অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍

സമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് ഉല്പന്ന നിര്‍മ്മാണ മേഖലയുടെ വികസനത്തില്‍ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ വളരെ നിര്‍ണ്ണായകമായ ഒരു പങ്കാണ് വഹിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാന ഗവണ്‍മെന്റ് കമ്പനികളും സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളില്‍പെടുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുളള ഇന്ത്യന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2015 മാര്‍ച്ച് 31 വരെ കേരളത്തില്‍ ആകെ 126 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതില്‍ 122 എണ്ണം ഗവണ്‍മെന്റ് കമ്പനികളും 4 എണ്ണം സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുമാണ്. 122 ഗവണ്‍മെന്റ് കമ്പനികളില്‍ 107 എണ്ണം നിലവില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ 15 എണ്ണം പ്രവര്‍ത്തനം നടക്കാത്ത പൊതുമേഖല സ്ഥാപനങ്ങളാണ്. മേഖല തിരിച്ചുളള ഗവണ്‍മെന്റ് കമ്പനികളുടെ വിവരം ചുവടെ കൊടുക്കുന്നു. 50 - നിര്‍മ്മാണ മേഖല, 16 - പശ്ചാത്തല മേഖല, 18 - സാമ്പത്തിക മേഖല, 3 - വൈദ്യുതി, 16 - കൃഷിയും മറ്റ് അനുബന്ധ മേഖലയും, 19 - സേവന മേഖല. പ്രവര്‍ത്തിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഉല്പന്നനിര്‍മ്മാണ മേഖലയിലാണ് എന്നതാണ് ശ്രദ്ധേയം. 2015 മാര്‍ച്ചിലെ ഏറ്റവും പുതിയ കണക്കനുസരിച്ച് സംസ്ഥാനത്തെ 50 പൊതു മേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. 53 സ്ഥാപനങ്ങള്‍ നഷ്ടത്തിലും, 4 സ്ഥാപനങ്ങള്‍ ലാഭത്തിലോ നഷ്ടത്തിലോ അല്ലാത്ത സ്ഥിതിയിലുമാണ്. കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുളള 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ 37 എണ്ണം ഉല്പന്നനിര്‍മ്മാണ മേഖലയിലും 7 എണ്ണം നിര്‍മ്മാണേതര/സേവന മേഖലകളിലുമാണ്.2014-15 ല്‍ 43 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം ഉല്പാദന മൂല്യം 2405.11 കോടി രൂപയായിരുന്നത് 2015-16 ആയപ്പോഴേക്കും 2,829.72 കോടി രൂപയായി വര്‍ദ്ധിച്ചു. അതായത് 17.65 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേ സമയം സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് 2015-16 ല്‍ മുൻവര്‍ഷത്തെ അപേക്ഷിച്ച് 0.63 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്‍പ്പാദന മൂല്യവും വിറ്റുവരവും *


*(കിന്‍ഫ്ര ഒഴികെ) അവലംബം: പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്

കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങളുടെ വിറ്റു വരവില്‍ എടുത്തു പറയത്തക്ക വ്യതിയാനം ഉണ്ടായിട്ടില്ല എന്ന് കാണുവാന്‍ സാധിക്കും.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളില്‍ 10 എണ്ണം 2015-16 വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. 2014-15 വര്‍ഷത്തില്‍ ഇത് 13 എണ്ണമായിരുന്നു. 2014-15 വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം ലാഭം 61.30 കോടി രൂപ ആയിരുന്നത് 2015-16 വര്‍ഷമായപ്പോഴേക്കും 98.32 കോടി രൂപയായി വര്‍ദ്ധിച്ചു. 2015-16 വര്‍ഷത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ സ്ഥാപനങ്ങളാണ് മലബാര്‍ സിമന്റസ് ലിമിറ്റഡ് (38.75 കോടി രൂപ)കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (34.55 കോടി രൂപ), കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (21.16 കോടി രൂപ).

ചിത്രം 3.7
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗതി *

* (കിന്‍ഫ്ര ഒഴികെ) അവലംബം: പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 2014-15 വര്‍ഷത്തില്‍ 30 ആയിരുന്നത് 2015-16 ല്‍ 33 ആയി വര്‍ദ്ധിച്ചെങ്കിലും ഇവയുണ്ടാക്കിയ നഷ്ടം 241.33 കോടി രൂപയില്‍ നിന്ന് 208.12 കോടി രൂപയായി കുറഞ്ഞു. 2015-16 വര്‍ഷത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതു മേഖലസ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവയാണ് കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (29.50 കോടി രൂപ) കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ (25.15 കോടി രൂപ) എന്നിവ. 2011-12 മുതല്‍ 2015-16 വരെ 43 സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തന ഗതി ചിത്രം 3.7 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ അറ്റലാഭം 2011-12 വര്‍ഷത്തില്‍ 212.86 കോടി രൂപയായിരുന്നത് 2012-13 ആയപ്പോഴേക്കും 75.65 കോടി രൂപയായി കുത്തനെ കുറഞ്ഞു. 2013-14 മുതല്‍ ഈ പൊതുമേഖലാസ്ഥാപനങ്ങളുടെ അറ്റലാഭം നെഗറ്റീവ് ആയി തുടരുന്നു. 2015-16 ല്‍ 43 സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെയും അറ്റനഷ്ടം 109.80 കോടി രൂപയാണ്. പ്രവര്‍ത്തനമൂലധന നഷ്ടം, സാങ്കേതികവിദ്യയില്‍ കാലാനുസൃതമായ നവീകരണത്തിന്റെ അഭാവം, ഉല്പന്നവൈവിധ്യവല്‍ക്കരണത്തിലെ കുറവ്, മാര്‍ക്കറ്റിലുണ്ടാകുന്ന ഡിമാന്റിനനുസരിച്ച് പ്രവര്‍ത്തിക്കുവാനുളള കഴിവില്ലായ്മ, ഉല്പാദന ചെലവിലെ വര്‍ദ്ധനവ്, മറ്റു സ്ഥാപനങ്ങളില്‍ നിന്നുളള കടുത്ത മത്സരം, വില കുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് നേരിടേണ്ട മത്സരം, വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ബാധ്യത (സ്റ്റാറ്റ്യൂട്ടറി പേയൗട്ട് ഉള്‍പ്പെടെ) എന്നിവ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും വിധം, മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്, സമയ ബന്ധിതമായി നടപടികള്‍ സ്വീകരിച്ച്, പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate