അംഗപരിമിതർക്കുള്ള സേവനം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നതുപോലെ ഭിന്നശേഷിക്കാരെ ഇനിയും വെറുതെയുള്ള ഒരു ക്ഷേമ പ്രിസത്തിൽക്കൂടി നോക്കിക്കാണാതെ ഈ പരിപാടികളെ അവകാശാടിസ്ഥാനത്തിലും വികസനോന്മുഖമായും തിരിച്ചറിയേണ്ടതുണ്ട്. നിഷ്ക്രിയരായ ഗുണഭോക്താക്കൾ എന്നതിലുപരി വികസനരംഗത്ത് തുല്യപങ്ക് വഹിക്കുന്നവരും വേണ്ട സംഭാവന ചെയ്യുന്നവരുമായി അംഗപരിമിതരെ പരിഗണിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന പരിഗണനയിലുള്ള അംഗപരിമിതരുടെ അവകാശാടിസ്ഥാനത്തിലുള്ള സമഗ്രമായ ജീവിതചക്രസമീപനത്തിന് പതിമൂന്നാം പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രതിരോധനടപടികൾ, പ്രാരംഭ നിർണ്ണയം, സി.ഇ.ഐ.സി മുഖേനയും മറ്റും ആരോഗ്യ, സാമൂഹ്യ സ്ഥാപനങ്ങൾ മുഖേനയും പ്രാരംഭ ഇടപെടൽ, സ്പെഷ്യൽ അംഗൻവാടികൾ മുഖേനയുള്ള വിദ്യാഭ്യാസ പിന്തുണ, ബഡ്സ് സ്കൂളുകൾ, മാതൃകാശിശുപുനരധിവാസ കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസം, വൊക്കേഷണൽ പരിശീലനം, ഷെൽറ്റേഡ് ശില്പശാലകൾ, സാമൂഹ്യാധിഷ്ഠിത പുനരധിവാസം, അസിസ്റ്റഡ് ലീവിംഗ് പ്രോജക്ടുകൾ എന്നിവ ഇതിലുൾപ്പെടുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശനം നല്കുന്നതിനോടൊപ്പം തന്നെ അവർക്കനുയോജ്യമായ യാന്ത്രിക ഘടനകൂടി തയ്യാറാക്കേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് അദ്ധ്യാപകർക്ക് അവബോധം നൽകേണ്ടതുമാണ്. ആശുപത്രികളിൽ നിലവിൽ നഴ്സിംഗ് പരിശീലനം നൽകുന്നതുപോലെ സ്പെഷ്യൽ എഡ്യൂക്കേഷൻ പരിശീലന പരിപാടി കൂടുതൽ പ്രയോഗികമാക്കേണ്ടതാണ്. നിലവിലുള്ള സിദ്ധാന്തപരമായ സമ്പ്രദായം മാറേണ്ടതുണ്ട്. പെരുമാറ്റ വൈകല്യമുള്ളവർ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. വ്യക്തി സംരക്ഷണ പദ്ധതി രൂപീകരണവും തുടർനടപടികളും മറ്റൊരു വലിയ സംരംഭമാണ്. ഇതിന് സേവനങ്ങളുടെയും, വിഭവങ്ങളുടെയും, സ്ഥാപനങ്ങളുടെയും ഒരു സംയോജനം ആവശ്യമാണ്.
കേരളത്തിൽ കേരള സാമൂഹ്യ സുരക്ഷാമിഷന്റെ നേതൃത്വത്തിൽ 2015 -ൽ ഒരു അംഗപരിമിത സർവേ നടത്തുകയുണ്ടായി. 22 തരത്തിലുള്ള വൈകല്യം അടിസ്ഥാനമാക്കി നടത്തിയ ഈ സർവേ ഇന്ത്യയിലെ തന്നെ ആദ്യത്തേയാണ്. ഇതനുസരിച്ച് കേരളത്തിൽ 7.94 ലക്ഷം പേർ അംഗപരിമിതരാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയിൽ 2.32 ശതമാനം വരും. അംഗപരിമിതരിൽ സ്ത്രീകൾ 44.57 ശതമാനവും, പട്ടികജാതി വിഭാഗത്തിലുള്ളവർ 10.93 ശതമാനവും, പട്ടികവർഗ്ഗക്കാർ 2.15 ശതമാനവുമാണ്. ഏറ്റവും കൂടുതൽ അംഗപരിമിതർ മലപ്പുറം ജില്ലയിലും (12.5 ശതമാനം) തുടർന്ന് തിരുവനന്തപുരം (9.72 ശതമാനം) ജില്ലയിലും ഏറ്റവും കുറവ് വയനാട് (2.91 ശതമാനം) ജില്ലയിലുമാണ്. വൈകല്യത്തിന്റെ ലക്ഷണം നോക്കിയാൽ ചലനവൈകല്യം ഏറ്റവും മുന്നിലും (32.89 ശതമാനം) ബഹുഗുണവൈകല്യം (17.31 ശതമാനം) രണ്ടാമതുമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020