കേസുകളില്‍ പ്രതിയാകുന്ന കുട്ടികളുടെ പ്രായം തര്‍ക്കമായാല്‍ എന്തുചെയ്യും? കുട്ടികള്‍ക്കുള്ള ശിക്ഷകള്‍ എത്രത്തോളമാകാം? ബാലനീതി നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി...
കുട്ടികള്‍ കുറ്റംചെയ്താല്‍ അവര്‍ക്കെതിരെ എന്തൊക്കെ നിയമ നടപടികളാകാം എന്ന പ്രശ്നം എപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രഖ്യാപനം (Declaration of the Rights of the Child) വന്നത് 1959 നവംബര്‍ 20നാണ്. പിന്നീട് 1985ല്‍ ബീജിങ് ചട്ടങ്ങളും 1990ല്‍ റിയാദ് ചട്ടങ്ങളും വന്നു. ലോകത്താകെ കുട്ടികളുടെ കുറ്റങ്ങള്‍ സര്‍ക്കാരുകള്‍ നേരിടുന്നത് ഈ മൂന്നു രേഖകളുടെ ചട്ടക്കൂട്ടില്‍ നിന്നാണ്.
മുതിര്‍ന്നവര്‍ കുറ്റംചെയ്യുമ്പോള്‍ നേരിടുന്ന രീതിയില്‍ കുട്ടികളുടെ കുറ്റങ്ങളെ നേരിടരുത് എന്നതുതന്നെയാണ് അടിസ്ഥാന തത്വം. കുറ്റംചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണംതന്നെ വേണമെന്ന നിര്‍ദേശം ബീജിങ് ചട്ടങ്ങളിലാണ് ഉണ്ടായത്. കുറ്റംചെയ്യുന്നവര്‍ കുട്ടികളാണോ എന്നു തീരുമാനിക്കാനുള്ള പ്രായം നിര്‍ണയിക്കുമ്പോള്‍ അത് തീരെ കുറച്ചാകരുതെന്ന് ഈ ചട്ടങ്ങളില്‍ പറഞ്ഞു. കുട്ടികളുടെ മാനസികവും ബുദ്ധിപരവും വൈകാരികവുമായ പക്വതയെ അടിസ്ഥാനമാക്കി വേണം ഇതെന്നും നിര്‍ദേശിക്കപ്പെട്ടു. ബീജിങ് ചട്ടങ്ങള്‍ നിലവില്‍വന്ന് നാലുവര്‍ഷത്തിനുശേഷമാണ് ഐക്യരാഷ്ട്ര പൊതുസഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. 1990 സെപ്തംബര്‍ രണ്ടിന് ഇത് നിലവില്‍വന്നു. ഇന്ത്യ പ്രമേയത്തില്‍ ഒപ്പുവച്ച രാജ്യമായിരുന്നില്ല. പക്ഷേ 1992 ഡിസംബറില്‍ പ്രമേയം അംഗീകരിച്ചു. 2000ല്‍ നിലവില്‍വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടി (ബാലനീതി നിയമം)ന്റെ തുടക്കം അവിടെനിന്നാണ്.
സമഗ്രമായ ബാലനീതി നിയമം (The Juvenile Justice (Care and Protection of Children) Act 2000) 2003 ഏപ്രില്‍ 10ന് പ്രാബല്യത്തിലായി. 2006ല്‍ ഇതിനു ദേഭഗതിയും വന്നു. കുട്ടികള്‍ കുറ്റംചെയ്താല്‍ ശിക്ഷ തീരുമാനിക്കാന്‍ ഈ നിയമം മാത്രമാണ് ബാധകം. അതിനുമുമ്പ് നിലവിലുണ്ടായിരുന്ന 1986ലെ ബാലനീതി നിയമം ഈ നിയമത്തോടെ ഇല്ലാതായി. കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും കുറ്റംചെയ്യാനിടയാകുന്ന കുട്ടികളുടെയും പുനരധിവാസം, സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്.
കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങളെയും അവയ്ക്കുള്ള ശിക്ഷയെയുംപറ്റിയുള്ള കാര്യങ്ങള്‍ മാത്രമേ ഈ കുറിപ്പിന് വിഷയമാകുന്നുള്ളു. ശിക്ഷ എന്നതുതന്നെ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പുനരധിവാസ നടപടിയായാണ് നിയമം കണക്കാക്കുന്നത്.
ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നു. 18 വയസ്സു തികയാത്തവരാണ് നിയമത്തിലെ നിര്‍വചനപ്രകാരം കുട്ടിയാകുന്നത്. ഈ 18 വയസ്സാണ് അടുത്തിടെ നിയമതര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയത്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളിലൊരാളുടെ പ്രായത്തെച്ചൊല്ലിയായിരുന്നു വിവാദം. 18 വയസ്സു തികഞ്ഞിട്ടില്ലെന്ന് സ്കൂള്‍രേഖകളില്‍നിന്ന് വ്യക്തമായി. എങ്കിലും ഇത്തരത്തിലൊരു കൃത്യം ചെയ്ത പ്രതിയെ കുട്ടിയായി പരിഗണിച്ചാല്‍ മതിയോ എന്നതാണ് തര്‍ക്കമായത്.2000ലെ ബാലനീതി നിയമംതന്നെ അസാധുവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തി.
2013 ജൂലൈ 13ന് കോടതി കേസുകള്‍ തീര്‍പ്പാക്കി നിയമം ശരിവച്ചു. പ്രതിയെ "കുട്ടി"യായി കരുതിത്തന്നെ ശിക്ഷ വിധിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ഹോം വാസം പ്രതിക്ക് നല്‍കുകയും ചെയ്തു.
പതിനെട്ടു വയസ്സുവരെ ഒരാളുടെ തലച്ചോറിന് വളര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നതായി സുപ്രീം കോടതി ആ വിധിയില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പതിനെട്ടിലെത്തുമ്പോള്‍ മാത്രമേ ഒരാളെ അയാളുടെ ചെയ്തികള്‍ക്ക് ഉത്തരവാദിയായി കാണാനാകൂ ശാരീരിക വളര്‍ച്ചയ്ക്കൊപ്പം മാനസിക വളര്‍ച്ചയും പക്വത നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകണം. കുട്ടികളുമായി ബന്ധപ്പെട്ട പല നിയമങ്ങളും 18 വയസ്സാണ് പ്രായപൂര്‍ത്തിയെത്തുന്ന പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് 18 എന്ന പ്രായനിബന്ധന ന്യായമാണ്- സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജ. സുരീന്ദര്‍സിങ് നിജ്ജാര്‍, ജ. ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു.
പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ കുറ്റംചെയ്താലും അവരെ കുറ്റവാസനകളില്‍നിന്നു പിന്തിരിപ്പിക്കാനാകുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് 18 എന്ന വയസ്സില്‍ ഉറച്ചത് ബോധപൂര്‍വമാണ്. 1986ലെ ബാലനീതി നിയമത്തില്‍ നിശ്ചയിച്ചിരുന്ന 16 വയസ്സ് ഉയര്‍ത്തി നിശ്ചയിച്ചാണ് 2000ലെ നിയമം പാസാക്കിയത്. അതുകൊണ്ട് പാര്‍ലമെന്റിന്റെ ഇക്കാര്യത്തിലെ വ്യക്തത പ്രകടമാണ്- വിധിയില്‍ ചൂണ്ടിക്കാട്ടി.പുതിയ നിയമം വന്നശേഷം കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കൂടിയതായി കണക്കില്ലെന്നും കോടതി പറഞ്ഞു. കുറഞ്ഞതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ 18 എന്ന പ്രായനിബന്ധന മാറ്റേണ്ടതില്ല- സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.
സുപ്രീം കോടതി കേസ് തീര്‍പ്പാക്കിയെങ്കിലും ബാലനീതി നിയമത്തിനെതിരെ വിമര്‍ശങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ കൊടുംകുറ്റങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അവര്‍ക്ക് മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ഹോം വാസം മാത്രം മതിയോ ശിക്ഷയായി എന്ന ചോദ്യം ഉയരുന്നുണ്ട്. യുഎന്‍ പ്രമേയം അംഗീകരിക്കുന്ന രാജ്യങ്ങള്‍പോലും ഇത്തരം കുറ്റങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ പല സംസ്ഥാനത്തും പതിമൂന്നോ പതിനഞ്ചേ വയസ്സില്‍ കൂടുതലുള്ള കുട്ടികള്‍ കടുത്ത കുറ്റങ്ങള്‍ ചെയ്താല്‍ ബാലനീതി നിയമത്തിന്റെ പരിഗണന അവര്‍ക്കു കിട്ടില്ല. ബ്രിട്ടനില്‍ കുട്ടികളുടെ വിചാരണ നടത്തുന്നത് അവര്‍ക്കായുള്ള പ്രത്യേക കോടതിയായ യൂത്ത് കോര്‍ട്ടിലാണ്. പക്ഷേ കൊലപാതകമോ, ബലാത്സംഗമോ മറ്റോ ആണ് കുറ്റമെങ്കില്‍ കേസ് മജിസ്ട്രേട്ട് കോടതിക്കു കൈമാറും. കൂടുതല്‍ ശിക്ഷ അവര്‍ക്ക് നല്കുകയുമാകാം.
ഫ്രാന്‍സിലും പോളണ്ടിലും 13 വയസ്സാണ് കുട്ടിയെ നിര്‍ണയിക്കാനുള്ള പ്രായപരിധി. നോര്‍വേയില്‍ 14ഉം ഡെന്മാര്ക്കിലും സ്വീഡനിലും 15ഉം ആണ്. ഇസ്രയേലില്‍ ഒമ്പതു വയസ്സും ഗ്രീസില്‍ 12ഉം ആണ് ഈ പ്രായപരിധി.
നിലവിലുള്ള ശിക്ഷാ രീതിയില്‍ മാറ്റം വേണ്ടെന്നു വാദിക്കുന്നവര്‍പോലും ഇപ്പോഴത്തെ ഒബ്സര്‍വേഷന്‍ ഹോമുകളിലെയും സ്പെഷ്യല്‍ ഹോമുകളിലെയും അവസ്ഥയെപ്പറ്റി വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ കൊടും കുറ്റവാളികളായി പുറത്തുവരാന്‍ ഇടയാക്കുന്ന സാഹചര്യമാണ് ഇവയില്‍ പലതിലും ഉള്ളതെന്നാണ് വിമര്‍ശം. കൗണ്‍സലിങ്ങും പുനരധിവാസവുമൊക്കെ കടലാസില്‍ ഒതുങ്ങുന്നു. ആവശ്യത്തിന് സ്പെഷ്യല്‍ ഹോമുകള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്.
കുട്ടികള്‍ പ്രതികളായാല്‍ കോടതിയല്ല, ബാലനീതി നിയമപ്രകാരം കേസുകള്‍ പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകം രൂപീകരിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളാകും കേസ് കേള്‍ക്കുക. എല്ലാ ജില്ലയിലും ഒന്നോ അതിലധികമോ ബോര്‍ഡുകളാകാം.
ഒരു ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും രണ്ട് സാമൂഹ്യപ്രവര്‍ത്തകരുമാകും ബോര്‍ഡ് അംഗങ്ങള്‍. സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും സ്ത്രീ ആകണം. മജിസ്ട്രേട്ടിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ മനഃശാസ്ത്രത്തിലും ശിശുക്ഷേമത്തിലും അറിവും പരിശീലനവും ഉണ്ടാകണം.
ബോര്‍ഡ് അംഗങ്ങള്‍ക്ക് ഒന്നിച്ചും കൂട്ടായും കേസുകള്‍ പരിഗണിക്കാനാകും. തര്‍ക്കം വന്നാല്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനിക്കാം.
ഒരു കേസില്‍ ഹാജരാക്കിയ പ്രതി കുട്ടിയാണെന്ന് ഏതെങ്കിലും മജിസ്ട്രേട്ടിനു ബോധ്യമായാല്‍ ആ കുട്ടിയുടെ കേസ് പരിഗണിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കണം.
കുറ്റംചെയ്യുമ്പോള്‍ പ്രതി കുട്ടിയായിരുന്നുവെന്ന് ഏതെങ്കിലും കേസില്‍ സംശയമുണ്ടായാല്‍ കേസ് പരിഗണിക്കുന്ന കോടതി അതേപ്പറ്റി അന്വേഷണം നടത്തണം. പ്രതി കുട്ടിയാണെന്ന് ബോധ്യമായാല്‍ അത് രേഖപ്പെടുത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കണം.
കേസിന്റെ ഏതു ഘട്ടത്തിലായാലും കേസ് തീര്‍പ്പാക്കിക്കഴിഞ്ഞായാലും പ്രതി കുറ്റംചെയ്യുമ്പോള്‍ കുട്ടിയായിരുന്നുവെന്നു തെളിഞ്ഞാല്‍ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കണം. ഈ കുട്ടിയുടെ കാര്യത്തില്‍ മറ്റു കോടതികള്‍ നിശ്ചയിച്ച ശിക്ഷയൊന്നും പിന്നെ നിലനില്‍ക്കില്ല.
പ്രതിയായ കുട്ടികളെ കേസിന്റെ പരിഗണനാവേളയില്‍ പാര്‍പ്പിക്കാന്‍ ഒബ്സര്‍വേഷന്‍ ഹോമുകള്‍ ഉണ്ടാകണം.
കേസ് പൂര്‍ത്തിയാകുമ്പോള്‍ ബോര്‍ഡിന്റെ ഉത്തരവുണ്ടായാല്‍ അതനുസരിച്ച് കുട്ടികളെ പാര്‍പ്പിക്കാനുള്ള സ്പെഷ്യല്‍ ഹോമുകള്‍ ഉണ്ടാകണം.
ഏതെങ്കിലും കേസില്‍ പിടിയിലാകുന്നത് കുട്ടികളാണെങ്കില്‍ അവരെ 24 മണിക്കൂറിനകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാകണം. ഒരുകാരണവശാലും അവരെ ലോക്കപ്പിലോ ജയിലിലോ താമസിപ്പിച്ചുകൂട.
ജാമ്യം കൊടുക്കാവുന്ന കേസില്‍ ജാമ്യം കൊടുക്കണം. ജാമ്യമില്ലെങ്കില്‍ ഒബ് സര്‍വേഷന്‍ ഹോമിലേക്ക് അയക്കണം.
കുട്ടികളെ അറസ്റ്റ്ചെയ്താല്‍ മാതാപിതാക്കളെ (അവരെ കണ്ടെത്താനാകുമെങ്കില്‍) അറിയിക്കണം. ബോര്‍ഡിനു മുമ്പില്‍ കുട്ടിയെ ഹാജരാക്കുമ്പോള്‍ അവിടെ എത്താനും അവരോട് നിര്‍ദേശിക്കണം.
ബോര്‍ഡിനു മുമ്പില്‍ കേസില്‍ പ്രതിയായി ഒരു കുട്ടിയെ ഹാജരാക്കിയാല്‍ ബോര്‍ഡ് കുട്ടിക്കെതിരായ കുറ്റത്തെപ്പറ്റി അന്വേഷണം നടത്തണം. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
കുട്ടി കുറ്റംചെയ്തതായി അന്വേഷണത്തില്‍ ബോധ്യമായാല്‍ ഏഴു തരത്തില്‍ ബോര്‍ഡിന് തീരുമാനമെടുക്കാം.
1. താക്കീതു നല്കി വീട്ടില്‍ വിടാം. കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാം.
2. കൂട്ടായ കൗണ്‍സലിങ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കാം.
3. കുട്ടിയെ സാമൂഹ്യസേവനത്തിന് അയക്കാം.
4. പിഴവിധിക്കാം. കുട്ടി സ്വയം സമ്പാദിക്കുന്നുണ്ടെങ്കിലേ ഇതു പാടുള്ളു. 14 വയസ്സിനു മുകളില്‍ പ്രായമുണ്ടാകുകയും വേണം.
5. മൂന്നുകൊല്ലത്തില്‍ കുറയാത്ത കാലത്തേക്ക് നല്ലനടപ്പിനു വിധിക്കാം. ഇക്കാലയളവില്‍ കുട്ടിയുടെ ക്ഷേമവും നല്ല പെരുമാറ്റവും രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.
6. രക്ഷിതാക്കള്‍ക്കു പകരം ഏതെങ്കിലും സ്ഥാപനത്തിന്റെ ഉറപ്പിലും കുട്ടിയെ നല്ലനടപ്പിനു നിര്‍ദേശിച്ച് അയക്കാം.
7. മൂന്നുകൊല്ലത്തേക്ക് കുട്ടിയെ ഒരു സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കാം.
ഒരു കുറ്റത്തിനും കുട്ടികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ മറ്റു ശിക്ഷകളോ വിധിക്കാന്‍പാടില്ല. 16 വയസ്സു തികഞ്ഞ ഏതെങ്കിലും കുട്ടിയെ സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കുന്നത് അവിടെയുള്ള മറ്റു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് ബോര്‍ഡിനു തോന്നിയാല്‍ അവരെ മറ്റെവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിക്കാന്‍ ബോര്‍ഡിന് നിര്‍ദേശിക്കാം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥലം നിശ്ചയിക്കണം.
ഏതു കേസിലായാലും ഒരു കുട്ടിയെ കുട്ടിയല്ലാത്ത ഒരാള്‍ക്കൊപ്പം പ്രതിയാക്കുകയോ വിചാരണചെയ്യാനോ പാടില്ല.
ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുന്ന കുട്ടിയെ തിരിച്ചറിയാനാകുംവിധം വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പാടില്ല. ചെയ്താല്‍ 20,000 രൂപവരെ പിഴ വിധിക്കാം
കേസുകളില്‍ പ്രതിയാകുന്ന കുട്ടികളുടെ പ്രായം തര്‍ക്കമായാല്‍ കോടതികള്‍ക്ക്/ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് തീര്‍പ്പാക്കേണ്ടിവരും. ഇക്കാര്യത്തില്‍ രേഖാമൂലമുള്ള തെളിവുതന്നെയാണ് പ്രധാനമെന്ന് ചട്ടങ്ങളില്‍ പറയുന്നു.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്പോലുള്ളവ ഉണ്ടെങ്കില്‍ അവ ആധാരമാക്കാം. ഇല്ലെങ്കില്‍ ആദ്യം പഠിച്ച സ്കൂളില്‍നിന്നുള്ള ജനനത്തീയതി രേഖ പരിഗണിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ വയസ്സുനിര്‍ണയത്തിന് അടിസ്ഥാനമാക്കാം. ഇതൊന്നും ലഭ്യമല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു വിടാം. അവിടെയും ഏകദേശ പ്രായനിര്‍ണയമാണ് ഉണ്ടാകുന്നതെങ്കില്‍ കോടതിക്ക് യുക്തമായ തീരുമാനത്തിലെത്താം. ഇങ്ങനെ വിവേചനാധികാരം പ്രയോഗിക്കുമ്പോള്‍ മെഡിക്കല്‍ പരിശോധനയില്‍നിന്നു തെളിഞ്ഞ പ്രായപരിധിയിലെ കുറഞ്ഞപ്രായത്തിന് കോടതികള്‍ മുന്‍ഗണന നല്‍കണം. പരമാവധി ഒരുകൊല്ലംവരെ ഇത്തരത്തില്‍ ആനുകൂല്യം നല്‍കാം.
രേഖകള്‍ ലഭ്യമായിട്ടും കുറ്റത്തിന്റെ ഗൗരവം നോക്കി "ഈ കുറ്റം ഒരു കുട്ടിക്ക് ചെയ്യാനാവില്ല. അതുകൊണ്ട് ചെയ്തയാള്‍ കുട്ടിയല്ല" എന്ന മട്ടില്‍ നിഗമനങ്ങള്‍ നടത്തുന്ന രീതി കോടതികള്‍ക്കുണ്ടായിരുന്നു. ഇത്തരത്തിലുണ്ടായ പല വിധികളും സുപ്രീം കോടതിതന്നെ തിരുത്തിയിട്ടുണ്ട്. പ്രായനിര്‍ണയം തര്‍ക്കത്തിലായാല്‍ സംശയത്തിന്റെ ആനുകൂല്യം (Benefit of Doubt) കുട്ടിക്കു നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് എതിരായിരിക്കുമ്പോള്‍ റേഷന്‍കാര്‍ഡിലെ പ്രായവും മറ്റും അടിസ്ഥാനമാക്കി പ്രതിയെ കുട്ടിയാണെന്ന് വിധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രായനിര്‍ണയത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൊന്ന് എല്ലു പരിശോധനയാണ്. കലകള്‍ എല്ലുകളായി രൂപപ്പെടുന്ന പ്രക്രിയ (Ossification) യാണ് പഠനത്തിന്റെ അടിത്തറ.
ഓസ്റ്റിയോബ്ലാസ്റ്റസ് കലകള്‍ ചേര്‍ന്നാണ് എല്ലുകള്‍ രൂപപ്പെടുന്നത്. എല്ലാകല്‍ പ്രക്രിയ മനുഷ്യരില്‍ 25 വയസ്സോടെ ഏറെക്കുറെ പൂര്‍ത്തിയാകും. അതുകൊണ്ട് ഇത് ഏതു ഘട്ടത്തിലെത്തി എന്നു നോക്കിയാല്‍ ഏറെക്കുറെ പ്രായമറിയാം. ഇതു പക്ഷേ കൃത്യമാകണമെന്നില്ല. രണ്ടുകൊല്ലംവരെ പിശകിന് സാധ്യതയുണ്ട്.
ആണ്‍കുട്ടികളില്‍ അഞ്ചുമുതല്‍ 14 വയസ്സുവരെയാണ് എല്ലുകളുടെ ബലപ്പെടല്‍ സജീവമാകുന്നത്. പെണ്‍കുട്ടികളില്‍ അഞ്ചിനും 12നും ഇടയിലും. 17 മുതല്‍ 20 വരെയുള്ള പ്രായത്തിനിടയിലാണ് കൈകളിലെയും തോളെല്ലിലെയും അസ്ഥികള്‍ ഉറയ്ക്കുന്നത്.
കാലുകളിലെയും അരക്കെട്ടിലെയും എല്ലുകള്‍ പൂര്‍ണമായും ബലപ്പെടുന്നത് 18 മുതല്‍ 23 വരെ വയസ്സിനിടയിലാണ്. 23നും 25നും ഇടയില്‍ നെഞ്ചിലെയും നട്ടെല്ലിലെയും എല്ലുകള്‍ ബലപ്പെടും.
25 വയസ്സോടെ എല്ലാ എല്ലുകളും ബലപ്പെടും. ഇത് അടിസ്ഥാനമാക്കിയാണ് എല്ലുകളുടെ പരിശോധനയിലൂടെ ഒരുപരിധിവരെ പ്രായനിര്‍ണയം സാധിക്കുന്നത്.
2012ല്‍ ആകെ കേസ് 31973
ദേശീയ കുറ്റവിവര ശേഖരണ വിഭാഗ (National Crimes Record Bureau) ത്തിന്റെ കണക്കനുസരിച്ച് കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഇന്ത്യയിലുണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റങ്ങളില്‍ ഒരു ശതമാനത്തിനും 1.2 ശതമാനത്തിനും ഇടയിലാണ് കുട്ടികള്‍ പ്രതിയായ കേസുകള്‍. 2012ലെ ആകെ കേസുകളുടെ എണ്ണം 31973 ആണ്. ഇത്രയും കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ 39822 പേരാണ്. ഇവരില്‍ 1672 പെണ്‍കുട്ടികളുമുണ്ട്. കേസുകളുടെ കണക്ക് ചുവടെ: (വിചാരണ ചെയ്യപ്പെടാവുന്ന കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണിത്)
വര്‍ഷം കേസുകള്‍ ശതമാനം
2002 18560 1.0
2003 17819 1.0
2004 19229 1.0
2005 18939 1.0
2006 21088 1.1
2007 22865 1.1
2008 24535 1.2
2009 23926 1.1
2010 22740 1.0
2011 25125 1.1
2012 27936 1.2
മൊത്തം കേസുകളുടെ എണ്ണം അധികം കൂടിയിട്ടില്ലെങ്കിലും ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന അഞ്ച് കൊല്ലത്തിനിടെ ഉണ്ടായി. ഇത്തരം കേസുകളില്‍ 2007 മുതല്‍ 2011 വരെയുള്ള ശരാശരി 865 ആണ്. എന്നാല്‍ 2012ല്‍ കേസുകളുടെ എണ്ണം 1175 ആയി. 35.8 ശതമാനമാണ് വര്‍ധന. 2002നെ അപേക്ഷിച്ച് 142.3 ശതമാനം വര്‍ധനയുണ്ട്. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട 1316 പേരില്‍ 881 പേര് 16 നും 18നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
കേസുകളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ് മുന്നില്‍. ആകെ 5677 കേസുകള്‍. ഇതില്‍161 കൊലപാതകവും 249 ബലാല്‍ത്സംഗവുമുണ്ട്.
കേരളത്തിലെ ആകെ കേസുകളുടെ എണ്ണം 2012ല്‍ 578 ആണ്. ഇതില്‍ 12 കൊലപാതകവും 13 കൊലപാതക ശ്രമവും 25 ബലാത്സംഗവും 10 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടുന്നു. ആകെ 916 കുട്ടികളാണ് ഈ കേസുകളിലായി പിടിയിലായത്. ഇവരില്‍ 11 പെണ്‍കുട്ടികളുമുണ്ട്.
കടപ്പാട് : കെ ആർ ദീപ
അവസാനം പരിഷ്കരിച്ചത് : 9/16/2019
നിയമസഭകള്‍ - കൂടുതൽ വിവരങ്ങൾ
നിയമം,നിയമത്തിന്റെ ഉപയോഗം
പല തരത്തില്‍ ഉള്ള നിയമ സഹായങ്ങൾ
വിവിധ വിഷയങ്ങളിൽ ഉള്ള നിയമ സഹായം