অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂലധന ചെലവ്

അടിസ്ഥാന വികസന മേഖലയിലെ മുതല്‍മുടക്കിനെ ആശ്രയിച്ചാണ് പ്രധാനമായും സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വികസനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ തീരുമാനങ്ങള്‍ ഈ നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ദീര്‍ഘകാല മുതല്‍ മുടക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ തീരുമാനങ്ങള്‍ നല്ല ഫലമുളവാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള പ്രധാന തടസ്സം വിഭവ സ്രോതസ്സുകളുടെ കമ്മിയാണ്. ആയതിനാല്‍ പ്രധാന അടിസ്ഥാന സൗകര്യ പ്രോജക്ടുകള്‍ക്കായി ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമീപ കാലങ്ങളില്‍ മൂലധന പ്രോജക്ടുകള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിച്ചുവരുന്നു. 2015-16ല്‍ സംസ്ഥാനത്തിന്റെ മൂലധനചെലവ് ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്നതായി കാണാം. 2014-15ല്‍ 4254.59 കോടി രൂപയായിരുന്നത് 2015-16ല്‍ 7500.04 കോടി രൂപയായി വര്‍ദ്ധിച്ചു. 2014-15 ല്‍ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 0.81 ശതമാനമായിരുന്ന മൂലധനച്ചെലവിന്റെ അനുപാതം 2015-16ല്‍ നേരിയ തോതില്‍ ഉയര്‍ന്ന് 1.28 ശതമാനമായി. 2015-16ല്‍ ആകെ മൂലധന വിഹിതത്തില്‍ 35.67 ശതമാനവുമായി പൊതുമരാമത്ത് വകുപ്പ് പ്രധാന വിഭാഗമായി തുടരുന്നു. തൊട്ടുപിന്നില്‍ കൃഷി അനുബന്ധ മേഖല 7.04 ശതമാനവും, ജലസേചനം 7.02 ശതമാനവും, വ്യവസായങ്ങള്‍ 4.47 ശതമാനവുമാണ്. 2010-11 മുതല്‍ 2016-17 (ബജറ്റ് എസ്റ്റിമേറ്റ്സ്) വരെയുള്ള മൂലധന ചെലവിന്റെ വിശദാംശങ്ങള്‍ അനുബന്ധം 1.38 ലും അനുബന്ധം 1.39 ലും മൂലധന വിഹിതത്തിന്റെയും വായ്പാ വിതരണത്തിന്റെയും പ്രവണത ചിത്രം-1.13 ല്‍ കൊടുത്തിരിക്കുന്നു.

ചിത്രം-1.13 
മൂലധനചെലവിന്റെയും വായ്പാ വിതരണത്തിന്റെയും പ്രവണത

അവലംബം: ധനകാര്യ വകുപ്പ്, കേരള സർക്കാർ

അടിസ്ഥാന സൗകര്യവികസനത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു തന്ത്രം ആവിഷ്ക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല വികസനത്തിന് അടിസ്ഥാനവികസന മേഖലയിലെ മുതല്‍മുടക്ക് അനിവാര്യമാണ്. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കിക്കൊണ്ട് വിവിധ ധനകാര്യ, അടിസ്ഥാന വികസന സ്ഥാപനങ്ങള്‍ വഴി പ്രധാനപ്പെട്ട അടിസ്ഥാന വികസന പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ വിവിധ അടിസ്ഥാന വികസന പ്രോജക്ടുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനായി ഒരു പ്രധാന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ആരംഭിച്ചു.

സംസ്ഥാനത്തിന്റെ നാനാമുഖ വികസനത്തിനായി കേരള സര്‍ക്കാര്‍ നവകേരള മിഷന്‍ പരിപാടികള്‍ ആരംഭിച്ചു. ഈ മിഷന്‍ പരിപാടികള്‍ 4 പ്രധാനപ്പെട്ട മേഖലകളില്‍ ഊന്നല്‍ നല്‍കുന്നു. ഹരിത കേരളം, (കൃഷിവികസനം, ശുചിത്വം, ജലവിഭവ സംരക്ഷണം, മാലിന്യ സംസ്ക്കരണം), സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ, സമഗ്ര വിദ്യാഭ്യാസ നവീകരണം, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍. ഇത് സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ വഴിത്തിരിവാകും. കഴിഞ്ഞ കാലങ്ങളിലെ സംസ്ഥാനത്തിന്റെ സുസ്ഥിര നേട്ടങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തിലൂടെ ഈ മിഷന്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതാണ്. ഈ പരിപാടികള്‍ സംസ്ഥാനത്തിന്റെ ഭാവിയിലെ സാമ്പത്തിക വികസനത്തിന്റെ ചവിട്ടുപടിയാകും.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate