ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. മനുഷ്യന്റെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നത്. ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും ഇന്നും കോടിക്കണക്കിനാളുകളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധാനന്തരമാണ് മനുഷ്യാവകാശങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ഗൌരവമായി ചര്‍ച്ച ചെയ്തു തുടങ്ങിയത്. നാസിസത്തിന്റെയും ഫാസിസത്തിന്റെയും കാലത്ത് ഭരണകൂടം പൌരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ 1946 യുഎന്‍ ഒരു കമ്മീഷന് രൂപം നല്‍കി. കമ്മീഷന്‍ അന്താരഷ്ട്ര തലത്തില്‍ ബാധകമായ ഒരു അവകാശ പത്രികയും തയ്യാറാക്കി.തുടര്‍ന്ന് 1948 ഡിസം 10നാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്.മത-ഭാഷാ-ലിംഗ- വര്‍ണ-രാഷ്ട്രീയ - ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും ബാധകമായ അവകാശങ്ങളായിരുന്നു അതിന്റെ കാതല്‍. യു.എന്‍ അംഗരാജ്യങ്ങള്‍ക്ക് ഈ മനുഷ്യാവകാശ രേഖയെ അംഗീകരിച്ചു.
എന്നാല്‍ യു.എന്‍ വിളംബരത്തിന് 70 വയസ്സ് തികയുന്ന 2018ലും കോടിക്കണക്കിനാളുകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നരക തുല്യ ജീവിതം നയിക്കുന്നത്. സ്വന്തം രാജ്യത്ത് നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടി വരുന്ന റോഹിങ്ക്യകള്‍, അഫ്ഗാനിസ്താനില്‍ താലിബാനും അധിനിവേശ സൈന്യത്തിനുമിടയില്‍ കൊന്നൊടുക്കപ്പെടുന്ന അഫ്ഗാന്‍ പൌരന്മാര്‍, സിറിയയില്‍ ഭരണകൂടത്തിന്റെയും തീവ്രവാദഗ്രൂപ്പുകളുടെയും ആക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന ലക്ഷക്കണക്കിന് പേര്‍, ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയ്ഗൂര്‍ വംശത്തില്‍ പിറന്നതിന്റെ പേരില്‍ ഭരണകൂടത്തിന്റെ തടവറകളില്‍ പീഡനത്തിനിരയാവുന്നവര്‍. അങ്ങനെ നീളുന്നു ആ നിര. എങ്കിലും മനുഷ്യാവകാശത്തെ കുറിച്ച അവബോധം ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നത് പ്രതീക്ഷയുണര്‍ത്തുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020