പനിക്കൂര്‍ക്ക

പനിക്കൂര്‍ക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനേറെ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്ക് പോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂര്‍ക്ക. രൂപഭാവത്തില്‍ കൂര്‍ക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്റെ ചുവട്ടില്‍ കിഴങ്ങുകള്‍ ഉണ്ടാകില്ല. പക്ഷെ ഇലകള്‍ സുഗന്ധപൂരിതമായ ബാഷ്പശീല തൈലങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. മുന്‍കാലങ്ങളില്‍ പനിക്കൂര്‍ക്കയുടെ ഒരു തൈ എങ്കിലും വീട്ടുപരിസരങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ ഇന്ന് ഇതിനെ കുറിച്ച് അറിയാവുന്നവര്‍ തന്നെ വിരളമായിരിക്കുന്നു.

നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും നന്നായി വളരുമെന്നതിനാല്‍ ഗൃഹപരിസരങ്ങളിലോ മണ്‍ചട്ടികളിലോ മണ്ണ് നിറച്ച ചാക്കുകളിലോ പനിക്കൂര്‍ക്ക വളര്‍ത്താം. ജലസേചനം വളരെ പരിമിതമായ തോതില്‍ മതിയാകും. വേരോട് കൂടിയ തണ്ടുകളോ ഇളം തളിര്പ്പോട് കൂടിയ തണ്ടോ നടാന്‍ ഉപയോഗിക്കാം. പനിക്കൂര്‍ക്ക നട്ട് വേര് വന്ന് തുടങ്ങിയ ശേഷം അല്പകാലത്തിനുള്ളില് തന്നെ ഇലകള്‍ ആവശ്യത്തിന് ശേഖരിച്ചുതുടങ്ങാം. മാംസളമായ ഇതിന്റെ ഇലകള്‍ ചെറുപ്രായത്തിലുള്ള കുട്ടികള്‍ക്ക് പല അസുഖങ്ങള്‍ക്കും ഫലപ്രദവും സുഖകരവുമായ ഒരു ഒറ്റമൂലിയാണ്. ഇത് കൂടാതെ പ്രാണികളെയും ജീവികളെയും മറ്റു പരാദജീവികളെയും അകറ്റാന്‍ കഴിവുള്ള ഒരു ചെടിയായതിനാല്‍ ഉദ്യാനത്തിലും വീട്ടു പരിസരങ്ങളിലേയും ഒരു ഒൌഷധസസ്യം കൂടിയാണിത്.

ഔഷധ ഉപയോഗങ്ങള്‍

ഇലയുടെ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളുടെ ചുമ മാറും.

ഇലയുടെ നീര് കാച്ചി എണ്ണ തേച്ചാല്‍ ജലദോഷം ശമിക്കും.

തൊണ്ടവേദനക്ക് പനിക്കൂര്‍ക്കയില ഇട്ട് തിളപ്പിച്ച വെള്ളം ആവികൊള്ളുക.

പനിക്കൂര്‍ക്കയില നിഴലിലുണക്കി പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷം മാറും.

പനിക്കൂര്‍ക്കയില നീര് ദിവസവും കഴിച്ചാല്‍ പ്രതിരോധശക്തി വര്‍ദ്ധിക്കും.

പനിക്കൂര്‍ക്ക വേര് കഷായം വച്ച് കുടിക്കുന്നത് ഹൃദയത്തിന് ബലം നല്‍കും.

ഇലവാട്ടി നെറുകയില്‍ വച്ചാല്കുട്ടികളുടെ ജലദോഷം മാറും.

പനിക്കൂര്‍ക്കയുടെ ഇല അരച്ച് ഗോതമ്പ് മാവോ ഉഴുന്ന് മാവോ ചേര്‍ത്ത് വട ഉണ്ടാക്കി കഴിച്ചാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് നല്ലതാണ്.

പനിക്കൂര്‍ക്ക ഇലയും ഗ്രാമ്പൂവും ജാതിക്കയും ഇട്ടവെള്ളം കുടിക്കുന്നത് കോളറക്ക് ഫലപ്രദമാണ്.

ഇലയുടെ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ കുട്ടികള്‍ക്ക് ജലദോഷം വരില്ല.

പനിക്കൂര്‍ക്കയില അരച്ച് പാല്ക്കഞ്ഞിയില് ചേര്‍ത്ത് മുലയൂട്ടുന്ന അമ്മമാര്‍ കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ജലദോഷം ഉണ്ടാകുകയില്ല.