പെണ്‍കുട്ടികളുടെ കൂട്ട ആത്മഹത്യയും മൊബൈല്‍ ഫോണിലൂടെയും ഇന്‍റെര്‍നെറ്റിലൂടെയുമുള്ള അപവാദഫോട്ടോ പ്രചാരണത്തിലൂടെ തകര്‍ന്ന മറ്റനേകം സ്ത്രീകളുടെ കഥയും കേരളത്തിന്‍റെ മന:സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്.പീഡനത്തിനിരയായ പല പെണ്‍കുട്ടികളും പിന്നീട് ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ കുറ്റവാളികള്‍ സമൂഹത്തില്‍ വിലസുന്നത് നാം കണ്ടു. സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തു വീണ്ടും അവരുടെ മാനവും പണവും കവരുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായി ചമയുന്നതും മലയാളി കാണുകയാണ്.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്.മനുഷ്യ പുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍തന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം അതിക്രമങ്ങള്‍.
ഇന്ത്യന്‍ പീനല്‍കോഡ് ,കേരള പോലീസ് ആക്റ്റ് ,IT ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീകള്‍ക്കെതിരായുള്ള ഇത്തരം അതിക്രമങ്ങളെ നാം പ്രധാനമായും നേരിടുന്നത്.ജില്ല സൈബര്‍ സെല്ലുകളിലും സംസ്ഥാന സൈബര്‍ സെല്ലുകളിലുമെല്ലാം സ്ത്രീകളുടെ നൂറുകണക്കിന് പരാതികള്‍ ലഭിക്കുന്നുണ്ട്.മാന്യതമൂലം ചിലപ്പോള്‍ രക്ഷിതാക്കളോട് പോലും വിവരങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ മടിക്കുക സ്വാഭാവികമാണ്.ഈ പരാതികള്‍ ഒന്നും തന്നെ കുറ്റവിചാരണയിലേക്ക് നീങ്ങുന്നില്ല.കേസുകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായേക്കാവുന്ന കാലതാമസം ,അനുബന്ധിച്ചുള്ള ക്ലേശങ്ങള്‍ , നിയമത്തിന്‍റെ പഴുതുകള്‍ മൂലം പലരും കേസുമായി മുന്നോട്ടു പോകാന്‍ തയാറാകുന്നില്ല.
സ്ത്രീകളെ സഹായിക്കാനായി ജില്ലകളിലെ വനിതാ ഹെല്‍പ് ലൈന്‍ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍വേണ്ട അംഗബലവും സംവിധാനവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഗൗരവത്തോടെ അന്വേഷിച്ചു നടപടിയെടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നയം.
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ നേരിടാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്.ഈ പോരായ്മ പരിഹരിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും നിയമപരമായി സംരക്ഷിക്കപ്പെടുന്നതിനു പര്യാപ്തമായൊരു നിയമം കൊണ്ട് വരുന്നതിനു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
അതിനു മുമ്പായി സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നു.
കരടു നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്.
വിദ്യാഭ്യാസ സ്ഥാപനം,ബസ് സ്റ്റോപ്പ്,റോഡ് ,റെയില്‍വേ സ്റ്റേഷന്‍ ,സിനിമ തിയേറ്റര്‍,പാര്‍ക്ക് ,ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതു സ്ഥലങ്ങളിലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ,വീഡിയോ,ഫോണ്‍ മുതലായവയുടെ സഹായത്തോടെയോ അല്ലാതെയോ റിക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും. സ്ത്രീകള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ തങ്ങളുടെ ചുമതലയിലുള്ള സ്ഥലത്ത് വെച്ച് നടന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയുള്ള വ്യക്തിക്ക് ബാധ്യതയുണ്ടായിരിക്കും.ഈ ബാധ്യത നിറവേറ്റുന്നതില്‍ വീഴ്ച വരുത്തുന്നത് കുറ്റകരമായി കണക്കാക്കപ്പെടും.
ബസുകളിലും മറ്റു പബ്ലിക് സര്‍വീസ് വാഹനങ്ങളിലും സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ആ വാഹനം ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ജീവനക്കാര്‍ക്ക് ബാധ്യതയുണ്ടായിരിക്കും. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യാത്തത് കുറ്റകൃത്യമായി കണക്കാക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള ഫോട്ടോകള്‍ ,വീഡിയോകള്‍,ക്ലിപ്പിങ്ങുകള്‍ മുതലായവ കയ്യില്‍ സൂക്ഷിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും .
പീഡനം മൂലമുള്ള മരണം
അസാധാരണമായ സാഹചര്യത്തില്‍ മരണം സംഭവിക്കുകയും ആ സ്ത്രീ മാനഭംഗം ,മാനഹാനി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കിരയായിട്ടുണ്ട് എന്ന് കാണുകയും ചെയ്താല്‍ അത്തരം മരണത്തെ പീഡനം മൂലമുണ്ടായ മരണമായി കണക്കാക്കുമെന്ന് ബഹുജനാഭിപ്രായം പൊന്തി വന്നിട്ടുണ്ട്.പൊതു സമൂഹം തങ്ങളുടെ അഭിപ്രായങ്ങള്‍ igperimes @keralapolice.gov.in എന്ന id യിലേക്ക് അയക്കുകയും വേണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം : അതിവേഗ കോടതി പരിഗണനയില്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമ കേസുകള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു . ഇതിനു ഹൈക്കോടതിയുടെ സഹകരണം തേടും .
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചു വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു പ്രധാന കാര്യം കേസുകളുടെ തീര്‍പ്പിനെടുക്കുന്ന കാലതാമസമാണ്.ഈ സാഹചര്യത്തിലാണ് അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നത്.ഇക്കാര്യത്തില്‍ സാമ്പത്തിക ബാധ്യത ഒരു തരത്തിലും പ്രശ്നമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ പ്രധാനമായും മൂന്നു തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക.ഏറ്റവും മുഖ്യം ബോധവത്കരണമാണ്. ഇതിനായി പഞ്ചായത്ത് തലം മുതല്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. കുറ്റവാളികളെ കര്‍ശനനിയമ നടപടിക്കു വിധേയരാക്കാന്‍ സംവിധാനമുണ്ടാക്കും.പുനരധിവാസത്തിനായി സംസ്ഥാനത്ത് അഞ്ചിടത്ത് കേന്ദ്രങ്ങള്‍ തുറക്കും .ആദ്യത്തേതു തവനൂരില്‍ ആരംഭിക്കും .
പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ വലിയ ഊന്നലാണ് നല്‍കുന്നത്.കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ സ്കൂള്‍,വനിതകള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും ആലോചനയിലുണ്ട്.ഇവര്‍ക്ക് പൂര്‍ണ സുരക്ഷിതത്വ ബോധം ഉണ്ടാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുഖപ്രസവം ഉറപ്പാക്കാന്‍ പ്രത്യേക ആംബുലന്‍സ് സംവിധാനം വരുന്നു
പ്രസവ വേദന വരുമ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ ഇനി ഒരു ഫോണ്‍ കോള്‍ മതി.സൗജന്യ ആംബുലന്‍സ് വീട്ടുമുറ്റത്തെത്തും. ഗര്‍ഭിണികള്‍ക്ക് വേണ്ടി ആംബുലന്‍സ് സംവിധാനം സംസ്ഥാനത്ത് ഉടന്‍ നിലവില്‍ വരും . അടുത്ത മാസം സംസ്ഥാനത്ത് ആരംഭിക്കുന്ന ജനനി ശിശു സുരക്ഷാ കാര്യക്രമം പദ്ധതിയിലാണ് സ്ത്രീകള്‍ക്കായി 283 ആംബുലന്‍സുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്.ഇതിനായി പ്രത്യേക കോള്‍ സെന്‍ററും ആരംഭിക്കും .ടോള്‍ഫ്രീനമ്പരായ 108 ന്‍റെ മാതൃകയില്‍ 102 എന്ന നമ്പര്‍ ജെഎസ്എസ്കെ പദ്ധതിയിലെ ആംബുലന്‍സുകള്‍ക്കായി ഉപയോഗിക്കുന്നതിനു ഔദ്യോഗിക ചര്‍ച്ച നടക്കുന്നുണ്ട്. ആംബുലന്‍സ് സേവനത്തിനായി 7.26 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതുവരെ ഗര്‍ഭിണികള്‍ക്ക് ആശുപത്രിയില്‍ എത്തുന്നതിനു 250 രൂപ പണമായി അനുവദിക്കാനാണ് തീരുമാനം .
നവജാത ശിശുക്കള്‍ക്കും മാതാവിനും പൂര്‍ണ്ണ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ജെഎസ്എസ്കെ . ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്‍റെ ഭാഗമായുള്ള പദ്ധതിയാണിത്.പദ്ധതി പ്രകാരം APL,BPL ഭേദമില്ലാതെ മാതാവിന് 42 ദിവസം വരെയും കുഞ്ഞിനു 30 ദിവസം വരെയും ആശുപത്രികളില്‍ സൗജന്യ ചികിത്സ അനുവദിക്കും . ആദ്യഘട്ടത്തിനാവശ്യമായ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു . നവജാത ശിശുക്കള്‍ക്കും മാതാവിനും മരുന്ന് വിതരണം ചെയ്യുന്നതിന് 8 കോടി രൂപയും പരിശോധനകള്‍ക്കായി 2.9 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.ഗര്‍ഭിണികളുടെ ഭക്ഷണത്തിനായി പ്രതിദിനം 100 രൂപയും അനുവദിക്കും .
സ്ത്രീകളുടെ വിദേശ യാത്ര
അടുത്ത ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിസിംഗ് വിസ ഉപയോഗിച്ച് മാത്രമേ വനിതകള്‍ ഒറ്റയ്ക്ക് വിദേശ സന്ദര്‍ശനം നടത്താവൂ എന്ന വ്യവസ്ഥ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി . മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ പദ്ധതിയുടെ സെന്‍റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു .
വനിതകള്‍ വിദേശത്ത് സെക്സ്റാക്കറ്റുകളില്‍ അകപ്പെടുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ പരിഗണിക്കുന്നത് .അടുത്ത ബന്ധുക്കളുടെ പട്ടികയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കും .
30 വയസ്സിനു മുകളിലുള്ള സ്ത്രീകളെ മാത്രമേ വിദേശത്ത് വീട്ടുജോലികള്‍ക്കായി അയക്കാന്‍ പാടുള്ളൂ എന്നതുള്‍പ്പെടെ പല വ്യവസ്ഥകളുമുണ്ടെങ്കിലും തൊഴില്‍ തേടി പോകുന്നവര്‍ ഇതൊന്നും പാലിക്കാറില്ല. പ്രവാസികള്‍ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചാല്‍ പോര,പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹകരിക്കുകയും വേണം .പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വോട്ടു ചെയ്യാന്‍ കഴിയും .അപേക്ഷ നല്‍കാന്‍ അവര്‍ തയ്യാറാവണം . എന്ത് പദ്ധതിയാണെങ്കിലും നടപ്പാക്കാന്‍ പ്രവാസികളുടെ സഹകരണം കൂടിയേ തീരു.
വിദ്യാര്‍ത്ഥിനികള്‍ക്കായി സ്കൂളുകളില്‍ കൗണ്‍സിലിംഗ് തുടങ്ങുന്നു
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകളില്‍ കൗണ്‍സിലിംഗ് തുടങ്ങുന്നു . വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളും പ്രശ്നങ്ങളും തുറന്നു പറയാന്‍ തക്കവിധത്തിലുള്ള സംവിധാനമാണ് ഒരുക്കുക.തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ,എയിഡഡ് സ്കൂളുകളില്‍ ഈ അധ്യായന വര്‍ഷംതന്നെ കൗണ്‍സിലിംഗ് തുടങ്ങും.
കൗമാരത്തിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ വിദ്യര്‍ത്ഥിനികള്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയാണ് സ്കൂള്തല കൗണ്‍സിലിങ്ങിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.ഒപ്പം ശാരീരിക ശുദ്ധിയെക്കുറിച്ചും വൃത്തിയെക്കുറിച്ചും അവരെ ബോധവതികളാക്കും.സൈക്കോ സോഷ്യല്‍ സര്‍വീസ് സ്കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഡി പി ഐ ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍വ ശിക്ഷാ അഭിയാന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.11 മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് കൗണ്‍സിലിംഗ് നടത്തുന്നത്.കുട്ടികള്‍ പറയുന്ന വിവരങ്ങള്‍ രഹസ്യമായും സൂക്ഷമമായും കൈകാര്യം ചെയ്യും . PTAയുടെ ആഭിമുഖ്യത്തിലാണ് കൗണ്‍സിലിംഗ് സംവിധാനമൊരുക്കേണ്ടത്. എന്നാല്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.
കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ പോകുന്നത് പല ഭവിഷ്യത്തുകളിലെക്കും വഴി തുറക്കുന്നതാണ് കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ അനിവാര്യമാക്കുന്നത്.
ക്ലാസ് ദിവസങ്ങള്‍ക്കു പുറമേ ശനിയാഴ്ച്ചകളില്‍ ഉച്ച വരെയും കൗണ്‍സിലര്‍മാരുടെ സേവനം ലഭിക്കും . ക്ലാസ് സമയത്താണെങ്കില്‍പോലും അദ്ധ്യാപകന്‍റെ അനുവാദത്തോടെ കൗണ്‍സിലിംഗ് സേവനം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യപ്പെടാം.വിദ്യഭ്യാസകലണ്ടര്‍പ്രകാരമുള്ള അദ്ധ്യായന ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ രാവിലെ 9 മുതല്‍ 4.30 വരെ സ്കൂളുകളിലുണ്ടാകും.പുറത്തുനിന്നു ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും സേവനം വേണമെങ്കില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
തിരഞ്ഞെടുത്ത സ്കൂളുകളിലെ അദ്ധ്യാപക –രക്ഷാ കര്‍തൃ സമിതി , സിഡിപിഒ സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. സ്കൂള്‍ മാനേജ്മെന്‍ററും PTAയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഇതിനുള്ള സ്ഥലസൗകര്യങ്ങളും മറ്റു സജ്ജീകരണങ്ങളും ചെയ്യണം.
അവസാനം പരിഷ്കരിച്ചത് : 7/10/2020