനിതക(genetic)വും പ്രസ്പഷ്ടവുമായ വർഗീകരണം നല്കി.

ഒരു നദീതടത്തിലെ നീർച്ചാലുകളെ കൂട്ടായി പരിഗണിക്കുമ്പോൾ അപവാഹക്രമത്തിന്റെ നിയതമായ ഒരു രൂപരേഖ ലഭിക്കുന്നു. പ്രസ്തുത ഭൂഭാഗത്തിന്റെ ചരിവുമാനം, ശിലാഘടന, ശിലാസവിശേഷതകൾ, വലനം, ഭ്രംശം, പ്രോത്ഥാനം (upheaval), അവതലനം (subsidence) തുടങ്ങിയ പ്രക്രിയകൾ ആദിയായവയെ പ്രതിഫലിപ്പിക്കുന്ന മാതൃക(pattern)കളെയാണ് നദീവ്യൂഹപാറ്റേൺ എന്ന സംജ്ഞയിലൂടെ വിവക്ഷിക്കുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഡെൻഡ്രിറ്റിക് (dendritic) പാറ്റേണുകളാണ്. ഇലകളിലെ സിരകളെപ്പോലെ പടർന്നുവ്യാപിച്ചിട്ടുള്ള നീർച്ചാലുകൾ പ്രധാന നദിയുമായി ന്യൂനകോണദിശകളിൽ ഒഴുകിച്ചേരുന്ന പാറ്റേണുകളാണ് ഇവ. വിരൂപണപ്രക്രിയകൾ ബാധിക്കാതെ, ഏകതാനമായ ശിലാസ്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന നീർച്ചാലുകളുടെ വ്യൂഹങ്ങളാണ് ഡെൻഡ്രിറ്റിക് പാറ്റേണുകൾ സൃഷ്ടിക്കുന്നത്. കാറ്റ്, ഹിമാനി എന്നിവ മൂലമുള്ള നിക്ഷേപണത്തിന്റെ ഫലമായി തലങ്ങും വിലങ്ങുമായി രൂപംകൊള്ളുന്ന ഉന്നത തടങ്ങൾക്കിടയിലൂടെയോ ഭ്രംശരേഖകളിലൂടെയോ ഒഴുകുന്ന നദികൾ പരസ്പരം സംയോജിച്ച് നദീവ്യൂഹമായി മാറുമ്പോൾ പ്രസ്തുത വ്യൂഹത്തിന് ജാലയുക്ത പാറ്റേൺ(Trellis pattern) കൈവരുന്നു. ഈദൃശ വ്യൂഹത്തിലെ നീർച്ചാലുകൾ പരസ്പരം സമാന്തരമായി ഒഴുകിയും ലംബികമായി ഖണ്ഡിച്ചും ഏതാണ്ട് കമ്പിവല പോലെയുള്ള അപവാഹമാതൃക സൃഷ്ടിച്ചിട്ടുണ്ടാകും; പ്രധാന നദിയുടെ പഥത്തിൽ ലംബികമായ വ്യതിയാനമുണ്ടായി കാണുന്നതും അസാധാരണമല്ല. ഭ്രംശരേഖകൾ, ശിലാസന്ധികൾ തുടങ്ങിയവയെ അവലംബിച്ചൊഴുകുന്ന നീർച്ചാലുകൾ സംയോജിച്ച് ദീർഘചതുരാകൃതിയിലുള്ള പാറ്റേണിന് (Rectangular pattern) രൂപം നല്കാം. കുംഭകാകാരത്തിലുള്ള ഉന്നതതടങ്ങളിൽനിന്നു പ്രഭവിക്കുന്ന നദികൾ നാനാദിശകളിലേക്കായി പിരിഞ്ഞൊഴുകുന്നതു സാധാരണമാണ് (ആരീയ അപവാഹം-radial pattern). നിമ്നതടങ്ങളിലേക്ക് ഒഴുകിക്കൂടുന്ന അഭികേന്ദ്രക (centrifugal) അപവാഹം മറ്റൊരു മാതൃകയാണ്. ഈ രണ്ടു ക്രമങ്ങളിലും നദികൾ പരസ്പരം സംയോജിച്ച് വ്യൂഹങ്ങൾ സൃഷ്ടിച്ചുകൊള്ളണമെന്നില്ല.

നദീവ്യൂഹത്തിന്റെ പാറ്റേണിനോടൊപ്പം അപവാഹത്തിന്റെ വിന്യാസക്രമം (texture), സാന്ദ്രത (density), ആവൃത്തി (frequency) എന്നിവയെക്കൂടി വിശ്ലേഷണവിധേയമാക്കുമ്പോൾ പ്രസ്തുത മേഖലയിലെ നീർച്ചാലുകളുടെ ബാഹുല്യം, ദൈർഘ്യമാനം, ആപേക്ഷിക ഇടയകലം തുടങ്ങിയവ നിർണയിക്കാനാവും.

**പുനർയുവത്വം പ്രാപിക്കൽ (Rejuvenation)**

ആർദ്രമേഖല(humid region)യിലുള്ള നദികൾ, നദീതാഴ്വരകൾ, അനുബന്ധസംരചനകൾ എന്നിവയെ ഉൾക്കൊള്ളുന്ന ഏത് അപവാഹവ്യവസ്ഥയും സാധാരണഗതിയിൽ യുവാവസ്ഥ, പ്രൗഢാവസ്ഥ, വൃദ്ധാവസ്ഥ എന്നിങ്ങനെ മൂന്നുഘട്ടങ്ങളെ തരണം ചെയ്ത് വികാസത്തിന്റെ പരിസമാപ്തി പ്രാപിക്കേണ്ടതുണ്ട്. ഈ മൂന്ന് ഘട്ടങ്ങളും നിർബാധമായി തരണം ചെയ്യുമ്പോഴാണ് നദി 'അപരദനചക്രം' പൂർത്തിയാക്കുന്നത്. അപരദനചക്രത്തിന്റെ തടസ്സം കൂടാതെയുള്ള പരിസമാപ്തിക്ക് വിവർത്തനിക പ്രക്രിയ(tectonic activity)കളുടെ പൂർണമായ അഭാവം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത് പ്രായേണ സംഭവ്യമല്ല. ഒരു അപരദനചക്രം പൂർത്തിയാവുന്നതിന് സാധാരണഗതിയിൽ നന്നേ നീണ്ട കാലയളവ് ആവശ്യമാണ്. ഈ കാലത്തിനിടയിൽ പ്രസ്തുത മേഖല പ്രോത്ഥാനം (upheaval), സംവലനം (warping) തുടങ്ങി അഗ്നിപർവത സ്ഫോടനം വരെയുള്ള വിവർത്തനിക (tectonic) പ്രക്രിയകൾക്ക് വിധേയമായേക്കാം. ഇതിന്റെ ഫലമായി പ്രൗഢാവസ്ഥയിലോ വൃദ്ധാവസ്ഥയിലോ എത്തിക്കഴിഞ്ഞ നദിക്കുപോലും ചാലുകളുടെ പുനഃസൃഷ്ടിയിൽ ഏർപ്പെടേണ്ടിവരും. ഉദാഹരണത്തിന് പ്രൗഢാവസ്ഥയിലെത്തിക്കഴിഞ്ഞ ഒരു നദിയുടെ തടം അപ്പാടെ പ്രോത്ഥാനവിധേയമാകുന്നുവെന്നിരിക്കട്ടെ. . പ്രസ്തുത മേഖലയുടെ പ്രതലപ്രകൃതിയിൽ സമൂലമായ മാറ്റമുണ്ടാകുന്നു. ഒപ്പംതന്നെ പുതിയ നിമ്നോന്നതി സിദ്ധിക്കുകയും ചെയ്യും. ഇതോടെ അപവാഹവ്യവസ്ഥ താറുമാറാവുന്നു. പ്രതലപ്രകൃതിയിൽ മാറ്റമുണ്ടാകുന്നതോടെ ജലധാരകളുടെ അപരദന പ്രവർത്തനം തീവ്രമാവുകയും ചാലുകളുടെ ആഴംകൂട്ടുന്ന പ്രക്രിയ സജീവമാവുകയും ചെയ്യുന്നു. ഉച്ചാവചത്തിലെ വ്യതിയാനംമൂലം നിലവിലുള്ള ചാലുകളുടെ വലിവുബലം വർധിക്കുന്നത് അവയിലെ ജലപ്രവാഹത്തിന്റെ വഹനക്ഷമത ഇരട്ടിപ്പിക്കും. ചുരുക്കത്തിൽ നദീവ്യൂഹത്തിന് വീണ്ടും യുവത്വം/യൗവനാവസ്ഥ കൈവരുന്നു. ഈ ദൃശ്യപ്രതിഭാസത്തിന് പുനർയുവത്വം പ്രാപിക്കൽ എന്നു പറയുന്നു. ഇതിനു വിധേയമായി യൗവനാവസ്ഥയിലേക്കു മടങ്ങുന്ന നദികൾ അപരദന ചക്രത്തിന്റെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാക്കുന്ന പ്രക്രമങ്ങളിൽ ഏർപ്പെടുന്നു.

**കേരളത്തിലെ നദികൾ**

കേരളത്തിൽ അനേകം പുഴകളുണ്ട്. അതിൽ 15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള പുഴയെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്. ഭാരതത്തിലെ മഹാനദികളുടെ പട്ടികയിലെ ഒന്നുപോലും കേരളത്തിൽ നിന്നില്ല. 2,000- 20,000 ച.കി.മീറ്ററുകൾക്കിടക്ക് നീർവാർച്ചാപ്രദേശം ഉള്ളവയാണ് ഇടത്തരം നദികൾ. ഇങ്ങനെ നോക്കുമ്പോൾ പെരിയാർ, ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവ ഇടത്തരം നദികളാണ്. 2,000 ച.കി.മീറ്ററിൽ കുറഞ്ഞ നീർവാർച്ചാപ്രദേശം ഉള്ളവയാണ് ചെറുനദികൾ. കേരളത്തിലെ 40 നദികൾ ഈ ഗണത്തിൽപ്പെടും. 16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ആകെ 44 നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടുമാണ് ഒഴുകുന്നത്. 100 കി.മീറ്ററിൽ കൂടുതൽ നീളമുള്ള 11 നദികളുണ്ട്.

**പടിഞ്ഞാറേക്ക് ഒഴുകുന്ന നദികൾ(വടക്കു നിന്നും ക്രമത്തിൽ)**

ബാഗ്ര മഞ്ചേശ്വരം പുഴ

ഉപ്പളപ്പുഴ

ഷിറിയപ്പുഴ

മൊഗ്രാൽ നദി

ചന്ദ്രഗിരിപ്പുഴ

ചിത്താരി പുഴ

നീലേശ്വരം പുഴ

കാര്യങ്കോടു പുഴ

വേരിപുഴ(കവ്വായി)

പെരുമ്പ നദി

രാമപുരം പുഴ

കുപ്പം പുഴ

വളപട്ടണം പുഴ

അഞ്ചരക്കണ്ടി പുഴ

തലശ്ശേരി പുഴ

മയ്യഴിപ്പുഴ

കുറ്റ്യാടി പുഴ

കോരപ്പുഴ

കല്ലായിപ്പുഴ

ചാലിയാർ

കടലുണ്ടിയാറ്

തിരൂർ പുഴ

ഭാരതപ്പുഴ

കേച്ചേരിപ്പുഴ

താണിക്കുടം പുഴ(പുഴയ്ക്കൽ പുഴ)

കരുവന്നൂർ പുഴ

ചാലക്കുടിപ്പുഴ

പെരിയാർ നദി

മൂവാറ്റുപുഴ (നദി)

മീനച്ചിലാർ

മണിമലയാർ

പമ്പാനദി

അച്ചൻകോവിലാർ

പള്ളീക്കല് നദി

കല്ലടയാർ

ഇത്തിക്കരയാർ

ആയിരൂർ നദി

വാമനപുരം നദി

മാമം പുഴ

കരമനയാർ

നെയ്യാർ

**കിഴക്കോട്ടൊഴുകുന്ന നദികൾ**

നദി നീളം കി.മീ.(കേരളത്തിൽ)

പാമ്പാർ

കബനീ നദി

ഭവാനീ നദി