തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോൺക്രീറ്റ് മേൽക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം.

കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാൻ ടെറസ്സിന്റെ വശങ്ങളിൽ ഉയർത്തിക്കെട്ടിയ ഇഷ്ടികമതിലിന് (parapet) അരമീറ്റർ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികൾ പടരാനുള്ള കമ്പുകൾ തുടങ്ങിയവ മേൽത്തട്ടിൽ എത്തിക്കാൻ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം.

പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോൾ വീട്ടിലെ ജലസംഭരണി (water tank)ടെറസ്സിന്റെ തലത്തിൽനിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ സ്ഥാപിക്കാൻ ശ്രദ്ധിക്കണം.

ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതിൽ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കിൽ തുള്ളിനന (drip rrigation) തുടങ്ങിയ രീതികൾ ഏർപ്പെടുത്താവുന്നതാണു്.

*എന്നിരുന്നാലും, ആണ്ടു മുഴുവൻ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനൽ മൂക്കുമ്പോൾ കുടിക്കാൻ പോലും വെള്ളം തികയാത്ത പ്രദേശങ്ങളിൽ ഇക്കാര്യം മുമ്പേ പരിഗണിക്കണം.*

ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരണപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.