অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീധന നിരോധന നിയമം

1961ലാണ്  സ്ത്രീധന നിരോധന നിയമം   നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തിന്‍റെപേരില്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ , വിവാഹമോചനത്തിന് കേസ് രജിസ്ട്രര്‍ ചെയ്യുന്ന അവസരത്തില്‍ 'സ്ത്രീധനം ചോദിച്ചു' എന്നോ 'വാങ്ങി' എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ  വീട്ടുകാര്‍ക്കോഎതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്‌! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട ഒന്നാണ് .

ഒരുപക്ഷെ വാങ്ങുന്നവനും കൊടുക്കുന്നവനും   കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്! പക്ഷെ  ആലോചിച്ച് ഉറപ്പിച്ച വിവാഹം നടക്കാതെ പോകും എന്ന ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീധനം നല്‍കുന്നത് കുറ്റമല്ല എന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.  'പൂജ സക്സേന' എന്ന യുവതിക്കും  വീട്ടുകാര്‍ക്കും എതിരെ ഭര്‍തൃവീട്ടുകാര്‍  സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ വിധി പറഞ്ഞത്. ഇത്തരം കേസുകളില്‍ സ്ത്രീധനം കൊടുക്കുന്നവര്‍ കുറ്റവാളികള്‍ ആവുന്നില്ല, പകരം വാങ്ങുന്നവര്‍ക്ക് മാത്രമേ ശിക്ഷ ലഭിക്കൂ... അതുകൊണ്ട് തന്നെ അത്തരം  ഭയം നിമിത്തം  കേസ് കൊടുക്കാതിരിക്കേണ്ട കാര്യമില്ല.
എന്‍റെ അഭിപ്രായത്തില്‍ സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം... സ്ത്രീധനം ചോദിച്ചു വരുന്ന ഒരാള്‍ക്ക്‌  മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും, അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍ - അയാള്‍ തന്‍റെ കാമുകന്‍ ആണെങ്കില്‍ പോലും - തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും...  (പ്രേമ വിവാഹങ്ങളില്‍ പോലും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങുന്ന വിരുതന്‍ കാമുകന്മാരെ കണ്ടിട്ടുണ്ട്. സ്നേഹിച്ച പുരുഷനെ കിട്ടാന്‍ വേണ്ടി അവനും, അവന്‍റെ വീട്ടു കാരും ചോദിക്കുന്നതെന്തും   സ്വന്തം മാതാപിതാക്കളെക്കൊണ്ട് കൊടുപ്പിക്കുന്ന , അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ പോലും കരഞ്ഞും ഉപവാസമിരുന്നും ഒക്കെ   മാതാപിതാക്കളെ സമ്മതിപ്പിക്കുന്ന, പെണ്‍കുട്ടികളും നമ്മുക്കിടയിലുണ്ട് !) 
മകളുടെ നല്ല ഭാവിക്ക് വേണ്ടി രക്ഷിതാക്കള്‍ സ്വമനസാലെ കൊടുക്കുന്നതോ, അതുമല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അവകാശപ്രകാരം കിട്ടേണ്ടതായ സ്വത്തുക്കള്‍ വിവാഹ സമയത്ത് കൊടുക്കുന്നതോ തെറ്റല്ല. അങ്ങനെചെയ്യുന്നുവെങ്കില്‍ , അതെങ്ങനെ കൊടുക്കണം എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്... അതറിയാത്ത ചുരുക്കം ചിലരെങ്കിലും ഉണ്ടായേക്കാം... അവര്‍ക്കുവേണ്ടി ആ നിയമം ഇവിടെ  കൊടുക്കുന്നു.

സ്ത്രീധന നിരോധന നിയമം


സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ലകുറ്റകരം, സ്ത്രീധനം ആവശ്യപ്പെടുന്നതോ താല്പര്യങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോ പോലും  സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. സ്ത്രീധനം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ വേണ്ടിയുള്ള കരാറുകള്‍ അസാധുവാണ്.അഥവാ കൊടുത്താല്‍ തന്നെ  അത് ഭര്‍ത്താവോ  ബന്ധുക്കളോ വധുവിന്‍റെ (ഭാര്യയുടെ) പേരിലുള്ള നിക്ഷേപമായി  സൂക്ഷിക്കണം.അവള്‍ ചോദിക്കുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം.യഥാര്‍ത്ഥത്തില്‍ സ്ത്രീധനത്തുക കൈവശം വന്നതിന് ശേഷം മൂന്ന് മാസത്തിനകം അത് വധുവിന്‍റെ പേരിലേയ്ക്ക് മാറ്റിയിരിക്കണം.
സ്ത്രീധനമെന്നതുകൊണ്ട് ഈ നിയമത്തില്‍ ഉദ്ദേശിക്കുന്നത് -വിവാഹ ബന്ധത്തിലേ‌ര്‍‌പ്പെടുന്ന വധൂവരന്മാരുടെ രക്ഷകര്‍ത്താക്കള്‍ പരസ്പരം നേരിട്ടോ മറ്റൊരാള്‍ മുഖേനയോ, വിവാഹത്തിനു മുന്‍പോ ശേഷമോ, വിവാഹത്തോടനുബന്ധിച്ച് കൊടുക്കുന്നതോവാഗ്ദാനം

ചെയ്യപ്പെട്ടിട്ടുള്ളത ആയ വിലപിടിപ്പുള്ള വസ്തുക്കള്‍, ഉറപ്പുകള്‍ എന്നിവയെയാണ്. എന്നാല്‍ മുസ്ലീം വ്യക്തിനിയമപ്രകാരമുള്ള ഇഷ്ടദാനങ്ങള്‍, മെഹറുകള്‍ എന്നിവ ഇതില്‍ ഉള്‍‌പ്പെടുകയില്ല.
വിവാഹത്തിനോ അതിനു ശേഷമോ രക്ഷകര്‍ത്താക്കളോ ബന്ധുക്കളോ സ്വമേധയാ സന്തോഷത്തോടുകൂടി നല്‍കുന്ന പരമ്പരാഗതമായ ഉപഹാരങ്ങള്‍ സ്ത്രീധനത്തില്‍ ഉള്‍‌പ്പെടുന്നില്ല.എന്നാല്‍ ഭാവിയില്‍ അതെചൊല്ലി ഒരു പ്രശ്നമുണ്ടാകാതിരിക്കുവാനായി, വധുവിനും വരനും ലഭിയ്ക്കുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി രണ്ടു പേരുടേയുംഒപ്പുകളോടുകൂടി സൂക്ഷിക്കുവാന്‍ 1985ലെ  സ്ത്രീധന നിരോധന നിയമത്തില്‍ നിര്‍‌ദ്ദേശിച്ചിട്ടുണ്ട്.


ശിക്ഷാനടപടികള്‍


ഇന്ത്യന്‍ പീനല്‍ കോഡില്‍ (ഇന്ത്യന്‍ ശിക്ഷാ നിയമം) 498 എ വിഭാഗം- സ്ത്രീധനത്തെ ചൊല്ലിയുള്ള പീഢനത്തിനെതിരെയും , 304ബി വിഭാഗം-സ്ത്രീധനത്തെ ചൊല്ലിയുള്ള മരണത്തിനെതിരെയും നിലനില്‍ക്കുന്നു. മറ്റൊരു വിഭാഗം 406, ഇത് സ്ത്രീധനപീഢനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റത്തിനെതിരായും നിലനില്‍ക്കുന്നു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോകൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ ഇതില്‍ ഏതാണ് കൂടുതല്‍ ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്.
സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ രണ്ട് വര്‍ഷം വരെനീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ഒടുക്കേണ്ടി വന്നേയ്ക്കാം.
മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം കൊടുത്താല്‍ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്.
സ്ത്രീധന തുക വധുവിന്‍റെ പേരില്‍ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ 6 മാസം മുതല്‍ 2വര്‍ഷംവരെയുള്ള തടവോ  5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിയ്ക്കാവുന്നതാണ്.
ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അറസ്റ്റിനുതകുന്നതും,ഒത്തുതീര്‍പ്പുകള്‍‌ക്ക് സാധ്യതയില്ലാത്തതും, ജാമ്യം കിട്ടാത്തതുമായ വകുപ്പുകളില്‍‌പ്പെടുത്തിയിരിക്കുന്നു. അറസ്റ്റ് ചെയ്യുന്നതിന് വാറണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഒരു സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.

ആരോട് എവിടെ കുറ്റാരോപണം നടത്താം


ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാം.
ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ,ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ ,പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍,അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെപരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.
പണ്ടു കാലത്ത് പുരുഷന്‍ മാത്രം സമ്പാദിച്ചിരുന്നതുകൊണ്ടാവാം ഒരു പെണ്‍കുട്ടിയുടെ വിവാഹസമയത്ത് അവളെ ഇനിയുള്ള കാലം പോറ്റാനുള്ള ചിലവിലേക്ക്‌ ഒരു തുകയായോ സ്വര്‍ണ്ണമായോ ഒക്കെ രക്ഷിതാക്കള്‍ കൊടുത്തിരുന്നത്. അതുമല്ലെങ്കില്‍ പണ്ട് പെണ്‍മക്കള്‍ക്ക്‌ സ്വത്തില്‍ അവകാശമില്ലാതിരുന്നത് കൊണ്ട് അവരെ വിവാഹം കഴിപ്പിച്ചയക്കുന്ന അവസരത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ സ്വത്തിന്‍റെ ഒരു ഓഹരി സ്ത്രീധനം എന്ന പേരില്‍ കൊടുത്തിരുന്നതും ആവാം. പക്ഷെ സാഹചര്യങ്ങള്‍  മാറിയാലും, നിയമം മാറിയാലും, ആചാരങ്ങള്‍ മാത്രം അതുപോലെ തന്നെ,ഒരുപക്ഷെ അതിനേക്കാള്‍ തീവ്രതയില്‍ പിന്തുടര്‍ന്ന് പോരുന്നതാണ് ഒരുതരത്തില്‍ നമ്മുടെ നാട്ടിലെ കുഴപ്പം ! ഇന്ന് ഒട്ടുമിക്ക കുടുംബങ്ങളിലും സ്ത്രീയും പുരുഷനും ഒരുപോലെ സമ്പാദിക്കുന്നു... ചിലയിടങ്ങളില്‍ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം ഭാര്യയ്ക്കുണ്ട്, എങ്കിലും അവള്‍ക്ക് വിവാഹത്തിന് വീട്ടുകാര്‍ എന്തുകൊടുത്തു എന്നതാണ് എല്ലാവരുടെയും നോട്ടം !സമൂഹത്തിലെ ഒരു വിഭാഗത്തിന് സ്റ്റാറ്റസ് കാണിക്കാനുള്ള ഒരുപാധിയാണ് സ്ത്രീധനം !! അത്തരക്കാര്‍  കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍  സ്ത്രീധനം 'ഡിമാന്റ്റ്'  ചെയ്തില്ലെങ്കിലും കൊടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുന്നു... ഇത്തരം ദുരാചാരങ്ങള്‍ ഒന്നും  നിയമം കൊണ്ട് മാത്രം തടുക്കാന്‍ ആവില്ലെന്ന് ഈ നിയമത്തിന്‍റെ പരാജയത്തില്‍ നിന്നും മനസിലാക്കാം... അതിനു സമൂഹം കൂടി മനസു വയ്ക്കണം. കുറഞ്ഞപക്ഷം കൊടുക്കുന്ന സ്വത്തുകള്‍ ഈ നിയമത്തില്‍ പറയും പ്രകാരം കൊടുത്താല്‍ ഭാവിയില്‍ അതിന്‍റെ പേരില്‍ വിഷമിക്കാതിരിക്കുകയെങ്കിലും ചെയ്യാം....  
മേല്‍പറഞ്ഞ നിയമങ്ങള്‍ ഒന്നും പാലിക്കാതെ സ്ത്രീധനം കൊടുത്തു വിവാഹംകഴിപ്പിച്ചു വിട്ട ശേഷം പരസ്പരം പൊരുത്തപ്പെടാന്‍ ആവാതെ  ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനംആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സ്ത്രീയുടെ കേസ് ഞങ്ങളുടെ ഓഫീസില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് മാതാപിതാക്കള്‍ കൊടുത്ത സ്ത്രീധനത്തിന് രേഖകള്‍ ഒന്നും തന്നെ അവര്‍ കൈവശം സൂക്ഷിച്ചിരുന്നില്ല. പക്ഷെ അവരുടെ വിവാഹ ഫോട്ടോകളുടെയും വിശ്വസനീയമായ സാക്ഷിമോഴികളുടെയും അടിസ്ഥാനത്തില്‍ , അവര്‍ക്ക് മാതാപിതാക്കള്‍ വിവാഹ സമയത്ത് കൊടുത്ത അന്‍പതു പവന്‍ സ്വര്‍ണാഭരണങ്ങളുടെഅന്നത്തെ മൂല്യത്തിനനുസരിച്ചുള്ള വില നല്കാന്‍ കോടതി വിധിയുണ്ടായി... നിയമം അനുസരിക്കാത്തവര്‍ക്ക് പോലും അനുകൂല വിധിയുണ്ടാവുന്നു !  ഇതില്‍ കൂടുതല്‍ എങ്ങനെയാണ് കോടതികള്‍ക്ക് സഹായിക്കാനാവുക !! ഇപ്പോഴും സ്ത്രീധനത്തിന്‍റെ പേരില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ അത് നമ്മുടെ നാട്ടിലെനിയമങ്ങളുടെ കുറവുകൊണ്ടല്ല, മറിച്ച് അതിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടോ, അറിവുണ്ടായിട്ടും ആ നിയമങ്ങള്‍ അനുസരിക്കാത്തത് കൊണ്ടോ ഒക്കെയാണ്.

അവസാനം പരിഷ്കരിച്ചത് : 4/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate