വിത്ത് നടുമ്പോള്‍ സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ കൃത്യമായി പ്രയോഗിച്ചാല്‍ വിളയുടെ വളര്‍ച്ച വേഗത്തിലാക്കാം. ചെടികള്‍ നശിച്ചു പോകുന്നതില്‍ നിന്നു സംരക്ഷിക്കാനും ഇതു സഹായിക്കും. ചട്ടിയിലോ പ്രോ ട്രേകളിലൊ പാകുന്ന വിത്തുകള്‍ നനച്ച ശേഷം ന്യൂസ് പേപ്പര്‍ / പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി മൂന്നു ദിവസം വച്ച ശേഷം കവര്‍ മാറ്റിയാല്‍ വേഗം മുളക്കും. വിത്തുകള്‍ 50-60 ഡിഗ്രി സെന്റി ഗ്രഡ് ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് മുക്കിയ ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടാല്‍ വിത്ത് വേഗം മുളക്കാനും വിത്തിലെ വൈറസിനെ നശിപ്പിക്കാനും സഹായിക്കും.( നിശ്ചിത അളവ് വെള്ളം തിളക്കുമ്പോള്‍ തുല്യ അളവ് പച്ച വെളളം ചേര്‍ത്താല്‍ 50-60 ഡിഗ്രി സെന്റി ഗ്രേഡ് ആകും). ഒരു കിലോ വിത്ത് ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ 5-10 ഗ്രാം ഉപ്പ് ചേര്‍ത്തിളക്കി അതില്‍ വിത്തിട്ട് നല്ലപോലെ വട്ടം കറങ്ങുന്ന രീതിയില്‍ വലത്തോട്ട് ഇളക്കി അടിയാന് വച്ചാല്‍ നല്ല വിത്തുകള്‍ പാത്രത്തില്‍ താഴും. നെല്ല് വിത്തിനായി എടുക്കുമ്പോഴും സൂക്ഷിക്കണം. വരമ്പില്‍ നിന്നും മൂന്നു മീറ്റര്‍ വിട്ടുള്ള നെല്ല് വിത്തിനായി കൊയ്തെടുക്കുക. അന്നു തന്നെ ഒന്നോ-രണ്ടോ തല്ലിന് പൊഴിയുന്ന മണികള്‍ മാത്രം ശേഖരിച്ച് ഉണക്കുക. വിത്ത്/തൈകള്‍ നടുമ്പോള്‍ കുഴിയില്‍ (തടത്തില്‍) ഒരു പിടി ഫോസ്ഫറസ് അടങ്ങിയവളം (റോക് ഫോസ് / എല്ലുപൊടി ) ചേര്‍ത്താല്‍ നല്ല വേരുണ്ടാകും, കരുത്തോടെ വളരും.