നിയമ, നീതിന്യായ, കന്പനികാര്യ മന്ത്രാലയം
(നിയമകാര്യ വകുപ്പ്)
ന്യൂഡല്‍ഹി, ഡിസംബര്‍ 30, 1999 / പോസ 9, 1921 (ശക)
താഴെപ്പറയുന്ന പാര്‍ലമെന്‍റ് നിയമത്തിന് 1999 ഡിസംബര്‍ 30ന് അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് പൊതു അറിവിലേയ്ക്കായി ഇതിനാല്‍ പ്രസിദ്ധീകരിക്കുന്നു.
ദി നാഷണല്‍ ട്രസ്റ്റ് ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്‍റല്‍ റിട്ടാര്‍ഡേഷന്‍ ആന്‍റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ആക്റ്റ്, 1999.
നന്പര്‍. 1999ലെ 44.
[ഡിസംബര്‍ 30, 1999 ] ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവര്‍ക്കുവേണ്ടി ദേശീയതലത്തില്‍ ഒരു സ്ഥാപനം തുടങ്ങുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ക്കുമായുളള നിയമം.
റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ അന്‍പതാം വാര്‍ഷികത്തില്‍ പാര്‍ലമെന്‍റ് നിര്‍മ്മിച്ച നിയമം താഴെപ്പറയുന്നപ്രകാരമാണ്.
(2) ജമ്മു കാശ്മീര്‍ ഒഴികെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഈ നിയമം ബാധകമായിരിക്കും.
2. മറ്റ് സാഹചര്യം ആവശ്യപ്പെടാത്തപക്ഷം, ഈ നിയമത്തിലെ നിര്‍വ്വചനങ്ങള്‍ താഴെപ്പറയുന്നപ്രകാരം ആയിരിക്കും.
(എ) ഓട്ടിസം എന്നാല്‍ ഒരു വ്യക്തിയുടെ സാമൂഹികവും ആശയവിനിമയത്തിനുമുളള കഴിവുകളെ ഗുരുതരമായി ബാധിക്കുന്നതും ആവര്‍ത്തിച്ചു
ണ്ടാകുന്നതുമായ ക്രമാനുഗതമല്ലാത്ത വളര്‍ച്ച.
(ബി) ബോര്‍ഡ് എന്നാല്‍ സെക്ഷന്‍ മൂന്ന് പ്രകാരം രൂപീകരിച്ച ട്രസ്റ്റികള്‍ ഉള്‍പ്പെടുന്ന ബോര്‍ഡ്.
(സി) സെറിബ്രല്‍ പാള്‍സി എന്നാല്‍ ജനനത്തിനുമുന്‍പോ ജനനസമയത്തോ ശൈശവകാലഘട്ടത്തിലോ തലയ്ക്ക് ഏറ്റ ആഘാതം മൂലമോ പരിക്ക് മൂലമോ ഉണ്ടാകുന്ന ശരീരവും ചലനങ്ങളും നിയന്ത്രിക്കാനാവാത്ത അവസ്ഥ.
(ഡി) ചെയര്‍പേഴ്സണ്‍ എന്നാല്‍ സെക്ഷന്‍ മൂന്നിലെ സബ് സെക്ഷന്‍ നാലിലെ ക്ലോസ് എ പ്രകാരം നിയമിക്കപ്പെടുന്ന ബോര്‍ഡിന്‍റെ അധ്യക്ഷന്‍
(ഇ) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്നാല്‍ സെക്ഷന്‍ എട്ടിലെ സബ് സെക്ഷന്‍ ഒന്നുപ്രകാരം നിയമിതനായ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍.
(എഫ്) മെന്പര്‍ എന്നാല്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുളള ബോര്‍ഡിലെ അംഗങ്ങള്‍.
(ജി) മാനസിക മുരടിപ്പ് എന്നാല്‍ ബുദ്ധിവികാസത്തിലെ ന്യൂനത മൂലം മാനസികവളര്‍ച്ച പൂര്‍ണ്ണമായി തടസ്സപ്പെടുകയോ ഭാഗികമായി മാത്രം വളര്‍ച്ച ഉണ്ടാകുകയോ ചെയ്യുന്ന അവസ്ഥ.
(എച്ച്) മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് എന്നാല്‍ 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റിലെ സെക്ഷന്‍ രണ്ടിലെ ക്ലോസ് ഒന്ന് പ്രകാരമുളള രണ്ടോ അതില്‍ അധികമോ വൈകല്യങ്ങള്‍ ചേരുന്ന അവസ്ഥ.
(ഐ) നോട്ടിഫിക്കേഷന്‍ എന്നാല്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം.
(ജെ) പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി എന്നാല്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവ മൂലമോ ഇവയില്‍ രണ്ടിലേറെയോ ഉളള വ്യക്തി അഥവാ ഗുരുതരമായ ഒട്ടേറെ വൈകല്യമുളളയാള്‍
(കെ) പ്രിസ്ക്രൈബ്ഡ് എന്നാല്‍ ഈ ചട്ടങ്ങള്‍ അനുസരിച്ച് നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍
(എല്‍) പ്രൊഫഷണല്‍ എന്നാല്‍ വികലാംഗരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും മേഖലയില്‍ പ്രത്യേക വൈദഗ്ധ്യം ഉളളയാള്‍.
(എം) രജിസ്റ്റേഡ് ഓര്‍ഗനൈസേഷന്‍ എന്നാല്‍ സെക്ഷന്‍ 12 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട വികലാംഗരായ ആള്‍ക്കാരുടെ സംഘം അല്ലെങ്കില്‍ വികലാംഗരുടെ രക്ഷാകര്‍ത്താക്കളുടെ സംഘം അല്ലെങ്കില്‍ ഒരു സന്നദ്ധസംഘടന.
(എന്‍) റെഗുലേഷന്‍സ് എന്നാല്‍ ഈ നിയമത്തിന്‍റെ കീഴില്‍ ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍.
(ഒ) സിവിയര്‍ ഡിസെബിലിറ്റി എന്നാല്‍ ഒന്നോ അതില്‍ അധികമോ വൈകല്യം 80 ശതമാനത്തിലോ അതില്‍ അധികമോ ആകുന്ന അവസ്ഥ.
(പി) ട്രസ്റ്റ് എന്നാല്‍ സെക്ഷന്‍ മൂന്നിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരം സ്ഥാപിതമായ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയുളള നാഷണല്‍ ട്രസ്റ്റ്.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയുളള നാഷണല്‍ ട്രസ്റ്റിന്‍റെ രൂപീകരണം.
(1) കേന്ദ്രഗവണ്‍മെന്‍റ് ഒരു വിജ്ഞാപനപ്രകാരം തീരുമാനിക്കുന്ന തീയതി മുതല്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയുളള നാഷണല്‍ ട്രസ്റ്റ് രൂപീകരിക്കും. സ്ഥാവരവും ജംഗമവുമായ വസ്തുവകകള്‍ വാങ്ങാനും കൈവശപ്പെടുത്താനും വില്‍ക്കാനും കരാറില്‍ ഏര്‍പ്പെടാനും ട്രസ്റ്റിന്‍റെ പേരില്‍ കേസ് കൊടുക്കാനും കേസില്‍ പ്രതിയാക്കപ്പെടാനും ട്രസ്റ്റിനു കഴിയും.
(2) ട്രസ്റ്റിന്‍റെ പൊതുവായ ഭരണനിര്‍വ്വഹണം, ട്രസ്റ്റിന്‍റെ മാനേജ്മെന്‍റ്, നടത്തിപ്പ്, ബിസിനസ്സ് എന്നിവയുടെ നടത്തിപ്പ് ബോര്‍ഡിനായിരിക്കും. ട്രസ്റ്റിനുവേണ്ടി എല്ലാ അധികാരങ്ങളും പ്രയോഗിക്കുന്നതും എല്ലാ ആയിരിക്കും.
(3) ട്രസ്റ്റിന്‍റെ ആസ്ഥാനം ന്യൂഡല്‍ഹിയായിരിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയോടെ രാജ്യത്ത് മറ്റു സ്ഥലങ്ങളിലും ബോര്‍ഡിന് ഓഫീസുകള്‍ സ്ഥാപിക്കാവുന്നതാണ്.
(4) ബോര്‍ഡില്‍ താഴെപ്പറയുന്നവര്‍ ഉണ്ടായിരിക്കും.
(എ) ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നീ മേഖലകളില്‍ പ്രാവീണ്യവും പരിചയവുമുളളവരില്‍നിന്ന് ഒരാളെ കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡിന്‍റെ അധ്യക്ഷനായി നിയമിക്കും.
(ബി) രജിസ്റ്റര്‍ ചെയ്ത സംഘടനകളില്‍നിന്ന് ബോര്‍ഡിലെ അംഗങ്ങളായി നിയമിക്കും. ഇതില്‍ മൂന്നുപേര്‍ സന്നദ്ധസംഘടനകളില്‍നിന്നും ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവയുളളവരുടെ മാതാപിതാക്കളുടെ സംഘടനകളില്‍നിന്നും വികലാംഗരുടെ സംഘടനകളില്‍നിന്നും ഉളളവരായിരിക്കും.
ഇതുപ്രകാരമുളള ആദ്യനിയമനം കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം വഴി നിര്‍വ്വഹിക്കുന്നതായിരിക്കും.
(സി) സാമൂഹികക്ഷേമ-ശാക്തീകരണം, വനിതാ-ശിശു വികസനം, ആരോഗ്യ-കുടുംബക്ഷേമം, ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, നഗരകാര്യവും തൊഴിലും, ഗ്രാമീണതൊഴിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും എന്നീ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും ജോയിന്‍റ് സെക്രട്ടറി തസ്തികയില്‍ കുറയാത്ത എട്ടുപേര്‍ അനൌദ്യോഗികാംഗങ്ങളായിരിക്കും.
(ഡി) മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന, വ്യവസായം, വാണിജ്യം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേരെ അംഗങ്ങളായി ബോര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.
(ഇ) കേന്ദ്രസര്‍ക്കാരില്‍ ജോയിന്‍റ് സെക്രട്ടറി തസ്തികയിലുളള ഓഫീസര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മെന്പര്‍ സെക്രട്ടറിയുമായിരിക്കും.
(5) ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് നിയമം അനുശാസിക്കുന്ന വിധത്തില്‍ ഏതു വ്യക്തിയുടെയും സഹായമോ ഉപദേശമോ തേടുന്നതിനും സഹകരിക്കുന്നതിനും ബോര്‍ഡിന് സ്വാതന്ത്ര്യമുണ്ടായിരിക്കും.
അത്തരം സഹായം തേടുന്ന വ്യക്തിക്ക് ആ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് അവകാശമുണ്ടായിരിക്കും. എന്നാല്‍, ബോര്‍ഡ് യോഗത്തില്‍ വോട്ടുചെയ്യുന്നതിന് അവകാശമുണ്ടാകില്ല. മറ്റേതെങ്കിലും കാര്യത്തിനായി അദ്ദേഹത്തിന് അംഗത്വമുണ്ടാകില്ല.
അത്തരത്തില്‍ സഹകരിപ്പിക്കാവുന്ന അംഗങ്ങളുടെ പരമാവധി എണ്ണം എട്ടില്‍ കൂടാന്‍ പാടില്ല. അത്തരം ആള്‍ക്കാര്‍ കഴിയുന്നതും രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനകളില്‍ നിന്നുളളവരോ പ്രൊഫഷണലുകളോ ആയിരിക്കണം.
(1) അധ്യക്ഷനും അംഗങ്ങളും നിയമനത്തീയതി മുതല്‍ മൂന്നുവര്‍ഷം വരെയോ അനന്തരാവകാശി നിയമിക്കപ്പെടുന്നതുവരെയോ ഏതാണ് അവസാനം സംഭവിക്കുന്നത് അതുവരെ തല്‍സ്ഥാനത്ത് തുടരുന്നതാണ്.
അധ്യക്ഷനും അംഗങ്ങളും 65 വയസ്സ് പൂര്‍ത്തിയായശേഷം തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ പാടുളളതല്ല.
(2) അധ്യക്ഷന്‍റെയും അംഗങ്ങളുടെയും വ്യവസ്ഥകള്‍ അതതു സമയങ്ങളില്‍ തീരുമാനിക്കുന്നതാണ്.
(3) ബോര്‍ഡില്‍ ആകസ്മികമായി ഉണ്ടാകുന്ന ഒഴിവുകള്‍ സെക്ഷന്‍ മൂന്നിലെ വ്യവസ്ഥകള്‍ അനുസരിച്ച് നികത്തുന്നതാണ്. അങ്ങനെ നിയമിതനാകുന്ന വ്യക്തിക്ക്, സ്ഥാനമൊഴിഞ്ഞയാള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്ന കാലാവധി വരെ മാത്രമേ ബോര്‍ഡില്‍ തുടരാനാകൂ.
(4) ഏതൊരു വ്യക്തിയെയും അധ്യക്ഷനായോ അംഗമായോ നിയമിക്കുന്നതിനുമുന്‍പ്, ആ വ്യക്തിക്ക് അംഗമായി പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകുന്നതരത്തില്‍ ധനപരമായോ അല്ലാതെയോ ഉളള യാതൊരു താല്‍പര്യങ്ങളും ഇല്ലെന്നും ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതാണ്.
(5) ബോര്‍ഡിലെ ഒരു അംഗവും തന്‍റെ കാലാവധിക്കുളളില്‍ ട്രസ്റ്റിന്‍റെ ഗുണഭോക്താകാന്‍ പാടുളളതല്ല.
(6) ബോര്‍ഡ് തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും കുറഞ്ഞത് മൂന്നുമാസത്തിലൊരിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നതാണ്. അത്തരം യോഗങ്ങളിലെ നടപടികള്‍ അതിന്‍റെ നടപടിക്രമം അനുസരിച്ചു നടത്തുന്നതാണ്.
(7) ഏതെങ്കിലും കാരണവശാല്‍ അധ്യക്ഷന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കില്‍, ഹാജരുളള അംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നയാള്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതാണ്.
(8) ബോര്‍ഡിന്‍റെ പരിഗണനയ്ക്ക് വരുന്ന എല്ലാ കാര്യങ്ങളും അംഗങ്ങള്‍ വോട്ടിനിട്ടു തീരമാനിക്കുന്നതാണ്. വോട്ടുകള്‍ തുല്യമായി വരുന്നപക്ഷം, അധ്യക്ഷനോ അദ്ദേഹത്തിന്‍റെ അഭാവത്തില്‍, ആ ചുമതല വഹിക്കുന്നയാളിനോ കാസ്റ്റിങ് വോട്ടിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
(1) സ്വന്തം കയ്യക്ഷരത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിക്കൊണ്ട് അധ്യക്ഷന് രാജി വെയ്ക്കാം. എന്നാല്‍, പുതിയ അധ്യക്ഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നതുവരെ അദ്ദേഹം തുടരും.
(2) കേന്ദ്രസര്‍ക്കാരിന് സ്വന്തം കയ്യക്ഷരത്തില്‍ കത്ത് നല്‍കിക്കൊണ്ട് ഒരു അംഗത്തിന് രാജി വെയ്ക്കാവുന്നതാണ്.
(എ) മാനസികസ്ഥിരത ഇല്ലാത്തയാള്‍ക്കോ മാനസികസ്ഥിരത ഇല്ലെന്ന് അധികാരപ്പെട്ട കോടതി പ്രഖ്യാപിക്കുന്നയാള്‍ക്കോ അംഗമാകാനാവില്ല.
(ബി) കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായത്തില്‍ ധാര്‍മ്മികമൂല്യങ്ങള്‍ക്കെതിരായ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് അംഗമാകാനാവില്ല.
(സി) എപ്പോഴെങ്കിലും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിട്ടുളളയാള്‍ക്കോ അംഗമാകാനാവില്ല.
7. അംഗം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച്
(എ) സെക്ഷന്‍ 6 അനുസരിച്ച് ഏതെങ്കിലും വിധത്തില്‍ അയോഗ്യത കല്‍പിക്കപ്പെടുന്നപക്ഷം സ്ഥാനമൊഴിയേണ്ടതുണ്ട്.
(ബി) അവധിക്ക് അപേക്ഷിക്കാതെയും അവധിക്ക് അനുമതി ലഭിക്കാതെയും ബോര്‍ഡിന്‍റെ തുടര്‍ച്ചയായ മൂന്നു യോഗങ്ങളില്‍ ഹാജരാകാതിരിക്കുന്നവരും സ്ഥാനമൊഴിയേണ്ടതുണ്ട്.
(സി) സെക്ഷന്‍ 5 അനുസരിച്ച് ഒരു അംഗം രാജിവെയ്ക്കുന്നപക്ഷം ആ തസ്തിതയില്‍ ഒഴിവു വരുന്നതാണ്.
8. ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ട്രസ്റ്റിലെ ജീവനക്കാരും
(1) ബോര്‍ഡ് ചുമതലപ്പെടുത്തുന്ന ജോലികള്‍ നിര്‍വ്വഹിക്കുന്നതിനും അധ്യക്ഷന്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിറവേറ്റുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നതാണ്.
(2) ട്രസ്റ്റിന്‍റെ ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ഓഫീസര്‍മാരെയും ജീവനക്കാരെയും കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയോടെ ബോര്‍ഡിന് നിയമിക്കാവുന്നതാണ്.
(3) ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, മറ്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ ശന്പളവും മറ്റ് അലവന്‍സുകളും, സേവനവ്യവസ്ഥകള്‍ എന്നിവ നിയമപ്രകാരം തീരുമാനിക്കുന്നതാണ്.
9. ബോര്‍ഡിലെ ഒഴിവ് നടപടികളെ ബാധിക്കുന്നില്ലെന്നതു സംബന്ധിച്ച്.
ബോര്‍ഡില്‍ ഒഴിവുണ്ടെന്ന കാരണത്താലോ ബോര്‍ഡിന്‍റെ ഘടനയില്‍ അപാകതയുണ്ടെന്ന കാരണത്താലോമാത്രം ബോര്‍ഡിന്‍റെ നടപടികള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടുളളതല്ല.
ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങള്‍
ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയായിരിക്കും.
(എ) വികലാംഗര്‍ ജീവിക്കുന്ന സമൂഹത്തില്‍ അവര്‍ക്ക് സ്വതന്ത്രമായി കഴിയാന്‍ സാധിക്കുന്നതരത്തില്‍ അവരെ ശാക്തീകരിക്കുക.
(ബി) വികലാംഗരെ അവരുടെ കുടുംബത്തില്‍തന്നെ ജീവിക്കുന്നതിനുളള സൌകര്യങ്ങള്‍ ശക്തിപ്പെടുത്തുക.
(സി) വികലാംഗരുടെ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുന്പോള്‍ ആശ്വാസം എത്തിക്കാനായി രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് സഹായം നല്‍കുക.
(ഡി) കുടുംബത്തിന്‍റെ പിന്തുണ ഇല്ലാത്ത വികലാംഗരുടെ പ്രശ്നങ്ങളില്‍ ഇടപെടുക.
(ഇ) വികലാംഗരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ മരണമടയുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷയ്ക്കുവേണ്ട നടപടികള്‍ സ്വീകരിക്കുക.
(എഫ്) രക്ഷിതാവിന്‍റെയോ ട്രസ്റ്റിയുടെയോ സംരക്ഷണം വേണ്ട സാഹചര്യത്തില്‍ അവരെ നിയമിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.
(ജി) വികലാംഗര്‍ക്ക് തുല്യാവസരവും അവകാശസംരക്ഷണവും മുഴുവന്‍ പങ്കാളിത്തവും ഉറപ്പു വരുത്തുന്നതിന് സഹായിക്കുക.
(എച്ച്) മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കുക.
ബോര്‍ഡിന്‍റെ അധികാരങ്ങളും ചുമതലകളും
11. (1) ബോര്‍ഡിന് -
(എ) ഒരു നിധി രൂപീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു കോടി രൂപ ലഭിക്കും. വികലാംഗര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഈ പണം ഉപയോഗിക്കും.
(ബി) വികലാംഗരുടെ ക്ഷേമത്തിനുവേണ്ടി പൊതുവേയും ട്രസ്റ്റിന്‍റെ ലക്ഷ്യത്തിനുവേണ്ടി പ്രത്യേകിച്ചും ആരില്‍നിന്നും സ്ഥാവരവസ്തുക്കള്‍ സംഭാവനയായി സ്വീകരിക്കാം.
അത്തരം സംഭാവനയില്‍ പറയുന്ന ഗുണഭോക്താവിന് അടിസ്ഥാന ജീവിതസാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബോര്‍ഡിന് ബാധ്യത ഉണ്ടായിരിക്കും.
(സി) രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് അംഗീകൃത പരിപാടികള്‍ നടപ്പാക്കുന്നതിന് ധനസഹായം നല്‍കുന്നതിന് വേണ്ട തുക എല്ലാ സാന്പത്തികവര്‍ഷവും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കും.
(2) സബ് സെക്ഷന്‍ ഒന്നിലെ ലക്ഷ്യത്തിനുവേണ്ടി അംഗീകൃത പരിപാടി എന്നാല്‍ -
(എ) വികാലാംഗര്‍ക്ക് സമൂഹത്തില്‍ സ്വതന്ത്രജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്ന ഏതു പരിപാടിയും. അതിനായി-
(ഒന്ന്) സമൂഹത്തില്‍ അതിനു സഹായകരമായ അന്തരീക്ഷം സംജാതമാക്കുക.
(രണ്ട്) വികലാംഗരുടെ കുടുംബാംഗങ്ങള്‍ക്ക് കൌണ്‍സലിങ്ങും പരിശീലനവും നല്‍കുക.
(മൂന്ന്) മുതിര്‍ന്നവര്‍ക്ക് പരിശീലനകേന്ദ്രം, ഒറ്റയ്ക്കും കൂട്ടായും താമസിക്കാനുളള വീടുകള്‍ എന്നിവ ഒരുക്കുക.
(ബി) വികലാംഗരുടെ ക്ഷേമം, കുടുംബത്തിന്‍റെ ശ്രദ്ധ എന്നിവ പരിപോഷിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന ഏതു നടപടിയും.
(സി) വികലാംഗര്‍ക്കായി റസിഡെന്‍ഷ്യല്‍ ഹോസ്റ്റലുകളും വീടുകളും തയ്യാറാക്കുക.
(ഡി) വികലാംഗര്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടത്തക്കവിധം സ്വയം സഹായക സംഘങ്ങള്‍ രൂപീകരിക്കുക.
(ഇ) രക്ഷാകര്‍തൃത്വത്തിന് അംഗീകാരം നല്‍കുന്നതിന് തദ്ദേശതലത്തില്‍ കമ്മിറ്റി രൂപീകരിക്കുക.
(എഫ്) ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങള്‍ നേടുന്നതിനും പ്രചരിപ്പിക്കുന്നതിനുമുളള മറ്റ് പരിപാടികള്‍ നടപ്പാക്കുക.
(3) സബ് സെക്ഷന്‍ രണ്ടിലെ ക്ലോസ് (സി) യിലെ ആവശ്യത്തിനായി പണം നീക്കിവെയ്ക്കുന്പോള്‍ വികലാംഗരായ വനിതകള്‍ക്കും ഗുരുതരമായ വൈകല്യമുളളവര്‍ക്കും വൈകല്യമുളള മുതിര്‍ന്ന പൌരന്‍മാര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്.
ഈ സബ് സെക്ഷനിലെ വാക്കുകള്‍ സംബന്ധിച്ച
വിശദീകരണം –
(എ) ഗുരുതരമായ വൈകല്യമുളളവര്‍ എന്നാല്‍ 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റിലെ സെക്ഷന്‍ 56 ലെ സബ് സെക്ഷന്‍ (4) പ്രകാരമുളള അതേ അര്‍ഥമായിരിക്കും.
(ബി) മുതിര്‍ന്ന പൌരന്‍ എന്നാല്‍ 65 വയസ്സിനുമുകളിലുളള വ്യക്തികള്‍
12. രജിസ്ട്രേഷന്‍ നടപടികള്‍
(1) വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വികലാംഗരുടെ സംഘടനകള്‍ക്കോ വികലാംഗരുടെ മാതാപിതാക്കളുടെ സംഘടനകള്‍ക്കോ സന്നദ്ധസംഘടനകള്‍ക്കോ രജിസ്ട്രേഷനുവേണ്ടി ബോര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണ്.
(2) രജിസ്ട്രേഷനുവേണ്ടിയുളള അപേക്ഷ ബോര്‍ഡ് നിശ്ചയിക്കുന്ന സ്ഥലത്ത് നിശ്ചിതരൂപത്തിലും രീതിയിലും നല്‍കേണ്ടതാണ്. ബോര്‍ഡിന്‍റെ നിയമപ്രകാരമുളള വസ്തുക്കളും രേഖകളും ഫീസും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.
(3) രജിസ്ട്രേഷനുവേണ്ടിയുളള അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, അപേക്ഷയില്‍ അവകാശപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നതിന് ആവശ്യമായ അന്വേഷണം ബോര്‍ഡ് നടത്തുന്നതാണ്.
(4) അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അപേക്ഷകന് ബോര്‍ഡ് രജിസ്ട്രേഷന്‍ നല്‍കുകയോ അപേക്ഷ നിരസിക്കുകയോ ചെയ്യും. എന്നാല്‍ അപേക്ഷ നിരസിക്കുന്നതിനുളള കാരണം രേഖപ്പെടുത്തിയിരിക്കണം.
രജിസ്ട്രേഷനുളള അപേക്ഷ നിരസിക്കപ്പെടുന്നപക്ഷം, അതിലെ ന്യൂനതകള്‍ പരിഹരിച്ച് അപേക്ഷകന് വീണ്ടും അപേക്ഷിക്കാവുന്നതാണ്.
തദ്ദേശതല കമ്മിറ്റി
13. തദ്ദേശതല കമ്മിറ്റികളുടെ രൂപീകരണം
(1) കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ബോര്‍ഡ് തദ്ദേശതല കമ്മിറ്റികള്‍ രൂപീകരിക്കുന്നതാണ്.
(2) ഒരു തദ്ദേശതല കമ്മിറ്റിയില്‍ താഴെപ്പറയുന്നവര്‍ ഉണ്ടായിരിക്കുന്നതാണ് –
(എ) കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ സിവില്‍ സര്‍വ്വീസിലെ ജില്ലാ മജിസ്ട്രേട്ടിന്‍റെയോ ജില്ലാ കമ്മീഷണറുടെയോ റാങ്കില്‍ കുറയാത്ത ഓഫീസര്‍.
(ബി) ഒരു അംഗീകൃത സംഘടനയുടെ പ്രതിനിധി
(സി) 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റിലെ സെക്ഷന്‍ രണ്ടിലെ ക്ലോസ് (എഫ്) പ്രകാരം നിര്‍വ്വചിക്കപ്പെട്ടവിധം വൈകല്യമുളള ഒരു വ്യക്തി.
(ഡി) ഒരു തദ്ദേശതല കമ്മിറ്റി അതിന്‍റെ രൂപീകരണത്തീയതി മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് അഥവാ ബോര്‍ഡ് കമ്മിറ്റി പുനഃസംഘടി പ്പിക്കുന്നതുവരെ പ്രവര്‍ത്തിക്കുന്നതാണ്.
(ഇ) ഒരു തദ്ദേശതല കമ്മിറ്റി ആവശ്യമായ ഇടവേളകളോടെ ചുരുങ്ങിയത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്.
14. രക്ഷാകര്‍ത്താക്കളെ നിയമിക്കല്‍
(1) വികലാംഗനായ വ്യക്തിയുടെ മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ ബന്ധുവിന് തന്‍റെ ഇഷ്ടപ്രകാരമുളള വ്യക്തിയെ വൈകല്യമുളളയാളുടെ രക്ഷാകര്‍ത്താവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശതല കമ്മിറ്റിക്ക് അപേക്ഷ നല്‍കാവുന്നതാണ്.
(2) വൈകല്യമുളളയാള്‍ക്ക് രക്ഷാകര്‍ത്താവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഏതൊരു അംഗീകൃത സംഘടനയ്ക്കും തദ്ദേശതല കമ്മിറ്റിക്ക് നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.
അത്തരത്തിലുളള അപേക്ഷയില്‍, നിയമിക്കപ്പെടാന്‍ ഉദ്ദേശിക്കുന്ന രക്ഷാകര്‍ത്താവിന്‍റെ സമ്മതം രേഖപ്പെടുത്തിയിട്ടില്ലാത്തപക്ഷം, തദ്ദേശതല കമ്മിറ്റി അത്തരം അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല.
(3) രക്ഷാകര്‍ത്താവിനെ നിയമിക്കാനുളള അപേക്ഷ പരിഗണിക്കുന്പോള്‍, വികലാംഗനായ വ്യക്തിക്ക് ഒരു രക്ഷാകര്‍ത്താവിന്‍റെ സേവനം ആവശ്യമുണ്ടോയെന്നും വികലാംഗനായ വ്യക്തിക്ക് രക്ഷാകര്‍ത്താവിനെ നിയമിക്കുന്നതിന്‍റെ ആവശ്യകത എന്താണെന്നും തദ്ദേശതല കമ്മിറ്റി പരിശോധിക്കേണ്ടതുണ്ട്.
(4) സബ് സെക്ഷന്‍ (1), (2) എന്നിവ പ്രകാരം, നിയമം അനുശാസിക്കുന്നതരത്തില്‍ തദ്ദേശതല കമ്മിറ്റി അപേക്ഷ സ്വീകരിക്കുകയും പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതാണ്.
രക്ഷാകര്‍ത്താവിനെ നിയമിക്കുന്നതിന് ശുപാര്‍ശ നല്‍കുന്പോള്‍, രക്ഷാകര്‍ത്താവിന്‍റെ ഉത്തരവാദിത്തങ്ങള്‍ തദ്ദേശതല കമ്മിറ്റി നല്‍കേണ്ടതാണ്.
(5) തങ്ങള്‍ക്കു ലഭിക്കുന്ന അപേക്ഷകളുടെയും അതിന്‍മേല്‍ സ്വീകിരച്ച നടപടികളുടെയും വിവരങ്ങള്‍ നിയമം അനുശാസിക്കുന്ന ഇടവേളകളില്‍ ബോര്‍ഡിന് നല്‍കേണ്ടതാണ്.
15. രക്ഷാകര്‍ത്താവിന്‍റെ ചുമതലകള്‍
ഈ അധ്യാത്തില്‍ വിവരിക്കുന്നതുപ്രകാരം, വികലാംഗനായ വ്യക്തിയുടെ രക്ഷാകര്‍ത്താവായി നിയമിതനാകുന്ന വ്യക്തി അത്തരം വികലാംഗരുടെയും അവരുടെ വസ്തുവകകളുടെയും ഏറ്റെടുക്കാനും സുരക്ഷ ഏറ്റെടുക്കാന്‍ അല്ലെങ്കില്‍ വികലാംഗനായ വ്യക്തിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ്.
16. രക്ഷാകര്‍ത്താവ് വാര്‍ഷിക കണക്കുകള്‍ നല്‍കുന്നതു സംബന്ധിച്ച് –
(1) സെക്ഷന്‍ 14 പ്രകാരം, രക്ഷാകര്‍ത്താവായി നിയമിതനാകുന്നയാള്‍ നിയമനം ലഭിച്ച് ആറുമാസത്തിനകം വൈകല്യമുളള വ്യക്തിയുടെ സ്ഥാവരവസ്തുക്കളുടെയും അത്തരം വ്യക്തികള്‍ക്ക് ലഭിച്ച ജംഗവസ്തുക്കളുടെയും വിശദവിവരങ്ങള്‍ തന്‍റെ നിയമനാധികാരിക്ക് നല്‍കേണ്ടതാണ്. വൈകല്യമുളള വ്യക്തിക്ക് കിട്ടേണ്ടതും അത്തരം വ്യക്തിയുടെ കടം, ബാധ്യത മുതലായ വിവരങ്ങളും അടങ്ങിയ പ്രസ്താവന കൂടി അതോടൊപ്പം നല്‍കേണ്ടതാണ്.
(2) രക്ഷാകര്‍ത്താവായി നിയമിതനാകുന്നയാള്‍ വൈകല്യമുളള വ്യക്തിയുടേതായി തന്‍റെ പക്കലുളള വസ്തുവകകളുടെ വിവരങ്ങള്‍, അയാള്‍ക്കുവേണ്ടി ലഭിക്കുകയും ചെലവഴിക്കുകയും ചെയ്ത തുകയുടെ വിവരങ്ങള്‍, അവശേഷിക്കുന്ന തുക മുതലായ കാര്യങ്ങള്‍ ഓരോ സാന്പത്തികവര്‍ഷവും അവസാനിച്ചതിനുശേഷമുളള മൂന്നുമാസത്തിനുളളില്‍ തന്‍റെ നിയമനാധികാരിക്ക് നല്‍കേണ്ടതാണ്.
17. രക്ഷാകര്‍ത്താവിനെ നീക്കംചെയ്യല്‍
(1) വൈകല്യമുളളയാളിന്‍റെ മാതാപിതാക്കളോ ബന്ധുക്കളോ അംഗീകൃത സംഘടനകളോ ഒരു രക്ഷാകര്‍ത്താവ് താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തതായി കണ്ടെത്തിയാല്‍ -
(എ) വികലാംഗനായ വ്യക്തിയെ അവഹേളിക്കുന്നതോ അവഗണിക്കുന്നതോ
(ബി) വസ്തുവകകള്‍ ദുരുപയോഗം ചെയ്യുന്നതോ അവഗണിക്കുന്നതോ
ഇത്തരം സാഹചര്യങ്ങളില്‍ നിയമപ്രകാരമുളള നടപടിക്രമങ്ങളിലൂടെ കമ്മിറ്റിക്ക് അത്തരം രക്ഷാകര്‍ത്താവിനെ നീക്കംചെയ്യാവുന്നതാണ്.
(2) അത്തരം അപേക്ഷകള്‍ ലഭിക്കുന്നപക്ഷം, രക്ഷാകര്‍ത്താവിനെ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കമ്മിറ്റിക്കു ബോധ്യപ്പെടുകയാണെങ്കില്‍ അതിനുളള കാരണം രേഖപ്പെടുത്തുകയും അത്തരം രക്ഷാകര്‍ത്താവിനെ നീക്കം ചെയ്യുകയും പുതിയ രക്ഷാകര്‍ത്താവിനെ നിയമിക്കുകയും ചെയ്യേണ്ടതാണ്. പുതിയ രക്ഷാകര്‍ത്താവിനെ ലഭ്യമായില്ലെങ്കില്‍, വൈകല്യമുളള വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തേണ്ടതാണ്.
(3) സബ് സെക്ഷന്‍ (2) പ്രകാരം നീക്കം ചെയ്യപ്പെടുന്ന വ്യക്തി വൈകല്യമുളള വ്യക്തിയുടേതായി തന്‍റെ പക്കലുളള വസ്തുവകകളുടെയും സ്വീകരിച്ചതും വിതരണം ചെയ്തതുമായ പണത്തിന്‍റെയും വിശദവിവരങ്ങള്‍ പുതിയ രക്ഷാകര്‍ത്താവിന് കൈമാറാന്‍ ബാധ്യസ്ഥനാണ്.
വിശദീകരണം: ഈ അധ്യാത്തെ സംഹബന്ധിച്ചിടത്തോളം, ബന്ധു എന്നാല്‍ വൈകല്യമുളള വ്യക്തിയുമായി വിവാഹത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ബന്ധമുളളയാളോ രക്തബന്ധമുളളയാളോ ആകുന്നു.
പ്രതിബദ്ധതയും നിരീക്ഷണവും
18. പ്രതിബദ്ധത
(1) ബോര്‍ഡിന്‍റെ കൈവശമുളള ബുക്കുകളും രേഖകളും ഏതൊരു അംഗീകൃത സംഘടനയ്ക്കും പരി ശോധിക്കാവുന്നതാണ്.
(2) ബോര്‍ഡിന്‍റെ കൈവശമുളള ബുക്കുകളുടെയും രേഖകളുടെയും കോപ്പി ലഭിക്കുന്നതിന് ഏതൊരു അംഗീകൃത സംഘടനയ്ക്കും രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്.
(3) അംഗീകൃത സംഘടനകള്‍ക്ക് ബുക്കുകളും രേഖകളും ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം ബോര്‍ഡ് നടത്തുന്നതാണ്.
19. നിരീക്ഷണം
സാന്പത്തികസഹായം തേടുന്ന അംഗീകൃത സംഘടനകളുടെ സാന്പത്തികസ്ഥിതി വിലയിരുത്തുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം ബോര്‍ഡ് നടത്തുന്നതാണ്. ട്രസ്റ്റില്‍നിന്ന് ധനസഹായം ലഭിക്കുന്ന അംഗീകൃത സംഘടനകള്‍ക്ക് നിരീക്ഷണം നടത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് ആവിഷ്ക്കരിക്കുന്നതാണ്.
20. വാര്‍ഷിക പൊതുസമ്മേളനം
(1) അംഗീകൃത സംഘടനകളുടെ വാര്‍ഷിക പൊതുസമ്മേളനം വര്‍ഷത്തിലൊരിക്കല്‍ ബോര്‍ഡ് വിളിച്ചുകൂട്ടും. രണ്ടു വാര്‍ഷിക പൊതുസമ്മേളനങ്ങള്‍ തമ്മില്‍ കുറഞ്ഞത് ആറുമാസത്തെ ഇടവേള ഉണ്ടായിരിക്കണം.
(2) വാര്‍ഷിക പൊതുസമ്മേളനത്തിന്‍റെ നോട്ടീസിനൊപ്പം തൊട്ടു മുന്‍വര്‍ഷത്തെ കണക്കുകളും മറ്റുരേഖകളും എല്ലാ അംഗീകൃത സംഘടനകള്‍ക്കും ബോര്‍ഡ് നിയമം അനുശാസിക്കുന്ന സമയത്ത് അയച്ചുകൊടുക്കുന്നതാണ്.
(3) അത്തരം സമ്മേളനത്തിന്‍റ കോറമെന്നത് നിയമപ്രകാരം സമയാസമയങ്ങളില്‍ നിശ്ചയിക്കുന്നതരത്തിലായിരിക്കും.
ഫിനാന്‍സ്, അക്കൌണ്ട്സ്, ഓഡിറ്റ് മുതലായവ
21. കേന്ദ്രസര്‍ക്കാരിന്‍റെ ഗ്രാന്‍റ്
പാര്‍ലമെന്‍റില്‍ പാസ്സാക്കിയ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റിന് ഒറ്റത്തവണത്തെ സംഭാവനയായി 100 കോടി രൂപ നല്‍കും. നിയമപ്രകാരം ട്രസ്റ്റിന്‍റെ ലക്ഷ്യം നേടാന്‍ ഈ തുക വിനിയോഗിക്കാം.
22. ഫണ്ട് -
(1) നാഷണല്‍ ട്രസ്റ്റ് ഫോര്‍ വെല്‍ഫെയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്‍റല്‍ റിട്ടാര്‍ഡേഷന്‍ ആന്‍റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ഫണ്ട് എന്ന പേരില്‍ ഒരു ഫണ്ട് രൂപീകരിക്കും. അതിലേയ്ക്ക് താഴെപ്പറയുന്നവ നിക്ഷേപിക്കും –
(എ) കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന എല്ലാ തുകയും.
(ബി) ഗ്രാന്‍റ്, സമ്മാനം, സംഭാവന, നിക്ഷേപം മുതലായ നിലകളില്‍ ട്രസ്റ്റിന് ലഭിക്കുന്ന പണം.
(സി) മറ്റേതെങ്കിലും സ്രോതസ്സില്‍നിന്ന് ട്രസ്റ്റിന് ഏതെങ്കിലും തരത്തില്‍ ലഭിക്കുന്ന പണം.
(2) ഫണ്ടിന്‍റെ എല്ലാ പണവും കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ ബോര്‍ഡ് തീരുമാനിക്കുന്ന ബാങ്കിലോ തീരുമാനിക്കുന്ന രീതിയിലോ നിക്ഷേപിക്കും.
(3) സെക്ഷന്‍ 10 അനുസരിച്ചോ ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ പ്രകാരമോ ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരങ്ങളും ചുമതലകളും നിര്‍വ്വഹിക്കുന്നതിനും ട്രസ്റ്റിന്‍റെ ഭരണപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും ഈ ഫണ്ട് വിനിയോഗിക്കാവുന്നതാണ്.
23. ബജറ്റ്
ട്രസ്റ്റിന്‍റെ വരവും ചെലവും കണക്കാക്കിക്കൊണ്ട് ബോര്‍ഡ് എല്ലാ സാന്പത്തികവര്‍ഷവും നിശ്ചിതരീതിയിലും നിശ്ചിതസമയത്തും തൊട്ടടുത്ത സാന്പത്തികവര്‍ഷ ത്തേയ്ക്കുളള ബജറ്റ് തയ്യാറാക്കുന്നതാണ്. തുടര്‍ന്ന് ഇത് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുന്നതുമാണ്.
24. അക്കൌണ്ട്സും ഓഡിറ്റും
(1) ബോര്‍ഡ് ശരിയായ വിധത്തില്‍ കണക്കുകളും മറ്റു രേഖകളും സൂക്ഷിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലുമായി ആശയവിനിമയം നടത്തിയശേഷം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വരുമാനവും ചെലവും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിതമാതൃകയില്‍ ബോര്‍ഡ് കണക്കുകളുടെ വാര്‍ഷിക സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതാണ്.
(2) ബോര്‍ഡിന്‍റെ കണക്കുകള്‍ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ നിശ്ചയിക്കുന്ന ഇടവേളകളില്‍ അദ്ദേഹം ഓഡിറ്റ് ചെയ്യുന്നതാണ്. ഇതിന് എന്തെങ്കിലും ചെലവു വരുന്നപക്ഷം അത് ബോര്‍ഡ്, കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നല്‍കേണ്ടതാണ്.
(3) കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിനും ട്രസ്റ്റിന്‍റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ അദ്ദേഹം നിയോഗിക്കുന്നവര്‍ക്കും കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് സര്‍ക്കാരിന്‍റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്പോള്‍ ഉളള അതേ അധികാരവും അവകാശവും ആധികാരികതയും ആയിരിക്കും ഉണ്ടാകുക. ഏതെങ്കിലും കണക്കുപുസ്തകങ്ങളോ ബന്ധപ്പെട്ട വൌച്ചറുകളോ മറ്റുരേഖകളോ ഹാജരാക്കാന്‍ ആവശ്യപ്പെടാനും ട്രസ്റ്റിന്‍റെ ഏത് ഓഫീസിലും പരിശോധന നടത്താനും ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ടായിരിക്കും.
(4) കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലോ അദ്ദേഹം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തുന്ന കണക്കുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനോടൊപ്പം കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കേണ്ടതും കേന്ദ്ര സര്‍ക്കാര്‍ അത് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
25. വാര്‍ഷിക റിപ്പോര്‍ട്ട്
തൊട്ടുമുന്‍വര്‍ഷത്തെ പ്രവര്‍ത്തനത്തെ ശരിയായതും പൂര്‍ണ്ണമായതുമായ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിതരൂപത്തിലും സമയത്തും തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് ബോര്‍ഡ് എല്ലാവര്‍ഷവും കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കേണ്ടതും കേന്ദ്ര സര്‍ക്കാര്‍ അത് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടെയും പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
26. ഉത്തരവുകളുടെ സാധൂകരണം
ബോര്‍ഡിന്‍റെ എല്ലാ ഉത്തരവുകളും തീരുമാനങ്ങളും ട്രസ്റ്റിന്‍റെ പേരില്‍ പുറപ്പെടുവിക്കുന്ന എല്ലാ രേഖകളും അധ്യക്ഷനോ ചീഫ് എക്സിക്യുട്ടീവ് ഓഫീസറോ ഇതിനായി അധ്യക്ഷന്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഒപ്പു മുഖാന്തിരം സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതാണ്.
27. റിട്ടേണും മറ്റ് വിവരങ്ങളും
കേന്ദ്രസര്‍ക്കാര്‍ സമയാസമയങ്ങളില്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍, റിട്ടേണുകള്‍, മറ്റുവിവരങ്ങള്‍ എന്നിവ ബോര്‍ഡ് യഥാസമയം ലഭ്യമാക്കേണ്ടതാണ്.
മറ്റുകാര്യങ്ങള്‍
28. നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരം
(1) ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് തടസ്സം വരാത്തരീതിയില്‍, നയപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിനല്‍കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബോര്‍ഡിന് ബാധ്യത ഉണ്ടായിരിക്കും.
ഈ സബ് സെക്ഷന്‍ പ്രകാരം നിര്‍ദേശം നല്‍കുന്നതിനുമുന്‍പ് തങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കാന്‍ ബോര്‍ഡിന് കഴിയുന്നിടത്തോളം അവസരം നല്‍കേണ്ടതാണ്.
(2) ഒരു പ്രശ്നം നയപരമാണോ അല്ലയോ എന്നതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം അന്തിമമായിരിക്കും.
29. ബോര്‍ഡിനെ മറികടക്കാനുളളള കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരം
(1) അംഗീകൃതസംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്താലോ മറ്റേതെങ്കിലും വിധത്തിലോ, ബോര്‍ഡ് അതിന്‍റെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടതായോ വീഴിച വരുത്തിയതായോ കേന്ദ്ര സര്‍ക്കാരിനു തോന്നുന്നപക്ഷം, ബോര്‍ഡിനെ മറികടക്കാതിരിക്കാന്‍ കാരണം കണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
ബോര്‍ഡിനെ മറികടക്കാതിരിക്കാന്‍ കാരണം കണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നതുവഴി ബോര്‍ഡിന്‍റെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കിയതിനുശേഷം മാത്രമേ ബോര്‍ഡിനെ മറികടന്നുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാവൂ.
(2) ഔദ്യോഗികഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും കാരണം വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തതിനുശേഷം, ആറുമാസത്തില്‍ കൂടാത്ത കാലയളവിലേയ്ക്ക് ബോര്‍ഡിനെ മറികടക്കാവുന്നതാണ്.
ബോര്‍ഡിനെ മറികടന്നുകൊണ്ടുളള കാലാവധി അവസാനിക്കുന്നതോടെ സെക്ഷന്‍ മൂന്ന് അനുസരിച്ച് കേന്ദ്രസര്‍ക്കാരിന് ബോര്‍ഡ് പുനഃസംഘടിപ്പിക്കാവുന്നതാണ്.
(3) സബ് സെക്ഷന്‍ (2) അനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ -
(എ) തങ്ങളുടെ കാലാവധി കഴിഞ്ഞില്ലെങ്കില്‍പോലും അംഗങ്ങള്‍ സ്ഥാനം ഒഴിയേണ്ടതാണ്.
(ബി) ബോര്‍ഡിനെ മറികടന്നുകൊണ്ടുളള ഉത്തരവ് നിലനില്‍ക്കുന്നിടത്തോളംകാലം, നിയമപ്രകാരം ട്രസ്റ്റ് നിര്‍വ്വഹിച്ചുകൊണ്ടിരുന്ന ഉത്തരവാദിത്തങ്ങളും പ്രയോഗിച്ചിരുന്ന അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന വ്യക്തിയോ വ്യക്തികളോ നിര്‍വ്വഹിക്കുന്നതായിരിക്കും.
(4) സബ് സെക്ഷന്‍ (2) അനുസരിച്ചുളള വിജ്ഞാപനത്തിന്‍ഫറെ കാലാവധി അവസാനിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന് -
(എ) പരമാവധി ആറുമാസത്തില്‍ കവിയാത്ത തരത്തില്‍ ഉളള കാലയളവിലേയ്ക്ക് ബോര്‍ഡിനെ മറികടന്ന നടപടി ദീര്‍ഘിപ്പിക്കാവുന്നതാണ്.
(ബി) സെക്ഷന്‍ മൂന്ന് പ്രകാരം ബോര്‍ഡ് പുനഃസംഘടിപ്പിക്കാവുന്നതാണ്.
30. ആദായനികുതിയില്‍നിന്ന് ഒഴിവാക്കല്‍
ആദായം, ലാഭം, നേട്ടം എന്നിവയിന്‍മേലുളള നികുതിയെക്കുറിച്ച് 1961ലെ ആദായനികുതി നിയമത്തിലോ നിലവിലുളളള മറ്റ് ഏതെങ്കിലും നിയമത്തിലോ എന്തുതന്നെ പറഞ്ഞിരുന്നാലും, ആദായം, ലാഭം, നേട്ടം എന്നിവയിന്‍മേല്‍ ആദായനികുതിയോ മറ്റേതെങ്കിലും നികുതിയോ നല്‍കാന്‍ ട്രസ്റ്റിന് ബാധ്യത ഉണ്ടായിരിക്കുന്നതല്ല.
31. ഉത്തമവിശ്വാസത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുളള സംരക്ഷണം
ഈ നിയമപ്രകാരമുളള ചുമതല നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി ഉത്തമവിശ്വാസത്തില്‍ സ്വീകരിക്കുന്ന നടപടികളെ ത്തുടര്‍ന്നുണ്ടാകുന്നതോ ഉണ്ടാകാനിടയുളളതോ ആയ നാശത്തിനും നഷ്ടത്തിനും കേന്ദ്ര സര്‍ക്കാരിനോ ട്രസ്റ്റിനോ ബോര്‍ഡ് അംഗങ്ങള്‍ക്കോ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കോ മറ്റ് ഓഫീസര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ ബോര്‍ഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യക്തികള്‍ക്കോ എതിരെ യാതൊരുവിധ കേസുകളോ പ്രോസിക്യൂഷന്‍ നടപടികളോ മറ്റ് നിയമനടപടികളോ സ്വീകരിക്കാന്‍ പാടുളളതല്ല.
വിശദീകരണം – ഈ സെക്ഷനിലെ ഉദ്ദേശ്യത്തിനായി ഉത്തമവിശ്വാസം എന്നതിന് ഇന്ത്യന്‍ പീനല്‍ കോഡില്‍ നല്‍കിയിരിക്കുന്ന അതേ അര്‍ഥമായിരിക്കും ഉണ്ടായിരിക്കുക.
32. അധ്യക്ഷന്‍, അംഗങ്ങള്‍, ട്രസ്റ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പൊതുസേവകരായിരിക്കും.
ഈ നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്പോള്‍, ട്രസ്റ്റിലെ എല്ലാ അംഗങ്ങളും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, മറ്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവരും ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 21 അനുശാസിക്കുന്ന വിധത്തില്‍ പൊതുസേവകരായിരിക്കും.
33. ചുമതലപ്പെടുത്തല്‍
പൊതുവായോ പ്രത്യേകമായോ എഴുതിത്തയ്യാറാക്കിയ ഉത്തരവിലൂടെ അധ്യക്ഷനെയോ ഏതെങ്കിലും അംഗത്തിനെയോ ട്രസ്റ്റിലെ ഏതെങ്കിലും ഓഫീസറെയോ മറ്റേതെങ്കിലും വ്യക്തിയെയോ ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്ന ഉപാധികളോടെയും പരിമിതികളോടെയും ബോര്‍ഡിന് യുക്തമെന്നു തോന്നുന്ന ചുമതലകള്‍ ഏല്‍പിച്ചുനല്‍കാവുന്നതാണ്.
34. നിയമം നിര്‍മ്മിക്കാനുളള അധികാരം
(1) ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകവഴി ഈ ചട്ടത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് നിയമം നിര്‍മ്മിക്കാവുന്നതാണ്.
(2) ഇതുവരെ പറഞ്ഞ അധികാരങ്ങള്‍ക്കു വിരുദ്ധമാകാത്ത രീതിയില്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി ഇത്തരം നിയമങ്ങള്‍ വിനിയോഗിക്കാവുന്നതാണ്.
(എ) രജിസ്റ്റര്‍ ചെയ്ത സംഘടനകളില്‍ നിന്ന് സെക്ഷന്‍ (3) സബ് സെക്ഷന്‍ (4) ക്ലോസ് (ബി) പ്രകാരം പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുളള നടപടികള്‍ക്ക് രൂപം നല്‍കുക.
(ബി) സെക്ഷന്‍ (4) സബ് സെക്ഷന്‍ (2) പ്രകാരം അധ്യക്ഷന്‍റെയും അംഗങ്ങളുടെയും സേവനവ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുക.
(സി) സെക്ഷന്‍ (4) സബ് സെക്ഷന്‍ (6) പ്രകാരം ബോര്‍ഡ് മീറ്റിങ്ങിന്‍റെ നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കുക.
(ഡി) സെക്ഷന്‍ (8) സബ് സെക്ഷന്‍ (1) പ്രകാരം ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ അധികാരവും ചുമതലകളും നിര്‍വ്വചിക്കുക.
(ഇ) സെക്ഷന്‍ 14 സബ് സെക്ഷന്‍ (2) പ്രകാരം രക്ഷാകര്‍ത്തൃത്വത്തിനായി അംഗീകൃത സംഘടനകള്‍ അപേക്ഷിക്കുന്നതിനുളള ഫാറത്തിന്‍റെ മാതൃക തയ്യാറാക്കുക.
(എഫ്) സെക്ഷന്‍ 17 പ്രകാരം ഒരു രക്ഷകര്‍ത്താവിനെ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ക്ക് രൂപം നല്‍കുക.
(ജി) സെക്ഷന്‍ 23 പ്രകാരം, ട്രസ്റ്റിന്‍റെ ബജറ്റ് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കാനുളള മാതൃകയും അതിനുളള സമയവും തീരുമാനിക്കുക.
(എച്ച്) സെക്ഷന്‍ (24) സബ് സെക്ഷന്‍ (1) പ്രകാരം, കണക്കുകളുടെ വാര്‍ഷിക സ്റ്റേറ്റ്മെന്‍റ് സൂക്ഷിക്കുന്നതിനുളള മാതൃക തയ്യാറാക്കുക.
(ഐ) സെക്ഷന്‍ (25) പ്രകാരം, വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അയയ്ക്കുന്നതിനുമുളള മാതൃകയും അതിനുളള സമയവും തീരുമാനിക്കുക.
(ജെ) ആവശ്യമുളള മറ്റു കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
35. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനുളള അധികാരം
(1) കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയോടെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകവഴി ഈ നിയമത്തിന്‍റെ ലക്ഷ്യം നടപ്പാക്കുന്നതിനായി ബോര്‍ഡിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാവുന്നതാണ്.
(2) ഇതുവരെ പറഞ്ഞ അധികാരങ്ങള്‍ക്കു വിരുദ്ധമാകാത്ത രീതിയില്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിനിയോഗിക്കാവുന്നതാണ്.
(എ) സെക്ഷന്‍ (5) സബ് സെക്ഷന്‍ മൂന്ന് പ്രകാരം, ഒരു വ്യക്തിയെ സഹകരിപ്പിക്കുന്നതിനുളള രീതിയും ഉദ്ദേശ്യവും സംബന്ധിച്ച്.
(ബി) സെക്ഷന്‍ 4 സബ് സെക്ഷന്‍ (6) പ്രകാരം, ബോര്‍ഡ് ചേരുന്ന സ്ഥലവും സമയവും തീരുമാനിക്കുന്നതു സംബന്ധിച്ച്.
(സി) സെക്ഷന്‍ 8 സബ് സെക്ഷന്‍ (3) പ്രകാരം, ട്രസ്റ്റിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, മറ്റ് ഓഫീസര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ സേവനവ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുന്നതു സംബന്ധിച്ച്.
(ഡി) സെക്ഷന്‍ 12 സബ് സെക്ഷന്‍ (2) പ്രകാരം, രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടിയുളള മാതൃകയും രീതിയും തീരുമാനിക്കുന്നതും സബ് സെക്ഷന്‍ 19 പ്രകാരം അത്തരം അപേക്ഷകളില്‍ എന്താണ് ഉണ്ടായിരിക്കേണ്ടതെന്നതും സംബന്ധിച്ച്.
(ഇ) സെക്ഷന്‍ 14 സബ് സെക്ഷന്‍ (4) പ്രകാരം, തദ്ദേശ സമിതികള്‍ രക്ഷകര്‍ത്തൃത്വത്തിനുളള അപേക്ഷ സ്വീകരിക്കല്‍, വിശകലനം ചെയ്യല്‍, തീരുമാനമെടുക്കല്‍ എന്നിവയ്ക്കുളള രീതി നിശ്ചയിക്കുന്നത് സംബന്ധിച്ച്.
(എഫ്) സെക്ഷന്‍ 14 സബ് സെക്ഷന്‍ (5) പ്രകാരം, തദ്ദേശ സമിതികള്‍ക്ക് ലഭിക്കുന്ന അപേക്ഷകളുടെയും അതിന്‍മേലുളള തീരുമാനങ്ങളെയും സംബന്ധിച്ച്
(ജി) സെക്ഷന്‍ (19) പ്രകാരം, അംഗീകൃതസംഘടനകളുടെ സഹായധനം കിട്ടുന്നതിനുമുന്‍പുളള അവസ്ഥ വിലയിരുത്തുന്നതിനും അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം രൂപീകരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച്.
(എച്ച്) സെക്ഷന്‍ 20 സബ് സെക്ഷന്‍ (2), (3) എന്നിവ പ്രകാരം, വാര്‍ഷിക പൊതുയോഗത്തിന് നോട്ടീസ് അയയ്ക്കുന്നതിനുളള സമയവും അത്തരം യോഗങ്ങളുടെ കോറവും തീരുമാനിക്കുന്നത് സംബന്ധിച്ച്.
(ഐ) മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമുളള മറ്റു കാര്യങ്ങള്‍ സംബന്ധിച്ച്.
36. നിയമവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാര്‍ലമെന്‍റിന്‍റെ മുന്നില്‍ വെയ്ക്കുന്നത് സംബന്ധിച്ച്.
ഈ ചട്ടപ്രകാരമുളള എല്ലാ നിയമവും എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവ രൂപീകരിച്ചയുടന്‍തന്നെ പാര്‍ലമെന്‍റിന്‍റെ ഓരോ സഭയുടെയും മുന്നില്‍ സമര്‍പ്പിക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
അംഗവൈകല്യമുളളവരുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ ...
ശാരീരികമായോ മാനസികമായോ വൈകല്യം അഥവാ രോഗം ഉള്ളവരെ പ...
വൈകല്യമുള്ളവരുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള കൂടുത...
സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ...