പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന.

അഞ്ചുവര്‍ഷം കൊണ്ട് അസംഘടിതമേഖലയിലെ 10 കോടി പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. തൊഴിലാളികള്‍ക്ക് 60 വയസ്സാകുമ്പോഴാണ് പെന്‍ഷന്‍ ലഭിച്ചുതുടങ്ങുക.

പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉളളവരെയാണ് പദ്ധതിയില്‍ ചേര്‍ത്തുക. 18നും 40നും ഇടയില്‍ പ്രായമുള്ളവരുമാകണം.

ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെന്‍ഷന്‍ പദ്ധതികളായ എന്‍പിഎസ്, ഇസ്‌ഐ, ഇപിഎഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുത്.

പ്രത്യേകതകള്‍

പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസ്സാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. വരിക്കാരന്‍ മരിക്കുമ്പോള്‍ ഭാര്യക്ക് പദ്ധതിയില്‍ തുടരാം.

അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ ചേരേണ്ടത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട്(ജന്‍ധന്‍ അക്കൗണ്ടായാലും മതി), ആധാര്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്. രാജ്യത്തൊട്ടാകെ 3.13 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളുണ്ട്.

കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ രീതിയിലാണ് പ്രവര്‍ത്തനം. 50 ശതമാനം വിഹിതം സര്‍ക്കാര്‍ നല്‍കും.

പദ്ധതിയില്‍നിന്ന് ഇടയ്ക്കുവെച്ച് പിന്മാറാന്‍ അവസരമുണ്ട്. പദ്ധതിയില്‍ ചേര്‍ന്ന് പത്തുവര്‍ഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കില്‍ അയാള്‍ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്ബി അക്കൗണ്ട് പലിശയും ലഭിക്കും.

പത്തുവര്‍ഷം കഴിഞ്ഞോ 60 വയസ്സിന് മുമ്പോ പിന്‍വാങ്ങുകയാണെങ്കില്‍ അയാള്‍ അടച്ച തുകയും പലിശയും ലഭിക്കും.

18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സര്‍ക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വര്‍ധനവുണ്ടാകും.