অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംസ്ഥാനത്തിന്റെ ധനസ്ഥിതി

സംസ്ഥാനത്തിന്റെ ധനസ്ഥിതി

സാമ്പത്തിക കെടുകാര്യസ്ഥത മൂലം 2011-15 കാലയളവില്‍ കേരളത്തിന്റെ ധനസ്ഥിതി മോശമായി. 2006-11 കാലയളവില്‍ സാമ്പത്തിക സൂചകങ്ങള്‍ വഴി ആര്‍ജ്ജിച്ച സ്ഥായിയായ നേട്ടങ്ങളുടെ ആക്കം നികുതി നിർവ്വഹണത്തിലെ കാര്യക്ഷമതയില്ലായ്മയും ചെലവിന്റെ അച്ചടക്ക രാഹിത്യവും മൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടു. 2015-16ല്‍ സാമ്പത്തിക സ്ഥിതിയില്‍ നേരിയ പുരോഗതി ദൃശ്യമായെങ്കിലും സുസ്ഥിരവും ആശാവഹവുമായ ഒരു അവസ്ഥയിലെത്തിക്കാന്‍ പര്യാപ്തമായിരുന്നില്ല. 2015-16ല്‍ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതിവിഹിതവും റവന്യൂകമ്മി നികത്തുന്നതിനുള്ള ഗ്രാന്റും ലഭിച്ചില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി ഇരുളടഞ്ഞതാകുമായിരുന്നു. കൂടാതെ ഉടന്‍ കൊടുക്കേണ്ടതും ഹൃസ്വകാല കടബാധ്യതകളിലുള്ളതുമായ തുക അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി നല്‍കി. അല്ലായിരുന്നുവെങ്കില്‍ 2015-16ല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാകുമായിരുന്നു.

ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നിലനില്‍ക്കുന്ന ധനകാര്യ പ്രതിസന്ധി പരിഹരിക്കുവാന്‍ സംസ്ഥാനം തന്ത്രപരമായ ഉദ്യമങ്ങളിലൂടെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി വിവിധ തരത്തിലുള്ള ആഭ്യന്തരവും ബാഹ്യവുമായ സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ധനകാര്യ സ്തംഭനാവസ്ഥയില്‍ നിന്നും കരകയറാനുള്ള സാധ്യത വിദൂരമാണ്. നോട്ട് പിൻവലിക്കൽ പ്രതിസന്ധി സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ കൂടുതല്‍ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. ധനപ്രതിസന്ധി മൂലം മൊത്ത ആഭ്യന്തരോല്പാദന വളര്‍ച്ചയിലെ ഇടിവ് കൂടുതല്‍ വഷളായി. ഇത് റവന്യൂ വരുമാനത്തില്‍ കുറവുണ്ടാക്കുകയും റവന്യൂ-ധനക്കമ്മി അന്തരം കൂട്ടുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് പത്താം ശമ്പള കമ്മീഷന്റെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നതും സാമൂഹ്യവും ഭൌതികവുമായ വികസനത്തിനായി വിഭവ വിനിയോഗം നടത്തേണ്ടതും. ഇത് സര്‍ക്കാരിന്റെ ധനസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

ദീര്‍ഘകാല സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് ആക്റ്റിന്റെ നിയമാധിഷ്ഠിത ചട്ടക്കൂട് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഈ നിയമ നിര്‍മ്മാണം ഗവണ്‍മെന്റിന് ലക്ഷ്യാധിഷ്ഠിത സാമ്പത്തി മാനേജ്മെന്റിനോടുള്ള ഉത്തരവാദിത്വം കൂടുതല്‍ ഉറപ്പാക്കുന്നു. നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്ക് നടുവില്‍ ധനകാര്യ ഉത്തരവാദിത്വ ബജറ്റ് മാനേജ്മെന്റ് ആക്ട് നിഷ്ക്കര്‍ഷിക്കുന്ന ധനലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ പ്രയാസമാണ്. നിലവിലുള്ള ധനപ്രതിസന്ധി മറികടക്കുവാന്‍ വായ്പാ പരിധി ഉയര്‍ത്തുന്നതിനായി ധനകാര്യ ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് ആക്ട് ഭേദഗതി ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം മൂലധന ചെലവ് നിയന്ത്രിക്കുക എന്നത് ദുഷ്ക്കരമായ ഒന്നായി മാറും.

2003ന് ശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. 2002-03 ല്‍ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 4.37 ശതമാനമായിരുന്ന റവന്യൂക്കമ്മി 2010-11ല്‍ 1.36 ശതമാനമായി കുറഞ്ഞു. ഈ കാലയളവിനുശേഷം സംസ്ഥാനത്തിന്റെ റവന്യൂ നികുതിയുടെയും പ്രധാനപ്പെട്ട റവന്യൂ ഘടകങ്ങളുടെയും വളര്‍ച്ച ധനസ്ഥിതി വേണ്ടത്ര മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. ആകെ റവന്യൂ വിടവ് കാണിക്കുന്ന കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ധനക്കമ്മി സ്ഥിരമായി ഉയര്‍ന്നു. 2014-15ല്‍ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 2.78 ശതമാനമായിരുന്ന റവന്യൂക്കമ്മി 2015-16ല്‍ 1.65 ശതമാനമാണ്. മൊത്തം ആഭ്യന്തരോല്പാദനവും ധനക്കമ്മിയും തമ്മിലുള്ള അനുപാതം 2014-15ല്‍ 3.75 ശതമാനമായിരുന്നത് 2015-16ല്‍ 3.04 ശതമാനമായി.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നത് നികുതി പരിഷ്ക്കരണ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായക വഴിത്തിരിവാകും. ഉപഭോക്തൃസംസ്ഥാനമായതിനാല്‍ കേരളത്തിന് ചരക്ക് സേവന നികുതി നടപ്പിലാക്കലിലൂടെ മെച്ചപ്പെട്ട നേട്ടമുണ്ടാകുമെന്ന് പരക്കെ പ്രതീക്ഷിക്കുന്നു. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ചരക്ക് സേവന നികുതിക്കുള്ള നഷ്ടപരിഹാരം സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ ഒരു നിര്‍ണ്ണായക ഘടകമായിരിക്കും.

ശമ്പളം, പെന്‍ഷന്‍, കടബാധ്യത എന്നീ ഒഴിവാക്കാനാവാത്ത ചെലവുകള്‍ 2015-16ലും ഗണ്യമായ ഉയര്‍ച്ച കാണിക്കുന്നു. 2016-17 മുതല്‍ പത്താം ശമ്പളക്കമ്മീഷന്റെ ബാധ്യതകള്‍ കൂടി സര്‍ക്കാരിന് വഹിക്കേണ്ടതായിട്ടുണ്ട്. വായ്പ കൂടുന്നതിലൂടെ സര്‍ക്കാരിന്റെ പലിശ തിരിച്ചടവിന്റെ ബാധ്യത വീണ്ടും സ്ഥിരമായി ഉയരുന്നു. സാമൂഹ്യ പ്രതിബന്ധത നിറവേറ്റുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനും ക്ഷേമ പെന്‍ഷനുകളും സബ്സിഡികളും നല്‍കുന്നതിനും സര്‍ക്കാര്‍ ബാധ്യസ്ഥമാകുന്നു. നികുതി നിർവ്വഹണം ഏറ്റവും കാര്യക്ഷമമാക്കി കൂടുതല്‍ വിഭവസമാഹരണം നടത്തേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്.

മെച്ചപ്പെട്ട സാമൂഹ്യ,ഭൌതിക സൗകര്യങ്ങളുടെ ലഭ്യത മികച്ച ചെലവിന്റെ തെളിവാണ്. 2015-16ല്‍ ആകെ ചെലവില്‍ വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന വിഹിതം ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. എന്നാല്‍, വികസന മേഖലയില്‍ 2015-16ല്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ മേഖലകളിലെ ചെലവും മൂലധന ചെലവും ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മോശമാണ്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate