ഇന്ത്യയിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ (സി.പി എസ് ഇ) ആകെയുള്ള യഥാര്‍ത്ഥ നിക്ഷേപം കണക്കാക്കുന്നത് ഗ്രോസ് ബ്ലോക്കുകളിലാണ്. ഇത് 2013-14 ല്‍ 17,56,530.80 കോടിയായിരുന്നത് 2014-15 ല്‍ 19,06,796.31 കോടി രൂപയായി വര്‍ദ്ധിച്ചു. 2013-14 ലെ വളര്‍ച്ചയെ അപേക്ഷിച്ച് 8.55% വര്‍ദ്ധനവുണ്ടായി. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം ‘ഗ്രോസ് ബ്ലോക്കില്‍’ 2013-14 ല്‍ 33865.88 കോടി രൂപയായിരുന്നത് 2014-15 ല്‍ 37,875.79 കോടി രൂപയായി ഉയര്‍ന്നു. അതായത് 11.69 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. എന്നാല്‍ ഇന്ത്യയിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ യഥാര്‍ത്ഥ മൊത്തം നിക്ഷേപത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച വിഹിതം 2013-14 ലെ 1.93 ശതമാനത്തില്‍ നിന്നും 2014-15 ല്‍ 1.98 ശതമാനമായി മാത്രം വര്‍ദ്ധിച്ചു. (പബ്ലിക്ക് എന്റര്‍പ്രൈസസ് സർവ്വേ 2014-15). സംസ്ഥാനടിസ്ഥാനത്തില്‍ പരിശോധിച്ചതില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് മഹാരാഷ്ട്രയിലാണ് (16.97%). തമിഴ്നാട് രണ്ടാം സ്ഥാനത്തും (6.51%), ഉത്തര്‍പ്രദേശ് (6.22%) മൂന്നാം സ്ഥാനത്തുമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020