സംസ്ഥാനത്തെ ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളികള്‍ക്കും ഈറ്റ, കാട്ടുവളളി, തഴ വ്യവസായങ്ങളില്‍ സ്വന്തമായി തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കും ആശ്വാസം നല്‍കുന്നതിനും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്കുന്നതിനും വേണ്ടി 1999 ല്‍ ഒരു ക്ഷേമ നിധി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. അഞ്ച് തൊഴിലാളി പ്രതിനിധികള്‍, അഞ്ച് തൊഴിലുടമ പ്രതിനിധികള്‍, അഞ്ച് ഗവണ്‍മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഈ ക്ഷേമനിധി ബോര്‍ഡ്.
നിധിയിലേയ്ക്കുളള അംശാദായം
ഓരോ, ഈറ്റ/കാട്ടുവളളി/തഴ തൊഴിലാളിയും പ്രതിമാസം 7 രൂപ വീതം നിധിയിലേയ്ക്ക് അംശാദായം നല്‍കേണ്ടതാണ്. ഈറ്റ ഉല്പന്നങ്ങളുടെയും കാട്ടുവളളി ഉല്പന്നങ്ങളുടെയും അല്ലെങ്കില്‍ തഴ ഉല്പന്നങ്ങളുടെയും ഓരോ തൊഴിലുടമയും ഓരോ ഉല്പാദകനും ബന്ധപ്പെട്ട ഓരോ ഈറ്റ അഥവാ കാട്ടുവളളി അഥവാ തഴ തൊഴിലാളിക്കും വേണ്ടി ഓരോ മാസവും 7 രൂപ നിധിയിലേയ്ക്ക് അംശാദായമായി നല്‍കേണ്ടതാണ്. സ്വന്തമായി തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ഓരോ ആളും ഓരോ മാസവും 7 രൂപ വീതം നിധിയിലേയ്ക്ക് അംശാദായമായി അടയ്‌ക്കേണ്ടതാണ്. ഈറ്റ തൊഴിലാളികളും കാട്ടുവളളി തൊഴിലാളികളും തഴ തൊഴിലാളികളും സ്വന്തമായി തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ആളുകളും നല്‍കിയ അംശാദായത്തിന് തുല്യമായ ഒരു തുക ഗ്രാന്റായി ഓരോ വര്‍ഷവും സര്‍ക്കാര്‍ നിധിയിലേയ്ക്ക് നല്‍കേണ്ടതാണ്. ഓരോ വ്യാപാരിയും അവരുടെ ഒരു വര്‍ഷത്തെ വിറ്റുവരവിന്റെ ഒരു ശതമാനത്തിന് തുല്യമായ തുക നിധിയിലേയ്ക്ക് നല്‍കേണ്ടതാണ്. വ്യാവസായികാവശ്യങ്ങള്‍ക്കായി ഈറ്റ, ഈറ്റപ്പൊളി, ചൂരല്‍, മുള, കാട്ടുവളളി, തഴയില എന്നിവ അസംസ്‌കൃത വസ്തുക്കളായി സര്‍ക്കാരില്‍ നിന്നും സ്വീകരിക്കുന്ന ഓരോ ആളും അങ്ങിനെയുളള അസംസ്‌കൃത വസ്തുക്കളുടെ മൊത്തം വിലയുടെ രണ്ട് ശതമാനത്തിന് തുല്യമായ തുക നിധിയിലേയ്ക്കടയ്‌ക്കേണ്ടതാണ്.
ക്ഷേമപ്രവര്‍ത്തനങ്ങള്‍
പെന്‍ഷന്‍
ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി 60 വയസ്സ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. ഈ പദ്ധതിയില്‍ അംഗങ്ങളല്ലാത്ത 3 വര്‍ഷത്തില്‍ കുറയാതെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന 2000 ആണ്ടില്‍ 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികളെക്കൂടി പദ്ധതിയേതര പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പെന്‍ഷന്‍ നല്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്കി.
2006 ഏപ്രില്‍ മുതല്‍ 120/ രൂപയായിരുന്നത് 2011 ഏപ്രില്‍ മുതല്‍ പ്രതിമാസം 400/ രൂപ പ്രകാരം പെന്‍ഷന്‍ നല്‍കി വരുന്നു.
വിവാഹ ധന സഹായം
ക്ഷേമനിധിയിലെ അംഗത്തിനോ, അംഗത്തിന്റെ ഒരു മകളുടെ വിവാഹത്തിന് 2000/, 2500/, 3000/ എന്നിങ്ങനെ വിവാഹതീയതിയില്‍ അംഗത്തിനുളള സീനിയോരിറ്റി ആസ്പദമാക്കി വിവാഹ ധന സഹായം നല്‍കി വരുന്നു.
പ്രസവ ധന സഹായം
ഈ ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നിട്ടുളള തൊഴിലാളിക്ക് 2 പ്രാവശ്യം വരെ പ്രസവ ധന സഹായമായി 1000/ രൂപ വീതം നല്‍കി വരുന്നു.
വിദ്യാഭ്യാസ ധന സഹായം
ഈ ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി. ക്ക് 65% കുറയാത്ത ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുളള 20 കുട്ടികള്‍ക്ക് 1000 രൂപ വീതം സ്‌ക്കോളര്‍ഷിപ്പ് നല്‍കി വരുന്നു.
സ്ഥായിയായ അവശതയ്ക്കുളള ചികിത്‌സാ സഹായം
ക്ഷേമനിധിയില്‍ ഒരു വര്‍ഷമെങ്കിലും അംഗത്വമുളള അംഗത്തിന് സ്ഥായിയായ അവശത മൂലം തുടര്‍ന്ന് ജോലി ചെയ്യുവാന്‍ സാധിയ്ക്കാതെ വരുകയും ചെയ്താല്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരം 10,000/ രൂപ വരെ ചികിത്‌സാ സഹായമായി നല്‍കുന്നു. കൂടാതെ ഇങ്ങിനെയുളള അംഗത്തിന് തുടര്‍ന്ന് ജോലി ചെയ്യുവാന്‍ സാധിക്കുകയില്ല എന്നുളള അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ബോര്‍ഡ് തീരുമാന പ്രകാരം പെന്‍ഷനും നല്‍കി വരുന്നു.
അപകടമരണത്തിനുളള ധന സഹായം
ഈ മേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട് വരുന്ന അപകടമരണങ്ങള്‍ക്ക് വേണ്ട വിധത്തിലുളള അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി അവകാശിക്ക് ബോര്‍ഡ് അംഗീകാരത്തോടെ ഒരു നിശ്ചിത തുക ധന സഹായമായി നല്‍കുന്നു.
മരണാനന്തര ചിലവുകളിലേയ്ക്കുളള ധന സഹായം
ക്ഷേമനിധിയിലെ അംഗങ്ങളുടെ മരണാനന്തര ചിലവുകളിലേയ്ക്ക് ധനസഹായമായി 1000/ രൂപ വീതം നല്‍കി വരുന്നു.
വിരമിക്കുന്നതിന് മുന്‍പ് മരണപ്പെടുന്നവര്‍ക്കുളള ധന സഹായം
ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ചേര്‍ന്ന് വിരമിക്കുന്നതിന് മുന്‍പ് മരണമടയുകയോ, ഗുരുതര അസുഖം മൂലം തുടര്‍ന്ന് അംശാദായം അടയ്ക്കുവാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന തൊഴിലാളിക്ക് അവര്‍ അടച്ച അംശാദായം അടച്ചിട്ടുളളതും അതിനു തുല്യമായ തുകയും ചേര്‍ത്ത് തിരികെ നല്‍കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020