Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നിര്‍ഭയ

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ സംസ്‌കാര സമ്പന്നമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. 2012-ല്‍ പതിനൊന്ന് മാസത്തിനിടയില്‍ മാത്രം വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത് 371 സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് നേരെ പ്രതിദിനം 20 കുറ്റകൃത്യങ്ങളാണ് ഇന്ന് പോലീസ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

നിര്‍ഭയ

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള സമിതി പദ്ധതിക്ക് നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികള്‍ സംസ്ഥാന തലത്ത് പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. വനിതാകമ്മീഷന്റെ നിലവിലുള്ള ജാഗ്രതാ സമിതികളാണ്, നിര്‍ഭയയുടെ പഞ്ചായത്ത്- നഗരസഭാതല സമിതികള്‍. സ്ത്രീകള്‍ അനുഭവിക്കുന്ന ഏതുതരം പീഡനങ്ങള്‍ക്കും, ജാഗ്രതാ സമിതികളെ സമീപിച്ച് പരിഹാരം തേടാം

കൊള്ളയോ കവര്‍ച്ചയോ പോലുള്ള ചില കുറ്റകൃത്യങ്ങള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ നേരിടേണ്ടിവന്നേക്കും. എന്നാല്‍ സ്ത്രീ, സ്ത്രീയെന്ന നിലയില്‍ മാത്രം നേരിടേണ്ടിവരുന്ന കുറ്റങ്ങളുണ്ട്. അത് നിയമസഭയില്‍പ്പോലും ഉണ്ടാകാമെന്ന് കഴിഞ്ഞയാഴ്ച കേരള നിയമസഭയില്‍ ഉണ്ടായ സംഭവങ്ങള്‍ തെളിയിച്ചു. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പ്രത്യേക വിഭാഗമായി നിയമത്തില്‍ വേര്‍തിരിക്കപ്പെടുന്നത്. വിവിധ നിയമങ്ങളിലൂടെ ഇവയ്ക്ക് ശിക്ഷയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വം പ്രായോഗികമാക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക നിയമനിര്‍മാണങ്ങള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ ഭരണഘടനയും വ്യക്തമാക്കുന്നു.ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് നാടാകെ നടന്ന പ്രക്ഷോഭങ്ങളുടെകൂടി ഫലമായാണ് ക്രിമിനല്‍ നിയമ (ഭേദഗതി) നിയമം, 2013 ഏപ്രില്‍ രണ്ടിന് പാര്‍ലമെന്റ് പാസാക്കിയത്.

.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ, ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍, ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തല്‍, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിര്‍ഭയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ ഭാഗമായി, ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും നല്‍കും. പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് 'ക്രൈസിസ് സെല്ലുകള്‍' ആരംഭിക്കും. കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ തലവനായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ലൈംഗിക വാണിഭ വിരുദ്ധ സ്‌ക്വാഡുകള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന സജ്ജമാക്കും. ലൈംഗിക വാണിഭം, ലൈംഗിക ചൂഷണം എന്നിവയെക്കുറിച്ച് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്‌ക്വാഡുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും യാത്രാ വേളയിലുണ്ടാകുന്ന അതിക്രമങ്ങള്‍ നിരീക്ഷിക്കാന്‍, ബസ്റ്റാന്റുകളിലും റെയില്‍ വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. വാര്‍ത്താ മാധ്യമങ്ങളുമായി സമ്പര്‍ക്കമുണ്ടാകാതെയും സ്വകാര്യത സംരക്ഷിച്ചും, ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായവരെ പരിപാലിക്കും.
ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായി നിര്‍ഭയ കെയര്‍ ഹോമുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിര്‍ഭയ ഹോമുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക്, വരുമാന ദായക സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കും. സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കും.

ആ വര്‍ഷം ഫെബ്രുവരിയില്‍ത്തന്നെ നിയമം ഓര്‍ഡിനന്‍സായി ഇറങ്ങിയിരുന്നു. "നിര്‍ഭയ' നിയമം എന്നറിയപ്പെടുന്ന ഈ നിയമനിര്‍മാണം ലൈംഗികാതിക്രമങ്ങളുടെ നിര്‍വചനം വിപുലമാക്കി കൂടുതല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കി. ഇതുവരെ ഇന്ത്യന്‍നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍നിയമത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവുനിയമം, ക്രിമിനല്‍ നടപടി നിയമം എന്നീ നിയമങ്ങളില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഒപ്പം ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുകയും ചെയ്തു.മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായിസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമായിരുന്നു മാറ്റങ്ങള്‍. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവ ഈ നിയമനിര്‍മാണത്തിലൂടെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തവയാണ്.

ലൈംഗിക അതിക്രമവും ചൂഷണവും നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അതില്‍ നിന്ന് പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യമായ നിയമ പരിഷ്‌കാരത്തിന് 'നിര്‍ഭയ' നടപടികള്‍ സ്വീകരിച്ചിരിക്കും. ലൈംഗിക പീഡന കേസുകളുടെ വേഗത്തിലുള്ള നടത്തിപ്പിനായി വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുള്ള അതിവേഗ കോടതികളും പ്രത്യേക കോടതികളും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന 'കോര്‍പ്ലസ് ഫണ്ടില്‍' നിന്ന് ലൈംഗിക പീഡനത്തിനിരയാകുന്നവര്‍ക്ക്, വൈദ്യ പുനരധിവാസത്തിനും, യാത്രാ ചെലവിനും മറ്റ് അടിയന്തിര ആവശ്യത്തിനും സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് നിരവധി നിയിമങ്ങള്‍ നിലവിലുണ്ട്. ഇത്തരം സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ഫലമായ നിര്‍വഹണം ഉറപ്പുവരുത്തുക എന്നതും നിര്‍ഭയയുടെ ലക്ഷ്യമാണ്. എന്നാല്‍, നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാകണമെങ്കില്‍ സ്ത്രീകള്‍ ഇത്തരം നിയമങ്ങളെക്കുറിച്ച് ബോധവതികളാകേണ്ടതുണ്ട്.

നിയമത്തിന്റെ പരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം ബലാത്സംഗം മാത്രമല്ല. "ലൈംഗികാതിക്രമം'എന്ന വാക്കാണ്് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനു കീഴില്‍പ്പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. അതിക്രമത്തിനെതിരെ ശാരീരികമായ ചെറുത്തുനില്‍പ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ഭേദഗതി പറയുന്നു. പലപ്പോഴും ഇരയുടെ സമ്മതത്തോടെയാണ് അക്രമം നടന്നതെന്നു വരുത്താന്‍ പ്രതിഭാഗം ശ്രമിക്കുകയും ഈ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. സമ്മതത്തോടെ ലൈംഗികവേഴ്ചയ്ക്കുള്ള പ്രായപരിധി 16 എന്നതില്‍നിന്ന് 18 ആയി ഉയര്‍ത്തിയതാണ് മറ്റൊരു സാരമായ മാറ്റം.

പ്രധാന സ്ത്രീ സുരക്ഷാ നിയമങ്ങള്‍

 

 

18ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗികവേഴ്ച നടത്തിയാലും അത് ബലാത്സംഗമാകും.പുതുതായി ചേര്‍ത്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയും നിയമത്തിലുണ്ട്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ നീളാവുന്നതുമായ തടവുശിക്ഷ ലഭിക്കാം. 10 ലക്ഷം രൂപവരെ പിഴയും വിധിക്കാനാകും. ആസിഡ് ആക്രമണത്തിനുള്ള ശ്രമമാണെങ്കില്‍ അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ ജയില്‍വാസവും പിഴയും ശിക്ഷ ലഭിക്കാം. ഒളിഞ്ഞുനോട്ടത്തിന് ആദ്യതവണ ഒരുവര്‍ഷത്തില്‍ കുറയാത്ത തടവാണ് കുറഞ്ഞ ശിക്ഷ. ഇത് മൂന്നു വര്‍ഷംവരെ നീളാം, പിഴയും ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷംവരെ നീട്ടാവുന്നതുമായ തടവും പിഴയും ശിക്ഷകിട്ടാം. സ്വകാര്യമായി സ്ത്രീകളെ നിരീക്ഷിക്കുന്നത് ഒളിഞ്ഞുനോട്ടത്തിന്റെ പരിധിയില്‍വരും.

ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്. കുളിമുറിയിലെ എത്തിനോട്ടം, സ്വകാര്യമായുള്ള ലൈംഗികപ്രവൃത്തികള്‍ ഒളിഞ്ഞുനോക്കല്‍ തുടങ്ങിയവയൊക്കെ ഒളിഞ്ഞുനോട്ടത്തിന്റെ നിര്‍വചനത്തില്‍പ്പെടും. പിന്തുടര്‍ന്ന് ശല്യംചെയ്യലിന് വിപുലമായ നിര്‍വചനമാണ് നിയമം നല്‍കുന്നത്. ഒരു വ്യക്തിയുടെ പ്രകടമായ അനിഷ്ടം അവഗണിച്ച്് വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്താല്‍ അത് നിയമപരിധിയില്‍ വരും. ഇത്തരം നീക്കം ഇരയാകുന്ന വ്യക്തിയില്‍ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചാല്‍ കുറ്റംചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുള്ള പിന്തുടരല്‍ മാത്രമല്ല നിയമത്തിന്റെ പരിധിയില്‍വരിക. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള പിന്തുടരലും നിയമത്തിലെ നിര്‍വചനത്തില്‍ വരും. ഇന്റര്‍നെറ്റോ, ഇ-മെയിലോ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങളോ ഉപയോഗിച്ച് ഈ കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും.

ബലാത്സംഗത്തിനുള്ള ശിക്ഷ ഏഴുവര്‍ഷത്തില്‍ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി നിയമം മാറ്റി. ഗുരുതരമായ സാഹചര്യങ്ങളില്‍, 10 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമായി ശിക്ഷ കൂട്ടാനും വ്യവസ്ഥചെയ്തു.ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത കഠിനതടവുമുതല്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ട വിധത്തിലുള്ള ജീവപര്യന്തം തടവിനോ വധശിക്ഷയ്ക്കോവരെ ശിക്ഷിക്കാമെന്നും നിയമം പറയുന്നു. പിഴ ശിക്ഷയും ഉണ്ടാകും. അക്രമത്തിലൂടെ ഒരു സ്ത്രീയെ ജീവച്ഛവമാക്കിയാലും ഇതേ ശിക്ഷ ലഭിക്കാം. കൂട്ടബലാത്സംഗത്തിന് 20 വര്‍ഷത്തില്‍ കുറയാത്തതുമുതല്‍ ജീവപര്യന്തംവരെയുള്ള കഠിനതടവും നഷ്ടപരിഹാരവും വിധിക്കാമെന്നും ഭേദഗതിയിലൂടെ വ്യവസ്ഥയായി. ചികിത്സാചെലവും നഷ്ടപരിഹാരത്തില്‍ പെടുത്താം.

"ബലാത്സംഗ"ത്തിന്റെ നിര്‍വചനവും നിയമം വിപുലമാക്കുന്നുണ്ട്. ലിംഗം ഉള്ളില്‍ക്കടത്തിയുള്ള അതിക്രമം മാത്രമല്ല ഇപ്പോള്‍ ബലാത്സംഗമാകുക. മറ്റെന്തും ഉള്ളില്‍ക്കടത്തിയുള്ള അതിക്രമവും ബലാത്സംഗം ആക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ജയില്‍ ഉദ്യോഗസ്ഥരും ബലാത്സംഗം ചെയ്താല്‍ കര്‍ശനശിക്ഷ വിധിക്കുന്ന പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. അധികാരമുള്ളവരും പൊതുപ്രവര്‍ത്തകരും അവര്‍ക്കു കീഴിലുള്ളവരുടെ മേല്‍ നടത്തുന്ന അതിക്രമവും ഇത്തരത്തില്‍ പരിഗണിക്കും. അധ്യാപകനോ രക്ഷിതാവോ ബന്ധുവോ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നവരെ ബലാത്സംഗം ചെയ്താല്‍ അവര്‍ക്കും ഈ വ്യവസ്ഥകള്‍പ്രകാരം ശിക്ഷ ലഭിക്കും. വര്‍ഗീയകലാപങ്ങള്‍ക്കിടെ ബലാത്സംഗം നടത്തുന്നവരും ഇതേ രീതിയില്‍ കര്‍ശനമായി ശിക്ഷിക്കപ്പെടും. ശാരീരികവും മാനസികവുമായ അവശതയുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്കും സമാനമായ ശിക്ഷ ലഭിക്കും.

ചികിത്സയിലുള്ളവരെ ബലാത്സംഗംചെയ്യുന്ന ആശുപത്രി അധികാരികള്‍ തുടങ്ങിയ മറ്റു ചില വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുകൂടി ഈ നിയമവ്യവസ്ഥപ്രകാരം ശിക്ഷ നല്‍കാം. സാധാരണ ബലാത്സംഗ കേസുകളില്‍ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷമാണെങ്കില്‍ ഇത്തരക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ 10 വര്‍ഷമാണെന്ന് നിയമം പറയുന്നു. ആ ശിക്ഷ ശേഷിച്ച ജീവിതകാലംമുഴുവന്‍ നീളുന്ന തടവുവരെയാകാമെന്നും വ്യവസ്ഥചെയ്യുന്നു.ലൈംഗിക ഉദ്ദേശ്യത്തോടെ നടത്തുന്ന സ്പര്‍ശം, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചുള്ള അഭ്യര്‍ഥന, ലൈംഗികച്ചുവയോടെയുള്ള സംസാരം, അശ്ലീലദൃശ്യങ്ങള്‍ നിര്‍ബന്ധിച്ചു കാണിക്കല്‍ തുടങ്ങിയവയൊക്കെ നിയമത്തിലെ മാറ്റത്തിലൂടെ ലൈംഗികാതിക്രമങ്ങളുടെ പട്ടികയില്‍ വന്നിട്ടുണ്ട്. ഒരുകൊല്ലംമുതല്‍ മുകളിലേക്ക് തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവ പലതും.പൊതുസ്ഥലത്ത് സ്ത്രീയുടെ വസ്ത്രം അഴിച്ചാല്‍ അതിനുള്ള ശിക്ഷയും പ്രത്യേകമുണ്ട്. മൂന്നുവര്‍ഷത്തില്‍ കുറയാത്തതും ഏഴുവര്‍ഷം വരെ നീളാവുന്നതുമായ തടവും പിഴയും ഈ കുറ്റത്തിനു ലഭിക്കാം. പുതിയ ഭേദഗതികള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ തെളിവു നിയമത്തില്‍ വരുത്താനുള്ള വ്യവസ്ഥകളും ഭേദഗതിനിയമത്തിലുണ്ട്.

ചില പ്രധാന സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

ഭ്രൂണ പരിശോധനയും ഗര്‍ഭഛിദ്രവും

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി വിവരം ഗര്‍ഭിണിയെയോ ബന്ധുക്കളെയോ അറിയിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ആവര്‍ത്തിച്ചാല്‍ ശിക്ഷ അഞ്ചുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്. 1971-ല്‍ പ്രാബല്യത്തില്‍ വന്ന ഗര്‍ഭഛിദ്ര നിയമ (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട്) പ്രകാരം സ്ത്രീയെ ഗര്‍ഭഛിദ്രത്തിന് ബലമായി നിര്‍ബന്ധിക്കുന്നത് കുറ്റകൃത്യമാണ്. പന്ത്രണ്ട് ആഴ്ചവരെ എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഒരു ഡോക്ടറുടേയും അതിനുമുകളില്‍ രണ്ട് ഡോക്ടര്‍മാരുടേയും ഉപദേശം ആവശ്യമാണ്. ഇരുപത് ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല. ഗര്‍ഭം ഗര്‍ഭിണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവനോ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനോ അപകടമാണെങ്കിലോ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പരാജയപ്പെട്ടത് മൂലമോ ബലാല്‍സംഗം മൂലമോ ആണ് ഗര്‍ഭധാരണമെങ്കില്‍ മാത്രമേ നിയമം ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്നുള്ളൂ.

കുട്ടികല്ല്യാണം


പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടിയുടേത് 21- ഉം ആണ്. ഈ പ്രായത്തിന് മുമ്പുള്ള വിവാഹം കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയെ മുതിര്‍ന്ന പുരുഷന്‍ കല്ല്യാണം കഴിച്ചാല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ശൈശവവിവാഹം നടത്തിക്കൊടുക്കുന്ന മാതാപിതാക്കള്‍ക്കും കൂട്ടുനില്‍ക്കുന്ന വര്‍ക്കും ഇതേ ശിക്ഷ തന്നെ കിട്ടും. ശൈശവ വിവാഹത്തെ പറ്റി പരാതി നല്‍കേണ്ടത് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശിശു വികസന പദ്ധതി ഓഫീസര്‍ക്കാണ്.

സ്ത്രീധനം

സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ പതിനയ്യായിരം രൂപയോ സ്ത്രീധനത്തുകയോ ഏതാണോ കൂടുതല്‍ ആ തുക പിഴയോ ലഭിക്കുന്ന കുറ്റകൃത്യമാണ്. വിവാഹം നടന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീ മരിക്കാനിടയാവുകയും ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമം 304 ബി പ്രകാരം സ്ത്രീധന മരണമാണ്. പ്രതികള്‍ക്ക് ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കും.

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതാണ് 2005-ലെ ഗാര്‍ഹിക പീഡനനിയമം. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ക്ക് താമസം, സംരക്ഷണം, ജീവനാംശം, നഷ്ടപരിഹാരം, കുട്ടികളുടെ സംരക്ഷണം എന്നിവക്കുള്ള കോടതി ഉത്തരവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവോ 20000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്.

ഗാര്‍ഹിക പീഡന നിരോധന നിയമം

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക്  ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !
2006 ഒക്ടോബര്‍ മാസം ഈ നിയമം പാസ്സാക്കിയെങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.

1. ശാരീരികമായ പീഡനം
അടി , കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
2. വാച്യമോ വൈകാരികമോ ആയ പീഡനം
അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്‍റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ
അപമാനിക്കുക, തന്‍റെ കുട്ടിയെ സ്കൂളില്‍ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ  തടയുക, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, വീടുവിട്ടു പോകാന്‍ നിര്‍ബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ വൈകാരികമായി തകര്‍ക്കുന്ന ഏതു പ്രവൃത്തിയും.
3. ലൈംഗികമായ പീഡനം
ബലപ്രയോഗത്താലുള്ള  ലൈംഗിക ബന്ധം, അശ്ലീല ചിത്രങ്ങളോ അശ്ലീല സാഹിത്യമോ കാണാന്‍ പ്രേരിപ്പിക്കുക,  സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ,  നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
4. സാമ്പത്തികമായ പീഡനം
തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാന്‍ അനുവധിക്കാതിരിക്കുക, തന്നെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികള്‍ക്കു ഭംഗം വരുത്തുക വീടിന്‍റെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക. എന്നിവ
പീഡനം ഏല്‍പ്പിക്കുന്നത് ഭര്‍ത്താവോ അതോ ഭര്‍ത്താവിന്‍റെ പിതാവ് മാതാവ് സഹോദരി തുടങ്ങിയവരോ ആരായാലും അവര്‍ക്കെതിരെയുള്ള  സംരക്ഷണം സ്ത്രീക്ക് ലഭിക്കുന്നതാണ്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീയ്ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും, സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനത്തില്‍ പെടുന്നു.

ഗാര്‍ഹിക പീഡനം നടന്നാല്‍ ?

കേരളത്തില്‍ പതിനാലു ജില്ലകള്‍ക്കുമായി മുപ്പത്തൊന്നു സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സേവ് ചെയ്യാവുന്നതാണ് .

പരാതിക്കാരി സംരക്ഷണ ഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ  നേരിട്ടോ ബന്ധപ്പെടുക. അദ്ദേഹം ഉണ്ടായ സംഭവങ്ങളുടെ റിപ്പോര്‍ട്ട്‌ തയ്യാറാക്കും (ഡി ഐ ആര്‍ - ഡൊമസ്റ്റിക് ഇന്സിഡന്റ്റ് റിപ്പോര്‍ട്ട്‌  ) ഈ റിപ്പോര്‍ട്ട്‌ അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്റേറ്റിന്  സമര്‍പ്പിക്കും.  ഡി ഐ ആര്‍ കോടതിയില്‍ കിട്ടുന്ന മുറയ്ക്ക് മജിസ്ട്രെറ്റ് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരം എതിര്‍കക്ഷി കോടതിയില്‍ എത്തും. സ്വന്തമായി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായ പദ്ധതിയനുസരിച്ച് നിയമ സഹായം ലഭിക്കുന്നതാണ്. അത്തരത്തില്‍ നിയമിക്കപ്പെട്ട അഭിഭാഷകര്‍ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ സഹായം നല്‍കും. പരാതിക്കാരിക്ക് നിയമപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, അവര്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അവകാശമുണ്ട്‌. ആര്‍ക്കും അവരെ അവിടെനിന്നും ഇറക്കി വിടാനാവില്ല.

ഏതൊരു വ്യക്തിക്കും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞാല്‍ പരാതി നല്‍കാം. അക്കാരണത്താല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല.
ഈ നിയമ വ്യവസ്ഥകള്‍ മനസിലാക്കി വ്യക്തികള്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു മാറി നില്‍ക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും ആണ് ഈ നിയമം കൊണ്ടു ഉദ്ധേശിക്കുന്നത്.  ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ്  അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല .

തൊഴില്‍ സ്ഥലത്തെ സുരക്ഷ

1997 ആഗസ്റ്റ് 13-ന് വിശാഖ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമുള്ള മാര്‍ഗ രേഖകള്‍ തൊഴില്‍ സ്ഥാപനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കണം. സ്വകാര്യ തൊഴിലുടമകള്‍ക്കും ഈ വിധി ബാധകമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ഉള്ള ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ചുവയുള്ള വാക്ക്, നോട്ടം, സ്പര്‍ശം, അശ്ലീല സാഹിത്യ പ്രദര്‍ശനം. തുടങ്ങിയവയില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന പകുതിയിലധികം അംഗങ്ങളും സ്ത്രീകളായിരിക്കുന്ന സമിതിയെ അന്വേഷിക്കാന്‍ നിയോഗിക്കണമെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദേശമുണ്ട്.

അസാന്മാര്‍ഗിക ജീവിതം

1986-ല്‍ നിലവില്‍ വന്ന ഈ നിയമപ്രകാരം ഏതെങ്കിലും വീടോ സ്ഥലമോ മുറികളോ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചാല്‍ അവ വേശ്യാലയമായി കണക്കാക്കും. വേശ്യാലയം നടത്തുന്നത് രണ്ടുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള വേശ്യാവൃത്തിക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതിന് സ്ത്രീകളെ പ്രലോഭിപ്പിക്കുകയും വേശ്യാലയങ്ങളിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നത് ഏഴ് വര്‍ഷം വരെ കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെങ്കില്‍ പതിനാലുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.

അശ്ലീല ചിത്രീകരണം

1986-ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, ചിത്രങ്ങള്‍ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായോ സമൂഹത്തിന്റെ സാന്മാര്‍ഗികതയെ ഹനിക്കുന്ന വിധത്തിലോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ഏഴുവര്‍ഷം വരെ തടവുശിക്ഷയും അമ്പതിനായിരം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല കൃത്യങ്ങള്‍ കാണിക്കുകയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധം വാക്കുകള്‍ ഉച്ചരിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരം ഒരുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും

ബലാല്‍സംഗത്തിന്റെ ശിക്ഷ

ഇന്ത്യന്‍ ശിക്ഷാ നിയമം 375-ാം വകുപ്പ് പ്രകാരം ഒരു പുരുഷന്‍ സ്ത്രീയുടെ സമ്മതമില്ലാതെ, ലൈംഗിക വേഴ്ച നടത്തിയാല്‍ അത് ബലാല്‍സംഗമാണ്. ഇനി സ്ത്രീയുടെ സമ്മതത്തോടെയാണെങ്കിലും ആ സമ്മതം നേടിയത് ഭീഷണിപ്പെടുത്തിയോ വിവാഹം കഴിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചോ ലഹരി പദാര്‍ഥങ്ങള്‍ കൊടുത്തോ ആണെങ്കിലും ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരും. ബുദ്ധിസ്ഥിരത ഇല്ലാത്തതുകൊണ്ടോ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളാത്തതുകൊണ്ടോ ലഭിച്ച സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ചയും കുറ്റകരമാണ്. പതിനാറുവയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധം അവളുടെ സമ്മതത്തോടെയാണെങ്കിലും ബലാല്‍സംഗമാണ്. ഏഴുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ജയില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, പൊതുജന സേവകര്‍, ആശുപത്രി ജീവനക്കാര്‍, പോലീസ് എന്നിവര്‍ അവരുടെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ബലാല്‍സംഗം നടത്തിയാല്‍ ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഗര്‍ഭിണിയെയും പന്ത്രണ്ടു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

പൂവാല ശല്യത്തിന്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന നിത്യ പീഡനമാണ് പൂവാല ശല്യം. പൊതുസ്ഥലങ്ങളില്‍ അശ്ലീലമോ അസഭ്യമോ പറഞ്ഞ് സ്ത്രീകളെ കമന്റടിച്ചാല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രയോജനമില്ലെന്നാണ് അനുഭവം. അതിനാല്‍ പൂവാലശല്യം തടയാന്‍ ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നു. നിയമ നിര്‍മാണം നടത്തുന്നതുവരെ പൂവാലശല്യം തടയുന്നതിന് സുപ്രീം കോടതി സുപ്രധാന നിര്‍ദേശങ്ങള്‍ ഒരു വിധിന്യായത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂവാലശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണം. യൂണിഫോം ധരിക്കാതെ വനിതാ പോലീസിനെ ബസ്സ്റ്റാന്റ്, റെയില്‍വേസ്റ്റേഷന്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങ്ള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിയോഗിക്കണം. വിദ്യാലയങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, തിയേറ്ററുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്‌സ്റ്റോപ്പുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പൂവാലശല്യം തടയുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈകൊള്ളണം. ബസ്സ് യാത്രക്കിടയില്‍ പൂവാലശല്യം ഉണ്ടായതായി സ്ത്രീ പരാതിപ്പെട്ടാല്‍ ഡ്രൈവര്‍ ഉടനെ തന്നെ ബസ്സ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിക്കണം. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പോലീസിന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. വാഹനം പോലീസ്‌സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുന്ന പക്ഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യേഗസ്ഥര്‍ക്ക് പ്രസ്തുത ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയില്‍ പെട്ടാല്‍ മറ്റു യാത്രക്കാര്‍ക്കും പോലീസില്‍ അറിയിക്കാം.

3.41304347826
അമ്പിളി Oct 12, 2019 01:37 PM

സ്വന്തം അമ്മയെയും മാനസികരോഗിയായ സഹോദരിയെയും അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന സഹോദരന് എതിരെ എ വിടെ എങ്ങനെ പരാതി നൽകണം

Anonymous Nov 01, 2018 10:47 AM

താങ്കള്‍ ഒരു വിദ്യാര്‍ത്ഥി ആണേല്‍ childline നുമായി ബന്ധപെടുക..

toll free No- 1098

സുമിയ Nov 01, 2018 09:48 AM

സാർ ഒരു കാരണം പറഞ്ഞു ഭീഷണി പെടുത്തുന്നതിന് എന്ത് നിയമം ആണ്‌ ഉള്ളത് .. Contact number തരുമോ ..

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top