অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചൈല്‍ഡ് ലൈന്‍ സേവനം

ആമുഖം

കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ചൈല്‍ഡ്ലൈന്‍. മുംബൈ ആസ്ഥാനമായ റ്റാറ്റാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്‍റെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്‍റെ പ്രോജക്ടായിട്ടാണ് ചൈല്‍ഡ് ലൈനിന്‍റെ ആരംഭം. കുട്ടികള്‍ക്ക് പ്രയോജനപ്രദമാണ് എന്ന് മനസ്സിലാക്കിയതിനുശേഷം കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ഏറ്റെടുക്കുകയും പിന്നീട് വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ കീഴില്‍ ചൈല്‍ഡ്ലൈന്‍ ഇന്‍ഡ്യ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്‍റെ പ്രവര്‍ത്തനം. ഭാരതത്തില്‍ 300-ഓളം ജില്ലകളില്‍ ചൈല്‍ഡ്ലൈനിന്‍റെ സേവനം ലഭ്യമാണ്. കേരളത്തില്‍ പതിനാലു ജില്ലകളിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നു. ഭാരതത്തില്‍ എല്ലാ ജില്ലകളിലും ചൈല്‍ഡ് ലൈന്‍ സേവനം ലഭ്യമായ ഏക സംസ്ഥാനം കേരളമാണ്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തിയാല്‍ ആര്‍ക്കും ചൈല്‍ഡ് ലൈനിന്‍റെ സൗജന്യ ഫോണ്‍ നമ്പരായ 1098-ല്‍ വിവരമറിയിക്കാം. സേവന സന്നദ്ധരായ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയ്ക്കാവശ്യമായ സേവനങ്ങള്‍ നല്കുന്നതാണ്. ഓരോ ജില്ലയിലും സന്നദ്ധസംഘടനകളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് ചൈല്‍ഡ്ലൈന്‍ സേവനം നല്‍കുന്നത്. ആരൊക്കെയാണ് ഈ കൂട്ടായ്മയിലെ കണ്ണികള്‍.

നോഡല്‍ ഓര്‍ഗനൈസേഷന്‍

ചൈല്‍ഡുലൈനുമായി ബന്ധപ്പെട്ട സംഘടനകളെയും സഹകാരികളെയും ജില്ലാതലത്തില്‍ ഏകോപിപ്പിക്കുക, പരിശീലനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പ്രചരണങ്ങള്‍, ഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയവയാണ് നോഡല്‍ ഓര്‍ഗനൈസേഷന്‍റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.

കൊളാബൊറേറ്റീവ് ഓര്‍ഗനൈസേഷന്‍

ജില്ലാതലത്തില്‍ 1098 എന്ന നമ്പറില്‍ വരുന്ന കോളുകള്‍ സ്വീകരി ക്കുകയും ഓരോ കോളിനും ആവശ്യാനുസരണമുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക എന്നതാണ് കൊളാബൊറേറ്റീവ് ഓര്‍ഗനൈസേഷന്‍റെ പ്രധാന ചുമതല. കൂടാതെ ബോധവല്‍ക്കരണ പരിപാടികള്‍, പ്രചരണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും അനുബന്ധ വിവരങ്ങള്‍ ശേഖരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുക എന്നതും ഇവരുടെ ദൗത്യമാണ്.

സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചൈല്‍ഡ് ലൈനിന്‍റെ സേവനങ്ങള്‍ എത്തിക്കുകയും ബോധവല്‍ക്കരണപരിപാടികള്‍, പ്രചരണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയുമാണ് കര്‍ത്തവ്യം.

റിസോഴ്സ് ഓര്‍ഗനൈസേഷന്‍സ്

അനാഥാലയങ്ങള്‍, കൗണ്‍സലിംഗ് സ്ഥാപനങ്ങള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സ്ഥാപനങ്ങള്‍, ചില്‍ഡ്രന്‍സ് ഹോംസ്, അഡോപ്ഷന്‍ സ്ഥാപനങ്ങള്‍ എന്നിവയും അതുപോലെ കുട്ടികളുടെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു സന്നദ്ധ സംഘടനകളും ചേര്‍ന്നതാണ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍സ്.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ 1098 എന്ന നമ്പറിലൂടെ സഹായം ഉറപ്പുവരുത്തുക, സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനരംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഏകീകരിച്ചുകൊണ്ട് കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുക, ഗവണ്‍മെന്‍റ് തലത്തില്‍ സാമൂഹ്യനീതി, പോലീസ്, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, തൊഴില്‍, ടൂറിസം, വാര്‍ത്താവിനിമയം, നിയമം, മാധ്യമം എന്നീ മേഖലകളെ ഒരു ശൃംഖലയായി ഏകീകരിച്ച് കുട്ടികള്‍ക്കുവേണ്ടി സമൂഹത്തില്‍ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് ചൈല്‍ഡ് ലൈനിന്‍റെ ലക്ഷ്യങ്ങള്‍.

ഒട്ടനവധി നിയമങ്ങളും സംവിധാനങ്ങളും കുട്ടികളുടെ സംരക്ഷണത്തിനായി നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും ഇപ്പോഴും കുട്ടികള്‍ക്കുനേരെ പീഡനങ്ങളും ചൂഷണങ്ങളും ഏറിവരികയാണ്. സമൂഹത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കുനേരെ നാം കണ്ണടയ്ക്കാന്‍ പാടില്ല. കുട്ടികളുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സാധ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും സംരക്ഷണ സംവിധാനങ്ങളിലൂടെയും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ നാം എല്ലാവരും സഹകരിക്കണം. നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ശിശു സൗഹൃദരാഷ്ട്രം നമുക്ക് സൃഷ്ടിക്കാം.

കടപ്പാട് ; റോയ് മാത്യു വടക്കേല്‍

അവസാനം പരിഷ്കരിച്ചത് : 5/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate