ശൈശവ വിവാഹ നിരോധന നിയമം 2006
ഇന്ത്യയുടെ 57-ാമത് റിപ്പബ്ലിക് ദിനത്തില്‍ പാര്‍ലമെന്റ് ശൈശവ വിവാഹ നിരോധന നിയമം പാസ്സാക്കി.
ശൈശവ വിവാഹ നിരോധന നിയമം 1929 ന്റെ പ്രധാന ഉദ്ദേശം ശൈശവ (കുട്ടികളുടെ) വിവാഹം തടയുക എന്നതായിരുന്നു. 1949 ലും 1978 ലും ഈ നിയമം ഭേദഗതി വരുത്തുകയും അപ്രകാരം ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹപ്രായം ഉയര്‍ത്തുകയും ചെയ്തു. ശൈശവ വിവാഹം ടി നിയമപ്രകാരം ശിക്ഷാര്‍ഹവും കുറ്റകരവുമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യനിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശ്യവും ടി നിയമത്തിനുണ്ട്.
രാജ്യത്തെ ശൈശവ വിവാഹമെന്ന അനീതി തടയുന്നതിനും പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിനും അപ്രകാരം രാജ്യത്ത് ടി നിയമം കൂടുതല്‍ ശക്തമാക്കുന്നതിനുമായി നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു. 1995- 96 ല്‍ ദേശീയ വനിതാകമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം ശൈശവ വിവാഹം തടയുന്നതിനായി ഒരു പ്രിബന്‍ഷന്‍ ഓഫീസറെ നിയമിക്കുകയും ശൈശവ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ അത് അസാധുവായി പ്രഖ്യാപിക്കാനും, ടി കുറ്റം ചെയ്താല്‍ കടുത്തശിക്ഷ നല്കുവാനും ടി കുറ്റത്തിന് നിയമപരമായി നടപടി എടുക്കുവാന്‍ കഴിയുന്നതുമാക്കുക എന്നതുമായിരുന്നു. 2001-02 ലെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം സെന്‍ട്രല്‍ ഗവണ്മെന്റ് വനിതാ കമ്മീഷന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ടി നിയമം പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.
ശൈശവ വിവാഹ നിരോധന നിയമം 2006 ജമ്മു കാശ്മീര്‍ ഒഴികെയുള്ള ഇന്ത്യയിലെവിടെയും, കൂടാതെ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരിലും ബാധകമാണ്.
ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം കുട്ടി എന്നാല്‍ ആണ്‍കുട്ടിയെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകാത്തവരും പെണ്‍കുട്ടിയെന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്തവരും ആയിരിക്കും. ശൈശവ വിവാഹമെന്നാല്‍ വിവാഹത്തില്‍ ഏതെങ്കിലും ഒരു വ്യക്തിക്കോ രണ്ടുപേര്‍ക്കുമോ മുകളില്‍ പറഞ്ഞ പ്രായമെത്താത്തവര്‍ ആയിരിക്കും.
(നിയമ പരിരക്ഷയില്ല)
ശൈശവ വിവാഹത്തിലെ കുട്ടിയുടെ ഇഷ്ടപ്രകാരം ടി വിവാഹം അസാധുവാക്കാം. ആരായിരുന്നുവോ വിവാഹസമയത്ത് കുട്ടി അവരുടെ ഇഷ്ടപ്രകാരം ടി വിവാഹം അസാധുവാക്കാം. അതിനായി ജില്ലാകോടതിയില്‍ (കുടുംബകോടതിയില്‍) പരാതി നല്‍കാം. ടി പരാതി നല്കുന്ന സമയത്ത് പരാതിക്കാരി കുട്ടിയാണെങ്കില്‍ (മേജര്‍ ആയില്ലെങ്കില്‍) ഇയാളുടെ രക്ഷിതാക്കള്‍ മുഖേനയോ, അടുത്ത സുഹൃത്ത് മുഖേനയോ ബാല്യ വിവാഹ നിരോധന ഓഫീസര്‍ മുഖേനയോ പരാതി ഫയല്‍ ചെയ്യാം. ടി പരാതി വിവാഹം കഴിഞ്ഞ എപ്പോള്‍ വേണമെങ്കിലും ഫയല്‍ ചെയ്യാം. എന്നാല്‍ പ്രായപൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിയരുത്. ടി വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനൊപ്പം എതിര്‍കക്ഷി ടി വിവാഹസമയത്ത് കുട്ടിയായ കക്ഷിയുടെ ഭാഗത്തുനിന്നും സ്വീകരിച്ച എല്ലാ വസ്തുവകകളും, സ്വര്‍ണ്ണാഭരണങ്ങളും എല്ലാം തിരികെ നല്‍കുന്നതിനുംകൂടി ഉത്തരവാകും.
ഈ നിയമപ്രകാരം ജില്ലാ കോടതി വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനൊപ്പം പെണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയാകാത്തതെങ്കില്‍ എതിര്‍കക്ഷിയായ ഭര്‍ത്താവിനോട് ഈ കുട്ടിയുടെ പുനര്‍വിവാഹം വരെ വീടും, ചെലവും നല്കാന് ഉത്തരവിടാം. മറിച്ച് ആണ്‍കുട്ടിയാണ് പ്രായപൂര്‍ത്തിയാകാത്തതെങ്കില്‍ ടിയാളുടെ പുനര്‍വിവാഹം വരെ വീടും, ചെലവും നല്കാന് രക്ഷിതാക്കളോട് ഉത്തരവിടാം.
ശൈശവ വിവാഹം നടന്നതില്‍വെച്ച് കുട്ടി ജനിക്കുകയാണെങ്കില്‍ ഈ കുഞ്ഞിന്റെ ചെലവും, കൈവശവും, സംരക്ഷണത്തെക്കുറിച്ചും കോടതിക്ക് ഉത്തരവിടാം. ഇപ്രകാരം ഉത്തരവിടുകയാണെങ്കില്‍ ടി കുഞ്ഞിന്റെ ക്ഷേമത്തിനും ഇഷ്ടത്തിനുമായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.
വിവാഹം അസാധുവായി പ്രഖ്യാപിക്കുമ്പോള്‍ ഈ വിവാഹത്തില്‍ കുട്ടി ജനിച്ചാല്‍ (വേര്പെടുന്നതിനു മുമ്പായി) ടി നിയമം നിലവില്‍ വരുന്നതിനു മുമ്പായാലും പിമ്പായാലും ഈ കുട്ടി നിയമപരമായി ജനിച്ചതാണെന്ന് പ്രഖ്യാപിക്കും.
ജില്ലാ കോടതിയില്‍ ഏതെങ്കിലും ഉത്തരവിറക്കിക്കഴിഞ്ഞ് നിലവിലുള്ളതോ തീര്‍ന്നതോ ആയ ടി നിയമ പ്രകാരമുള്ള കേസില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ കോടതിക്ക് മുമ്പിറക്കിയ ഉത്തരവ് റദ്ദ് ചെയ്യുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനുള്ള അധികാരമുണ്ട്.
പുരുഷന് ശൈശവ വിവാഹത്തിന് മുതിര്‍ന്നാല്‍/വിവാഹത്തിലേര്‍പ്പെട്ടാല്‍ ഇയാള്‍ക്ക് 2 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയോ ലഭിക്കും. ആരെങ്കിലും ശൈശവ വിവാഹം നടത്തുകയോ, ആയതിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ കാര്‍മ്മികത്വം ചെയ്യുകയോ ചെയ്താല്‍ ഈ വിവാഹം ശൈശവ വിവാഹം അല്ലെന്ന് മതിയായ കാരണം കാണിച്ച് തെളിയിക്കാത്ത പക്ഷം 2 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ഈടാക്കാം.
ഒരു കുട്ടി ശൈശവ വിവാഹത്തിന് മുതിരുകയാണെങ്കില്‍ ആ കുട്ടിക്ക് താല്‍പ്പര്യമുള്ള ആളോ, രക്ഷകര്‍ത്താക്കളോ, ഗാര്‍ഡിയനോ ഏതെങ്കിലും സംഘടനകളോ നിയമപരമായോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുകയാണെങ്കിലോ, ആയതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന പക്ഷം ടിയാന് 2 വര്‍ഷം വരെ കഠിന തടവും 1 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ഈ നിയമപ്രകാരം ശൈശവവിവാഹനിരോധന ഓഫീസറുടെ (CDPO) അപേക്ഷ പ്രകാരമോ, അല്ലെങ്കില്‍ പരാതി മുഖേനയോ, എന്തെങ്കിലും അറിവോ, അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേനയോ ഒരു പരാതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു/സി.ജെ.എംനു മുമ്പാകെ ഫയല്‍ ചെയ്താല്‍ ആയതിന്മേല് കോടതിക്ക് അന്വേഷണം നടത്തി ആയത് ശരിയാണെന്നു കണ്ടാല്‍ കോടതിക്ക് ആ വിവാഹം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാം.
വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കവേ വിവാഹം നടത്തുകയാണെങ്കില്‍ അത് പ്രാരംഭഘട്ടം മുതലേ അസാധുവായിരിക്കും.
ഈ നിയമത്തിനെതിരെയുള്ള പ്രവൃത്തി കുറ്റകരവും ജാമ്യമില്ലാത്തതുമായ കുറ്റങ്ങളാകുന്നു.
1. നേരത്തെ വിവാഹിതരാകുന്നത് നേരത്തെ ഗര്‍ഭം ധരിക്കാന്‍ ഇടയാക്കും. അത് അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തെ ബാധിക്കും.
2. പക്വതയില്ലാത്ത സമയത്ത് വിവാഹിതരായാല്‍ അത് ഗാര്‍ഹിക പീഡനത്തിനും കുടുംബപ്രശ്നത്തിനും വഴിതെളിക്കും.
3. നേരത്തെ വിവാഹിതരാകുമ്പോള്‍ കുട്ടികളുടെ പഠനം മുടങ്ങുന്നു.
4. നേരത്തെ വിവാഹിതരാവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സമൂഹങ്ങളില്‍ കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല. (വിവാഹിതരാകാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തുകഴിഞ്ഞു).
5. ശൈശവ വിവാഹം എല്ലാ സമൂഹത്തിനും ദോഷകരമാണ്. അത് വ്യക്തിയേയും സമൂഹത്തെയും രാഷ്ട്രത്തെയും പുറകോട്ടടുപ്പിക്കുന്നു.
6. ശൈശവവിവാഹം ജനസംഖ്യാവര്‍ദ്ധനവിന് കാരണമാകുന്നു.
അവസാനം പരിഷ്കരിച്ചത് : 10/23/2019
ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്ന...
കൂടുതല്‍ വിവരങ്ങള്‍
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന...
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.