തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് ചട്ടങ്ങളായി. നിയമം പ്രാബല്യത്തില്‍വന്ന് ഏഴരമാസങ്ങള്‍ക്കു ശേഷമാണ് ചട്ടങ്ങള്‍ rules) വിജ്ഞാപനം ചെയ്യുന്നത്. ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ നിയമം ഇതുവരെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചട്ടങ്ങള്‍ വൈകുന്നതില്‍ മഹിളാ സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീ-ശിശു ക്ഷേമ മന്ത്രാലയം 2013 ഡിസംബര്‍ ഒമ്പതിന് ഇറക്കിയ വിജ്ഞാപനത്തിലാണ് ചട്ടങ്ങള്‍ ഉള്ളത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം (The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013) വന്നത് 2013 ഏപ്രില്‍ 23നാണ്. അതുവരെ വിശാഖ കേസിലെ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരുന്നത്. പരാതി പരിഹരിക്കാന്‍ രണ്ടുതരത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്.
പത്തു പേരില്‍ കൂടുതല്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനത്തിലും അതതിടത്തുതന്നെ പരാതികള്‍ പരിഗണിക്കാനും പരിഹരിക്കാനുമുള്ള കമ്മിറ്റി (ഇന്റേണല്‍ കമ്മിറ്റി)കള്‍ വേണം. ജീവനക്കാര്‍ പത്തില്‍ കുറവുള്ള സ്ഥാപനങ്ങളിലെ പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രാദേശിക സമിതി (ലോക്കല്‍ കംപ്ലയിന്റ്സ് കമ്മിറ്റി)യും ഉണ്ടാകും. 10 പേരില്‍ കൂടുതലുള്ള സ്ഥാപനത്തിലെ തൊഴിലുടമയ്ക്കെതിരായ പരാതിയുംഈ കമ്മിറ്റി പരിഗണിക്കും. വീട്ടുജോലി ചെയ്യുന്നവരുടെ പരാതികളും ഈ കമ്മിറ്റിക്കാണ്. ഈ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അലവന്‍സ് സംബന്ധിച്ചാണ് ചട്ടങ്ങളില്‍ ആദ്യം പറയുന്നത്.
സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റികളില്‍ ഒരുസര്‍ക്കാരിതര സംഘടനാ പ്രതിനിധി വേണം. ഈ അംഗത്തിന് കമ്മിറ്റി ചേരുന്ന ദിവസം 200 രൂപ ബത്ത നല്‍കണം. യാത്രാപ്പടിയും അനുവദിക്കണം. തൊഴിലുടമയാണ് തുക നല്‍കേണ്ടത്. സിറ്റിങ്ങുള്ളപ്പോള്‍ ലോക്കല്‍ കമ്മിറ്റികളിലെ ചെയര്‍മാന് പ്രതിദിനം 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയും ബത്തയായും പുറമെ യാത്രാപ്പടിയും നല്‍കണം. കമ്മിറ്റികളിലേക്ക് നിയോഗിക്കുന്ന സര്‍ക്കാരിതര സംഘടനാപ്രതിനിധികളുടെ യോഗ്യത സംബന്ധിച്ചും ചട്ടങ്ങളില്‍ വ്യക്തത വരുത്തുന്നു. ഇവര്‍ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചയമുള്ളവരാകണം എന്ന് നിയമം പറയുന്നുണ്ട്. ഇവര്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷമെങ്കിലും പരിചയമുള്ളവരാകണമെന്ന് ചട്ടടങ്ങളില്‍ പറയുന്നു.
സ്ത്രീശാക്തീകരണത്തിന് ഉതകുന്നതും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം കൈകാര്യംചെയ്യുന്നതുമാകണം സാമൂഹ്യപ്രവര്‍ത്തനം. തൊഴില്‍, സര്‍വീസ്, സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ നിയമങ്ങളില്‍ പ്രാവീണ്യം ഉള്ളവരെയും പരിഗണിക്കാം. പരാതി നല്‍കേണ്ട സ്ത്രീക്ക് ശാരീരിക വിഷമതകള്‍മൂലം അത് ചെയ്യാനാകുന്നില്ലെങ്കില്‍ ബന്ധു അല്ലെങ്കില്‍ സുഹൃത്ത്, സഹപ്രവര്‍ത്തക/പ്രവര്‍ത്തകന്‍, ദേശീയ-സംസ്ഥാന വനിതാ കമീഷനുകളിലെ ഉദ്യോഗസ്ഥര്‍, പരാതിയെപ്പറ്റി അറിയാവുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് കമ്മിറ്റിക്ക് പരാതി നല്‍കാം.
പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയോടെയാകണം ഇത്. മാനസികശേഷിക്കുറവുകൊണ്ട് നേരിട്ട് പരാതി നല്‍കാന്‍ കഴിയാതെവന്നാലും ഇത്തരത്തില്‍ മറ്റുള്ളവര്‍ മുഖേന പരാതി നല്‍കാം. ബന്ധു അല്ലെങ്കില്‍ സുഹൃത്ത്, മാനസികപ്രശ്നമുള്ളവരെ പരിശീലിപ്പിക്കുന്നവര്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), യോഗ്യതയുള്ള മനോരോഗവിദഗ്ധന്‍(Psychiatrist) അല്ലെങ്കില്‍ മനഃശാസ്ത്രജ്ഞന്‍ (Psychologist), പരാതിക്കാരിക്ക് ചികിത്സയോ പരിചരണമോ നല്‍കുന്ന വ്യക്തി എന്നിവര്‍ മുഖേന പരാതി നല്‍കാം. അതുപോലെ സംഭവത്തെപ്പറ്റി അറിവുള്ള ആര്‍ക്കും പരാതി നല്‍കാനും കഴിയും പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ ആരെങ്കിലുംകൂടി ഒപ്പമുണ്ടാകണം.
മറ്റേതെങ്കിലും സാഹചര്യത്തില്‍ പരാതി നല്‍കാനാകാത്ത സ്ഥിതി ഉണ്ടെങ്കിലും മറ്റാരെങ്കിലും മുഖേന പരാതി നല്‍കാം. പരാതിക്കാരിയുടെ രേഖാമൂലമുള്ള അനുമതിയോടെയാകണം ഇതും. പരാതിക്കാരി മരിച്ചെങ്കില്‍ സംഭവം അറിയാവുന്ന ആര്‍ക്കും പരാതി നല്‍കാം. പരാതിക്കാരിയുടെ നിയമപരമായ അവകാശി (Legal Heir) യുടെ രേഖാമൂലമുള്ള സമ്മതത്തോടെയാകണം. പരാതിയെക്കുറിച്ച് അന്വേഷണം എങ്ങനെ വേണമെന്നും ചട്ടങ്ങളിലുണ്ട്. പരാതിയുടെ ആറു പകര്‍പ്പും പരാതിക്ക് അനുകൂലമായ രേഖകളും സാക്ഷികളുടെ പേരും വിലാസവും പരാതിക്കാരി കമ്മിറ്റിക്കു നല്‍കണം. പരാതി കിട്ടിയാല്‍ അതിന്റെ ഒരു പകര്‍പ്പ് ഏഴു പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പരാതിയില്‍ കുറ്റാരോപിതനായ വ്യക്തി (എതിര്‍കക്ഷി)ക്ക് കമ്മിറ്റി അയച്ചുകൊടുക്കണം.
പകര്‍പ്പു കിട്ടിക്കഴിഞ്ഞാല്‍ എതിര്‍കക്ഷിക്ക് പറയാനുള്ള കാര്യങ്ങളും അതിനനുകൂലമായ രേഖകളും സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരും വിലാസവും 10 ദിവസത്തിനകം കമ്മിറ്റിക്ക് നല്‍കണം. സാമാന്യനീതി (Natural Justice)ക്ക് ഉതകുന്നവിധത്തില്‍ പരാതിയെപ്പറ്റി അന്വേഷണം നടത്തണം. തുടര്‍ച്ചയായ മൂന്നു തെളിവെടുപ്പുകളില്‍ പരാതിക്കാരിയോ എതിര്‍കക്ഷിയോ ഹാജരാകാതിരുന്നാല്‍ അന്വേഷണം അവസാനിപ്പിക്കാനോ ഹാജരാകാത്തവരെ കേള്‍ക്കാതെ (ex-parte) കേസ് തീര്‍പ്പാക്കാനോകമ്മിറ്റിക്ക് അധികാരമുണ്ടാകും.
കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകര്‍ക്ക് ഹാജരാകാനാകില്ലെന്നും ചട്ടങ്ങളിലുണ്ട്. കമ്മിറ്റി പരാതി പരിഗണിക്കുമ്പോള്‍ ചെയര്‍മാനടക്കം മൂന്നുപേരെങ്കിലും ഹാജരുണ്ടാകണം. പരാതി തീര്‍പ്പാകുന്നതുവരെയുള്ള കാലയളവില്‍ പരാതിക്കാരിക്ക് മറ്റു തരത്തില്‍ ആശ്വാസം നല്‍കാനുള്ള വ്യവസ്ഥയും ചട്ടങ്ങളിലുണ്ട്. പരാതിക്കാരി രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരാതിയിലെ എതിര്‍കക്ഷിയെ പരാതിക്കാരിയുടെ ജോലി വിലയിരുത്തുന്ന ചുമതലയില്‍നിന്നു മാറ്റി ആ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കാന്‍ കമ്മിറ്റിക്ക് തൊഴിലുടമയോട് ശുപാര്‍ശ ചെയ്യാനാകും. ഒരു വിദ്യാഭ്യാസ സ്ഥാപനമാണെങ്കില്‍ പരാതിക്കാരിയുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍നിന്ന് എതിര്‍കക്ഷിയെ മാറ്റിനിര്‍ത്താം.
പരാതി ശരിയെന്നു കണ്ടാല്‍ ശിക്ഷയ്ക്കുള്ള നടപടിക്രമങ്ങളും ചട്ടങ്ങളിലുണ്ട്. സര്‍വീസ് ചട്ടങ്ങളില്ലാത്ത സ്ഥാപനങ്ങളിലാണ് ഈ വ്യവസ്ഥകള്‍ ബാധകമാകുക. രേഖാമൂലം ക്ഷമാപണം, താക്കീത്, ശാസന, ശമ്പള വര്‍ധനയോ ഇന്‍ക്രിമെന്റോ തടഞ്ഞുവയ്ക്കല്‍ എന്നീ ശിക്ഷകള്‍ കൂടാതെ പിരിച്ചുവിടല്‍വരെ ശിക്ഷയാകാം. കുറ്റക്കാരനെ കൗണ്‍സലിങ്ങിനു വിധേയനാക്കാനോ&ാറമവെ;സാമൂഹ്യസേവനം ചെയ്യാനോനിര്‍ദേശിക്കാം. ചട്ടങ്ങളില്‍ പറയുന്ന ഈ ശിക്ഷകള്‍ കൂടാതെ പ്രതിയില്‍നിന്ന് ഇരയ്ക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കാനുള്ള വ്യവസ്ഥ നിയമത്തില്‍ത്തന്നെയുണ്ട്. പരാതി വ്യാജമോ ദുരുദ്ദേശ്യപരമോ എന്നു തെളിഞ്ഞാല്‍ പരാതിക്കാരിക്കും ശിക്ഷ നല്‍കാം. സര്‍വീസ്ചട്ടങ്ങളില്ലാത്തിടത്ത് അതും പിരിച്ചുവിടല്‍വരെയാകാം. (എന്നാല്‍ ദുരുദ്ദേശ്യം തെളിയിക്കാന്‍ അന്വേഷണം വേണം. ആരോപണം തെറ്റെന്ന കാരണത്താല്‍ മാത്രം ശിക്ഷിക്കാനാകില്ലെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.) അപ്പീല്‍ നല്‍കാനുള്ള അപ്പീല്‍ അധികാരിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ചട്ടങ്ങള്‍ പറയുന്നു.
പരാതി പരിഗണിക്കുന്ന വേളയില്‍ പരാതിക്കാരിയെയും എതിര്‍കക്ഷിയെയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്ക് 5000 രൂപ പിഴ നല്‍കാമെന്നും ചട്ടം പറയുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരായി ബോധവല്‍ക്കരണം നടത്തുന്നതു സംബന്ധിച്ച വിശദാംശങ്ങളും ചട്ടങ്ങളിലുണ്ട്. കമ്മിറ്റികള്‍ പരിഗണിച്ച കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക
കേസുകളില്‍ പ്രതിയാകുന്ന കുട്ടികളുടെ പ്രായം തര്‍ക്കമായാല്‍ എന്തുചെയ്യും? കുട്ടികള്‍ക്കുള്ള ശിക്ഷകള്‍ എത്രത്തോളമാകാം? ബാലനീതി നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി...
കുട്ടികള്‍ കുറ്റംചെയ്താല്‍ അവര്‍ക്കെതിരെ എന്തൊക്കെ നിയമ നടപടികളാകാം എന്ന പ്രശ്നം എപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത് കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ പ്രഖ്യാപനം (Declaration of the Rights of the Child) വന്നത് 1959 നവംബര്‍ 20നാണ്. പിന്നീട് 1985ല്‍ ബീജിങ് ചട്ടങ്ങളും 1990ല്‍ റിയാദ് ചട്ടങ്ങളും വന്നു. ലോകത്താകെ കുട്ടികളുടെ കുറ്റങ്ങള്‍ സര്‍ക്കാരുകള്‍ നേരിടുന്നത് ഈ മൂന്നു രേഖകളുടെ ചട്ടക്കൂട്ടില്‍ നിന്നാണ്.
മുതിര്‍ന്നവര്‍ കുറ്റംചെയ്യുമ്പോള്‍ നേരിടുന്ന രീതിയില്‍ കുട്ടികളുടെ കുറ്റങ്ങളെ നേരിടരുത് എന്നതുതന്നെയാണ് അടിസ്ഥാന തത്വം. കുറ്റംചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക നിയമനിര്‍മാണംതന്നെ വേണമെന്ന നിര്‍ദേശം ബീജിങ് ചട്ടങ്ങളിലാണ് ഉണ്ടായത്. കുറ്റംചെയ്യുന്നവര്‍ കുട്ടികളാണോ എന്നു തീരുമാനിക്കാനുള്ള പ്രായം നിര്‍ണയിക്കുമ്പോള്‍ അത് തീരെ കുറച്ചാകരുതെന്ന് ഈ ചട്ടങ്ങളില്‍ പറഞ്ഞു. കുട്ടികളുടെ മാനസികവും ബുദ്ധിപരവും വൈകാരികവുമായ പക്വതയെ അടിസ്ഥാനമാക്കി വേണം ഇതെന്നും നിര്‍ദേശിക്കപ്പെട്ടു. ബീജിങ് ചട്ടങ്ങള്‍ നിലവില്‍വന്ന് നാലുവര്‍ഷത്തിനുശേഷമാണ് ഐക്യരാഷ്ട്ര പൊതുസഭ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന പ്രമേയം പാസാക്കിയത്. 1990 സെപ്തംബര്‍ രണ്ടിന് ഇത് നിലവില്‍വന്നു. ഇന്ത്യ പ്രമേയത്തില്‍ ഒപ്പുവച്ച രാജ്യമായിരുന്നില്ല. പക്ഷേ 1992 ഡിസംബറില്‍ പ്രമേയം അംഗീകരിച്ചു. 2000ല്‍ നിലവില്‍വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടി (ബാലനീതി നിയമം)ന്റെ തുടക്കം അവിടെനിന്നാണ്.
സമഗ്രമായ ബാലനീതി നിയമം (The Juvenile Justice (Care and Protection of Children) Act 2000) 2003 ഏപ്രില്‍ 10ന് പ്രാബല്യത്തിലായി. 2006ല്‍ ഇതിനു ദേഭഗതിയും വന്നു. കുട്ടികള്‍ കുറ്റംചെയ്താല്‍ ശിക്ഷ തീരുമാനിക്കാന്‍ ഈ നിയമം മാത്രമാണ് ബാധകം. അതിനുമുമ്പ് നിലവിലുണ്ടായിരുന്ന 1986ലെ ബാലനീതി നിയമം ഈ നിയമത്തോടെ ഇല്ലാതായി. കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും കുറ്റംചെയ്യാനിടയാകുന്ന കുട്ടികളുടെയും പുനരധിവാസം, സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്.
കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങളെയും അവയ്ക്കുള്ള ശിക്ഷയെയുംപറ്റിയുള്ള കാര്യങ്ങള്‍ മാത്രമേ ഈ കുറിപ്പിന് വിഷയമാകുന്നുള്ളു. ശിക്ഷ എന്നതുതന്നെ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാനുള്ള പുനരധിവാസ നടപടിയായാണ് നിയമം കണക്കാക്കുന്നത്.
ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നു. 18 വയസ്സു തികയാത്തവരാണ് നിയമത്തിലെ നിര്‍വചനപ്രകാരം കുട്ടിയാകുന്നത്. ഈ 18 വയസ്സാണ് അടുത്തിടെ നിയമതര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയത്. ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളിലൊരാളുടെ പ്രായത്തെച്ചൊല്ലിയായിരുന്നു വിവാദം. 18 വയസ്സു തികഞ്ഞിട്ടില്ലെന്ന് സ്കൂള്‍രേഖകളില്‍നിന്ന് വ്യക്തമായി. എങ്കിലും ഇത്തരത്തിലൊരു കൃത്യം ചെയ്ത പ്രതിയെ കുട്ടിയായി പരിഗണിച്ചാല്‍ മതിയോ എന്നതാണ് തര്‍ക്കമായത്.2000ലെ ബാലനീതി നിയമംതന്നെ അസാധുവാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്തി.
2013 ജൂലൈ 13ന് കോടതി കേസുകള്‍ തീര്‍പ്പാക്കി നിയമം ശരിവച്ചു. പ്രതിയെ "കുട്ടി"യായി കരുതിത്തന്നെ ശിക്ഷ വിധിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ഹോം വാസം പ്രതിക്ക് നല്‍കുകയും ചെയ്തു.
പതിനെട്ടു വയസ്സുവരെ ഒരാളുടെ തലച്ചോറിന് വളര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നതായി സുപ്രീം കോടതി ആ വിധിയില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പതിനെട്ടിലെത്തുമ്പോള്‍ മാത്രമേ ഒരാളെ അയാളുടെ ചെയ്തികള്‍ക്ക് ഉത്തരവാദിയായി കാണാനാകൂ ശാരീരിക വളര്‍ച്ചയ്ക്കൊപ്പം മാനസിക വളര്‍ച്ചയും പക്വത നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാകണം. കുട്ടികളുമായി ബന്ധപ്പെട്ട പല നിയമങ്ങളും 18 വയസ്സാണ് പ്രായപൂര്‍ത്തിയെത്തുന്ന പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് 18 എന്ന പ്രായനിബന്ധന ന്യായമാണ്- സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജ. സുരീന്ദര്‍സിങ് നിജ്ജാര്‍, ജ. ജെ ചെലമേശ്വര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു.
പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ കുറ്റംചെയ്താലും അവരെ കുറ്റവാസനകളില്‍നിന്നു പിന്തിരിപ്പിക്കാനാകുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് 18 എന്ന വയസ്സില്‍ ഉറച്ചത് ബോധപൂര്‍വമാണ്. 1986ലെ ബാലനീതി നിയമത്തില്‍ നിശ്ചയിച്ചിരുന്ന 16 വയസ്സ് ഉയര്‍ത്തി നിശ്ചയിച്ചാണ് 2000ലെ നിയമം പാസാക്കിയത്. അതുകൊണ്ട് പാര്‍ലമെന്റിന്റെ ഇക്കാര്യത്തിലെ വ്യക്തത പ്രകടമാണ്- വിധിയില്‍ ചൂണ്ടിക്കാട്ടി.പുതിയ നിയമം വന്നശേഷം കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കൂടിയതായി കണക്കില്ലെന്നും കോടതി പറഞ്ഞു. കുറഞ്ഞതായാണ് കണക്ക്. ഈ സാഹചര്യത്തില്‍ 18 എന്ന പ്രായനിബന്ധന മാറ്റേണ്ടതില്ല- സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.
സുപ്രീം കോടതി കേസ് തീര്‍പ്പാക്കിയെങ്കിലും ബാലനീതി നിയമത്തിനെതിരെ വിമര്‍ശങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ കൊടുംകുറ്റങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അവര്‍ക്ക് മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ഹോം വാസം മാത്രം മതിയോ ശിക്ഷയായി എന്ന ചോദ്യം ഉയരുന്നുണ്ട്. യുഎന്‍ പ്രമേയം അംഗീകരിക്കുന്ന രാജ്യങ്ങള്‍പോലും ഇത്തരം കുറ്റങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ പല സംസ്ഥാനത്തും പതിമൂന്നോ പതിനഞ്ചേ വയസ്സില്‍ കൂടുതലുള്ള കുട്ടികള്‍ കടുത്ത കുറ്റങ്ങള്‍ ചെയ്താല്‍ ബാലനീതി നിയമത്തിന്റെ പരിഗണന അവര്‍ക്കു കിട്ടില്ല. ബ്രിട്ടനില്‍ കുട്ടികളുടെ വിചാരണ നടത്തുന്നത് അവര്‍ക്കായുള്ള പ്രത്യേക കോടതിയായ യൂത്ത് കോര്‍ട്ടിലാണ്. പക്ഷേ കൊലപാതകമോ, ബലാത്സംഗമോ മറ്റോ ആണ് കുറ്റമെങ്കില്‍ കേസ് മജിസ്ട്രേട്ട് കോടതിക്കു കൈമാറും. കൂടുതല്‍ ശിക്ഷ അവര്‍ക്ക് നല്‍കുകയുമാകാം.
ഫ്രാന്‍സിലും പോളണ്ടിലും 13 വയസ്സാണ് കുട്ടിയെ നിര്‍ണയിക്കാനുള്ള പ്രായപരിധി. നോര്‍വേയില്‍ 14ഉം ഡെന്‍മാര്‍ക്കിലും സ്വീഡനിലും 15ഉം ആണ്. ഇസ്രയേലില്‍ ഒമ്പതു വയസ്സും ഗ്രീസില്‍ 12ഉം ആണ് ഈ പ്രായപരിധി.
നിലവിലുള്ള ശിക്ഷാ രീതിയില്‍ മാറ്റം വേണ്ടെന്നു വാദിക്കുന്നവര്‍പോലും ഇപ്പോഴത്തെ ഒബ്സര്‍വേഷന്‍ ഹോമുകളിലെയും സ്പെഷ്യല്‍ ഹോമുകളിലെയും അവസ്ഥയെപ്പറ്റി വിമര്‍ശം ഉയര്‍ത്തുന്നുണ്ട്. കുട്ടികള്‍ കൊടും കുറ്റവാളികളായി പുറത്തുവരാന്‍ ഇടയാക്കുന്ന സാഹചര്യമാണ് ഇവയില്‍ പലതിലും ഉള്ളതെന്നാണ് വിമര്‍ശം. കൗണ്‍സലിങ്ങും പുനരധിവാസവുമൊക്കെ കടലാസില്‍ ഒതുങ്ങുന്നു. ആവശ്യത്തിന് സ്പെഷ്യല്‍ ഹോമുകള്‍ ഇല്ലാത്ത അവസ്ഥയുമുണ്ട്.
നടപടികള്‍ ഇങ്ങനെ
കുട്ടികള്‍ പ്രതികളായാല്‍ കോടതിയല്ല, ബാലനീതി നിയമപ്രകാരം കേസുകള്‍ പരിഗണിക്കുന്നത്. ഇതിനായി പ്രത്യേകം രൂപീകരിച്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളാകും കേസ് കേള്‍ക്കുക. എല്ലാ ജില്ലയിലും ഒന്നോ അതിലധികമോ ബോര്‍ഡുകളാകാം.
ഒരു ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും രണ്ട് സാമൂഹ്യപ്രവര്‍ത്തകരുമാകും ബോര്‍ഡ് അംഗങ്ങള്‍. സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളെങ്കിലും സ്ത്രീ ആകണം. മജിസ്ട്രേട്ടിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ മനഃശാസ്ത്രത്തിലും ശിശുക്ഷേമത്തിലും അറിവും പരിശീലനവും ഉണ്ടാകണം.
ബോര്‍ഡ് അംഗങ്ങള്‍ക്ക് ഒന്നിച്ചും കൂട്ടായും കേസുകള്‍ പരിഗണിക്കാനാകും. തര്‍ക്കം വന്നാല്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനിക്കാം.
ഒരു കേസില്‍ ഹാജരാക്കിയ പ്രതി കുട്ടിയാണെന്ന് ഏതെങ്കിലും മജിസ്ട്രേട്ടിനു ബോധ്യമായാല്‍ ആ കുട്ടിയുടെ കേസ് പരിഗണിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കണം.
കുറ്റംചെയ്യുമ്പോള്‍ പ്രതി കുട്ടിയായിരുന്നുവെന്ന് ഏതെങ്കിലും കേസില്‍ സംശയമുണ്ടായാല്‍ കേസ് പരിഗണിക്കുന്ന കോടതി അതേപ്പറ്റി അന്വേഷണം നടത്തണം. പ്രതി കുട്ടിയാണെന്ന് ബോധ്യമായാല്‍ അത് രേഖപ്പെടുത്തി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് അയക്കണം.
കേസിന്റെ ഏതു ഘട്ടത്തിലായാലും കേസ് തീര്‍പ്പാക്കിക്കഴിഞ്ഞായാലും പ്രതി കുറ്റംചെയ്യുമ്പോള്‍ കുട്ടിയായിരുന്നുവെന്നു തെളിഞ്ഞാല്‍ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കണം. ഈ കുട്ടിയുടെ കാര്യത്തില്‍ മറ്റു കോടതികള്‍ നിശ്ചയിച്ച ശിക്ഷയൊന്നും പിന്നെ നിലനില്‍ക്കില്ല.
പ്രതിയായ കുട്ടികളെ കേസിന്റെ പരിഗണനാവേളയില്‍ പാര്‍പ്പിക്കാന്‍ ഒബ്സര്‍വേഷന്‍ ഹോമുകള്‍ ഉണ്ടാകണം.
കേസ് പൂര്‍ത്തിയാകുമ്പോള്‍ ബോര്‍ഡിന്റെ ഉത്തരവുണ്ടായാല്‍ അതനുസരിച്ച് കുട്ടികളെ പാര്‍പ്പിക്കാനുള്ള സ്പെഷ്യല്‍ ഹോമുകള്‍ ഉണ്ടാകണം.
ഏതെങ്കിലും കേസില്‍ പിടിയിലാകുന്നത് കുട്ടികളാണെങ്കില്‍ അവരെ 24 മണിക്കൂറിനകം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാകണം. ഒരുകാരണവശാലും അവരെ ലോക്കപ്പിലോ ജയിലിലോ താമസിപ്പിച്ചുകൂട.
ജാമ്യം കൊടുക്കാവുന്ന കേസില്‍ ജാമ്യം കൊടുക്കണം. ജാമ്യമില്ലെങ്കില്‍ ഒബ് സര്‍വേഷന്‍ ഹോമിലേക്ക് അയക്കണം.
കുട്ടികളെ അറസ്റ്റ്ചെയ്താല്‍ മാതാപിതാക്കളെ (അവരെ കണ്ടെത്താനാകുമെങ്കില്‍) അറിയിക്കണം. ബോര്‍ഡിനു മുമ്പില്‍ കുട്ടിയെ ഹാജരാക്കുമ്പോള്‍ അവിടെ എത്താനും അവരോട് നിര്‍ദേശിക്കണം.
ബോര്‍ഡിനു മുമ്പില്‍ കേസില്‍ പ്രതിയായി ഒരു കുട്ടിയെ ഹാജരാക്കിയാല്‍ ബോര്‍ഡ് കുട്ടിക്കെതിരായ കുറ്റത്തെപ്പറ്റി അന്വേഷണം നടത്തണം. നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
കുട്ടി കുറ്റംചെയ്തതായി അന്വേഷണത്തില്‍ ബോധ്യമായാല്‍ ഏഴു തരത്തില്‍ ബോര്‍ഡിന് തീരുമാനമെടുക്കാം.
1. താക്കീതു നല്‍കി വീട്ടില്‍ വിടാം. കുട്ടിക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കാം.
2. കൂട്ടായ കൗണ്‍സലിങ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കാം.
3. കുട്ടിയെ സാമൂഹ്യസേവനത്തിന് അയക്കാം.
4. പിഴവിധിക്കാം. കുട്ടി സ്വയം സമ്പാദിക്കുന്നുണ്ടെങ്കിലേ ഇതു പാടുള്ളു. 14 വയസ്സിനു മുകളില്‍ പ്രായമുണ്ടാകുകയും വേണം.
5. മൂന്നുകൊല്ലത്തില്‍ കുറയാത്ത കാലത്തേക്ക് നല്ലനടപ്പിനു വിധിക്കാം. ഇക്കാലയളവില്‍ കുട്ടിയുടെ ക്ഷേമവും നല്ല പെരുമാറ്റവും രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.
6. രക്ഷിതാക്കള്‍ക്കു പകരം ഏതെങ്കിലും സ്ഥാപനത്തിന്റെ ഉറപ്പിലും കുട്ടിയെ നല്ലനടപ്പിനു നിര്‍ദേശിച്ച് അയക്കാം.
7. മൂന്നുകൊല്ലത്തേക്ക് കുട്ടിയെ ഒരു സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിക്കാം.
ഒരു കുറ്റത്തിനും കുട്ടികള്‍ക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ മറ്റു ശിക്ഷകളോ വിധിക്കാന്‍പാടില്ല. 16 വയസ്സു തികഞ്ഞ ഏതെങ്കിലും കുട്ടിയെ സ്പെഷ്യല്‍ ഹോമില്‍ പാര്‍പ്പിക്കുന്നത് അവിടെയുള്ള മറ്റു കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് ബോര്‍ഡിനു തോന്നിയാല്‍ അവരെ മറ്റെവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് പാര്‍പ്പിക്കാന്‍ ബോര്‍ഡിന് നിര്‍ദേശിക്കാം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്ഥലം നിശ്ചയിക്കണം.
ഏതു കേസിലായാലും ഒരു കുട്ടിയെ കുട്ടിയല്ലാത്ത ഒരാള്‍ക്കൊപ്പം പ്രതിയാക്കുകയോ വിചാരണചെയ്യാനോ പാടില്ല.
ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുന്ന കുട്ടിയെ തിരിച്ചറിയാനാകുംവിധം വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍പാടില്ല. ചെയ്താല്‍ 20,000 രൂപവരെ പിഴ വിധിക്കാം.
പ്രായം തര്‍ക്കമാകുമ്പോള്‍
കേസുകളില്‍ പ്രതിയാകുന്ന കുട്ടികളുടെ പ്രായം തര്‍ക്കമായാല്‍ കോടതികള്‍ക്ക്/ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് തീര്‍പ്പാക്കേണ്ടിവരും. ഇക്കാര്യത്തില്‍ രേഖാമൂലമുള്ള തെളിവുതന്നെയാണ് പ്രധാനമെന്ന് ചട്ടങ്ങളില്‍ പറയുന്നു.
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്പോലുള്ളവ ഉണ്ടെങ്കില്‍ അവ ആധാരമാക്കാം. ഇല്ലെങ്കില്‍ ആദ്യം പഠിച്ച സ്കൂളില്‍നിന്നുള്ള ജനനത്തീയതി രേഖ പരിഗണിക്കാം. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ വയസ്സുനിര്‍ണയത്തിന് അടിസ്ഥാനമാക്കാം. ഇതൊന്നും ലഭ്യമല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു വിടാം. അവിടെയും ഏകദേശ പ്രായനിര്‍ണയമാണ് ഉണ്ടാകുന്നതെങ്കില്‍ കോടതിക്ക് യുക്തമായ തീരുമാനത്തിലെത്താം. ഇങ്ങനെ വിവേചനാധികാരം പ്രയോഗിക്കുമ്പോള്‍ മെഡിക്കല്‍ പരിശോധനയില്‍നിന്നു തെളിഞ്ഞ പ്രായപരിധിയിലെ കുറഞ്ഞപ്രായത്തിന് കോടതികള്‍ മുന്‍ഗണന നല്‍കണം. പരമാവധി ഒരുകൊല്ലംവരെ ഇത്തരത്തില്‍ ആനുകൂല്യം നല്‍കാം.
രേഖകള്‍ ലഭ്യമായിട്ടും കുറ്റത്തിന്റെ ഗൗരവം നോക്കി "ഈ കുറ്റം ഒരു കുട്ടിക്ക് ചെയ്യാനാവില്ല. അതുകൊണ്ട് ചെയ്തയാള്‍ കുട്ടിയല്ല" എന്ന മട്ടില്‍ നിഗമനങ്ങള്‍ നടത്തുന്ന രീതി കോടതികള്‍ക്കുണ്ടായിരുന്നു. ഇത്തരത്തിലുണ്ടായ പല വിധികളും സുപ്രീം കോടതിതന്നെ തിരുത്തിയിട്ടുണ്ട്. പ്രായനിര്‍ണയം തര്‍ക്കത്തിലായാല്‍ സംശയത്തിന്റെ ആനുകൂല്യം (Benefit of Doubt) കുട്ടിക്കു നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് എതിരായിരിക്കുമ്പോള്‍ റേഷന്‍കാര്‍ഡിലെ പ്രായവും മറ്റും അടിസ്ഥാനമാക്കി പ്രതിയെ കുട്ടിയാണെന്ന് വിധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലു നോക്കി പ്രായം
പ്രായനിര്‍ണയത്തിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൊന്ന് എല്ലു പരിശോധനയാണ്. കലകള്‍ എല്ലുകളായി രൂപപ്പെടുന്ന പ്രക്രിയ (Ossification) യാണ് പഠനത്തിന്റെ അടിത്തറ.
ഓസ്റ്റിയോബ്ലാസ്റ്റസ് കലകള്‍ ചേര്‍ന്നാണ് എല്ലുകള്‍ രൂപപ്പെടുന്നത്. എല്ലാകല്‍ പ്രക്രിയ മനുഷ്യരില്‍ 25 വയസ്സോടെ ഏറെക്കുറെ പൂര്‍ത്തിയാകും. അതുകൊണ്ട് ഇത് ഏതു ഘട്ടത്തിലെത്തി എന്നു നോക്കിയാല്‍ ഏറെക്കുറെ പ്രായമറിയാം. ഇതു പക്ഷേ കൃത്യമാകണമെന്നില്ല. രണ്ടുകൊല്ലംവരെ പിശകിന് സാധ്യതയുണ്ട്.
ആണ്‍കുട്ടികളില്‍ അഞ്ചുമുതല്‍ 14 വയസ്സുവരെയാണ് എല്ലുകളുടെ ബലപ്പെടല്‍ സജീവമാകുന്നത്. പെണ്‍കുട്ടികളില്‍ അഞ്ചിനും 12നും ഇടയിലും. 17 മുതല്‍ 20 വരെയുള്ള പ്രായത്തിനിടയിലാണ് കൈകളിലെയും തോളെല്ലിലെയും അസ്ഥികള്‍ ഉറയ്ക്കുന്നത്.
കാലുകളിലെയും അരക്കെട്ടിലെയും എല്ലുകള്‍ പൂര്‍ണമായും ബലപ്പെടുന്നത് 18 മുതല്‍ 23 വരെ വയസ്സിനിടയിലാണ്. 23നും 25നും ഇടയില്‍ നെഞ്ചിലെയും നട്ടെല്ലിലെയും എല്ലുകള്‍ ബലപ്പെടും.
25 വയസ്സോടെ എല്ലാ എല്ലുകളും ബലപ്പെടും. ഇത് അടിസ്ഥാനമാക്കിയാണ് എല്ലുകളുടെ പരിശോധനയിലൂടെ ഒരുപരിധിവരെ പ്രായനിര്‍ണയം സാധിക്കുന്നത്.
2012ല്‍ ആകെ കേസ് 31973
ദേശീയ കുറ്റവിവര ശേഖരണ വിഭാഗ (National Crimes Record Bureau) ത്തിന്റെ കണക്കനുസരിച്ച് കുട്ടികള്‍ പ്രതികളായ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന ഇന്ത്യയിലുണ്ടായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷമായി മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റങ്ങളില്‍ ഒരു ശതമാനത്തിനും 1.2 ശതമാനത്തിനും ഇടയിലാണ് കുട്ടികള്‍ പ്രതിയായ കേസുകള്‍. 2012ലെ ആകെ കേസുകളുടെ എണ്ണം 31973 ആണ്. ഇത്രയും കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ 39822 പേരാണ്. ഇവരില്‍ 1672 പെണ്‍കുട്ടികളുമുണ്ട്. കേസുകളുടെ കണക്ക് ചുവടെ: (വിചാരണ ചെയ്യപ്പെടാവുന്ന കുറ്റങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണിത്)
വര്‍ഷം കേസുകള്‍ ശതമാനം
2002 18560 1.0
2003 17819 1.0
2004 19229 1.0
2005 18939 1.0
2006 21088 1.1
2007 22865 1.1
2008 24535 1.2
2009 23926 1.1
2010 22740 1.0
2011 25125 1.1
2012 27936 1.2
മൊത്തം കേസുകളുടെ എണ്ണം അധികം കൂടിയിട്ടില്ലെങ്കിലും ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന അഞ്ച് കൊല്ലത്തിനിടെ ഉണ്ടായി. ഇത്തരം കേസുകളില്‍ 2007 മുതല്‍ 2011 വരെയുള്ള ശരാശരി 865 ആണ്. എന്നാല്‍ 2012ല്‍ കേസുകളുടെ എണ്ണം 1175 ആയി. 35.8 ശതമാനമാണ് വര്‍ധന. 2002നെ അപേക്ഷിച്ച് 142.3 ശതമാനം വര്‍ധനയുണ്ട്. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട 1316 പേരില്‍ 881 പേര്‍ 16 നും 18നും ഇടയ്ക്ക് പ്രായമുള്ളവരാണ്.
കേസുകളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ് മുന്നില്‍. ആകെ 5677 കേസുകള്‍. ഇതില്‍161 കൊലപാതകവും 249 ബലാല്‍ത്സംഗവുമുണ്ട്.
കേരളത്തിലെ ആകെ കേസുകളുടെ എണ്ണം 2012ല്‍ 578 ആണ്. ഇതില്‍ 12 കൊലപാതകവും 13 കൊലപാതക ശ്രമവും 25 ബലാത്സംഗവും 10 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടുന്നു. ആകെ 916 കുട്ടികളാണ് ഈ കേസുകളിലായി പിടിയിലായത്. ഇവരില്‍ 11 പെണ്‍കുട്ടികളുമുണ്ട്.
സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് അവരെ രണ്ടാംതരം പൗരന്മാരാക്കുന്നതെന്ന കാര്യത്തില്‍ ആരും ഇന്ന് തര്‍ക്കിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാന്‍ അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നതും ഇന്ന് അംഗീകരിക്കപ്പെട്ട കാര്യം. സ്വത്തവകാശം ഇന്നും മതാധിഷ്ഠിതമാണ്. ഓരോ സമുദായത്തിലും അവരവരുടെ വ്യക്തിനിയമങ്ങള്‍ക്ക് അനുസരിച്ചാണ് സ്വത്തവകാശം. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിയെ വ്യവസ്ഥകളാണ് ഈ കുറിപ്പില്‍ വിഷയമാകുന്നത്. ഹിന്ദുകുടുംബ വ്യവസ്ഥയില്‍ മക്കത്തായ(അച്ഛനിലൂടെയുള്ള അവകാശം)വും മരുമക്കത്തായ(അമ്മ വഴിയുള്ള അവകാശം)വും നിലനിന്നിരുന്നു.
മരുമക്കത്തായികള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രരായിരുന്നുവെന്ന് പറയാം. മരുമക്കത്തായത്തില്‍ അമ്മയ്ക്കും പെണ്‍മക്കള്‍ക്കും വലിയ സ്ഥാനം കല്‍പ്പിച്ചിരുന്നു. സ്തീകള്‍വഴി മാത്രം പിന്തുടര്‍ച്ചാവകാശികളെ നിശ്ചയിക്കുന്ന അവകാശക്രമമാണ് മരുമക്കത്തായം. ഒരു സ്ത്രീയുടെ മക്കളും അവരുടെ പെണ്‍മക്കളുടെ മക്കളും എന്ന ക്രമത്തിനുളള അംഗങ്ങളുടെ കൂട്ടായ കുടുംബത്തിന് മരുമക്കത്തായ തറവാട് എന്നു പറയുന്നു. തറവാട് ഭാഗിക്കുമ്പോള്‍ ഓരോ ശാഖകളോ താവഴികളോ ആയി പിരിയുന്നു. ശാഖയിലെ ഓരോ അംഗത്തിനും വീതം കൊടുക്കുന്നതാണ് ആളോഹരിഭഭാഗം. പ്രധാനമായും നായര്‍ കുടുംബങ്ങളാണ് മരുമക്കത്തായം പിന്തുടര്‍ന്നിരുന്നത്. മറ്റു ഹിന്ദുക്കള്‍ പ്രധാനമായും പിന്തുടര്‍ന്നത് മിതാക്ഷര നിയമമാണ്. അച്ഛനും ആണ്‍മക്കളും അവരുടെ ആണ്‍ സന്താനങ്ങളും അടങ്ങുന്ന മക്കത്തായ കുടുംബം. മിതാക്ഷര നിയമം സ്ത്രീകള്‍ക്ക് പുരുഷനു തുല്യമായ അവകാശം കൊടുത്തിരുന്നില്ല. സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ പൂര്‍ണാവകാശമില്ലായിരുന്നു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം
1956ല്‍ നടപ്പില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമവും തുടര്‍ന്നുളള ഭേദഗതികളുംമൂലം മിതാക്ഷരനിയമത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. 1976 ഡിസംബര്‍ ഒന്നിന് കൂട്ടുകുടുംബം നിര്‍ത്തലാക്കല്‍ നിയമവും പ്രാബല്യത്തില്‍ വന്നു. മരുമക്കത്തായ സമ്പ്രദായവും ഏതാണ്ട് അവസാനിച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചുളള അവകാശികള്‍ക്കാണ് ഇപ്പോള്‍ വീതപ്രകാരം സ്വത്തുക്കള്‍ കിട്ടുന്നത്. 1976 ഡിസംബര്‍ ഒന്നിനുശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് പൂര്‍വികമായി ഭാഗിക്കാതെ കിടക്കുന്ന കുടുംബസ്വത്തില്‍ അവകാശം ലഭിക്കുകയില്ല. എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണ്. ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് വിശദമായി ഹിന്ദു വിവാഹനിയമത്തിലെ ഹിന്ദുവിന്റെ നിര്‍വചനത്തില്‍പ്പെട്ടവര്‍ക്കെല്ലാം നിയമം ബാധകമാണ്. അതായത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പാഴ്സിക്കും ഈ നിയമം ബാധകമല്ല. മറ്റെല്ലാവര്‍ക്കും ബാധകമാണ്.
അവകാശികള്‍
അവകാശികളെ പ്രത്യേകം തരംതിരിച്ച് ഒരു പട്ടികയുണ്ടാക്കി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ; മകന്‍ , മകള്‍ , വിധവ, അമ്മ, നേരത്തേ മരിച്ചുപോയ മകന്റെ മകനും മകളും, നേരത്തേ മരിച്ചുപോയ മകന്റെ ഭഭാര്യ, നേരത്തേ മരിച്ചുപോയ മകന്റെ മകനും നേരത്തേ മരിച്ചുപോയിട്ടുണ്ടെങ്കില്‍ മരുമകന്റെ മകനും മകളും വിധവയും. ഒരാള്‍ മരിച്ചാല്‍ മരിക്കുന്ന സമയത്ത് മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കുംകൂടി സ്വത്തു തുല്യമായി ലഭിക്കുന്നു. എന്നാല്‍ , മരിച്ചുപോയ മകളുടെ കാര്യത്തില്‍ അവരുടെ അവകാശികള്‍ക്ക് മകനോ മകള്‍ക്കോ കിട്ടുമായിരുന്ന ഒരു തുല്യ ഓഹരി മാത്രമേ കിട്ടുകയുളളൂ. ആദ്യത്തെ വിഭാഗത്തില്‍ അവകാശികള്‍ ആരും ഇല്ലെങ്കില്‍ രണ്ടാമത്തെ വിഭാഗത്തിലെ അവകാശികള്‍ക്ക് ക്രമമനുസരിച്ച് സ്വത്ത് ലഭിക്കും. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട അവകാശികളെ മുല്‍ഗണനാക്രമമനുസരിച്ച് താഴെ ചേര്‍ത്തിരിക്കുന്നു.
ഒന്ന്: അച്ഛന്‍
രണ്ട്: മകന്റെ മകളുടെ മകന്‍ , മകന്റെ മകളുടെ മകള്‍ , സഹോദരന്‍ , സഹോദരി
മൂന്ന്: മകളുടെ മകന്റെ മകന്‍ , മകളുടെ മകന്റെ മകള്‍ , മകളുടെ മകളുടെ മകന്‍ , മകളുടെ മകള്‍
നാല്: സഹോദരന്റെ മകന്‍ , സഹോദരിയുടെ മകന്‍ , സഹോദരന്റെ മകള്‍ , സഹോദരിയുടെ മകള്‍ അഞ്ച്: അച്ഛന്റെ അച്ഛന്‍ , അച്ഛന്റെ അമ്മ
ആറ്: അച്ഛന്റെ വിധവ, സഹോദരന്റെ വിധവ ഏഴ്: അച്ഛന്റെ സഹോദരന്‍ , അച്ഛന്റെ സഹോദരി
എട്ട്: അമ്മയുടെ അച്ഛന്‍ , അമ്മയുടെ മാതാവ്
ഒമ്പത്: അമ്മയുടെ സഹോദരന്‍ , അമ്മയുടെ സഹോദരി.
മുന്‍ഗണനാക്രമം
രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനാക്രമത്തിലാണ് അവകാശം ലഭിക്കുക. ആദ്യമായി സ്വത്ത് അച്ഛനു ലഭിക്കുന്നു. അച്ഛനില്ലെങ്കില്‍ അടുത്ത പട്ടികയില്‍പ്പെട്ട അവകാശികള്‍ക്ക് തുല്യമായി ലഭിക്കുന്നു. ഉദാഹരണമായി വിവാഹം കഴിക്കാതെ മരിക്കുന്ന ഒരാളുടെ സ്വത്ത് അമ്മയുണ്ടെങ്കില്‍ അമ്മയ്ക്ക് ലഭിക്കുന്നു. അമ്മയില്ലെങ്കില്‍ അച്ഛനു ലഭിക്കുന്നു. അച്ഛനും അമ്മയും ഇല്ലെങ്കില്‍ അവിവാഹിതനായി മരിച്ച ഒരാളിന്റെ സ്വത്ത് സഹോദരനും സഹോദരിക്കും ലഭിക്കുന്നു. അവകാശികളോ അടുത്ത ബന്ധുക്കളോ ഇല്ലെങ്കില്‍ സ്വത്ത് സര്‍ക്കാരിലേക്ക് ലയിക്കുന്നതാണ്. ഒരു ഹിന്ദു സ്ത്രീ സമ്പാദിക്കുന്ന സ്വത്തില്‍ അവര്‍ക്ക് പരിപൂര്‍ണ അവകാശം ഉണ്ടായിരിക്കും. സ്ത്രീയുടെ കാര്യത്തില്‍ അവകാശക്രമത്തിന് അല്‍പ്പം മാറ്റമുണ്ട്. സ്ത്രീ മരിച്ചാല്‍ അവരുടെ സ്വത്ത് മക്കളും (മരിച്ചുപോയ മക്കളുടെ മക്കള്‍ ഉള്‍പ്പെടെ) ഭഭര്‍ത്താവുംകൂടി തുല്യമായി വീതിക്കുന്നു. ഭര്‍ത്താവിനും മകനോ മകള്‍ക്കോ കിട്ടുന്ന ഓഹരി കിട്ടുന്നു. മക്കളും ഭര്‍ത്താവും ഇല്ലെങ്കില്‍ഭഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ഈ സ്വത്ത് ലഭിക്കും. ഭര്‍ത്താവിന്റെ അവകാശികള്‍ ആരുമില്ലെങ്കില്‍ അച്ഛനും അമ്മയ്ക്കുംകൂടി മരിച്ച സ്ത്രീയുടെ സ്വത്ത് കിട്ടും. അവരുമില്ലെങ്കില്‍ മരിച്ച സ്ത്രീയുടെ അമ്മയുടെ അവകാശികള്‍ക്ക് സ്വത്ത് ലഭിക്കും. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ അവകാശിയായി ഗര്‍ഭസ്ഥ ശിശുവുണ്ടെങ്കില്‍ ആ ശിശുവിനും വീതം ലഭിക്കും.
വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്.
2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്.
പങ്കാളിയായ ‘ഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. ‘എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. ‘സ്ത്രീ പരാതി നല്‍കിയാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ‘ബന്ധു’ എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാന‘ഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും.
പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ‘ഭീഷണിയോ ശാരീരിക പീഡനം ആകാം.
ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും.
നാണം കെടുത്തല്‍, കളിയാക്കി പേരുവിളിക്കല്‍, കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ‘ഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും.
പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും.
‘ഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും.
ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്‍, സേവനദാതാക്കള്‍, പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.
ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്‍. കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്.
നിയമപ്രകാരം രജിസ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം.
പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്. കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൌജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.
ഗാര്‍ഹികപീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമനുസരിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംരക്ഷണോദ്യോഗസ്ഥ (പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍)രായി വിവിധ ജില്ലകളില്‍ നിയമിച്ചിട്ടുള്ളവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും ചുവടെ:
തിരുവനന്തപുരം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, പൂജപ്പുര, തിരുവനന്തപുരം
കേരള, ഫോണ്‍. 0471 2342786
കൊല്ലം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 2, സിവില്‍ സ്റ്റേഷന്‍, കൊല്ലം,
ഫോണ്‍. 0474 2794029
പത്തനംതിട്ട: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട ,
ഫോണ്‍. 0468 2325242
ആലപ്പുഴ: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്‍ട്ട് ബില്‍ഡിങ്ങ്, ആലപ്പുഴ
ഫോണ്‍. 0477 2238450
കോട്ടയം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, ടി.ബി. റോഡ്, സൌത്ത് പി.ഒ., കോട്ടയം
ഫോണ്‍ . 0481 2300548
ഇടുക്കി: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 1,
മിനി സിവില്‍സ്റ്റേഷന്‍ , തൊടുപുഴ പി.ഒ., ഇടുക്കി,
ഫോണ്‍. 0486 2220126
എറണാകുളം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,കോര്‍പ്പറേഷന്‍ ഷോപ്പിങ്ങ് കോംപ്ളക്സ്
ഹൈക്കോര്‍ട്ട് (ഈസ്റ്) എറണാകുളം,
ഫോണ്‍. 0484 2396649
തൃശൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്‍, തൃശൂര്‍,
ഫോണ്‍. 0487 2363999
പാലക്കാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1,സിവില്‍ സ്റ്റേഷന്‍, പാലക്കാട്,
ഫോണ്‍. 0491 2505275
മലപ്പുറം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കോര്‍ട്ട് ബില്‍ഡിങ്ങ് , മഞ്ചേരി , മലപ്പുറം ,
ഫോണ്‍. 0483 2777494
കോഴിക്കോട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് ,
ഫോണ്‍. 0495 2373575
വയനാട്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1, കല്‍പ്പറ്റ,വയനാട് ,
ഫോണ്‍. 0493 6207157
കണ്ണൂര്‍: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ് 1 (ഇന്‍ ചാര്‍ജ്ജ്) തലശ്ശേരി , കണ്ണൂര്‍ ,
ഫോണ്‍. 0490 2344433
കാസര്‍ഗോഡ്: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
ഗ്രേഡ്1, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ.
കാസര്‍ഗോഡ്, ഫോണ്‍. 0499 4255366
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം(National Rural Employment Guarantee Act 2005)നിയമം നടപ്പായിട്ട് ഫെബ്രുവരിയില്‍ അഞ്ചുകൊല്ലം തികയുകയാണ്. 2005 ആഗസ്ത് 23നാണ് ലോക്സഭ ഇതിനുള്ള ബില്‍ പാസാക്കിയത്. 2006 ഫെബ്രുവരി രണ്ടിനാണ് രാജ്യത്തെ 200 ജില്ലകളില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. 2008 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. നിയമപ്രകാരം തൊഴിലുറപ്പു പദ്ധതിക്ക് (Employment Guarantee Scheme)രൂപം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഏറെ പോരായ്മകളുണ്ടെങ്കിലും പദ്ധതി ഇന്ന് ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള ഈ തൊഴില്‍ദാന പദ്ധതിയില്‍ കേരളത്തില്‍ പണിയെടുക്കുന്നത് 90 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിയമത്തെപ്പറ്റി സാധാരണ ഉയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇവിടെ.
പദ്ധതിയുടെ അടിസ്ഥാന ആശയം എന്താണ്?
താല്‍ക്കാലിക കായികാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും നിയമപ്രകാരമുള്ള മിനിമം വേതനത്തിന് തൊഴില്‍ ലഭിക്കും എന്നുറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിയമപ്രകാരം ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് വൈകാതെ തൊഴില്‍ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.
സാധാരണ സര്‍ക്കാര്‍ തൊഴില്‍ പദ്ധതികളും എന്‍ആര്‍ഇജിപി പ്രകാരമുള്ള തൊഴില്‍ പദ്ധതികളുമായി എന്താണ് വ്യത്യാസം?
എന്‍ആര്‍ഇജിപിയില്‍ നിയമപരമായി തൊഴില്‍ ഉറപ്പാക്കുന്നു എന്നതുതന്നെയാണ് പ്രത്യേകത. തൊഴില്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കിയിരിക്കുന്നു.
ആര്‍ക്കാണ് തൊഴിലിന് അര്‍ഹത?
ഗ്രാമീണമേഖലയില്‍ താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും തൊഴിലിന് അര്‍ഹതയുണ്ട്.
ആര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം?
എല്ലാ പ്രദേശങ്ങളിലേയും ഗ്രാമീണ കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അംഗത്വം ലഭിക്കും. അംഗത്വം ആവശ്യമുള്ള കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവരാകണം. തത്ക്കാലം അവിടെനിന്നു മാറിത്താമസിക്കുന്നവര്‍ക്കും അംഗത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ അംഗങ്ങള്‍ക്കും ജോലിക്കായി അപേക്ഷ നല്‍കാം. ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കുമായി ഒരേ സമയത്തോ പലപ്പോഴായോ 100 ദിവസം ഈ പദ്ധതിമൂലം തൊഴില്‍ ലഭിക്കും.
തൊഴില്‍ കാര്‍ഡ് ആരുനല്‍കും?
രജിസ്ട്രേഷന്‍ ലഭിക്കുന്ന എല്ലാ കുടുംബത്തിനും ഓരോ തൊഴില്‍ കാര്‍ഡ് ലഭിക്കും. കുടുംബത്തില്‍നിന്ന് അപേക്ഷിച്ച എല്ലാവരുടേയും ഫോട്ടോ കാര്‍ഡില്‍ പതിച്ചിരിക്കും. ഈ തൊഴില്‍ കാര്‍ഡിന്റെ കാലാവധി അഞ്ചുവര്‍ഷം ആയിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗത്തെ മാറ്റുകയോ പുതിയതായി ചേര്‍ക്കുകയോ ചെയ്യാം. കാര്‍ഡ് വിതരണത്തിന്റെ വിവരങ്ങള്‍ ഗ്രാമസഭകളില്‍ ലഭിക്കും അപേക്ഷ നല്‍കിയിട്ട് കാര്‍ഡ് ലഭിച്ചിട്ടില്ല എങ്കില്‍ ബ്ലോക്ക്ജില്ലാ പഞ്ചായത്തുകളില്‍ പരാതി നല്‍കാം. പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം.
എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്?
ആദ്യം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മതി. തൊഴില്‍ ആവശ്യമുള്ളപ്പോള്‍ പഞ്ചായത്തില്‍ത്തന്നെ അപേക്ഷ നല്‍കണം.
എപ്പോഴാണ് തൊഴില്‍ ലഭിക്കുക?
അപേക്ഷിച്ച് 15 ദിവസത്തിനകം സര്‍ക്കാര്‍ തൊഴില്‍ നല്‍കണം. എവിടെയാണ് തൊഴില്‍ ലഭിക്കുക? കഴിവതും അപേക്ഷകനോ അപേക്ഷകയോ താമസിക്കുന്ന സ്ഥലത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജോലി നല്‍കണം. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും പ്രായം കൂടിയവര്‍ക്കും അവരവരുടെ താമസസ്ഥലത്തിനടുത്തുതന്നെ തൊഴില്‍ നല്‍കാന്‍ ശ്രമിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്തായാലും താമസിക്കുന്ന ബ്ലോക്കില്‍ ജോലി നല്‍കണം. തൊഴിലിടം താമസസ്ഥലത്തിന് അഞ്ചു കിലോമീറ്ററില്‍ അകലെയാണെങ്കില്‍ പത്തുശതമാനം അധികവേതനത്തിനും അര്‍ഹതയുണ്ട്. യാത്രപ്പടിയും നല്‍കണം.
എത്രയാണ് വേതനം?
സ്ത്രീപുരുഷന്മാര്‍ക്ക് മിനിമം തുല്യവേതനം ഉറപ്പ് നല്‍കുവെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിരന്തരം പൊതുജന ജാഗ്രതക്കായ് സാമൂഹിക ഓഡിറ്റ് നടത്തുക എന്നതും ഈ നിയമത്തിന്റേയും പദ്ധതിയുടേയും പ്രധാന സവിശേഷതകള്‍ ആണ്. ഇപ്പോള്‍ കൂലി 150 രൂപ.
വേതനം എപ്പോള്‍ ലഭിക്കും?
ഒരാഴ്ചയ്ക്കുള്ളില്‍ വേതനം നല്‍കണം. രണ്ടാഴ്ചയ്ക്കപ്പുറം വൈകാന്‍ പാടില്ല. മുന്‍കൂട്ടി നിശ്ചയിച്ച ദിവസം ഒരു പൗരപ്രമുഖന്റെ മുന്നില്‍വച്ച് തൊഴിലാളിക്ക് നേരിട്ടുതന്നെ വേതനം നല്‍കണം. വേതനം 25 ശതമാനമെങ്കിലും പണമായിരിക്കണം. ബാക്കി ഭക്ഷ്യധാന്യമായി നല്‍കാം.
തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ എന്തെങ്കിലും പരിഹാരവ്യവസ്ഥയുണ്ടോ?
ഉണ്ട്. 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തൊഴിലില്ലായ്മ വേതനം നല്‍കണം. ആദ്യത്തെ 30 ദിവസം ആകെ വേതനത്തിന്റെ നാലിലൊന്നും അതിനുശേഷം പകുതിയും നല്‍കണം.
എന്തൊക്കെ ജോലികള്‍ പദ്ധതിപ്രകാരം ഏറ്റെടുക്കാം?
നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഏറ്റെടുക്കാവുന്ന തൊഴിലുകള്‍ കൊടുത്തിട്ടുണ്ട്. ജലസംരക്ഷണം, ചെറുകിട ജലസേചനം, ഭൂമിവികസനം, ഗ്രാമീണ റോഡ് നിര്‍മാണം തുടങ്ങിയവയാണിവ. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് വിജ്ഞാപനം ചെയ്യുന്ന മറ്റു ജോലികളും ഏറ്റെടുക്കാം.
കരാറുകാര്‍ക്ക് പണി ഏറ്റെടുക്കാമോ?
പാടില്ല. സ്വകാര്യ കരാറുകാരെ പണി ഏല്‍പ്പിച്ചുകൂടാ എന്ന് നിയമത്തില്‍ വിലക്കുണ്ട്.
സ്ത്രീകള്‍ക്ക് എന്തെങ്കിലും മുന്‍ഗണന ഉണ്ടോ?
ഉണ്ട്. തൊഴില്‍ ലഭിക്കുന്നവരില്‍ മൂന്നിലൊന്നെങ്കിലും സ്ത്രീകളായിരിക്കുംവിധം സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിയമത്തിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനമായിരിക്കും. പദ്ധതിയുടെ ചെലവ് ഏതു സര്‍ക്കാരാണ് വഹിക്കുക? കൂലി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നല്‍കണം. നിര്‍മാണസാമഗ്രികളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്രംതന്നെ വഹിക്കണം. സാമഗ്രികളുടെ 25 ശതമാനവും തൊഴില്‍ നല്‍കാനായില്ലെങ്കില്‍ നല്‍കേണ്ട നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.
പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ്?
ഗ്രാമപഞ്ചായത്താണ് പരമപ്രധാനമായ ഏജന്‍സി. മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടാകാം. മരാമത്തുവകുപ്പ്, വനം വകുപ്പ്, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയെയും നിര്‍വഹണ ഏജന്‍സികളാക്കാം എന്ന് നിയമം പറയുന്നു.
നിക്ഷേപം സംയുക്തമാണെങ്കില്‍ ഒറ്റയ്ക്ക് പണയപ്പെടുത്താനാകില്ല
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ബാങ്കില്‍ തുടങ്ങിയ സ്ഥിരം നിക്ഷേപം ഭാര്യ അറിയാതെ ഭര്‍ത്താവ് പണയപ്പെടുത്തിയാല്‍ എന്താകും നിയമപരിഹാരം? ഇത്തരത്തിലൊരു കേസ് 2004ല്‍ സുപ്രീകോടതിയിലെത്തി. കോടതി തീര്‍പ്പ് വ്യക്തമായിരുന്നു: അക്കൗണ്ട് ഇരുവരുടെയും പേരിലാണെങ്കില്‍ ഒറ്റയ്ക്കൊരാള്‍ അത് പണയപ്പെടുത്തിയാല്‍ ആ പണയം നിയമപരമായി നിലനില്‍ക്കില്ല. ഓരോരുത്തര്‍ക്കും തനിച്ചും ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ക്കും (either or survivor) ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന വ്യവസ്ഥയോടെ ആരംഭിച്ച സ്ഥിരംനിക്ഷേപം സംബന്ധിച്ചാണ് ഈ വിധി.
സംസ്ഥാന ഉപഭോക്തൃ കമീഷനും ദേശീയകമീഷനും തെറ്റായ നിഗമനങ്ങളിലാണെത്തിയതെന്ന് കണ്ടെത്തിയാണ് കേസ് സുപ്രിംകോടതി തീര്‍പ്പാക്കിയത്.
മാംചന്ദും ഭാര്യ അനുമതിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയത്. 1988 മെയ് 31 മുതല്‍ ഏഴുകൊല്ലംകൊണ്ട് കാലാവധി തികയുന്ന ഒരു സ്ഥിരം നിക്ഷേപം അവര്‍ ബാങ്കിലിട്ടിരുന്നു. 1995 മെയ് 31ന് കാലാവധി തികയുമ്പോള്‍ ബാങ്ക് ഇവര്‍ക്ക് 39,930/- രൂപ നല്‍കണമായിരുന്നു. ഇതിനിടെ, ഖേംചന്ദ് എന്നൊരാള്‍ ഒരു വ്യവസായസ്ഥാപനത്തിെന്‍റ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് എടുത്ത വായ്പയ്ക്ക് മാംചന്ദ് ജാമ്യം നിന്നിരുന്നു. ഈ വായ്പ തിരിച്ചടയ്ക്കാതെവന്നപ്പോള്‍ ബാങ്ക് കേസ് കൊടുത്തു.ജാമ്യക്കാരുടെ വസ്തുവകകളില്‍നിന്ന് കുടിശിക ഈടാക്കാന്‍ ഉത്തരവായി.
അതേസമയം തങ്ങളുടെ സ്ഥിരംനിക്ഷേപം കാലാവധി തീരുംമുമ്പ് തിരികെ വേണമെന്നാവശ്യപ്പെട്ട് മാംചന്ദും ഭാര്യയും ബാങ്കിന് അപേക്ഷ നല്‍കി. ബാങ്ക് പ്രതികരിച്ചില്ല. അവര്‍ കോടതിയിലെത്തി. കേസ് പരിഗണനക്കെത്തിയപ്പോള്‍ ഈ സ്ഥിരംനിക്ഷേപം ബാങ്കില്‍ പണയപ്പെടുത്തിയതാണെന്ന വാദമാണ് ബാങ്ക് ഉന്നയിച്ചത്. എന്നു മാത്രമല്ല ഈ സ്ഥിരം നിക്ഷേപത്തിലുണ്ടായിരുന്ന പണം മാംചന്ദ് ജാമ്യക്കാരനായ വായ്പയുടെ കുടിശികതീര്‍ക്കാന്‍ ബാങ്ക് എടുത്തതായും വെളിവാക്കപ്പെട്ടു. സ്ഥിരംനിക്ഷേപത്തിെന്‍റ രസീത് മാംചന്ദ് പണയംവെച്ചതിന് രേഖയുണ്ടെന്നും ബാങ്ക് അവകാശപ്പെട്ടു. ആദ്യം കേസ് പരിഗണിച്ച കോടതി ബാങ്കിെന്‍റ വാദം അംഗീകരിച്ച് സ്ഥിരം നിക്ഷേപം കടംവീട്ടാനായി ഉപയോഗിച്ച ബാങ്കിെന്‍റ നടപടി ശരിവെച്ചു. മാംചന്ദ് ഇതിനെതിരെ റിവിഷന്‍ ഹര്‍ജി നല്‍കി. ഇതു പരിഗണിച്ച കോടതി കീഴ്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ടു. എന്നാല്‍ സിവില്‍ നടപടിച്ചട്ടത്തില്‍ വരുത്തിയ ഭേദഗതി പരിഗണിച്ച് കേസില്‍ കോടതി ഇടപെട്ടില്ല. മാംചന്ദിെന്‍റ ഭാര്യ ഈ ഘട്ടത്തില്‍ ജില്ലാ ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. ഭര്‍ത്താവിനു മാത്രമായി സ്ഥിരനിക്ഷേപം പണയപ്പെടുത്താന്‍ അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ രണ്ടുപേരും ചേര്‍ന്നുള്ള അക്കൗണ്ടായിരുന്നതിനാല്‍ ഒരാള്‍ സമ്മതിച്ചാല്‍ അത് പണയമായി സ്വീകരിക്കാമെന്ന്&യൗഹഹ;ബാങ്ക് വാദിച്ചു. രണ്ടുപേരുടെയുംകൂടി സമ്മതമില്ലാതെ സ്ഥിരം നിക്ഷേപം ബാങ്ക് പണയമായി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നതായി ജില്ലാഫോറത്തിെന്‍റ നിഗമനം. ഈ സാഹചര്യത്തില്‍ സ്ഥിരംനിക്ഷേപത്തിെന്‍റ പകുതി തുകയും അതിന് 17 ശതമാനം പലിശയും, നഷ്ടപരിഹാരവും കോടതിച്ചെലവുമായി 4000 രൂപയും പരാതിക്കാരിക്കു നല്‍കാന്‍ ഫോറം വിധിച്ചു. ബാങ്ക് സംസ്ഥാന ഉപഭോക്തൃകമീഷനെ സമീപിച്ചു. നിക്ഷേപം ആരംഭിച്ചപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് രണ്ടുപേരില്‍ ആര്‍ക്കും തുക പിന്‍വലിക്കാമെന്നിരിക്കേ ഒരാള്‍ക്കു മാത്രമായി നിക്ഷേപം പണയപ്പെടുത്താനും അവകാശമുണ്ടെന്ന് സംസ്ഥാന കമീഷന്‍ വിധിച്ചു. ദേശീയകമീഷനും ഇതു ശരിവെച്ചു. ഈ സാഹചര്യത്തിലാണ് മാംചന്ദിെന്‍റ ഭാര്യ അനുമതി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതി കേസിെന്‍റ വിവിധ വശങ്ങള്‍ പരിശോധിച്ചു. മുമ്പുണ്ടായിട്ടുള്ള വിധിന്യായങ്ങളും പരിഗണിച്ചു. ഈ കേസില്‍ സ്ഥിരം നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കിെന്‍റ കരാര്‍ മാംചന്ദും ഭാര്യയുമായിട്ടാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മാംചന്ദിനു മാത്രമായി ബാങ്ക് തിരിച്ചുകൊടുക്കേണ്ടതല്ല ഈ നിക്ഷേപത്തിലെ പണം. അതുകൊണ്ടുതന്നെ മാംചന്ദ് തനിച്ചുവരുത്തിയ ഒരു കടം തീര്‍ക്കാന്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല. നിക്ഷേപകാലാവധി പൂര്‍ത്തിയാകുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാംചന്ദിന് ആ പണം ലഭിക്കും എന്നു മാത്രമാണ് നിക്ഷേപത്തിെന്‍റ കരാര്‍വ്യവസ്ഥ. ഇതേ അവകാശം ഭാര്യക്കുമുണ്ട്. എന്നാല്‍ നിക്ഷേപകാലാവധി പൂര്‍ത്തിയാവുംമുമ്പ് മാംചന്ദ് മരിച്ചാല്‍ ആ തുക കിട്ടാന്‍ അര്‍ഹതപ്പെട്ട ഏക വ്യക്തി ഭാര്യ അനുമതിയാണ്. അവരുടെ അനുവാദമില്ലാതെ അവര്‍ക്കുള്ള ഈ അവകാശം കവര്‍ന്നെടുക്കാന്‍ ബാങ്കിനു കഴിയില്ല. കുടിശിക വന്ന വായ്പയ്ക്ക് രണ്ടുപേരും ജാമ്യം നിന്നിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്ന് കോടതി പറഞ്ഞു. അത്തരമൊരു കേസില്‍ സ്ഥിരംനിക്ഷേപം കടംവീട്ടാനായി ഈടാക്കിയ ബാങ്ക് നടപടി സുപ്രിംകോടതി ശരിവെച്ചിട്ടുണ്ടെന്നും വിധിയില്‍ പറഞ്ഞു. നിക്ഷേപത്തിെന്‍റ പകുതി തുകയും പലിശയും നഷ്ടപരിഹാരവും കോടതിച്ചെലവും ബാങ്ക് ഹര്‍ജിക്കാരിക്കു നല്‍കണമെന്ന് വിധിയില്‍ നിര്‍ദേശിച്ചു.
അവസാനം പരിഷ്കരിച്ചത് : 2/15/2020
സ്ത്രീകള്‍ക്കും പെണ്കുട്ടികള്ക്കുമെതിരെ വര്ധിച്...
കൗമാരപ്രായക്കാരുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള...
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ പദ്ധതികള്
സ്ത്രീകള്‍ - വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള്