കേരളവനിതാകമ്മീഷന്‍
സ്ത്രീകളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനും സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും സ്ത്രീപീഡനങ്ങളെക്കുറിച്ചും അവര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും സ്ത്രീകളെ ബാധിക്കുന്ന നിഷേധങ്ങളെക്കുറിച്ചും അന്വേഷിച്ച്പരിഹാരംകണ്ടെത്തുക, സ്ത്രീശാക്തീകരണവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നതിനുള്ള നടപടിസ്വീകരിക്കുക എന്നതാണ് വനിതാ കമ്മീഷന്‍റെ പ്രധാന ഉദ്ദേശലക്ഷ്യം. നിലവിലുള്ള അഞ്ചാം കമ്മീഷന്‍ 242012 ലാണ് നിലവില്‍ വന്നത്.
കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പ് കല്പിക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം.തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് വരുത്തി പരിശോധിച്ച് ബന്ധപ്പെട്ടവരെ നേരില്‍ കണ്ടതിനുശേഷം രണ്ടുഭാഗത്തും പയാനുള്ളത് വിശദമായി കേള്‍ക്കുന്നു.ആവശ്യമായ കേസുകളില്‍ കൗണ്‍സലിംഗ് നടത്തുന്നു. കേസുകള്‍ അധികമായിവരുമ്പോള്‍ അദാലത്തുകള്‍ മുഖേനയും യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ഇതിലേയ്ക്കായി കമ്മീഷന്‍ ജില്ലകള്‍തോറും അദാലത്ത് നടത്തിവരുന്നു.
വനിതാകമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്ന കേസുകളിലും, കുടുംബകോടതി നിര്‍ദ്ദേശപ്രകാരവും ഡി. എന്‍. എ ടെസ്റ്റ് നടത്തുന്നതിനായി ദാരിദ്രൃരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പട്ടവര്‍ക്കും കമ്മീഷന്‍ ധനസഹായംനല്‍കിവരുന്നു. രാജീവ്ഗാന്ധിസെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി ഒരു പരിശോധയ്ക്ക് 20,000/ രൂപാവീതം നല്‍കുന്നു.
കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ഫാമിലി കൗണ്‍സലിംഗ് ഒരു പരിധി വരെ സഹായിക്കുന്നതിനാല്‍ വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് സൗജന്യ കൗണ്‍സലിംഗിനായുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേയ്ക്കായി ഒരു മുഴുവന്‍ സമയ കൗണ്‍സിലറെയും രണ്ട് പാര്‍ട്ട് ടൈം കൗണ്‍സിലര്‍മാരുടേയും സേവനങ്ങള്‍ ഉപയോഗിച്ചുവരുന്നു.
സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കികൊണ്ട് നിയമബോധവല്‍ക്കരണവര്‍ക്ക്‌ഷോപ്പുകള്‍/ ശില്‍പശാലകള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്നു. സ്ത്രീശക്തി എന്ന പേരില്‍ ഒരു ത്രൈമാസിക കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നു. തദ്ദേശഭരണ സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലുള്ള ജാഗ്രതാസമിതികള്‍ കമ്മീഷനുവേണ്ടി പ്രവര്‍ത്തിക്കുന്നതായതിനാല്‍ ഈ സമിതിയ്ക്കുവേണ്ട പരിശീലനം കമ്മീഷന്‍ യഥാസമയം നല്കിവരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ വിശദമായ പഠനം നടത്തി സര്‍ക്കാരിന് ശൂപാര്‍ശ നല്‍കുന്ന സുപ്രധാന ജോലി കമ്മീഷന്‍ നല്‍കി വരുന്നു ഇതിലേയ്ക്കായി വര്‍ഷം തോറും ചെറുതും വലുതുമായ 10 ഗവേഷണ പഠനങ്ങള്‍ നടത്തുന്നു.
ഗാര്‍ഹിക പീഡനത്തിനും മറ്റ് അതിക്രമങ്ങള്‍ക്കും വിധേയരായ, വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സ്ത്രീകളെ താല്‍കാലികമായി താമസിപ്പിക്കുന്നതിനു കമ്മീഷന്‍റെ കീഴില്‍ ഒരു ഹ്രസ്വകാല വസതി പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായ ദ്യശ്യശ്രാവ്യമാധ്യമങ്ങള്‍ വഴിയും പ്രിന്‍റ് മീഡിയാവഴിയുമുള്ള പ്രവര്‍ത്തനം നടത്തുന്നു. അതോടൊപ്പം മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധനിലപാടുകള്‍ക്കെതിരെ പ്രതികരിക്കുവാനും സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിച്ചു നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പരസ്യങ്ങള്‍, പോസ്റ്ററുകള്‍, സീരിയലുകള്‍ എന്നിവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഒരു സെല്‍ രൂപീകരിച്ചിട്ടുണ്ട്.
ഇന്നത്തെ യുവതലമുറയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യൂതി കുടുംബജീവിതങ്ങളെ ദു:ഖപൂര്‍ണ്ണമാക്കിക്കൊണ്ടിരിക്കയാണ്. പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍തന്നെ ലൈംഗിക ചൂഷണത്തിനും വാണിഭത്തിനുമൊക്കെ വിധേയരാകുന്നു. ആയതിനാല്‍ നിഷ്‌ളങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ബോധവല്‍ക്കരണം കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. മറ്റു സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, സ്ത്രീധനം എന്നിവയ്‌ക്കെതിര പൊരുതുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ടായിട്ടുള്ളതിനാല്‍ കലാലയ ജ്യോതിവഴി പ്രസ്തുത ബോധവല്‍ക്കരണം നടത്തിവരുന്നു. വിവാഹശേഷമുള്ള യാഥാര്‍ത്ഥ്യങ്ങളുമായി പെണ്‍കുട്ടികളെ പൊരുത്തപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവാഹപൂര്‍വ കൗണ്‍സലിംഗും വനിതാകമ്മീഷന്‍ നടത്തിവരുന്നു.