അശോകം

സര്‍വ്വതാ ശ്രേഷ്ഠവും മനോഹരവുമായ തളിരിലകളാലും പൂക്കളാലും വര്‍ണ്ണാലംകൃതമായ അശോകം ആരുടേയും മനംകുളിര്പ്പിക്കുന്നത് കൊണ്ടാകണം ആയുര്വേദാചാര്യന്മാര് ശോകമകറ്റുന്ന വൃക്ഷമായി അശോകത്തെ കരുതിയിരുന്നത്. കാമദേവന് തന്റെ പഞ്ചാസ്ത്രങ്ങളില് ഒന്നായി അശോക പുഷ്പത്തെ തിരഞ്ഞെടുത്തതും രാവണന് സീതാദേവിയെ അശോകവനത്തില്‍ കൊണ്ടിരുത്തിയതും അശോകപുഷ്പത്തിന്റെ മനോഹാരിത കണ്ട് കൊണ്ടാകണം.

ഈ ചെറുവൃക്ഷത്തിന് കേരളത്തിന്റെ മണ്ണും കാലാവസ്ഥയും വളരെ അനുയോജ്യമാണ്. ജൈവാംശവും നീര്‍വാര്‍ച്ച ഉള്ളതുമായ ഏത് മണ്ണിലും അശോകം നന്നായി വളരും. ഔഷധ സസ്യം എന്നതിലുപരി അലങ്കാര വൃക്ഷമായും തണല്‍ വൃക്ഷമായും വീട്ടുമുറ്റത്ത് വളര്‍ത്താന്‍ അനുയോജ്യമായ സസ്യമാണ് അശോകം. വിത്തുകള്‍ മുളപ്പിച്ചോ തണ്ടുകളില്‍ പതി വച്ചോ തൈകള്‍ ഉണ്ടാക്കാം. ഫെബ്രുവരി – ഏപ്രില്‍ വരെയുള്ള സമയമാണ് പൂക്കാലം. പൂത്ത് ഏകദേശം രണ്ട് മാസം ആകുമ്പോഴേക്കും കായ്കള്‍ മൂപ്പെത്തും. മൂപ്പെത്തിയ കായ്കളില്‍ നിന്ന് വിത്തുകള്‍ ശേഖരിച്ച് അധികം താമസിയാതെ തന്നെ മുളപ്പിചെടുക്കണം. ഏകദേശം ഒന്നരയടി സമച്ചതുരത്തിലും അത്ര തന്നെ ആഴത്തിലും ഉള്ള കുഴികളുണ്ടാക്കി അതില്‍ മേല്‍മണ്ണ് , ജൈവ വളവും നിറച്ച് അതിന് മുകളിലായി തൈകള്‍ നടാം. ജലസേചനം നല്കിയാല് തൈകള്‍ മൂന്നുവര്‍ഷം പ്രായമാകുമ്പോഴേക്കും നിറയെ ഇലകളുമായി പൂത്തു തുടങ്ങും. പൂക്കള്‍ പച്ചയ്ക്കോ ഉണക്കിയോ ഉപയോഗിക്കാം. തൊലി ശേഖരിക്കുമ്പോള്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായവയാകണം. വളരെ മിതമായ തോതില്‍ പാര്‍ശ്വങ്ങളില്‍ നിന്നും ആവശ്യത്തിനുള്ള തൊലി ഇളക്കിയെടുക്കാം.

ഔഷധ ഉപയോഗങ്ങള്‍

സ്ത്രീകളിലെ അത്യാര്ത്തവത്തില് (അധികമായ രക്തം പോക്ക്) പ്രധാനപ്പെട്ട ഔഷധ പ്രയോഗമാണ് അശോകതൊലി ചേര്‍ത്ത പാല് കഷായം, തൊലി കഴുകിയെടുത്ത് 8 ഇരട്ടി പാലും 4 ഇരട്ടി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ച് പാലിന്റെ അളവിലാക്കി പിഴിഞ്ഞെടുത്ത് ദിവസവും 2 നേരം കഴിക്കുക.

ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് അശോകതൊലി ചതച്ച് കഷായം വച്ച് കഴിക്കാം.

വായില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ മാറുന്നതിനു അശോകതൊലി കഷായം വച്ച് കവിള് കൊള്ളുക.

പുളിച്ച് തികട്ടല്‍, ദഹന കുറവ് , എന്നീ അസുഖങ്ങള്‍ക്ക് അശോക തൊലി കഷായം വച്ച് കഴിക്കുക.

അശോക തൊലി കഴുകി ഉണക്കി ശീലപൊടിയാക്കി ദിവസവും 1 ടീ സ്പൂണ്‍ വീതം ചായയിലോ കാപ്പിയിലോ പാലിലോ ചേര്‍ത്ത് കഴിക്കുക. ഇത് ശരീര സൗന്ദര്യം വര്‍ദ്ധിക്കുന്നതിനു സഹായകരമാണ്.

അശോക തൊലിയുടെ ചൂര്‍ണ്ണം വെള്ളത്തില്‍ കലര്‍ത്തി കല്കണ്ടം ചേര്‍ത്ത് ശീതള പാനീയമായും ഉപയോഗിക്കാം.

ത്വക്കിലെ നിറവ്യത്യാസങ്ങള്‍ക്കും വ്രണങ്ങള്‍ക്കും അശോകതൊലി വെള്ളത്തില്‍ അരച്ച് പുരട്ടാവുന്നതാണ്.

അശോകത്തിന്റെ തൊലി കഷായം വച്ച് അരിച്ചെടുത്ത് തണുത്ത ശേഷം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ് മാറും.

പഴുതാര, തേള് തുടങ്ങിയവയില്‍ നിന്നുള്ള വിഷബാധ മൂലമുണ്ടാകുന്ന നീരും വേദനയും ചൊറിച്ചിലും ശമിക്കുന്നതിന് അശോകപട്ട അരച്ച് ലേപനം ചെയ്യുന്നത് നല്ലതാണ്.

അശോകത്തിന്റെ പൂവ് ഉണക്കി പൊടിച്ച് കല്ക്കമാക്കി വെളിച്ചെണ്ണ കാച്ചി പുരട്ടുന്നത് കുട്ടികളിലെ ത്വക്ക് രോഗങ്ങള്‍ക്ക് നല്ലതാണ്.

അശോക പൂവും പഞ്ചസാരയും സമം ചേര്‍ത്ത് ഭരണിയിലാക്കി കെട്ടിവച്ച് 45 ദിവസത്തിന് ശേഷം പിഴിഞ്ഞ് അരിച്ചെടുത്ത് 2 ടീസ്പൂണ്‍ വീതം ദിവസവും കഴിച്ചാല്‍ അത്യാര്ത്തവത്തിലും ആര്‍ത്തവ കാലത്തുണ്ടാകുന്ന വേദനക്കും വളരെ ഗുണം ചെയ്യും.

കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board