ആമുഖം വേദങ്ങളിലും പുരാണങ്ങളിലും നിറഞ്ഞു നില്ക്കുന്ന ഒരു പുണ്യ സസ്യമായ തുളസിയെ ഭാരതീയര്‍ അതിപുരാതന കാലം മുതല്‍ക്ക് തന്നെ ആരാധിച്ചു പോന്നിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഗൃഹാങ്കണത്തിലെ തുളസി തറയില്‍ ദീപം തെളിയിച്ച് ഐശ്വര്യപൂര്ണ്ണമാക്കിയിരുന്നു. ഹൈന്ദവ സംസ്ക്കാരം വിശ്വാസത്തിലും ജീവിതത്തിലും ഇത് പോലെ ഉള്‍ക്കൊണ്ടിട്ടുള്ള സസ്യം വേറൊന്നില്ല. ഭൂമിയുടെ കവചമായ ഓസോണ്‍ വാതകത്തെ ഉത്പാദിപ്പിക്കുകയും അതിനോടൊപ്പം തന്നെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ചെയ്യാനുള്ള തുളസിയുടെ കഴിവ് ഭാരതീയര്‍ ആധുനിക ശാസ്ത്രത്തിന് മുമ്പേ കണ്ടെത്തിയിട്ടുണ്ടാകണം. ഗുണത്തിലും തരത്തിലും ഏഴു തരം തുളസികള്‍ ഉണ്ടെങ്കിലും കൃഷ്ണതുളസിക്കും രാമതുളസിക്കും ആണ് പ്രാധാന്യം കൂടുതല്‍. ഔഷധ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പുറമേ നല്ലൊരു കീടനാശിനി കൂടിയായി അറിയപ്പെടുന്ന തുളസി ഇന്ന് പല വീട്ടുമുറ്റങ്ങളില്‍ നിന്നും അപ്രത്യക്ഷമായ അവസ്ഥയിലാണ്. സുഗന്ധപൂരിതമായ ഇലകളോടും അടുക്കുകളായി കാണുന്ന പുഷ്പമഞ്ചരിയോടും കൂടിയ കുറ്റി ചെടിയായ തുളസി അല്പം വെയില് ലഭിച്ചാല്‍ കേരളത്തിന്റെ കാലാവസ്ഥയില്‍ ഏതു തരത്തിലുള്ള മണ്ണിലും വളരും. വിശ്വാസപരമായി വീടിന്റെ മുന്വശതാണ് തുളസിയുടെ സ്ഥാനമെങ്കിലും സ്ഥല ലഭ്യതക്ക് അനുസരിച്ച് മലിനജലം ഇല്ലാത്തിടങ്ങളില്‍ എല്ലാം തുളസി വളര്‍ത്താം. അത് പോലെ തന്നെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും വളര്‍ത്തിയെടുക്കാവുന്നതാണ്. ഒരു പുഷ്പമഞ്ചരിയില് ധാരാളം വിത്തുകള്‍ ഉണ്ടാകും. വിത്തുകള്‍ ചെറുതാണ്. മൂപ്പെത്തിയ വിത്തുകള്‍ നിലത്തു വീണ് ജലലഭ്യതക്ക് അനുസരിച്ച് മുളച്ച് വരും. ഇവ പറിച്ചെടുത്ത് സൗകര്യത്തിനു അനുസരിച്ച് നടാം. ഇവ വളര്‍ന്നു വരുന്നതിന് അനുസരിച്ച് ഇലകള്‍ എറുത്തെടുക്കാം. തുളസിക്ക് അണുനാശന സ്വഭാവവും കീടനാശിനി സ്വഭാവവും ഉള്ളതിനാല്‍ ഉദ്യാനങ്ങളിലും വീട്ടുപരിസരങ്ങളിലും കൃഷിയിടങ്ങളിലും നട്ട് വളര്‍ത്തുന്നത് ഉത്തമം ആണ്. ഔഷധ കൂട്ടുകളില്‍ ഉപയോഗിക്കുന്നതിന് പുറമേ ഒട്ടുമിക്ക ജൈവ കീടനാശിനികളിലും തുളസി ചേരുന്നുണ്ട്. ഔഷധ ഉപയോഗങ്ങള്‍ തുളസി നീരും ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളുടെ വയറു വേദന മാറും. ചിക്കന്‍പോക്സ് വന്നാല്‍ തുളസിയില നീര് 10 മില്ലിയും അത്രയും തേന്‍ ചേര്‍ത്ത് ദിവസവും 3 നേരം ഉപയോഗിച്ചാല്‍ പനിയും ചുമയും ശമിക്കും. വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപൂവ്, മഞ്ഞള്‍, തഴുതാമ ഇവ സമം എടുത്തു അരച്ച് മുറിവായില്‍ പുരട്ടുകയും അത്ര തന്നെ അരച്ച് 6 ഗ്രാം വീതം ദിവസം 3 നേരം കഴിക്കുകയും ചെയ്യുക. തുളസിയില തനിയെ അരച്ച് പുരട്ടുന്നതും നല്ലതാണ്. മഞ്ഞപിത്തം, മലേറിയ, വയറു കടി എന്നീ അസുഖങ്ങളുടെ ശമനത്തിന് തുളസിയില നീര് ഓരോ ടേബിള്‍സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പതിവായി കഴിക്കുക. തുളസിയില തണലില്‍ ഇട്ട് ഉണക്കി പൊടിച്ചു നാസികാ ചൂര്‍ണ്ണം ആയി ഉപയോഗിച്ചാല്‍ മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ശമിക്കും. തുളസി നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് അരച്ച് സേവിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷത്തിന് നല്ലതാണ്. ഉറങ്ങുമ്പോള്‍ തലയിണക്ക് അരികെ തുളസിയിലകള്‍ ഇട്ടാല്‍ പേന്‍ പോകും. തുളസിയില മുടിയില്‍ തിരുകിയാലും മതി. കഫം ചുമച്ചു തുപ്പി പോകാന്‍ തേന്‍, ഇഞ്ചിനീര്, ഉള്ളിനീര്, തുളസിയിലനീര് ഇവ സമം ചേര്‍ത്ത് കഴിച്ചാല്‍ മതി. തുളസി കതിരും കുരുമുളകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മുറുക്കി തേച്ചാല്‍ നീരിറക്കം, തലവേദന എന്നിവ മാറും. കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നീ രോഗങ്ങളില്‍ തുളസിനീരു കണ്ണില്‍ ഒഴിക്കുക. ചെങ്കണ്ണിനും തുളസിനീര് ഫലപ്രദമാണ്. കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്