പട്ടിക വര്‍ഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പട്ടികവര്‍ഗ ഉപപദ്ധതി അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ് (1974-75) നിലവില്‍ വന്നത്. ഒരു ഉപ പദ്ധതി സമീപനത്തിലൂടെ പട്ടിക വര്‍ഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക എന്നതാണ് പട്ടിക വര്‍ഗ ഉപപദ്ധതിയുടെ ലക്ഷ്യം. 1983-84 മുതല്‍ പദ്ധതിയുടെ സമീപനത്തില്‍ പലവിധ മാറ്റങ്ങള്‍ വരികയും ഇപ്പോള്‍ അത് ജില്ലാതലത്തില്‍ വികേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 73, 74 ഭരണഘടനാ ഭേദഗതികള്‍ക്ക് ശേഷം, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട വ്യക്തമായ ചുമതലകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയുണ്ടായി.
കേരളത്തിലെ ആദ്യത്തെ (1976) സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ടാണ് (ഐ.റ്റി.ഡി.പി) അട്ടപ്പാടിയിലെ പട്ടികവര്‍ഗ വികസന ബ്ലോക്ക്. പിന്നീട് പട്ടിക വര്‍ഗ വിഭാഗത്തിന്റെ പുരോഗതിക്കായി പ്രത്യേക അധികാര പരിധിയില്‍ ആറിലധികം ഐ.റ്റി.ഡി.പി-കള്‍ കൂടി രൂപീകരിച്ചു. ഐ.റ്റി.ഡി.പി പ്രദേശത്തിന് പുറമെ അധിവസിക്കുന്ന പട്ടിക വര്‍ഗ ക്കാരുടെ വികസനം ഇപ്പോള്‍ 10 പട്ടികവര്‍ഗ വികസന ഓഫീസുകള്‍ മുഖേനയാണ് (റ്റി.ഡി.ഒ കള്‍) നടപ്പിലാക്കുന്നത്.
വളരെ പ്രത്യേകതയുള്ള സങ്കേത ആവാസ രീതികളും, സാംസ്ക്കാരിക ആചാരങ്ങളും, പാരമ്പര്യ സവിശേഷതകളും ഉള്ളതിനാല്‍ പട്ടിക വര്‍ഗ സമൂഹം വനത്തിന്റെ ഉള്‍പ്രദേശങ്ങളിലോ സമീപത്തോ കേന്ദ്രീകരിച്ച് അധിവസിച്ചുവരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട്, പട്ടികവര്‍ഗക്കാരെ സംരക്ഷിക്കുന്നതിനും അതിലൂടെ അവരുടെ വികസനം നേടിയെടുക്കലുമാണ് പട്ടികവര്‍ഗ ഉപപദ്ധതിയുടെ തന്ത്രം. ഇതനുസരിച്ച്, സംസ്ഥാനത്തെ പട്ടികവര്‍ഗ ജനസംഖ്യയുടെ (1.45 ശതമാനം) അനുപാതത്തിലധികം തുക പട്ടികവര്‍ഗക്കാരുടെ പ്രത്യേക വികസനത്തിനായി വകയിരുത്തുന്നുണ്ട്. ബഡ്ജറ്റില്‍ പട്ടികവര്‍ഗ ഉപപദ്ധതിക്ക് വകയിരുത്തുന്ന തുക സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിമാത്രം ചെലവഴിക്കുന്നതിനു വേണ്ടിയുള്ളതാണ്. 2016-17-ല്‍ സംസ്ഥാന ബഡ്ജറ്റിന്റെ 2.84 ശതമാനവും 2017-18 -ല്‍ 2.83 ശതമാനവും തുക പട്ടികവര്‍ഗ ഉപപദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
പട്ടികവര്‍ഗ വികസനത്തിനായുള്ള പ്രധാന വിഭവ സ്രോതസ്സുകള്‍ (i) സംസ്ഥാന പദ്ധതി വിഹിതം, (ii) കേന്ദ്രാവിഷ്കൃത പരിപാടികളിലെ പട്ടിക വര്‍ഗ ഉപപദ്ധതിവിഹിതം, (iii) പട്ടികവര്‍ഗ ഉപപദ്ധതിയുടെ പ്രത്യേക കേന്ദ്രവിഹിതം, (എസ്.സി.എ റ്റു റ്റി.എസ്.പി.) ഭരണഘടന ആര്‍ട്ടിക്കിള്‍ 275(1) പ്രകാരമുള്ള ധനസഹായം, പട്ടികവര്‍ഗ മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന മറ്റു പരിപാടികളുടെ വിഹിതം, (iv) ധനകാര്യ സ്ഥാപനങ്ങളുടെ ധനസഹായം എന്നിവയാണ്.
2016-17-ല്‍ പട്ടികവര്‍ഗ വികസനവകുപ്പിന് അനുവദിച്ച 526.65 കോടി രൂപയില്‍ 475.41 കോടി രൂപ (90.33 ശതമാനം) ചെലവഴിച്ചിട്ടുണ്ട്. 2017-18-ല്‍ പട്ടികവര്‍ഗ വികസനത്തിനായി നീക്കിവെച്ചിട്ടുള്ള ആകെ സംസ്ഥാന പദ്ധതി വിഹിതം 751.08 കോടി രൂപയാണ്. ഇതില്‍ 575.08 കോടി രൂപ (76.57ശതമാനം) പട്ടികവര്‍ഗ വികസന വകുപ്പിനും 176.00 കോടി രൂപ (23.43ശതമാനം) തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കുകയുണ്ടായി. 50 ശതമാനം, 100 ശതമാനം എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള കേന്ദ്രവിഹിതമായി യഥാക്രമം 21.30 കോടി രൂപയും 105.02 കോടി രൂപയും വകയിരുത്തുകയുണ്ടായി. ഇതുകൂടാതെ 13.00 കോടിരൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായമായും പ്രതീക്ഷിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020