പണ്ടൊക്കെ കൃഷിയിടത്തിലെ താരമായിരുന്നു പടവലം നീണ്ടുനീണ്ട് നിലംകുഴിച്ചുപോവുന്നതരം പടവലയിനങ്ങൾ പച്ചക്കറി കൃഷിക്കാരുടെ അഭിമാനമായിരുന്നു. അവയിൽ ചിലതെല്ലാം ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും പല നാടൻവിത്തുകളും നമുക്ക് കൈമോശം വന്നിരിക്കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന പല വിത്തുകളും നന്നായി സംരക്ഷിക്കുന്ന കർഷകരാകട്ടെ അതിന്റെ പ്രചാരത്തിന് വേണ്ടത്ര പ്രവർത്തിച്ചുവരുന്നതായിക്കാണുന്നുമില്ല. എന്തായാലും ഹൃദ്യമായ മണമുള്ള ഔഷധഗുണമുള്ള നമ്മൾ നിത്യം ഭക്ഷണത്തിൽ പണ്ടുമുതലേ ഉൾപ്പെടുത്തിവരുന്ന ഈ പച്ചക്കറിയുടെ അപൂർവനാടൻ ഇനങ്ങൾ അന്യംനിൽക്കാൻ അനുവദിച്ചുകൂടാ.

പടവലം

നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വർഗം സസ്യമാണ് പടവലം. തനിഭാരതീയനാണ് പടവലം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്. സാധാരണയായി രണ്ടുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും കാട്ടുപടവലമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് പടവലം. ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം. കാട്ടുപടവലത്തിന്റെ ശാസ്ത്രനാമം ട്രിക്കോ സാന്തെസ് ഡോയിക്ടയെന്നാണ്. ഹിന്ദിയിൽ പരവൽ, തമിഴിൽ പേപ്പൂടാൻ, സംസ്കൃതത്തിൽ പടോല, രാജിഫല എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.

ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിവളർത്തിക്കൊണ്ടുവരേണ്ട ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾകുലകളായും പെൺപ്പൂക്കൾ ഒറ്റയ്ക്കുമാണുണ്ടാവുക.

കൃഷിരീതി

സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ പടവലം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമിറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.

വിത്തുകൾ

കൂമുദി, മനുശ്രീ, ബേബി. ടി.എ.-19, എന്നിവയാണ് മികച്ച പടവലം ഇനങ്ങൾ നീളംകൂടിയ നാടൻ പടവലം നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.

തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

പന്തൽപ്രധാനം

പന്തലാണ് പടവലം കൃഷിയിൽ പ്രധാനം പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ പടവലംമൊത്തം കാ്യ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പന്തലിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ പടവലപ്പന്തലിൽ നിറച്ചും കായപിടുത്തമുണ്ടാവൂ.

രോഗങ്ങളും കീടങ്ങളും

സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങളൾ തന്നെയാണ് പടവലത്തിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് പടവലത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. വേരുചീയൽ രോഗം, മൊസൈക്ക്രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ.

കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പേളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

എപ്പിലാക്സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് പടവലത്തെബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തേട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.

ഔഷധഗുണങ്ങൾ

ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. കാട്ടുപടവലം ആയുർവേദത്തിൽ വിരശല്യത്തിന്റെ പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങളക്കും ഔഷധമാണ. വയറിളക്കം മാറാനും ലൈംഗിക ചർമ്മരോഗമായ സിഫിലിസിനും (ഉഷ്ണപ്പുണ്ണ്്്) ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു.

കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫേസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ പടവലത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും പടവലത്തിൽ അടങ്ങിയിരിക്കുന്നു. നികോട്ടിനിക് അമ്ലം, ഓക്സാലിക് അമ്ലംഎന്നിവയും പടവലത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക്് വീട്ടിൽ വളർത്താം.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com

9995873877