Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യ നീതി വകുപ്പ് / ജുവനൈല്‍ ജസ്റ്റിസ്-ഐ സി പി എസ്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജുവനൈല്‍ ജസ്റ്റിസ്-ഐ സി പി എസ്

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കും നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്കും വേണ്ടിയുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി

ജുവനൈല്‍ ജസ്റ്റിസ്

എല്ലാ കുട്ടികള്‍ക്കും പരിപാലനവും വിദ്യാഭ്യാസവും വ്യായാമവും ആവശ്യമാണ്. നിയമത്തിന്റെ കീഴില്‍ വരുമ്പോഴും കുട്ടികളുടെ ഈ ആവശ്യങ്ങള്‍ അവസാനിക്കുന്നില്ല. എന്നാല്‍ ഒരു കുറ്റവാളി എന്ന് സംശയിക്കപ്പെടുന്നതോടെ മിക്ക കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിത നിലവാരം മാത്രമല്ല ജീവിതം തന്നെ വിപത്തിലേക്ക് നീങ്ങുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന ഒരു ജീനും ഒരു കുറ്റവാളിയുടെയും ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല.

തീരെ ചെറിയ, അക്രമാസക്തമല്ലാത്ത കുറ്റകൃത്യങ്ങളാണ് കുട്ടികള്‍ നടത്തുന്നത്. നല്ലൊരു ശതമാനവും മോഷണകേസ്സുകളാണ്. പലപ്പോഴും അവരുടെ ഒരേ ഒരു കുറ്റം അവര്‍ ദരിദ്രരോ ഭവനരഹിതരോ പിന്നോക്കാവസ്തയിലുള്ളവരോ ആണെന്നുള്ളതാണ്. തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ നിയമപരമല്ലാത്ത അറസ്റ്റിനും പീഢനങ്ങള്‍ക്കും ഇരയാവാനുള്ള സാധ്യത കൂടുതലാണ്. ഭിക്ഷാടനം, നിസ്സാര കുറ്റകൃത്യങ്ങള്‍ അല്ലെങ്കില്‍ നിയമവിധേയമല്ലാത്ത മറ്റ് പ്രവര്‍ത്തികള്‍ എന്നിവയിലൂടെ ഉപജീവനം നടത്തുന്നവരാണ് ഇവരില്‍ അധികവും. അതുകൊണ്ട് തന്നെ ഇവര്‍ മിക്കപ്പോഴും പോലീസിന്റെ നോട്ടപ്പുള്ളികള്‍ ആയി മാറുന്നു. എളുപ്പം പിടിക്കാവുന്നവര്‍ ആയതുകൊണ്ട് മാത്രം പലരും കസ്റ്റഡിയില്‍ വയ്ക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഭവനരാഹിത്യവും ഭിക്ഷാടനവും ക്രിമിനല്‍ കുറ്റകൃത്യങ്ങളാക്കപ്പെടുന്ന ചില നിയമങ്ങള്‍ പ്രകാരമാണ് മറ്റുള്ളവര്‍ അറസ്റ്റിലാകുന്നത്. 

ജീവിത രീതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍, പര്യാപ്തമല്ലാത്ത രക്ഷകതൃത്വം, ചേരി പോലുയുള്ള സാഹചര്യങ്ങളില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വമില്ലായ്മ എന്നിവ കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരള സംസ്ഥാനത്ത് കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്ന സംഭവങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ കാരണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിവേകപൂര്‍ണമായ സമീപനം ആവശ്യമാണ്.
18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശരിയായ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസം, ഉന്നത നിലവാരമുളള ആരോഗ്യവും, ക്ഷേമവും, പീഢനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നുമുള്ള സംരക്ഷണം എന്നീ  അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനും കേരള സര്‍ക്കാര്‍ മറ്റ് പരിപാടികളോടൊപ്പം നിരവധി തിരുത്തല്‍ സംവിധാനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. അറുനൂറിലേറെ കുട്ടികളെ പാര്‍പ്പിക്കുന്ന ജുവനൈല്‍ ഹോമുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, ബാലസദനങ്ങള്‍, പ്രത്യേക സദനങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. കൂടാതെ നിയമവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന കുട്ടകള്‍ക്ക് നീതിയും ക്ഷേമവും പ്രദാനം ചെയ്യുന്നതിനായി ഓരോ ജില്ലയിലും ശിശുക്ഷേമ കമ്മിറ്റികളും ജുവനൈല്‍ ജസ്റിസ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായിട്ടുള്ള നിര്‍ണ്ണായക വികാസം ഇത് സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള സാമൂഹിക അവബോധമാണ്. അറിവില്ലായ്മ മൂലം കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവരുടെ സാമൂഹിക പരിഷ്കരണത്തിനുള്ള സാധ്യതകള്‍ ഇതുമൂലം മെച്ചപ്പെട്ടിട്ടുണ്ട്. 

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്കും നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികള്‍ക്കും വേണ്ടിയുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി (ICPS)

''കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണം", ''കുട്ടികളുടെ മെച്ചപ്പെട്ട താല്‍പര്യങ്ങള്‍" എന്നീ ഉദാത്ത തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സംയോജിത ശിശു സംരക്ഷണ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. എല്ലാ ശിശു സംരക്ഷണ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നതിനും എല്ലാ തലങ്ങളിലും ശിശു സൌഹാര്‍ദ്ദ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായി നിയന്ത്രണ ചട്ടക്കൂട്ടുകള്‍ മെച്ചപ്പെടുത്തിയും സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയും ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രൊഫഷണല്‍ ശേഷികള്‍ വര്‍ദ്ധിപ്പിച്ചും കുട്ടികള്‍ക്കായി ഒരു സംരക്ഷണ പരിസ്ഥിതി വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


ഹോള്‍-ഇന്‍-ദി-വാള്‍ പദ്ധതി


മിനിമലി ഇന്‍സാസീവ് എഡ്യൂക്കേഷന്‍ (MIE) എന്ന ആശയം പുനരുജ്ജീവിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ലോക ബാങ്ക് ഗ്രൂപ്പിലെ ഒരംഗമായ അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പ്പറേഷനും (IFC) ആഗോള ഐ ടി, വിദ്യാഭ്യാസ കമ്പനിയായ എന്‍ ഐ ഐ ടിയും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഹോള്‍-ഇന്‍-ദി-വാള്‍ എഡ്യൂകേഷന്‍ ലിമിറ്റഡ്. പഠനം ആഹ്ളാദകരവും ഫലപ്രദവുമാക്കുന്നതിനായി ഒരു തുറസ്സായ കളിസ്ഥലത്ത് പര്യവേക്ഷണം നടത്തുന്നതിനും പഠിക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ചിലവ് കുറഞ്ഞതും അതുല്യവും സമ്മര്‍ദ്ദം ചെലുത്താതും സംയുക്തവുമായ ഒരു പഠന സമീപനമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2000ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളുടെയും പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കും അവരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മദ്ധ്യസ്ഥം വഹിക്കുന്നതിനും തീര്‍പ്പുകല്‍പ്പിക്കുന്നതിനുമായി  രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2000. ജുവനൈല്‍ ജസ്റിസ് ആക്ട് 1986ന് പകരമായാണ് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ പോലീസ് ലോക്കപ്പിലോ കഴിയുന്നില്ല എന്ന് ഉറപ്പുവരുത്തത്തക്ക രീതിയില്‍, രാജ്യത്താകമാനം നീതിയുടെ ഒരു ഏകീകൃത നിയമസംവിധാനം ഇത് പ്രദാനം ചെയ്യുന്നു. 

18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നു. നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈല്‍ ജസ്റിസ് ബോര്‍ഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. കുട്ടികളെ വീണ്ടെടുക്കുന്നതിനും പുനര്‍വിദ്യഭ്യാസം നല്‍കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വൈവിദ്ധ്യമാര്‍ന്ന സമീപനം നടപ്പാക്കുന്നതിന് സഹായിക്ക തക്ക രീതിയില്‍ നിയമ സംവിധാനങ്ങളും സന്നദ്ധസംഘടനകളും തമ്മിലുള്ള യുക്തമായ ബന്ധം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിയമം പരാമര്‍ശിക്കുന്നുണ്ട്. കുടുംബ/സമൂഹാടിസ്ഥാനത്തിലുള്ള പുനരധിവാസം ഉറപ്പാക്കാന്‍ മുന്‍തൂക്കം നല്‍കുന്ന തരത്തില്‍ വൈവിദ്ധമാര്‍ന്ന നിരവധി തീര്‍പ്പാക്കല്‍ സാധ്യതകള്‍ നിയമം അധികാരികള്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നുണ്ട്. 

1992-ല്‍ ഇന്ത്യാ സര്‍ക്കാര്‍ ഒപ്പുവച്ച കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പോലെയുള്ള  അന്താരാഷ്ട്ര തത്വങ്ങളുമായി യോജിച്ചുപോകുന്ന പുരോഗമനപരമായ ഒരു നിയമനിര്‍മാണമായി പൊതുവില്‍ ഇത് വിലയിരുത്തപ്പെടുന്നു. കണ്‍വെന്‍ഷനില്‍ ഒപ്പു വച്ചതോടെ കുട്ടികളുടെ മികച്ച താല്‍പര്യങ്ങള്‍, വിവേചനരാഹിത്യം, അവരുടെ പ്രതികരണങ്ങളോടുള്ള ശ്രദ്ധ തുടങ്ങിയ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച എല്ലാ പ്രധാന തത്വങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ എല്ലാ സംസ്ഥാന നിയമങ്ങളും നയങ്ങളും പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്തമാണ്. കൂടാതെ, ജുവനൈല്‍ ജസ്റ്റിസ് സംവിധാനത്തിന്റെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍വെന്‍ഷന്റെ 40-ാം അനുഛേദം ഇങ്ങനെ പറയുന്നു-
''നിയമ ലംഘനം നടത്തിയതായി തെളിയുകയോ അല്ലെങ്കില്‍ അങ്ങനെ ആരോപിക്കപ്പെടുകയോ ചെയ്യുന്ന കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ അഭിമാനബോധത്തെയും യോഗ്യതയെയും പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള സമീപനമാണ് അവരോട് സ്വകരിക്കേണ്ടത് എന്ന് അധികാരികള്‍ തിരിച്ചറിയണം. ഇത് വഴി മനുഷ്യാവകാശങ്ങളെയും മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്യങ്ങളെയും കുറിച്ച് കുട്ടികള്‍ക്കുള്ള ബഹുമാനം പുനസ്ഥാപിക്കപ്പെടും എന്നുമാത്രമല്ല നിയമസംവിധാനത്തിന്റെ സമീപനം കുട്ടികളുടെ പ്രായം കണക്കിലെടുത്തുള്ളതും അവരുടെ പുനരുദ്ഗതിയെ പ്രോത്സാഹിപ്പിക്കുന്നതുമായിരിക്കണം. കുട്ടികള്‍ക്ക് സമൂഹത്തില്‍ നിര്‍മ്മാണപരമായ ഒരു പങ്ക് നിര്‍വഹിക്കാനുണ്ട് എന്ന ബോധം നിയമപാലകര്‍ക്ക് ഉണ്ടായിരിക്കണം."

നിയമത്തിന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കപ്പെടുമ്പോള്‍ തന്നെ, നിലവിലുള്ള സംവിധാനത്തില്‍ നിരവധി വീഴ്ചകളുണ്ടെന്ന്് വ്യപകമായ അഭിപ്രായം നിലനില്‍ക്കുന്നു.

ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം-2000

ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) അമന്‍ഡ്മെന്റ് ആക്ട്-2006

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്:

ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്ട് 2000-ത്തിന്റെ 4-ാം അനുഛേദപ്രകാരം എല്ലാ ജില്ലകളിലും പ്രിന്‍സിപ്പല്‍ മജിസ്ട്രേട്ട് (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്) അധ്യക്ഷനായും രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ അംഗങ്ങളായും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകശിശുക്ഷേമ കമ്മിറ്റി:

ആക്ട് പ്രകാരം ശ്രദ്ധയും ശുശ്രൂഷയും ആവശ്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും കടമകള്‍ നിര്‍വഹിക്കുന്നതിനുമായി ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും ശിശ്രൂഷയും) ആക്ട്, 2000-ത്തിലെ 29-ാം അനുഛേദപ്രകാരം രൂപം നല്‍കിയിരിക്കുന്നു. അദ്ധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മിറ്റി. സാമൂഹിക പ്രവര്‍ത്തകരായ പൌരന്മാരെ മൂന്നു വര്‍ഷ കാലാവധിയില്‍ സര്‍ക്കാര്‍ നിയമിക്കുന്നു.

ശിശുക്ഷേമ കമ്മിറ്റി:

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക - Part I,
Part II

തിരഞ്ഞെടുപ്പ് കമ്മിറ്റി:

ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്ട്, 2000വും ജുവനൈല്‍ ജസ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2007ഉും പ്രകാരം ഇത്തരം കമ്മിറ്റികളില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും കടമകള്‍ നിര്‍വഹിക്കുന്നതിനുമായി കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി തലവനായുള്ള കമ്മിറ്റി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെയും ശിശുക്ഷേമ കമ്മിറ്റികളിലെയും സാമൂഹിക പ്രവര്‍ത്തകരായ അംഗങ്ങളെ ഈ കമ്മിറ്റി തിരഞ്ഞെടുക്കും. 

തിരഞ്ഞെടുപ്പ് കമ്മിറ്റി:

അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജുവനൈല്‍ പോലീസ് യൂണിറ്റ്


ക്രൈം ഡിറ്റാച്ച്മെന്റ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ജില്ലാ തല ജുവനൈല്‍ പോലീസ് യൂണിറ്റുകള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്.

ജുവനൈല്‍ പ്രൊബേഷന്‍ സേവനം


ജുവനൈല്‍ കേസുകള്‍ പരിഹരിക്കുന്നതിനായി തിരുവന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ സ്പെഷ്യല്‍ പ്രൊബേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ട് പ്രകാരം നിയമിതരായിട്ടുള്ള പ്രൊബേഷന്‍ ഓഫീസര്‍മാരാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ 38 ഗ്രേഡ് 1 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരും 21 ഗ്രേഡ് 2 ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരുമുണ്ട്.


പരിപാടി വികസന-അവലോകന സമിതി-പ്രധാന പ്രവര്‍ത്തനങ്ങള്‍

ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ നടത്തിപ്പും അവലോകനവും, യുനിസെഫ് സഹായമുള്ള പരിപാടികള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും അവലോകനം നടത്തുകയും ചെയ്യുക, സെമിനാറുകള്‍ വര്‍ക്ക്ഷോപ്പുകള്‍/ പ്രാഥമിക ശിക്ഷണ പരിശീലനങ്ങള്‍ തുടങ്ങിയവയുടെ സംഘാടനം, ദാരിദ്യ്രം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ശിശു വികസന സംയോജിത പരിപാടിയുടെ വിവിധ വിഭാഗങ്ങള്‍ക്കായി നയവികസനവും പരിപാടി രൂപീകരണവും, ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുക, കുട്ടികളുടെ അവകാശ കണ്‍വെന്‍ഷന്‍ നടപ്പാക്കല്‍, ചൈല്‍ഡ് ലൈന്‍ സേവനങ്ങള്‍ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കല്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി 1998-ലാണ് പരിപാടി വികസന-അവലോകന സമിതിക്ക് രൂപം നല്‍കിയത്. 

ലക്ഷ്യങ്ങള്‍:
1. തെരുവ് കുട്ടികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുക
2. പ്രദേശികതല പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കുക
3. ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുക
4. 9 ജില്ലകളില്‍ ചൈല്‍ഡ് ലൈന്‍ സ്ഥാപിക്കുക

കേന്ദ്ര സര്‍ക്കാര്‍ 1-04-2003 ല്‍ പുതിയ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്ട്, 2000 പ്രസിദ്ധീകരിക്കുകയും അതിന്റെ സംസ്ഥാന നിയമങ്ങള്‍ 4-8-2003ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 

സമിതിയുടെ പ്രധാന ചുമതലകല്‍ താഴെ പറയുന്നു: 
1. ജുവനൈല്‍ ജസ്റ്റിസ് ആക്ട് നടപ്പാക്കലും അവലോകനവും
2. ദേശീയ-സംസ്ഥാന തല പരിപാടികളുടെ നടത്തിപ്പും അവലോകനവും
3. യുനിസഫ് സഹായ പരിപാടികള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും അവലോകനം നടത്തുകയും ചെയ്യുക
4. എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും-പ്രത്യേകിച്ച് വിഷമകരമായ സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികളും കുടുംബങ്ങളുടെ പിന്തുണയില്ലാത്ത കുട്ടികളും-വേണ്ടി നയങ്ങള്‍ വികസിപ്പിക്കുകയും പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യുക.
5. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികളും സേവനങ്ങളും ഫലപ്രദമായി നടപ്പിലാക്കാനും രൂപവല്‍ക്കരിക്കാനും സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്ന തരത്തിലുള്ള പരിപാടികളുടെ വികസനവും പിന്തുണയും.
6. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനെയും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍വെന്‍ഷനെയും കുറിച്ച് അവബോധം സൃഷ്ടിക്കുക.
7. കണ്‍സള്‍ട്ടേഷനുകള്‍/ സെമിനാറുകള്‍ /വര്‍ക്കഷോപ്പുകള്‍/ പരിശീലനം എന്നിവ സംഘടിപ്പിക്കുക.
8. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാരിതര സംഘടനകളും നടപ്പിലാക്കുന്ന പരിപാടികളെ കുറിച്ച് അവലോകനം നടത്തുക.
9. ജഡ്ജിമാര്‍, പോലീസ്, ജുവനൈല്‍ ബോര്‍ഡിന്റെ അദ്ധ്യക്ഷനും അംഗങ്ങളും, ശിശുക്ഷേമ കമ്മിറ്റി, പ്രൊബേഷന്‍ ഓഫീസര്‍മാരുടെ ജീവനക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയ പദ്ധതി നടത്തിപ്പുകാര്‍ക്ക് പരിശീലനം നല്‍കുക. 
10. തെരുവ് കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടി നടപ്പിലാക്കുക.
11. അക്രമങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്കും സംരക്ഷണം നല്‍കുക.
12. എച്ച് ഐ വി ബാധിതരും എച്ച് ഐ വി രോഗികളുമായ കുട്ടികള്‍ക്ക് ശ്രദ്ധയും സംരക്ഷണവും നല്‍കുക.
13. ബാലഭിക്ഷാടനം തടയുക.
14. ചൈല്‍ഡ് ലൈന്‍ പരിപാടികള്‍ നടപ്പിലാക്കുക.
15. ബാലവേല ചെയ്യുന്ന കുട്ടികളെ പുനരധിവസിപ്പിക്കുക.

3.06060606061
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top