<p style="text-align: justify; ">പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ 5-ാം വാര്‍ഷിക പദ്ധതിയാണ് 2016-17 ലെ വാര്‍ഷിക പദ്ധതി. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തുടര്‍ന്നു വരുന്ന പദ്ധതികളുടെ നിര്‍വ്വഹണം അവലോകനം ചെയ്തിട്ടുണ്ട്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സ്റ്റേക്ക് ഹോള്‍ഡര്‍ ചര്‍ച്ചകള്‍ നടത്തുകയും താഴെത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും വിവരങ്ങളും കണക്കിലെടുക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതികളുടെ ബാഹുല്യം തടയാന്‍ ശ്രമങ്ങള്‍ നടത്തുകയും സമാന സ്വഭാവമുള്ള പദ്ധതികള്‍ ഒരു ശീര്‍ഷകത്തിന്‍ കീഴില്‍ കൊണ്ടു വന്നിട്ടുമുണ്ട്.</p> <p style="text-align: justify; ">പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുന്നതിന് സഹായകരമായ വിധത്തില്‍ 2016-17ല്‍ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയയിലും ബഡ്ജറ്റ് അവതരണത്തിലും ചില പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബഡ്ജറ്റ് – ഗ്രീന്‍ബുക്ക്, പ്രോഗ്രാം ബുക്ക് 2 വാല്യങ്ങളായാണ് അവതരിപ്പിച്ചത്. മുന്തിയ പരിഗണനയിലുള്ളതും നിര്‍വ്വഹണത്തിന് തയ്യാറായതുമായ പദ്ധതികള്‍ ഗ്രീന്‍ബുക്കില്‍ ഉള്‍പ്പെടുന്നു. 2016-17ലെ വാര്‍ഷിക പദ്ധതി മേഖല/ഉപമേഖല തിരിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സംഗ്രഹ രേഖ തയ്യാറാക്കി 2016-17 ബഡ്ജറ്റിനൊപ്പം സംസ്ഥാന നിയമസഭയ്ക്ക് നല്‍കിയിട്ടുണ്ട്.</p> <p style="text-align: justify; ">2016-17ലെ വാര്‍ഷിക പദ്ധതി മൊത്തം വിഹിതം (ബജറ്റ് എസ്റ്റിമേറ്റ്) 30534.17 കോടി രൂപയാണ്. ഇതില്‍ സംസ്ഥാന ബജറ്റ് വിഹിതം 24000 കോടി രൂപയും കേന്ദ്രവിഹിതം 6534.17 <br />കോടി രൂപയുമാണ്. മുന്‍വര്‍ഷത്തെ സംസ്ഥാന ബജറ്റ് വിഹിതമായ 20000 കോടി രൂപയില്‍ 20% വര്‍ദ്ധനവാണ് 2016-17 വാര്‍ഷിക വിഹിതത്തില്‍ ഉണ്ടായിരുന്നത്. ബജറ്റ് വിഹിതത്തില്‍ 5500 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ശേഷിക്കുന്ന 18500 കോടി രൂപ സംസ്ഥാന പദ്ധതികള്‍ക്കുമാണ് വകയിരുത്തിയിട്ടുള്ളത്. 2354.40 കോടി രൂപ പ്രത്യേക ഘടകപദ്ധതിയ്ക്കും 682.80 കോടി രൂപ പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയ്ക്കുമായി വകയിരുത്തിയിട്ടുണ്ട്. 2536.07 കോടി രൂപ വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുണ്ട്. പ്രസ്തുത ശീര്‍ഷകത്തില്‍ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നും 2016-17 മുതല്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇൻവെസ്റ്റ്മെന്റ് ഫണ്ട് മുഖേനയാണ് തുക അനുവദിയ്ക്കുന്നത്.</p>