ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് യു.എൻ എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസംഘടന.
ഐക്യരാഷ്ട്ര സഭ പ്രാബല്യത്തിൽ വന്നത് 1945 ഒക്ടോബർ 24 നാണ്. ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യരാഷ്ട്ര സഭാ ദിനം ആയി ആചരിക്കപ്പെടുന്നു.
1945-ലാണ് യുണൈറ്റഡ് നേഷൻസ് (യു.എൻ ) സ്ഥാപിക്കപ്പെട്ടതെങ്കിലും അതിന്റ യഥാർത്ഥ ഉത്ഭവം ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിലാണ്. ഐക്യരാഷ്ട്ര സംഘടനയെ ലീഗ് ഓഫ് നേഷൻസിന്റെ പിൻഗാമി എന്നു വിളിക്കാറുണ്ട്. കാരണം, ലീഗ് ഓഫ് നേഷൻസിൽ നിന്നാണ് അതു പരിണമിച്ചത്.1920-ലാണ് ലീഗ് ഓഫ് നേഷൻസ് ഔദ്യോഗികമായി നിലവിൽ വന്നത്. പ്രാരംഭത്തിൽ ചില വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെങ്കിലും ലീഗ് ഓഫ് നേഷൻസ് ഒരു പരാജയമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തെ തടയാൻ അതിനു കഴിഞ്ഞില്ല. അതു കൊണ്ട് ഐക്യരാഷ്ട്ര സംഘടന രൂപികരിക്കുന്നതിനുള്ള ശ്രമങ്ങൾ യുദ്ധകാലത്തുതന്നെ ആരംഭിച്ചിരുന്നു.
അറ്റ്ലാന്റിക് പ്രമാണം , വാഷിങ്ടൺ സമ്മേളനം, മോസ്കോ സമ്മേളനം, സംപാർടൺ ഓക്സ് സമ്മേളനം, യാൾട്ട സമ്മേളനം എന്നിവയായിരുന്നു യു.എന്നിന്റെ രൂപീകണത്തിലേക്ക് നയിച്ച പ്രധാന ചുവടുവെപ്പുകൾ. അന്തർദ്ദേശീയ പോരാട്ടങ്ങൾ തടയുകയും രാജ്യങ്ങൾക്കിടയിൽ സഹകരണം വളർത്തിയെടുക്കുകയായിരുന്നു യു.എന്നിന്റെ ലക്ഷ്യം. പൊതുസഭ, സുരക്ഷാസമിതി,സാമ്പത്തിക-സാമൂഹിക സമിതി, അന്താരാഷ്ട്ര നീതിന്യായ കോടതി, ട്രസ്റ്റീഷിപ്പ് കൗൺസിൽ, സെക്രട്ടറിയേറ്റ് എന്നിവയായിരുന്നു യു.എന്നിന്റെ പ്രധാന ഘടകങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ ഘടകം പൊതുസഭയാണ്. യു.എന്നിലെ എല്ലാ അംഗങ്ങളും പൊതുസഭയിലേയും അംഗങ്ങളാണ്. എല്ലാ അംഗങ്ങൾക്കും ഓരോ വോട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാര്യനിർവ്വഹണ വിഭാഗമാണ് സുരക്ഷാസമിതി.
സാമ്പത്തിക-സാമൂഹിക സമിതി ഐക്യരാഷ്ട്രസംഘടനയുടെ എല്ലാ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്ന ഘടകമാണ് ഒന്നാണ്. സ്വയംഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണത്തിനും മേൽനോട്ടത്തിനുമായി രൂപീക്കിക്കപ്പെട്ട സമിതിയാണ് ട്രസ്റ്റീഷിപ്പ് കൗൺസിൽ. ഐക്യരാഷ്ട്രസഭയുടെ നീതിന്യായഘടകമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി അഥവാ ലോക കോടതി. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂയോർക്ക് , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ജിൻസ് തോട്ടുംകര