2015-16 ല്‍ (2011-12 സ്ഥിരവിലയില്‍) സംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളുടെ വിഹിതം യഥാക്രമം 11.58 ശതമാനം, 26.18 ശതമാനം, 62.24 ശതമാനം ആണ്. നടപ്പുവിലയില്‍ 2015-16 കാലയളവില്‍ മൊത്തസംസ്ഥാന ആഭ്യന്തരോല്പാദനത്തില്‍ ഈ മൂന്ന് മേഖലകളുടെയും വിഹിതം യഥാക്രമം 12.07 ശതമാനം, 24.27 ശതമാനം, 63.66 ശതമാനം എന്ന നിലയിലാണ് (ചിത്രം 1.6).
സംസ്ഥാന വരുമാനത്തിന്റെ മേഖലാവിതരണം വിശകലനം ചെയ്താല്‍ കാണുന്നത് 2015-16- ല്‍ പ്രാഥമിക, ദ്വിതീയ മേഖലകളുടെ സംഭാവന കുറഞ്ഞുവരുന്നതായാണ്. എന്നാല്‍ തൃതീയ മേഖലയുടെ 2014-15-ലെ പങ്ക് 61.53 ശതമാനത്തില്‍ നിന്ന് 2015-16-ല്‍ 63.66 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവില്‍ പ്രാഥമികമേഖല 13.45 ശതമാനത്തില്‍നിന്ന് 12.07 ശതമാനമായും ദ്വിതീയ മേഖല 25.02 ശതമാനത്തില്‍നിന്ന് 24.27 ശതമാനമായും കുറഞ്ഞു. സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനത്തിലെ വളര്‍ച്ചാനിരക്ക് പരിശോധിക്കുമ്പോള്‍ 2011-12-ലെസ്ഥിര വിലയില്‍ 2015-16- ല്‍ തൃതീയ മേഖല 8.78 ശതമാനം വളര്‍ച്ചനേടി ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കാണിച്ചപ്പോള്‍ ദ്വിതീയ മേഖല 8.58 ശതമാനവും പ്രാഥമിക മേഖല -2.08 എന്ന ഋണ വളര്‍ച്ചയും രേഖപ്പെടുത്തി. ചില നാണ്യവിളകളുടെ ഉല്പാദനം, മത്സ്യമേഖല, വനവിഭവങ്ങള്‍ എന്നിവയിലുണ്ടായ കുറവാണ് പ്രാഥമികമേഖലയില്‍ ഋണവളര്‍ച്ചക്ക് കാരണമായത്.
മുന്‍ വര്‍ഷവുമായി താരതമ്യംചെയ്യുമ്പോള്‍ തന്നാണ്ട് വിലയില്‍ 2015-16 –ല്‍ തൃതീയമേഖല 14.94 ശതമാനവും, ദ്വിതീയമേഖല 7.73 ശതമാനവും പ്രാഥമികമേഖല 0.37 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. ഗതാഗതം, സംഭരണം, വാര്‍ത്താവിതരണം പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍, ഭവനം എന്നീ മേഖലകളിലെ വളര്‍ച്ചയാണ് തൃതീയ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായത്.