অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റവന്യൂ ചെലവ്

ശമ്പളം, പെന്‍ഷന്‍, കടബാധ്യതകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം, സബ്സിഡി എന്നീ ഇനങ്ങളിലുള്ള ചെലവുകളാണ് പ്രധാനമായും സംസ്ഥാനത്തിന്റെ റവന്യൂ ചെലവില്‍ ഉള്‍പ്പെടുന്നത്. പൂര്‍ത്തീകരിച്ച പ്രോജക്ടുകളുടെയും പരിപാടികളുടെയും നടത്തിപ്പും പരിപാലന ചെലവുകളും റവന്യൂ അക്കൌണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ ബാധ്യത, പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകള്‍ എന്നിവ റവന്യൂ ചെലവിലുള്‍പ്പെടും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന വിഹിതത്തിന്റെ സിംഹഭാഗവും സ്ഥായിയായ മൂലധന ആസ്തി സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്നു. അതുപോലെ സർവകലാശാലകള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നീക്കിവയ്ക്കുന്ന ഗ്രാന്റിന്റെ ഗണ്യമായ വിഹിതം മൂലധന ആസ്തികള്‍ സൃഷ്ടിക്കുന്നതിന് വിനിയോഗിക്കുന്നു.

സാമൂഹ്യ ചെലവുകളും സാമ്പത്തിക സേവന ചെലവുകളും കൂടി ചേര്‍ന്നതാണ് വികസന ചെലവുകള്‍. ആസ്തികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വികസനചെലവിലുള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ മാനവ വികസന സൂചകങ്ങളെ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തുന്നതിന് സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ പണം ചെലവഴിച്ചതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ് ഘടനയുടെ ദീര്‍ഘകാല പ്രതീക്ഷകളെ സജീവമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന കഴിഞ്ഞ വര്‍ഷങ്ങളിലെ വികസന ചെലവുകളിലെ വര്‍ദ്ധിച്ചുവരുന്ന പ്രവണതയില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. കടബാധ്യത, പെന്‍ഷന്‍ ചെലവുകള്‍, ഭരണ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാനമായും സംസ്ഥാനത്തിന്റെ വികസനേതര ചെലവുകള്‍.

2010-11 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകളുടെ വളര്‍ച്ച ഇരട്ടിയിലധികം വര്‍ദ്ധിച്ചു. 2015-16 ലെ ആകെ റവന്യൂ ചെലവായ 78689.47 കോടി രൂപയില്‍ 12078.50 കോടി രൂപ പദ്ധതി ചെലവുകളും 66610.97 കോടി രൂപ പദ്ധതിയേതര ചെലവുകളുമാണ്. റവന്യൂ ചെലവും സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം 2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ സ്ഥിരതയുടെ സൂചനകള്‍ കാണിക്കുന്നു. ഇത് 2015-16ല്‍ നേരിയ തോതില്‍ കുറയുന്ന പ്രവണത കാണിക്കുന്നു. 2010-11 മുതല്‍ 2016-17 (ബജറ്റ് എസ്റ്റിമേറ്റ്സ്) വരെയുള്ള റവന്യൂ ചെലവുകളുടെ പ്രവണത ചിത്രം 1.12 ലും അനുബന്ധം 1.36 ലും കൊടുത്തിരിക്കുന്നു.

ചിത്രം 1.12
റവന്യൂ ചെലവിന്റെ പ്രവണത

അവലംബം: ധനകാര്യ വകുപ്പ്, കേരള സർക്കാർ

റവന്യൂ ചെലവുകളിന്മേലുള്ള ഒഴിവാക്കാനാവാത്ത ചെലവുകളുടെ വിഹിതം 2015-16ല്‍ നേരിയ തോതില്‍ കുറഞ്ഞു. ശമ്പളം, പെന്‍ഷന്‍, പലിശ അടവ്, സബ്സിഡികള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം എന്നീ ഒഴിവാക്കാനാവാത്ത ബാധ്യതകള്‍ 2014-15 ല്‍ റവന്യൂ ചെലവിന്റെ 69.74 ശതമാനമായിരുന്നു. എന്നാല്‍ ഇത് 2015-16ല്‍ 68.61 ശതമാനമായി കുറഞ്ഞു. പ്രസ്തുത ഒഴിവാക്കാനാവാത്ത ചെലവുകള്‍ക്കായി സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 76.58 ശതമാനം ഈ കാലയളവില്‍ ഉപയോഗിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് നടത്തിയ ഇടപെടലുകള്‍, എല്ലാ ദുര്‍ബല വിഭാഗങ്ങളുടെയും സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് നടത്തിയ നയപരമായ ഇടപെടലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണനാ ക്രമവും റവന്യൂ ചെലവ് വര്‍ദ്ധിക്കുന്നത് പ്രധാന കാരണമായിട്ടുണ്ട്.

ആകെ റവന്യൂ ചെലവില്‍ ശമ്പള ചെലവിന്റെ അനുപാതം 2014-15 ല്‍ 29.75 ശതമാനമായിരുന്നത് 2015-16 ല്‍ 29.80 ശതമാനമായി. 2014-15ല്‍ പെന്‍ഷന്‍ ചെലവ് ആകെ റവന്യൂ ചെലവിന്റെ 15.69 ശതമാനമായിരുന്നത് 2015-16ല്‍ 16.60 ശതമാനമായി പലിശ അടവ് 2014-15ല്‍ 13.64 ശതമാനമായിരുന്നത് 2015-16ല്‍ 14.12 ശതമാനമായി ഉയര്‍ന്നു.


അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate