অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രധാനമന്ത്രി മുദ്ര യോജന

ആമുഖം

രാജ്യത്തെ ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക്‌ പുതിയ പ്രതീക്ഷ നൽകുന്നതാണ്‌ പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര (മൈക്രോ യൂണിറ്റ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആൻഡ്‌ റീഫൈനാൻസ്‌ ഏജൻസി ലിമിറ്റഡ്‌) സംരംഭ വികസനത്തിന്‌ പുതിയ മുദ്രാവാക്യമാകുകയാണ്‌. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന്‌ ഉത്തമമായ മറുപടി കൂടിയാണ്‌ മുദ്രബാങ്ക്‌. സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ്‌ ഇതിന്റെ മുദ്രാവാക്യം. മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനെ സംബന്ധിച്ച്‌ പല ലഘു സംരംഭകർക്കും സംശയം നിലനിൽക്കുന്നുണ്ട്‌.

മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത്‌ ബാങ്കുകൾ ഉണ്ടാകില്ല. രാജ്യത്ത്‌ പ്രവർത്തിക്കുന്ന ദേശസാത്‌കൃത സ്വകാര്യബാങ്കുകൾ മുംബൈ എം.എസ്‌.എം.ഇ. ഡെവലപ്പ്‌മെന്റ്‌ സെന്ററിൽ പ്രവർത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി വേണം ബന്ധപ്പെടുവാൻ. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ്‌ മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്നത്‌. ദേശസാത്‌കൃത - സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴി ഈ പദ്ധതി നടപ്പാക്കും.

റീജണൽ റൂറൽ ബാങ്കുകൾക്കും, സഹകരണ ബാങ്കുകൾക്കും പദ്ധതിയിൽ പങ്കാളിയാകാം. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും, നിലവിൽ ഉള്ളവ വികസിപ്പിക്കുന്നതിനും ഇൗ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്‌.

10 ലക്ഷം രൂപ വരെ വായ്പ

ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന്‌ ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ്‌ മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്‌. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച്‌ അപേക്ഷകർക്ക്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ്‌ രീതി താഴെ പറയും പ്രകാരമാണ്‌.

  1. ശിഷു - 50,000 രൂപ വരെയുള്ള വായ്പകൾ
  2. കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
  3. തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ

വായ്പ ആർക്കൊക്കെ ?

ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന്‌ നൽകണമെന്നാണ്‌ വ്യവസ്ഥ. കൂടുതൽ പേരിലേക്ക്‌ ചെറിയ തുകകൾ എത്തിച്ച്‌ കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട്‌ പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക്‌ വായ്പകൾ ലഭിക്കും.

നേരിട്ടുള്ള കാർഷിക പ്രവൃത്തിയെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാർഷിക ഉത്‌പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട്‌ കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത്‌ പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്‌.

കാർഷിക രംഗം പോലെ തന്നെ രാജ്യത്ത്‌ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ്‌ സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടേത്‌.  അവർക്ക്‌ കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക്‌ കഴിയും.

സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്‌ണർഷിപ്പ്‌ / ലിമിറ്റഡ്‌ കമ്പനികൾക്കും 2006 ലെ എം.എസ്‌.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക്‌ വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്‌. 

ചെറിയ കച്ചവടക്കാർക്കും, ഷോപ്പ്‌ ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന്‌ വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ്‌ ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക്‌ വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.

റുപേ കാർഡും ക്രെഡിറ്റ്‌ ഗ്യാരണ്ടിയും

ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്‌), ക്രെഡിറ്റ്‌  ഗ്യാരണ്ടിയുമാണ്‌. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത്‌ പ്രകാരമുള്ള വായ്പകൾ അനുവദിക്കുവാൻ എന്ന്‌ പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ്‌ ഇവിടെ പുനർവിചിന്തനത്തിന്‌ വിധേയമാക്കിയിരിക്കുന്നത്‌.

നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക്‌ ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു. വലിയ തുകകൾ ഒരിടത്ത്‌ നിക്ഷേപിക്കുകയും അത്‌ പരാജയപ്പെടുകയും  ചെയ്താൽ വലിയ നഷ്ടമാണ്‌ ധനകാര്യ സ്ഥാപനങ്ങൾ സഹിക്കേണ്ടതായി വരിക. അത്തരം റിസ്ക്‌ ലഘൂകരിക്കുവാൻ ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക്‌ എത്തിക്കുന്നതുകൊണ്ട്‌ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ കഴിയുന്നു.

വായ്പ അനുവദിക്കുന്നതിനനുസരിച്ച്‌ നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ്‌ ആണ്‌ വായ്പാക്കാരന്‌ നൽകുക എന്നത്‌ തികച്ചും നൂതനമായ ഒരു കാഴ്ചപ്പാടാണ്‌. ഓൺലൈനിൽ നിന്നു തന്നെ അസംസ്‌കൃത വസ്തുക്കളും, കംപോണന്റുകളും വാങ്ങുന്നതിന്‌ ഇത്‌ സൗകര്യം ഒരുക്കുന്നു. ഈ കാർഡ്‌ പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതിയുമായി ബന്ധപ്പെടുത്തിയതാണ്‌. പണത്തിന്‌ ആവശ്യം വരുമ്പോൾ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക്‌ ബാങ്ക്‌ ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാൻ കഴിയുന്നു.

സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന്നിവ മാത്രമല്ല വലിയ സാമ്പത്തിക വളർച്ച നേടിത്തരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും മുദ്രയിലൂടെ സാധ്യമാകുന്നു. ഏറെ വീട്ടമ്മമാർ പണിയെടുക്കുന്ന ഗാർമെന്റ്‌/ടെക്‌സ്റ്റയിൽ മേഖലയ്ക്ക്‌ പ്രാധാന്യം നൽകിയിട്ടുണ്ട്‌.

ലളിതമായി അപേക്ഷ സമർപ്പിക്കാം

വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ്‌ മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്‌. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത്‌ പൂരിപ്പിച്ച്‌ ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട്‌ സമർപ്പിക്കണം.

  • സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ
  • എസ്‌.സി./എസ്‌.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത്‌ തെളിയിക്കുന്ന രേഖകൾ
  • ബിസിനസ്‌ സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ്‌ തുടങ്ങിയവ
  • ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത്‌
  • നിലവിൽ ബാങ്ക്‌ വായ്പ ഉണ്ട്‌ എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക്‌ സ്റ്റേറ്റ്‌മെന്റ്‌
  • നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട്‌ വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ്‌ (രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക്‌ മാത്രം)
  • പ്രതീക്ഷിത ബാലൻസ്‌ ഷീറ്റ്‌ (രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള വായ്പയ്ക്ക്‌ മാത്രം)
  • നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട്‌ വർഷത്തെ വില്പന കണക്ക്‌
  • വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌
  • പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക്‌ ആയതിന്റെ ഘടന സംബന്ധിച്ച്‌ രേഖകളും തീരുമാനവും
  • പ്രൊപ്രൈറ്റർ/പാർട്‌ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്‌
  • പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോകൾ (2 എണ്ണം)

(എം.എസ്‌.എം.ഇ. വിഭാഗങ്ങൾക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമ്മോറാണ്ടം ഫയൽ ചെയ്ത്‌ എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷന്‌ തുല്യമായ അംഗീകാരം നേടാവുന്നതാണ്‌)

അപേക്ഷ, പ്രോജക്ട്‌ റിപ്പോർട്ട്‌, മറ്റ്‌ രേഖകൾ എന്നിവ തയ്യാറാക്കുന്നതിന്‌ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫീസുകൾ, ബ്ലോക്ക്‌ / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്‌. സംരംഭകർക്കാവശ്യമായ കൈത്താങ്ങ്‌ സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന്‌ ലഭിക്കും.

50,000/- രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന്‌ ബാങ്കുകൾക്ക്‌ ടാർജറ്റ്‌ നൽകിയിട്ടുണ്ട്‌. അതുകൊണ്ട്‌ അത്തരം വായ്പകളാണ്‌ ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്‌. എന്നാൽ മറ്റ്‌ വായ്പകൾക്ക്‌ അപേക്ഷിക്കുന്നതിന്‌ യാതൊരു നിയന്ത്രണവുമില്ല.

ഏഴ്‌ മുതൽ 12 ശതമാനം പലിശയ്ക്ക്‌ ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്‌. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ്‌ വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക്‌ സ്വീകരിക്കാവുന്നതാണ്‌. തിരിച്ചടവിന്‌ 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

  1. Application form and list of documents required for PMMY loan
  2. Banker's kit - PMMY

 

കടപ്പാട് -മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate