অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നഗരവത്ക്കരണം

നഗരവത്ക്കരണം

2011 മാര്‍ച്ച് 1-ന് ഇന്ത്യയുടെ ആകെ ജനസംഖ്യയായ 1210.2 ദശലക്ഷത്തില്‍ 377.1 ദശലക്ഷം ജനങ്ങളും നഗര മേഖലയില്‍ വസിക്കുവന്നരാണ്. 2001-ലെ കാനേഷുമാരി കണക്ക് പ്രകാരം ദശലക്ഷത്തില്‍ കൂടുതല്‍ ജനങ്ങളുള്ള നഗരങ്ങള്‍/നഗര സമൂഹം എന്നത് 35 നഗരങ്ങള്‍ എന്നതില്‍ നിന്നും 2011 ആയപ്പോഴേക്കും 53 എന്നായി വര്‍ദ്ധിക്കുകയുണ്ടായി. 2031 ആകുമ്പോഴേക്കും ഇന്ത്യയില്‍ 10 ദശലക്ഷത്തില്‍ കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന 6 നഗരങ്ങള്‍ ഉണ്ടാകും എന്ന് കണക്കാക്കുന്നു. ഈ വളര്‍ച്ചാനിരക്കില്‍ ആണെങ്കില്‍ ഇന്ത്യയിലെ നഗര ജനസംഖ്യ 2030-ഓടുകൂടി 575 ദശലക്ഷം എന്ന അമ്പരപ്പിക്കുന്ന കണക്കില്‍ എത്തും. രാജ്യത്ത് ഈയടുത്ത കാലത്തായി കമ്പോള അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി നഗര പ്രദേശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും ചേര്‍ന്നതാണ് സംസ്ഥാനത്തെ നഗര പ്രദേശം. 2001-ലെ 3,18,38,619 എന്ന ജനസംഖ്യയില്‍ നിന്നും 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ മൊത്തം ജനസംഖ്യ 3,33,87,677 ആണ്. കഴിഞ്ഞ പത്തുകൊല്ലക്കാലത്താണ് കേരളത്തിലെ നഗരജനസംഖ്യ ഒരു വലിയ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ സംസ്ഥാനത്തെ നഗരങ്ങളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടായി. 2001-ലെ 25.69 ശതമാനത്തില്‍ നിന്നും 2011-ല്‍ 47.72 ശതമാനം ആയി കേരളത്തിലെ നഗര ജനസംഖ്യ കുത്തനെ ഉയര്‍ന്നു. നഗരവല്‍ക്കരണത്തെ അളക്കുന്നത് സംസ്ഥാനത്തെ നഗര ജനസംഖ്യയുടെ തോത് അനുസരിച്ചാണ്. ഇന്ത്യയില്‍ ഈ നിരക്ക് 2001-ല്‍ 25.52 ശതമാനവും 2011-ല്‍ 31.16 ശതമാനവും ആയിരുന്നു. 2001 ലെ കാനേഷുമാരി കണക്ക് പ്രകാരം നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളം 19-ാം സ്ഥാനത്തായിരുന്നത് 2011 ആയപ്പോള്‍ 9-ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി കാണുന്നു. നഗരവല്‍ക്കരണത്തില്‍ 3.9 ശതമാനം മാത്രം നഗര ജനസംഖ്യയുള്ള വയനാട് ജില്ല ഏറ്റവും പിന്നിലും 68.1 ശതമാനം നഗര ജനസംഖ്യയുള്ള എറണാകുളം ജില്ല ഏറ്റവും മുന്നിലും ആണ്. കേരളത്തിന്റെ തെക്കേയറ്റവും വടക്കേയറ്റവും തമ്മില്‍ നഗരവല്‍ക്കരണത്തിന്റെ ഗതിവേഗത്തിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ (2001-2011) നഗരപ്രദേശത്തിന്റെ വര്‍ദ്ധനവ് കൂടുതല്‍ കാണിക്കുന്നത് മലപ്പുറം ജില്ലയിലും തൊട്ടു പുറകില്‍ കോഴിക്കോട് ജില്ലയിലുമാണ്. 1971 മുതല്‍ ഉയര്‍ന്ന നഗര സ്വഭാവം കാണിക്കുന്നത് കണ്ണൂര്‍ ജില്ലയാണ്.

കേരളത്തിലെ നഗരവല്‍ക്കരണത്തിന്റെ രീതിയില്‍ ചില പ്രത്യേകതകള്‍ ഉള്ളതായി കാണുന്നു. പൊതുവായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നതിനാലാണ് നഗര പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവിന്റെ നിരക്ക് കൂടുന്നത്. എന്നാല്‍ കേരളത്തില്‍ നഗര ജനസംഖ്യാ വളര്‍ച്ചയ്ക്ക് പ്രധാന കാരണം നഗര പ്രദേശങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും നിലവിലുള്ള പ്രധാന നഗര കേന്ദ്രീങ്ങളുടെ സമീപ പ്രദേശങ്ങളുടെ നഗരവല്‍ക്കരണവുമാണ്. കേരള സംസ്ഥാനം അധിവാസ രീതിയില്‍ തീരെ സമാനതയില്ലാത്തതാണ്. സംസ്ഥാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലും വാസസ്ഥലങ്ങളെ വേര്‍തിരിക്കുന്ന തുടര്‍ച്ചയായ സ്ഥലങ്ങളുടേയോ വയലിന്റേയോ അഭാവത്തില്‍ വാസസ്ഥലങ്ങളുടെ തുടര്‍ച്ചയായ വ്യാപനമാണുള്ളത്. അതിനാല്‍ ആവാസ രീതി തന്നെ സംസ്ഥാനത്തെ നഗരവല്‍ക്കരണത്തിന്റെ ഛായ നല്‍കുന്നുണ്ട്. കൂടാതെ പൊതുവായി സംസ്ഥാനത്തെ നഗര ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസവുമില്ല.

കേരളത്തിലെ നഗര പ്രദേശങ്ങളുടെ സ്ഥലപരമായ വിന്യാസം പ്രകടമാക്കുന്നത് തീരപ്രദേശങ്ങളിലും ഇടനാടുകളിലുമായാണ് കേരളത്തിലെ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ്. ഇടനാടുകളും ഉയര്‍ന്ന ഭൂപ്രദേശങ്ങളും നഗരവല്‍ക്കരണത്തിന്റെ ഉയര്‍ന്ന തലത്തിലാണ്. കേരളത്തിലെ ഇപ്പോഴത്തെ നഗരവല്‍ക്കരണത്തിന്റെ രീതിയനുസരിച്ച് പരിസ്ഥിതി ലോലമായ ഉയര്‍ന്ന പ്രദേശങ്ങളെ നഗരവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും ഇടനാടുകളിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി കാര്‍ഷികേതരാവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate