നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്. "വെല്‍ഫെയര്‍ ഇക്കണോമിക്സ്, "സോഷ്യല്‍ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകള്‍ മാനിച്ചാണ് ഈ അംഗീകാരം (1998). 1933 ന. മൂന്നിന് അമര്‍ത്യസെന്‍ പശ്ചിമ ബംഗാളിലെ ശാന്തിനികേതനില്‍ ജനിച്ചു. അമര്‍ത്യ എന്നപേര് വിളിച്ചത് മഹാകവി രബീന്ദ്രനാഥ ടാഗോറായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ബി.എ. (1955) കഴിഞ്ഞ് ഇംഗ്ളണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജില്‍ നിന്നും എം.എ.യും, പിഎച്ച്.ഡി. (1959)യും നേടി തിരിച്ചെത്തിയ അമര്‍ത്യസെന്‍ ജാദവ്പൂര്‍ (1956-58) ഡല്‍ഹി (1963-71) ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് (1971-77) ഓക്സ്ഫോര്‍ഡ് (1977-88), ഹാര്‍വാഡ് (1988-98), ട്രിനിറ്റി കോളജ് (1998-2000) എന്നീ സര്‍വകലാശാല-പഠനകേന്ദ്രങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചശേഷം വീണ്ടും ഹാര്‍വാഡില്‍ തിരിച്ചെത്തി. ഹാര്‍വാഡില്‍ ഇക്കണോമിക്സിനും ഫിലോസഫിക്കും ഉള്ള ലാമോണ്ട് പ്രൊഫസറായും ട്രിനിറ്റി കോളജിലെ ഉന്നതനായ മാസ്റ്റര്‍ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചു.

സാമ്പത്തികശാസ്ത്രം, ഗണിതം, തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്രം, ധര്‍മശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സിദ്ധാന്തങ്ങള്‍, വിശകലനരീതികള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചട്ടക്കൂടാണ് അമര്‍ത്യസെന്നിന്റെ പഠനങ്ങളുടെ കാതല്‍. പഠനകാലത്തിന്റെ ആദ്യനാളുകളില്‍ തന്നെ വെല്‍ഫെയര്‍ ഇക്കണോമിക്സ് ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ "സാമൂഹ്യക്ഷേമം" എന്ന പ്രതിഭാസത്തെ സ്ഥൂലതലത്തിലല്ല, സൂക്ഷ്മതലത്തിലാണ് വിശകലനം ചെയ്യേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. പട്ടിണി, ദാരിദ്ര്യം, ക്ഷാമം തുടങ്ങിയ സാധാരണ മനുഷ്യന്റെ പ്രശ്നങ്ങളെ സാമ്പത്തിക ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവാക്കിയതില്‍ സെന്നിന് വലിയ പങ്കുണ്ട്. സന്തുഷ്ടി, തൃപ്തി, സുഖം, സന്തോഷം എന്നിവ ഒരു മാനസികാവസ്ഥയാണ്. പോഷകമൂല്യമുളള ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിക്കാനുള്ള തൊഴില്‍, സ്വാഭിമാനം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ വ്യക്തിക്ക് സന്തുഷ്ടി നല്കുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെന്‍ സൃഷ്ടിച്ച സാങ്കേതിക പദങ്ങള്‍ നിരവധിയാണ്. "വെല്‍ബീയിങ്", "ഫംക്ഷണിങ്", "കേപ്പബിലിറ്റീസ്", "ഡിപ്രിവേഷന്", "സോഷ്യല്‍ ചോയ്സ്", "സോഷ്യല്‍ എക്സ്ക്ളൂഷന്‍", "ഹ്യൂമന്‍ ഡെവലപ്മെന്റ്", "എന്‍ടൈറ്റില്‍മെന്റ്", "എംപവര്‍മെന്റ്" എന്നിവയാണവ.

കമ്പോളവ്യവസ്ഥയില്‍ വ്യക്തിഗത തീരുമാനം, സമൂഹത്തിന്റെ തീരുമാനം എന്നിവ പൊരുത്തപ്പെട്ടുപോകില്ല. ജനാധിപത്യസംസ്കാരം ഉള്‍ക്കൊള്ളുന്നതും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഒരു ഭരണകൂടത്തിന് ഇതിന്റെ പരിഹാരം കാണാന്‍ കഴിയും. ഇവിടെ രാഷ്ട്രതന്ത്രവും ധര്‍മശാസ്ത്രവും കടന്നുവരുന്നു. മേല്‍പ്പറഞ്ഞ രീതിയില്‍ ദാര്‍ശനികതയോടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് കുട്ടിക്കാലത്ത് അമര്‍ത്യസെന്‍ നേരില്‍ കാണാനിടയായ ബംഗാള്‍ ക്ഷാമം (1943) എന്ന വന്‍ദുരന്തമായിരുന്നു. രാജ്യത്ത് ആവശ്യത്തിന് ധാന്യശേഖരം ഉണ്ടായിട്ടും മാനുഷിക പ്രശ്നങ്ങളോട് നിസ്സംഗത കാട്ടിയ ബ്രിട്ടിഷ് ഭരണകൂടം അത് ബംഗാളില്‍ വിതരണത്തിന് എത്തിച്ചില്ല. "ദാരിദ്ര്യവും ക്ഷാമവും" കേന്ദ്രവിഷയമാക്കി സെന്‍ 1981-ല്‍ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തില്‍ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങള്‍, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാന്‍ സെന്‍ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുന്‍ഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മര്‍ദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാന്‍ സഹായിക്കുമെന്ന് സെന്‍ വിശ്വസിച്ചു.

സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തില്‍ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമര്‍ത്യസെന്‍ കേരള വികസന മാതൃകയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ കേരളം ഇതുവരെ നേടിയ "മാനവികവികസനം(human development)" സുസ്ഥിരമാക്കണമെങ്കില്‍ പ്രത്യുത്പാദനമേഖലകളില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഇദ്ദേഹം നിര്‍ദേശിച്ചു. കേരളം, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും സെന്‍ വിശകലനം ചെയ്തിട്ടുണ്ട്. യു.എന്‍.ഡി.പി.ക്ക് വേണ്ടി പാക്കിസ്താനിലെ മഹബുള്‍ ഉല് ഹക്കുമായി ചേര്‍ന്ന് "മാനുഷിക വികസനസൂചിക"നിര്‍മിക്കാനും സെന്‍ തയ്യാറായി. അണ്വായുധശേഷി നേടിയിട്ടും സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീ-പുരുഷസമത്വം, എന്നിവയുടെ കാര്യത്തില്‍ ഇപ്പോഴും ഇന്ത്യ പിന്നോക്കം നില്‍ക്കാനുള്ള പ്രധാന കാരണം ഭരണത്തില്‍ വന്ന വീഴ്ചയാണ്. ഉദാരവല്ക്കരണത്തിന്റേയും ആഗോളവല്ക്കരണത്തിന്റേയും പ്രയോജനങ്ങള്‍ സ്വീകരിക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ ജനവിരുദ്ധമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വേണ്ട സാമൂഹ്യസുരക്ഷാവലയം സൃഷ്ടിക്കുന്നതിനു കഴിവുള്ള ഒരു ജനാധിപത്യഭരണക്രമമാണ് ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്ന് സെന്‍ പറയുന്നു. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഇവിടെ കൂടുതല്‍ ലഭ്യമായ തൊഴില്‍ ശക്തിസാന്ദ്രമായ വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന് സെന്‍ വാദിച്ചിരുന്നു. വികസനത്തിന് "മാനുഷിക മുഖം"ഉണ്ടാകണമെന്നും ഇദ്ദേഹം ശഠിച്ചു.

തന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങളില്‍ ഒരേസമയം സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം, ധര്‍മശാസ്ത്രം, തത്ത്വശാസ്ത്രം, ജനസംഖ്യാപഠനം, താരതമ്യവികസനപഠനം എന്നീ വിവിധമേഖലകളെ സമന്വയിപ്പിക്കാന്‍ അമര്‍ത്യസെന്നിനുള്ള കഴിവ് പ്രശംസനീയമാണ്.

കളക്റ്റീവ് ചോയ്സ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ (1970); ഓണ്‍ ഇക്കണോമിക്ക് ഇനീക്വാലിറ്റി (1973); പൊവര്‍ട്ടി ആന്‍ഡ് ഫാമിന്‍സ്: ആന്‍ എസ്സേ ഓണ്‍ എന്‍ടൈട്ടില്‍മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍ (1981); ചോയിസ് വെല്‍ഫെയര്‍ ആന്‍ഡ് മെഷര്‍മെന്റ് (1982); റിസോഴ്സസ് വാല്യൂസ് ആന്‍ഡ് ഡെവലപ്പ്മെന്റ് (1984); കൊമ്മോഡിറ്റീസ് ആന്‍ഡ് കേപ്പബലിറ്റീസ് (1985); ഓണ്‍ എത്തിക്സ് ആന്‍ഡ് ഇക്കണോമിക്സ് (1987) ദി സ്റ്റാന്‍ഡാര്‍ഡ് ഒഫ് ലീവിങ് (1987); ഇനീക്വാലിറ്റി റീ എക്സാമിന്‍ഡ് (1992) എന്നിവയാണ് അമര്‍ത്യസെന്നിന്റെ വിഖ്യാതകൃതികള്‍. ഡല്‍ഹി സര്‍വകലാശാലയിലെ ജീന്‍ ഴാങ്ദ്രസുമായി ചേര്‍ന്ന് രചിച്ച ഇന്ത്യാ: ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഓപ്പര്‍ച്ച്യൂണിറ്റി (1995)എന്ന കൃതിയും ശ്രദ്ധേയമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ശക്തമായ പുരോഗമന പ്രസ്ഥാനങ്ങളും ഉള്ള സമൂഹത്തില്‍ മാത്രമേ ആഗോളവത്കരണവും ഉദാരവത്കരണവും വിജയിക്കുകയുള്ളുവെന്ന് ഈ കൃതിയില്‍ സെന്‍ സ്ഥാപിക്കുന്നു.

കടപ്പാട് : സര്‍വ്വ വിജ്ഞാനകോശം