ഗാര്‍ഹിക പീഡന നിരോധന നിയമം
ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !
2006 ഒക്ടോബര്‍ മാസം ഈ നിയമം പാസ്സാക്കിയെങ്കിലും ഇതിനെക്കുറിച്ച് ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
പലതരം ഗാര്‍ഹികപീഡനം
ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.
ശാരീരികമായ പീഡനം
അടി , കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
വാച്യമോ വൈകാരികമോ ആയ പീഡനം
അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്‍റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിക്കുക, തന്‍റെ കുട്ടിയെ സ്കൂളില്‍ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, വീടുവിട്ടു പോകാന്‍ നിര്‍ബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ വൈകാരികമായി തകര്‍ക്കുന്ന ഏതു പ്രവൃത്തിയും.
ലൈംഗികമായ പീഡനം
ബലപ്രയോഗത്താലുള്ള ലൈംഗിക ബന്ധം, അശ്ലീല ചിത്രങ്ങളോ അശ്ലീല സാഹിത്യമോ കാണാന്‍ പ്രേരിപ്പിക്കുക, സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ, നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.
സാമ്പത്തികമായ പീഡനം
തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാന്‍ അനുവധിക്കാതിരിക്കുക, തന്നെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികള്‍ക്കു ഭംഗം വരുത്തുക വീടിന്‍റെ എല്ലാ ഭാഗത്തും പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക. എന്നിവ
പീഡനം ഏല്‍പ്പിക്കുന്നത് ഭര്‍ത്താവോ അതോ ഭര്‍ത്താവിന്‍റെ പിതാവ് മാതാവ് സഹോദരി തുടങ്ങിയവരോ ആരായാലും അവര്‍ക്കെതിരെയുള്ള സംരക്ഷണം സ്ത്രീക്ക് ലഭിക്കുന്നതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീയ്ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും, സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനത്തില്‍ പെടുന്നു.
ഗാര്‍ഹിക പീഡനം നടന്നാല്‍
കേരളത്തില്‍ പതിനാലു ജില്ലകള്‍ക്കുമായി മുപ്പത്തൊന്നു സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്.പരാതിക്കാരി സംരക്ഷണ ഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെടുക. അദ്ദേഹം ഉണ്ടായ സംഭവങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കും (ഡി ഐ ആര്‍ - ഡൊമസ്റ്റിക് ഇന്സിഡന്റ്റ് റിപ്പോര്‍ട്ട് ) ഈ റിപ്പോര്‍ട്ട് അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്റേറ്റിന് സമര്‍പ്പിക്കും. ഡി ഐ ആര്‍ കോടതിയില്‍ കിട്ടുന്ന മുറയ്ക്ക് മജിസ്ട്രെറ്റ് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരം എതിര്‍കക്ഷി കോടതിയില്‍ എത്തും. സ്വന്തമായി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായ പദ്ധതിയനുസരിച്ച് നിയമ സഹായം ലഭിക്കുന്നതാണ്. അത്തരത്തില്‍ നിയമിക്കപ്പെട്ട അഭിഭാഷകര്‍ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ സഹായം നല്‍കും. പരാതിക്കാരിക്ക് നിയമപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, അവര്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അവകാശമുണ്ട്. ആര്‍ക്കും അവരെ അവിടെനിന്നും ഇറക്കി വിടാനാവില്ല.
ഏതൊരു വ്യക്തിക്കും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞാല്‍ പരാതി നല്‍കാം. അക്കാരണത്താല്‍ അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല.
ഈ നിയമ വ്യവസ്ഥകള്‍ മനസിലാക്കി വ്യക്തികള്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്നു മാറി നില്‍ക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും ആണ് ഈ നിയമം കൊണ്ടു ഉദ്ധേശിക്കുന്നത്. ഒരിക്കല്‍ കൂടി പറയട്ടെ, ഈ നിയമം സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണ് അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല .