അടിസ്ഥാന പശ്ചാത്തല സൌകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിനാവശ്യമായ അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി 1993 - ല്‍ സര്‍ക്കാര്‍ കേരള വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) സ്ഥാപിച്ചു. സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള വ്യവസായ പാര്‍ക്കുകള്‍, ടൌണ്‍ഷിപ്പുകള്‍, സോണുകള്‍ എന്നിവ സംസ്ഥാനത്ത് വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്ത് വ്യവസായ പശ്ചാത്തല വികസനം സാധ്യമാക്കുക എന്നതാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കിന്‍ഫ്രയുടെ 2014-15, 2015-16, 2016-17 വര്‍ഷങ്ങളിലെ പദ്ധതി വിഹിതവും ചെലവ് വിവരങ്ങളും പട്ടിക 3.3 ൽ കൊടുത്തിരിക്കുന്നു.
ക്രമ നം. | വര്‍ഷം | ലഭിച്ച തുക | ചെലവ് |
1 | 2014-15 | 148.79 | 17.12 |
2 | 2015-16 | 55.07 | 49.85 |
3 | 2016-17* (ഒക്ടോബര്‍ 2016 വരെ) | 101.20 | 0.00 |
കിന്‍ഫ്ര വികസിപ്പിച്ച വ്യവസായ പാര്‍ക്കുകളില്‍ സ്ഥല സൌകര്യം, വൈദ്യുതി, തുടര്‍ച്ചയായ ജല വിതരണം, വാര്‍ത്ത വിനിമയ സൌകര്യങ്ങള്‍ എന്നിവ കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബാങ്ക്, പോസ്റ്റാഫീസ്, സെക്യൂരിറ്റി എന്നി സൌകര്യങ്ങളും ലഭ്യമാണ്. കുറഞ്ഞ ചെലവിലും ചുരുങ്ങിയ സമയത്തിലും വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ നല്ല അന്തരീക്ഷവും ഈ പാര്‍ക്കുകളില്‍ ഉണ്ട്.
കിന്‍ഫ്ര 22 വ്യവസായ പാര്‍ക്കുകളിലായി 12 പ്രധാന മേഖലയില്‍ പെടുന്ന വ്യവസായങ്ങള്‍ക്ക് ലോകോത്തര പശ്ചാത്തല സൌകര്യ വികസനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ 8 എണ്ണം ചെറുകിട-ഇടത്തര മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര അപ്പാരല്‍ പാര്‍ക്ക്, എറണാകുളത്തെ കയറ്റുമതി വികസന വ്യവസായ പാര്‍ക്ക്, ഇന്‍ഫോടെയിന്‍മെന്റ് പാര്‍ക്ക്, തിരുവനന്തപുരത്തെ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, മലപ്പുറത്തെ ഭക്ഷ്യ സംസ്കരണ വ്യവസായ പാര്‍ക്ക് എന്നിവ കിന്‍ഫ്രയുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ചിലതാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ചെറിയ വ്യവസായ പാര്‍ക്കുകളും കിന്‍ഫ്ര വികസിപ്പിച്ചിട്ടുണ്ട്.
കിന്‍ഫ്ര സംസ്ഥാനത്തെ വ്യവസായ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും പാര്‍ക്കുകളില്‍ നിക്ഷേപ സൌഹൃദ അന്തരീക്ഷം സൃഷ്ടിച്ചും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രധാന സംഭാവന നല്കുന്നു. കിന്‍ഫ്രയിലെ വിവിധ വ്യവസായ പാര്‍ക്കുകളില്‍ 634 വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുകയും 1581 കോടി രൂപയുടെ നിക്ഷേപം നടത്തുകയും 35898 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാ പാര്‍ക്കുകളിലും ഏക ജാലക ക്ലിയറന്‍സ് സംവിധാനവും കിന്‍ഫ്ര ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാര്‍ക്കുകളില്‍ യാതൊരു തടസ്സവുമില്ലാതെ നിക്ഷേപകര്‍ക്ക് തങ്ങളുടെ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം വളരെയധികം സഹായിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 6/10/2020