অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ സാമൂഹ്യ സുരക്ഷാ പരിപാടികളുടെ തരം തിരിവ്

സ്ഥാപനങ്ങളിലൂടെ നൽകുന്ന സംരക്ഷണം

സംസ്ഥാനത്ത് സർക്കാരും സർക്കാരിതര സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് സമൂഹത്തിൽ ദുർബലരായവർക്ക് സ്ഥാപനങ്ങളിലൂടെയുള്ള പരിചരണവും സംരക്ഷണവും നൽകുന്നു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ദുർബലർക്ക് പരിചരണവും സംരക്ഷണവും നൽകുന്ന 75 ക്ഷേമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ 27 സ്ഥാപനങ്ങൾ കുട്ടികൾക്കും, 16 എണ്ണം സ്ത്രീകൾക്കും, 16 എണ്ണം വൃദ്ധർക്കും 16 എണ്ണം അംഗപരിമിതർക്കുമുള്ളതാണ്. സ്ഥാപനങ്ങളിലൂടെയുള്ള സേവനം മുഖേന, സാമൂഹ്യനീതി വകുപ്പ് വിവിധ വിഭാഗങ്ങളിലെ 2800 -ൽ അധികം പേർക്കും സർക്കാരിതര സംഘടനകളുടെ സഹായം മൂലം 80,000 ലധികം പേർക്കും പുനരധിവാസം നൽകിയിട്ടുണ്ട്. 2016-17-ൽ 2,142 പേർക്കും 2017 ആഗസ്റ്റ് 30 വരെ 1,308 പേർക്കും സാമൂഹ്യ നീതി ക്ഷേമസ്ഥാപനങ്ങളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ, രജിസ്റ്റർ ചെയ്ത വിവിധ ക്ഷേമസ്ഥാപനങ്ങൾ മുഖേന 2017 ആഗസ്റ്റ് 30 വരെ 2,068 പേർക്കും പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ചില ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗ സംഖ്യയേക്കാൾ കുറവാണെന്ന് കാണാം. കൂടുതൽ അന്തേവാസികളെ സംരക്ഷിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഏറി വരുന്നതിനാലാകാം ഒരുപക്ഷെ ഈ സ്ഥാപനങ്ങളിൽ അനുവദനീയമായ അംഗ സംഖ്യ നിലനിർത്താൻ കഴിയാതെ പോകുന്നത്. അനുവദനീയമായ അന്തേവാസികളുടെ അംഗസംഖ്യ 148,227 ആയിരിക്കെ 2016-ൽ ഈ സ്ഥാപനങ്ങളിലുണ്ടായിരുന്ന ആകെ അന്തേവാസികൾ 85,178 പേർ മാത്രമായിരുന്നു. ഇത് മൊത്തം അനുവദനീയമായ അംഗസംഖ്യയുടെ 57 ശതമാനം വരും. സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നിർഭയാ ഷെൽട്ടർ ഹോമുകളിലും ഭിക്ഷാടന ഹോമുകളിലും അന്തേവാസികളുടെ എണ്ണം അനുവദനീയമായ അംഗസംഖ്യയേക്കാൾ കൂടൂതലും മാനസിക വൈകല്യമുള്ളവർ, അനാഥർ എന്നിവർക്കുളള സ്ഥാപനങ്ങളിൽ കുറവും ആയിരുന്നു.

സർക്കാർ തലത്തിൽ 75 ക്ഷേമസ്ഥാപനങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും ഇന്റലക്ച്വൽ ഡിസബലിറ്റീസ് (ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബലിറ്റീസ്, ബുദ്ധിമാന്ദ്യം) ബാധിച്ച കുട്ടികൾക്കുള്ള ഏതെങ്കിലും തരത്തിലുള്ള പരിചരണ സ്ഥാപനങ്ങളോ/അസിസ്റ്റഡ് ലിവിംഗ് ഹോമുകളോ സംസ്ഥാനത്ത് ഇല്ലാത്തത് വളരെ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. മുൻപുള്ളതിന് ഉപരിയായി പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ ഒരു സംയോജിത സമീപനത്തിലൂന്നിയ നയ രൂപീകരണവും സൂക്ഷ്മമായ ആസൂത്രണവും ആവശ്യമാണെന്ന് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള പ്രധാന ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ജില്ല തിരിച്ചുള്ള വിവരം അനുബന്ധം 4.3.54 -ലും രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേത് അനുബന്ധം 4.3.55 -ലും ചേർത്തിട്ടുണ്ട്.

സാമൂഹ്യ സഹായ പരിപാടികൾ

സമൂഹത്തിൽ ഉപജീവനത്തിന് വഴിയില്ലാത്ത പാവപ്പെട്ടവരുടെ ഇടയിൽനിന്ന് ദാരിദ്ര്യവും മറ്റ് പിന്നോക്കാവസ്ഥയും തുടച്ച് നീക്കാൻ ലക്ഷ്യമിട്ട പരിപാടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വിവിധ സാമൂഹ്യ സഹായ പരിപാടികൾ ചുവടെ ചേർക്കുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ

വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, 50 വയസ്സിന് മേലെ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ. ഇതിൽ ആദ്യത്തെ മൂന്നെണ്ണം ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ ഭാഗമാണ്. ഈ പെൻഷൻ പദ്ധതികൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്. 2015, ഏപ്രിൽ മാസം മുതൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴിയാണ് പെൻഷൻ വിതരണ നടപടികൾ നടപ്പാക്കിവരുന്നത്. 2017 മാർച്ച് 31 വരെ സംസ്ഥാനത്ത് 42.45 ലക്ഷം പെൻഷൻകാർ ഉണ്ടായിരുന്നു. വാർദ്ധക്യകാല പെൻഷൻ വിഭാഗത്തിലും (49.02 ശതമാനം) തുടർന്ന് വിധവാ പെൻഷനിലുമാണ് (29.15 ശതമാനം) ഏറ്റവും കൂടുതൽ പെൻഷൻകാർ ഉള്ളത്. പെൻഷൻ പദ്ധതികളിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ തിരുവനന്തപുരം ജില്ല യിലും കുറഞ്ഞത് വയനാട് ജില്ലയിലുമാണ്. സംസ്ഥാനത്തെ എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളും ഒററ ശീർഷകത്തിൽ നിന്നും പ്രവർത്തിപ്പിക്കുകയും പെൻഷൻകാരുടെ സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്താൽ പെൻഷൻ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനും ഇതിന്റെ പരിധിയിൽ വരാത്ത ദരിദ്രരായവർക്ക് കൂടി ഈ പദ്ധതിയുടെ ആനുകൂല്യം നൽകാനും കഴിയും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate