അയ്യമ്പന

അതിശയോക്തിപരമായി ചിലരെങ്കിലും അയ്യമ്പനയെ മൃതസഞ്ജീവനി എന്ന് വിളിക്കുന്നത് ഒരു പക്ഷെ അവരില്‍ ഈ കുപ്പയിലെ മാണിക്യം ഉണ്ടാക്കിയ ഫലം ഒന്ന് കൊണ്ട് മാത്രമായിരിക്കും. കയ്യൂന്നിയുടെയും ചെറു ചീരയുടെയും ഇലകളോട് സാമ്യമുള്ളതും ഇളം ചുവന്ന മൃദുല കാണ്ഡത്തോടും കൂടി പടര്‍ന്നു വളരുന്ന സസ്യമാണ് അയ്യമ്പന. പര്‍വസന്ധികളില്‍ വേരുകള്‍ കാണാം. ഏറെക്കുറെ കേരളത്തിന്റെ എല്ലാ മണ്ണിലും അല്‍പ്പം ജലം ലഭിച്ചാല്‍ അയ്യമ്പന നന്നായി വളരും. എന്നാല്‍ സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പു വരുത്തണം.

സ്ഥല ലഭ്യതക്ക് അനുസരിച്ച് വീടിന്റെ ഏതു ഭാഗത്തും അയ്യമ്പന വളര്‍ത്താം. ഇത് കൂടാതെ വീട്ടുമുറ്റങ്ങളിലും ഉദ്യാനങ്ങളിലും ഒരു ഔഷധകാര്പ്പറ്റായും അയ്യമ്പന വളര്‍ത്തുന്നത് കൂടുതല്‍ മനോഹരമായിരിക്കും. സ്ഥലപരിമിതി ഉണ്ടെങ്കില്‍ ചട്ടിയിലും ചാക്കുകളിലും മണ്ണ് നിറച്ച് വളര്‍ത്താവുന്നതാണ്. പടര്‍ന്നു വളരുന്ന ചെടിയുടെ വേരുള്ള ഭാഗങ്ങളോ നാലോ അഞ്ചോ മുട്ടുകള്‍ ചേര്‍ന്ന തണ്ടോ ഇളം തലപ്പോ നടാന്‍ ഉപയോഗിക്കാം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ നട്ട് അല്പം ജലവും ജൈവാംശവും ഉറപ്പു വരുത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിച്ചു തുടങ്ങും. മനുഷ്യര്‍ക്കുള്ള ഒറ്റമൂലി എന്നതിന് പുറമേ കന്നുകാലികള്‍ക്കും മറ്റും ഉണ്ടാകുന്ന അകിട് വീക്കം പോലെയുള്ള രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ് അയ്യമ്പന.

ഔഷധ ഉപയോഗങ്ങള്‍

മുറിവുണ്ടായാല്‍ അയ്യമ്പന ഇല അരച്ച് പുരട്ടുകയോ മുറിവില്‍ ഇലയുടെ നീര് ഒഴിക്കുകയോ ചെയ്യുന്നത് മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിന് സഹായിക്കും.

ഗ്യാസ്ട്രബിളിനു ഇല ചവച്ചരച്ച് കഴിക്കുക.

അള്‍സറിനും ശരീരാന്തര്‍ഭാഗങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ക്കും അയ്യമ്പന ഇലകള്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്.

തേള്, പഴുതാര ഇവ കടിച്ചാല്‍ അയ്യമ്പനയുടെ ഇല അരച്ചിടുക.

അയ്യമ്പനയുടെ ഇലകള്‍ ചെറുകഷ്ണങ്ങള്‍ ആക്കി മുറിച്ചിട്ട് വെള്ളം കുടിച്ചാല്‍ ശരീരക്ഷീണം മാറും.

ചര്‍മ്മരോഗങ്ങള്‍ മാറുന്നതിനായി അയ്യമ്പന സമൂലം എടുത്ത് എണ്ണ കാച്ചി തേക്കുക.

രക്തം പോകുന്ന അര്‍ശസ്സില്‍ അയ്യമ്പന ഇലകള്‍ ചവച്ചരച്ച് ദിവസവും കഴിക്കുക.

സ്ത്രീകള്‍ക്കുണ്ടാകുന്ന രക്തസ്രാവത്തിനു അയ്യമ്പന അരച്ച് നെല്ലിക്ക വലിപ്പം കഴിക്കുകയോ അയ്യമ്പന നീര് കഴിക്കുകയോ ചെയ്യുക.

കടപ്പാട് : കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : Kerala State Medicinal Plants Board