ഉഴുതുമറിച്ച്, വിതച്ച്, കൊയ്ത്, അരിയാക്കിത്തരാന്‍ 'മണ്ണിര'. മണ്ണിര- നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കാര്ഷികയന്ത്രത്തിന്റെ പേരാണിത്. വയലിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റ യന്ത്രം മതിയെന്നതാണ് 'മണ്ണിര'യുടെ പ്രത്യേകത. കണ്ണൂര്‍ ശിവപുരത്തെ സെയ്ന്റ് തോമസ് എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം വിദ്യാര്‍ഥികളാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. കാര്‍ഷികമേഖലയില്‍ യന്ത്രങ്ങളിറങ്ങാന് തുടങ്ങിയിട്ട് നാളേറെയായി. നിലമൊരുക്കാനും ഞാറു നടാനും കൊയ്യാനുമെല്ലാം യന്ത്രങ്ങളുണ്ട്. പക്ഷേ, ഓരോന്നിനും ഓരോ യന്ത്രമാണ്. ഇവയെ ഒറ്റ യന്ത്രമാക്കാനാകുമോയെന്ന ചിന്തയാണ് 'മണ്ണിര'യുടെ പിറവിയിലെത്തിച്ചത്. പി.എസ്.അഭിഷയ്, എന്‍.ലിപിന്‍, എന്‍.റിജുല്‍, കെ.അക്ഷയ് എന്നിവരാണീ കണ്ടുപിടിത്തത്തിനു പിന്നില്‍. ഉഴുത്, വിതച്ച്, കളപറിച്ച്, വെള്ളം നല്കി, കൊയ്ത്, കുത്തി, ഉമികളഞ്ഞ് അരിയാക്കിമാറ്റുന്നതുവരെയുള്ള എല്ലാ പണികളും 'മണ്ണിര' ചെയ്യും. ഇത്തരമൊരു യന്ത്രം ഇതുവരെ കാര്‍ഷികമേഖലയില്‍ ഇറങ്ങിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ അവകാശവാദം. ഈ പേരിട്ടതും ഇവര്‍തന്നെ. കാര്‍ഷികമേഖലയിലുള്ള ഓരോ യന്ത്രത്തിനും ശരാശരി ഒന്നരലക്ഷം രൂപ വിലവരുന്നുണ്ട്. അതിനാല്‍ എല്ലാ പണികളും ഒറ്റയന്ത്രത്തിലാക്കാനായാല് ചെലവ് കുറയ്ക്കാനാകും. അവസാനവര്‍ഷ പ്രോജക്ട് എന്ന നിലയിലാണ് ആദ്യം ഇത്തരമൊരാശയം കൊണ്ടുവന്നത്. പിന്നീട് ഇതിനെ പ്രായോഗികതലത്തിലെത്തിക്കാനുള്ള ശ്രമമായി. ഒരുമാസംകൊണ്ട് യന്ത്രത്തിന്റെ മാതൃകയുണ്ടാക്കി. കൂട്ടത്തിലുള്ള ലിപിന്‍ വര്‍ക്ക്ഷോപ്പുണ്ട്. ക്ലാസുകഴിഞ്ഞ് നാലുപേരും ഇവിടെ ഒത്തുചേര്‍ന്നാണ് പണി ചെയ്തത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഈ കണ്ടുപിടിത്തം പരിശോധിക്കുന്നുണ്ട്. ആള്ത്തുളയില്നിന്ന് മാലിന്യം വാരുന്ന യന്ത്രമനുഷ്യന് 'ബന്‍ഡിക്കൂട്ടി'നെ ഇറക്കിയത് സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെയാണ്. ഇത് തുണയാകുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. യന്ത്രത്തിന്റെ പേറ്റന്റിന് അപേക്ഷനല്കിയിട്ടുണ്ട്. കമ്പനി രൂപവത്കരിക്കും ഒരേക്കറില്‍ കൃഷി ചെയ്യാന്‍ വേണ്ടിവരുന്ന ചെലവ് നിലവിലുള്ളതിന്റെ അഞ്ചിലൊന്നായി കുറയ്ക്കാന്‍ 'മണ്ണിര'യ്ക്ക് കഴിയുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൃഷി നഷ്ടമാകുന്ന കാലത്ത് കര്‍ഷകര്‍ക്ക് ഇത്രയേറെ ആശ്വാസമാകുന്ന മറ്റൊരു കണ്ടെത്തലുണ്ടാകില്ല. ഒരുമിച്ചിരുന്ന് പങ്കുവെച്ച ആശയത്തിന്റെ സാക്ഷാത്കാരമാണിത്. പരീക്ഷപോലും പരിഗണിക്കാതെയാണ് ഞങ്ങള്‍ ഇതിനുവേണ്ടി കഷ്ടപ്പെട്ടത്. ഇനി ഒരു കമ്പനി രൂപവത്കരിക്കണം -അവര്‍ പറഞ്ഞു. കടപ്പാട് :ആര്യ ഉണ്ണി