ഇന്ത്യയിൽ, കാർഷിക മേഖല കഴിഞ്ഞാല്‍ 43 ലക്ഷത്തിലേറെ പേര്‍ക്ക് നെയ്ത്തിലും അനുബന്ധ ജോലികളിലുമായി പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി മേഖല. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. മാത്രമല്ല, രാജ്യത്തെ കയറ്റുമതി വരുമാനത്തിലും പ്രസ്തുത മേഖലയുടെ സംഭാവന വിലപ്പെട്ടതാണ്. യഥാർത്ഥത്തിൽ കൈത്തറി തുണിത്തരങ്ങളില്‍ ലോകത്തിലെ 95 ശതമാനവും ഉല്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. നമ്മുടെ സമ്പദ് ഘടനയില്‍ കൈത്തറി മേഖലയ്ക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. അത് കൊണ്ട് തന്നെ ഈ മേഖലയുടെ ശക്തി അതിന്റെ സമാനതകളില്ലാത്ത സ്വഭാവം, ഉത്പാദനം ഏതു തരത്തിലും മാറ്റാനുള്ള കഴിവ്, നൂതന ആശയങ്ങളുടെ സ്വീകാര്യത, വിതരണക്കാരന് ആവശ്യാനുസൃതമായ ഉല്പന്നങ്ങള്‍, പാരമ്പര്യം എന്നിവയില്‍ അധിഷ്ഠിതമാണ്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ വിഹിതം കുറവായിട്ടാണ് കാണുന്നത്.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കയര്‍ മേഖല കഴിഞ്ഞാല്‍ രണ്ടാം സ്ഥനം കൈത്തറി മേഖലയ്ക്കാണ്. സംസ്ഥാനത്തെ കൈത്തറി മേഖല പ്രധാനമായും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളുടെ ചില ഭാഗങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയിലെ 96 ശതമാനം തറികളും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി 4 ശതമാനം വ്യവസായ സംരംഭകരുടെ കൈകളിലാണ്. ഫാക്ടറി മാതൃകയിലും കുടില്‍ മാതൃകയിലുമുള്ള സംഘങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സഹകരണ മേഖല. കേരളത്തിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രാഥമിക നെയ്ത്ത് സഹകരണ സംഘങ്ങള്‍, 2015 മാര്‍ച്ചില്‍ 575 ആയിരുന്നത് 2016 ഒക്ടോബറിലെ കണക്കനുസരിച്ച് 600 ആണ്. ഇതില്‍ 167 എണ്ണം ഫാക്ടറി മാതൃകയിലും 433 എണ്ണം കുടില്‍ മാതൃകയിലും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 2016 ലെ കണക്കനുസരിച്ച് ഈ 600 സംഘങ്ങളില്‍ 402 എണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഫാക്ടറി മാതൃകയിലുള്ളവയില്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമായിട്ടുള്ളത് 84 (50%) എണ്ണവും കുടില്‍ മാതൃകയില്‍ 318 (53%) എണ്ണവും ആണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020