നബാർഡ്
നബാർഡ് (കാർഷിക ഗ്രാമവികസന ബാങ്ക്) 1982-ൽ ആണ് സ്ഥാപിച്ചത്. ഗ്രാമീണ വായ്പകൾ അനുവദിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ബാങ്കാണ് നബാർഡ്. ഗ്രാമീണ സഹകരണ വായ്പാ മേഖലയെയും ഗവൺമെന്റ് വികസിപ്പിച്ചിട്ടുണ്ട്.
ലക്ഷ്യങ്ങൾ
ചെറുകിട വ്യാപരങ്ങൾക്കും കുടിൽ വ്യാപാരങ്ങൾക്കും കൃഷിക്കും ധനസഹായം നല്കുക, നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക, ഗ്രാമീണ തൊഴിൽ സംരംഭകാർക്ക് വികസനപദ്ധതികളിൽ പരിശീലനം നൽകുക എന്നിവയാണ് നബാർഡിന്റെ ലക്ഷ്യങ്ങൾ.
ബഹുമുഖ ഗ്രാമീണ വായ്പാ സംവിധാനങ്ങളിലെ സ്ഥാപനങ്ങൾ നിരവധിയുണ്ട്. നബാർഡ് ( നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് ) , വാണിജ്യ ബാങ്കുകൾ , ഗ്രാമീണ മേഖലാ ബാങ്കുകൾ, സഹകരണ വായ്പാ സ്ഥാപനങ്ങൾ, ഭൂവികസന ബാങ്കുകൾ ,സ്വയം സഹായസംഘങ്ങൾ തുടങ്ങിയവയെല്ലാമാണ് പ്രധാന സ്ഥാപനങ്ങൾ. പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഗ്രാമീണ കാർഷിക,ചെറുകിട വ്യവസായ മേഖലകളിലേക്ക് കൂടുതൽ മൂലധന നിക്ഷേപം കൊണ്ടുവന്ന് ഗ്രാമീണ പ്രദേശങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു നബാർഡിന്റെ സ്ഥാപന ലക്ഷ്യം. ഭാരതീയ റിസർവ് മുംബൈ ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്.1982 -ൽ ഒരു പുനര്‍വായ്പാ സ്ഥാപനമായി നിലവിൽ വന്ന നബാർഡ് ഇന്ന് ഇന്ത്യയിലെ പരമോന്നത സാമ്പത്തിക വികസന സ്ഥാപനമായി വളർന്നു കഴിഞ്ഞു.
പ്രവർത്തനങ്ങൾ
ജില്ലാതലത്തിൽ മുൻഗണനാ മേഖലയിലെ വായ്പാ സാധ്യതകൾ ആസൂത്രണം ചെയ്ത് ബാങ്കുകൾ വഴി നടപ്പിലാക്കുകയും അവ കൃത്യമായി അവലോകനം ചെയ്യുകയും ചെയ്യുക, ബാങ്കുകൾ കാർഷിക-കാർഷികേതര മേഖലകളിൽ നൽകുന്ന വായ്പകൾ പുനർ വായ്പ ലഭ്യമാക്കുക, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വായ്പ ലഭ്യമാക്കുക, സഹകരണ-ഗ്രാമീണ ബാങ്കുകളുടെ സമഗ്രമായ വികസനത്തിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും മറ്റ് സാങ്കേതിക സഹായങ്ങളും നൽകുക, സഹകരണ-ഗ്രാമീണ ബാങ്കുകളുടെ നിയമപ്രകാരമുള്ള പരിശോധന നടത്തുക, ഗ്രാമീണ ജനതയുടെ ഉന്നമനം ലക്ഷ്യമാക്കി നൂതനമായ ആശയങ്ങൾ വിഭാവനം ചെയ്ത് പ്രാവർത്തികമാക്കുക എന്നിവയാണ് നബാസിന്റെ പ്രവർത്തനങ്ങൾ.
ഗ്രാമീണ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ഇന്ന് നബാർഡ് നേരിട്ടും അല്ലാതെയും സ്പർശിക്കുന്നത്.
ജിൻസ്. റ്റി.ജെ