Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / ന്യൂന പക്ഷ ക്ഷേമം / എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌

എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌- കൂടുതൽ വിവരങ്ങൾ

ആമുഖം

സംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ്‌ ഏർപ്പെടുത്തിയ വിവിധോദ്ദേശ്യ സാമൂഹിക സുരക്ഷാപദ്ധതി. 1948-ൽ പാസ്സാക്കിയ നിയമപ്രകാരം 1952-ൽ ഇതിന്റെ പ്രവർത്തനമാരംഭിച്ചു. ഇന്ത്യയുടെ വിസ്‌തൃതിയും വിഭവശേഷിയും കണക്കിലെടുത്ത്‌ ഈ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കിയാൽ മതിയെന്ന്‌ നിയമം അനുശാസിക്കുന്നു.

10,000 രൂപയിൽ കവിയാത്ത പ്രതിമാസ വരുമാനമുള്ള എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയുടെ പരിധിയിൽപ്പെടുത്തിയിരിക്കുന്നു. 10 തൊഴിലാളികളിൽ കൂടുതൽ അംഗങ്ങളുള്ള സ്ഥാപനങ്ങള്‍ (ചില സംസ്ഥാനങ്ങളിൽ ഇത്‌ 20-ൽ കൂടുതൽ എന്നാണ്‌. ഇത്‌ 10 ആയി കുറവുചെയ്യുന്നതിനുള്ള നിയമനിർമാണങ്ങള്‍ സ്വീകരിച്ചുവരുന്നു.)-വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പത്രം, പരസ്യം, ഹോട്ടൽ, റെസ്റ്റോറന്റുകള്‍, റോഡ്‌-മോട്ടോർ ഗതാഗതസ്ഥാപനങ്ങള്‍, പ്രിവ്യൂതിയെറ്റർ ഉള്‍പ്പെടെയുള്ള സിനിമാസ്ഥാപനങ്ങള്‍-ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇ.എസ്‌.ഐ.സി. ആക്‌റ്റിലെ 15(5) വകുപ്പനുസരിച്ചാണ്‌ ഈ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ക്ലെറിക്കൽ ജോലിചെയ്യുന്നവരും മേൽനോട്ടം വഹിക്കുന്നവരും സാധാരണ തൊഴിലാളികളും കോണ്‍ട്രാക്‌ടരുടെ ഇടപാടിൽ പ്രവർത്തിക്കുന്നവരും "തൊഴിലാളി' എന്ന നിർവചനത്തിൽപ്പെടുന്നു. ഇവരെക്കൂടാതെ "രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമാ യോജന' പദ്ധതിയിലുള്‍പ്പെട്ട നിർധനർക്കും ഇതിന്റെ ആനുകൂല്യം അനുവദിക്കപ്പെട്ടിരിക്കുന്നു. നിലവിൽ ഒരു കോടി രണ്ടുലക്ഷം കുടുംബങ്ങളിലെ ആറുകോടി രണ്ടുലക്ഷം അംഗങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്‌. രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു കോടി അമ്പത്തിനാലുലക്ഷത്തി നാല്‌പത്തിമൂവായിരം തൊഴിൽദാതാക്കളും ഇതിൽ അംഗങ്ങളാണ്‌.

എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സിന്റെ ഭരണച്ചുമതല എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കോർപ്പറേഷനിൽ നിക്ഷിപ്‌തമായിരിക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു സമിതിയാണിത്‌. ഇതിനുപുറമേ പാർലമെന്റിന്റെ പ്രതിനിധികളും ഡോക്‌ടർമാരും ഇതിൽ അംഗങ്ങളാണ്‌. കോർപ്പറേഷന്റെ അംഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരു സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയാണ്‌ ഭരണസമിതി. യൂണിയന്‍ തൊഴിൽമന്ത്രി കോർപ്പറേഷന്റെ ചെയർമാനും, യൂണിയന്‍ ഡെപ്യൂട്ടി തൊഴിൽ മന്ത്രി സ്റ്റാന്‍ഡിങ്‌ കമ്മറ്റിയുടെ ചെയർമാനുമാണ്‌. വൈദ്യശുശ്രൂഷയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളെക്കുറിച്ച്‌ കോർപ്പറേഷനെ ഉപദേശിക്കുന്നതിന്‌ ഒരു മെഡിക്കൽ ബെനിഫിറ്റ്‌ കൗണ്‍സിലും രൂപവത്‌കരിച്ചിട്ടുണ്ട്‌. അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമിതിക്കുപുറമേ സംസ്ഥാനതലത്തിലും തദ്ദേശസ്വയംഭരണപ്രദേശങ്ങളിലും സമിതികളുണ്ട്‌. സീനിയർ ഐ.എ.എസ്‌. ഉദേ്യാഗസ്ഥനായ ഡയറക്‌ടർ ജനറൽ ആണ്‌ ഈ കോർപ്പറേഷന്റെ ഭരണത്തലവന്‍. ഇദ്ദേഹത്തെ സഹായിക്കാനായി ഫൈനാന്‍ഷ്യൽ കമ്മീഷണൽ, മെഡിക്കൽ കമ്മീഷണർ, ഇന്‍ഷ്വറന്‍സ്‌ കമ്മീഷണൽ എന്നീ ഉന്നതോദേ്യാഗസ്ഥ വൃന്ദവുമുണ്ട്‌. കോർപ്പറേഷന്റെ വിഹിതം പിരിക്കുന്നതിനും ധനസഹായങ്ങള്‍ നല്‌കുന്നതിനും കോർപ്പറേഷന്റെ മറ്റു പ്രവർത്തനങ്ങള്‍ക്കുംവേണ്ടി പ്രത്യേകം ആഫീസുകളുണ്ട്‌. ഓരോ സംസ്ഥാനത്തുമുള്ള ആഫീസുകളുടെ നിയന്ത്രണത്തിൽ ലോക്കൽ ആഫീസുകളുടെ ഒരു ശൃംഖല തന്നെയുണ്ടായിരിക്കും. കോർപ്പറേഷന്റെ വിവിധ ആഫീസുകളിലെ പ്രവർത്തനങ്ങള്‍ പരിശോധിക്കുന്നതിനും തൊഴിലുടമകളുമായി ബന്ധപ്പെടുന്നതിനും പരിശോധനാ ഓഫീസുകളുണ്ട്‌.

പ്രവർത്തനങ്ങൾ

തൊഴിലാളികളിൽനിന്നും തൊഴിലുടമകളിൽനിന്നും ഒരു നിശ്ചിതവിഹിതം വീതം പിരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പണം സമാഹരിക്കുന്നത്‌. സ്‌കീമിന്റെ പരിരക്ഷയുള്ള ഒരു ജീവനക്കാരന്‍ വേതനത്തിന്റെ 1.75 ശതമാനവും തൊഴിലുടമ ആ ജീവനക്കാരനു നല്‌കുന്ന വേതനത്തിന്റെ 4.75 ശതമാനവുമാണ്‌ വിഹിതം നല്‌കേണ്ടത്‌. ദിവസം 100 രൂപവരെ സമ്പാദിക്കുന്ന ജീവനക്കാരെ വിഹിതം നല്‌കുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാൽ തൊഴിൽ ഉടമയുടെ വിഹിതം നല്‌കേണ്ടതാണ്‌. മുഴുവന്‍ വിഹിതവും അടയ്‌ക്കേണ്ട ചുമതല തൊഴിൽ ഉടമയുടേതാണ്‌. ജീവനക്കാരന്റെ വിഹിതത്തുക ജീവനക്കാരന്റെ വേതനത്തിൽനിന്ന്‌ കുറയ്‌ക്കാനുള്ള അവകാശം തൊഴിലുടമയ്‌ക്കുണ്ട്‌. സ്‌കീമിലേക്കുള്ള വിഹിതം മാസാടിസ്ഥാനത്തിൽ അടയ്‌ക്കേണ്ടതാണ്‌. വർഷത്തിൽ രണ്ടു വിഹിതകാലയളവുകളാണുള്ളത്‌. വിഹിതകാലയളവെന്നാൽ ഏപ്രിൽ 1 മുതൽ സെപ്‌തംബർ 30 വരെയും ഒക്‌ടോബർ 1 മുതൽ മാർച്ച്‌ 31 വരെയുമാണ്‌. സ്‌കീമിനു കീഴിലെ കാഷ്‌ ആനുകൂല്യം സാധാരണഗതിയിൽ നല്‌കുന്ന വിഹിതവുമായി ബന്ധപ്പെട്ടിരിക്കും. ഒരു വിഹിതകാലയളവ്‌ അവസാനിച്ച്‌ മൂന്നു മാസത്തിനുശേഷമാണ്‌ ആനുകൂല്യകാലയളവ്‌ ആരംഭിക്കുന്നത്‌.

രോഗം, പ്രസവം, തൊഴിലപകടങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണം, അംഗവൈകല്യം, ശവസംസ്‌കാരച്ചെലവ്‌, വൈദ്യശുശ്രൂഷ എന്നിവയ്‌ക്കാണ്‌ ഈ പദ്ധതിയിൽനിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്‌.

സിക്ക്‌നസ്‌ ബെനിഫിറ്റ്‌. ഒരു തൊഴിലാളിക്കു രോഗമുണ്ടെന്ന്‌ ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയാൽ അയാള്‍ക്ക്‌ കാലികവേതനം നല്‌കുന്ന പദ്ധതിയാണ്‌ "സിക്ക്‌നസ്‌ ബെനിഫിറ്റ്‌'. സർവീസ്‌ മേഖലകളിൽ ഇതിനായി ഇന്‍ഷ്വറന്‍സ്‌ മെഡിക്കൽ ആഫീസർ പ്രാക്‌ടീഷണർമാരെ നിയമിച്ചിട്ടുണ്ട്‌. അനുവദനീയ ദിവസവേതനത്തിന്റെ 70 ശതമാനമാണ്‌ ആണ്‌ ഇതിന്റെ നിരക്ക്‌.

ഏതെങ്കിലും ഒരു ആനുകൂല്യകാലയളവിൽ രോഗാനുകൂല്യം അർഹമാക്കുന്നതിന്‌ നിറവേറ്റേണ്ട വിഹിതവ്യവസ്ഥ ഇന്‍ഷ്വേഡ്‌ വ്യക്തിയുടെ ബന്ധപ്പെട്ട കാലയളവിലെ 78 ദിവസത്തിൽ കുറയാത്ത കാലയളവിലേക്കുള്ള വിഹിതം അടച്ചിട്ടുണ്ടായിരിക്കണം എന്നതാണ്‌. ഒന്‍പത്‌ മാസത്തെ സേവനകാലയളവ്‌ പൂർത്തിയാക്കുകയും വേണം. തുടർച്ചയായുള്ള രണ്ട്‌ ആനുകൂല്യകാലയളവിലെ പരമാവധി 91 ദിവസകാലയളവിലേക്കാണ്‌ രോഗാനുകൂല്യം നല്‌കുക. എയ്‌ഡ്‌സ്‌, ക്ഷയം, കുഷ്‌ഠം തുടങ്ങിയ 34 രോഗങ്ങളിൽ ഏതെങ്കിലും സാഹചര്യത്തിൽ ദീർഘിപ്പിച്ച കാഷ്‌ ആനുകൂല്യം നല്‌കാറുണ്ട്‌. വൈകല്യസാഹചര്യം ഒഴികെ ഇന്‍ഷ്വേഡ്‌ വ്യക്തി രണ്ടുവർഷം തുടർച്ചയായി ജോലിയിൽ ആയിരുന്നിരിക്കണം. തൊട്ടുമുമ്പുള്ള നാല്‌ ആനുകൂല്യകാലയളവിൽ കുറഞ്ഞത്‌ 156 ദിവസത്തെ വിഹിതം നല്‌കിയിട്ടുണ്ടാവണം. അനുവദനീയമായ ദിവസ വേതനനിരക്കിന്റെ 80 ശ. എന്ന കണക്കിലായിരിക്കും ദീർഘിപ്പിച്ച രോഗാനുകൂല്യത്തിന്റെ ദിവസനിരക്ക്‌. 91 ദിവസത്തേക്ക്‌ നല്‌കുന്ന രോഗാനുകൂല്യം അവസാനിച്ചാൽ ദീർഘിപ്പിച്ച രോഗാനുകൂല്യം പ്രത്യേകസാഹചര്യത്തിൽ രണ്ടുവർഷംവരെ നീട്ടാവുന്നതുമാണ്‌.

കുടുംബാസൂത്രണശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവർക്ക്‌ 1976 ആഗസ്റ്റുമുതൽ പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‌കിവരുന്നു. വാസക്‌ടമിക്കു വിധേയരാകുന്നവർക്ക്‌ ഏഴു ദിവസവും ട്യൂബക്‌ടമിക്കു വിധേയരാകുന്നവർക്ക്‌ 14 ദിവസവും അവധി നല്‌കുന്നു. ഇക്കാലത്തു മുഴുവന്‍ വേതനവും ലഭിക്കും. പ്രസവാനുകൂല്യം. പ്രസവാനുകൂല്യത്തിന്‌ തുടർച്ചയായി രണ്ടു വിഹിതകാലയളവിൽ 70 ദിവസത്തെ വിഹിതത്തുക ഒടുക്കുവരുത്തിയിട്ടുണ്ടാകണം. 12 ആഴ്‌ചയാണ്‌ സാധാരണയായി അനുവദിക്കുന്നത്‌. പ്രസവത്തിനുമുമ്പ്‌ ആറ്‌ ആഴ്‌ചയിൽക്കൂടുതൽ ഈ ആനുകൂല്യം നല്‌കുന്നതല്ല. പ്രസവാനുകൂല്യകാലത്തു മുഴുവന്‍ വേതനവും ലഭിക്കും. ഗർഭം അലസിപ്പോകുന്ന ഘട്ടങ്ങളിൽ ആറ്‌ ആഴ്‌ചത്തെ ആനുകൂല്യം നല്‌കാറുണ്ട്‌. ഗർഭധാരണം, പ്രസവം, ഗർഭം അലസിപ്പോകൽ, അകാലജനനം എന്നിവമൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കു സാധാരണ ആനുകൂല്യങ്ങള്‍ക്കു പുറമേ ഒരു മാസത്തിൽ കവിയാത്ത കാലത്തെ അവധിയും അനുവദിക്കുന്നു.

ഡിസേബിള്‍മെന്റ്‌ ബെനിഫിറ്റ്‌. തൊഴിലിൽ ഏർപ്പെട്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍മൂലം സംഭവിക്കുന്ന അവശതകള്‍ക്കു നല്‌കുന്ന ആനുകൂല്യമാണിത്‌. സ്ഥിരമായ പൂർണവൈകല്യത്തിനും താത്‌ക്കാലികവൈകല്യത്തിനുമുള്ള ദിവസാനുകൂല്യം സ്റ്റാന്‍ഡേർഡ്‌ രോഗാനുകൂല്യ നിരക്കിനെക്കാള്‍ 40 ശതമാനം കൂടുതലായിരിക്കും. അത്‌ വേതനനിരക്കിന്റെ ഏകദേശം 90 ശതമാനമായിരിക്കും, സ്ഥിരമായ ഭാഗികവൈകല്യത്തിന്‌ ആനുകൂല്യനിരക്ക്‌ സമ്പാദ്യശേഷി നഷ്‌ടപ്പെട്ട ശതമാനത്തിന്‌ ആനുപാതികമായിരിക്കും. ഞായറാഴ്‌ചകള്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്‌. വൈകല്യം നിലനിൽക്കുന്നിടത്തോളം താത്‌ക്കാലിക വൈകല്യാനുകൂല്യം നൽകുന്നതാണ്‌. പൂർണവൈകല്യാനുകൂല്യം ഗുണഭോക്താവിന്‌ ആജീവനാന്തം നല്‌കുന്നതാണ്‌. തൊഴിൽക്ഷതം സ്ഥിരമായ വൈകല്യത്തിൽ കലാശിച്ചോ എന്നു തീരുമാനിക്കുന്നതും ആ തൊഴിൽക്ഷതം മൂലമുണ്ടായ സ്ഥിരമായ നഷ്‌ടത്തിന്റെ തോത്‌ വിലയിരുത്തുന്നതും ഒരു മെഡിക്കൽ ബോർഡായിരിക്കും. അതിന്റെ തീരുമാനത്തിനെതിരെ മെഡിക്കൽ ആഫീസ്‌ ട്രബൂണലിൽ അപ്പീൽ നൽകാവുന്നതാണ്‌.

ആശ്രിതർക്കുള്ള ആനുകൂല്യങ്ങള്‍. ഇന്‍ഷ്വർ ചെയ്‌ത വ്യക്തി തൊഴിൽ-അപകടം മൂലം നിര്യാതനാവുകയാണെങ്കിൽ അയാളുടെ ആശ്രിതർക്കു പെന്‍ഷന്‍ നല്‌കുന്നുണ്ട്‌. ആശ്രിതരുടെ ഒന്നാമത്തെ വിഭാഗത്തിൽപ്പെട്ടവരാണ്‌ വിധവ, പുത്രന്‍, ദത്തുപുത്രന്‍, വിവാഹം കഴിക്കാത്ത പുത്രി, വിവാഹം കഴിക്കാത്ത ദത്തുപുത്രി എന്നിവർ. ഇവരുടെ അഭാവത്തിൽ മറ്റുള്ള ആശ്രിതർക്ക്‌ ആനുകൂല്യങ്ങള്‍ നല്‌കിവരുന്നു. പുത്രന്‌ 25 വയസ്സുവരെയും പെണ്‍മക്കള്‍ വിവാഹിതരാവുന്നതുവരെയും ആനുകൂല്യങ്ങള്‍ നല്‌കുന്നുണ്ട്‌. മരിച്ചുപോയ വ്യക്തിയെ ആശ്രയിച്ചുമാത്രം കഴിയുന്നവർക്കും മറ്റു ഉപജീവനമാർഗങ്ങള്‍ക്കു കഴിവില്ലാത്തവർക്കും കഴിവില്ലായ്‌മ നിലനില്‌ക്കുന്നിടത്തോളം കാലം പെന്‍ഷന്‍ നല്‌കിവരുന്നു. അനുവദനീയമായ ദിവസേവതനത്തുകയുടെ 90 ശതമാനമാണ്‌ നല്‌കുക. ഇത്‌ ഓരോ മാസവും ലഭ്യമാക്കുന്നതാണ്‌.

മരിച്ചുപോയ തൊഴിലാളിയുടെ ശവസംസ്‌കാരച്ചെലവു വഹിക്കുന്നതിന്‌ 10,000 രൂപയിൽ കവിയാത്ത ഒരു തുക നല്‌കുന്നതിനും വ്യവസ്ഥയുണ്ട്‌. സാമൂഹിക സുരക്ഷിതത്വ നടപടിയുടെ കാതലായ വൈദ്യാനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നതു എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സിന്റെ ഒരു സവിശേഷതയാണ്‌. സർവീസ്‌ സിസ്റ്റം വഴിയായും പാനൽസിസ്റ്റം വഴിയായും ഔട്ട്‌ പേഷ്യന്റുകള്‍ക്ക്‌ വൈദ്യസഹായം നല്‌കുന്നു. കോർപ്പറേഷന്റെ ശമ്പളം പറ്റുന്ന ഇന്‍ഷുറന്‍സ്‌ മെഡിക്കൽ ഓഫീസർമാരുടെ സേവനങ്ങളാണ്‌ സർവീസ്‌ സിസ്റ്റം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. സ്വകാര്യമെഡിക്കൽ പ്രാക്‌ടീഷണർമാരുടെ ക്ലിനിക്കുകളിലൂടെ വൈദ്യസഹായം നല്‌കുന്നതു പാനൽ സിസ്റ്റത്തിൽപ്പെടുന്നു. 1678 പാനൽ ക്ലിനിക്കുകള്‍ ഏർപ്പാടാക്കിയിട്ടുണ്ട്‌.

കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ഇന്‍ഷ്വർ ചെയ്‌തിട്ടുള്ളവർക്കുമാത്രമായി ആശുപത്രികള്‍ നിർമിച്ചിട്ടുണ്ട്‌. പൊതു ആശുപത്രികളിൽ ഈ പദ്ധതിയിൽ അംഗത്വമുള്ള തൊഴിലാളികള്‍ക്കു കിടക്കകള്‍ സംവരണം ചെയ്യുന്നുമുണ്ട്‌. വൈദ്യശുശ്രൂഷയുടെ ഭാഗമായി കൃത്രിമാവയവങ്ങളും നല്‌കിവരുന്നു. ഇതോടൊപ്പം തൊഴിലാളികള്‍ക്കും മറ്റാനുകൂല്യങ്ങള്‍ക്ക്‌ അർഹരാണ്‌. കണ്‍ഫൈന്‍മെന്റ്‌ ആനുകൂല്യം 2500 രൂപ. ഇത്‌ രണ്ടു പ്രസവങ്ങള്‍ക്ക്‌ നല്‌കുന്നതാണ്‌. അംഗവൈകല്യം കൊണ്ടുള്ള അവശതമൂലം (40 ശ. അവശത), ജോലിചെയ്യാന്‍ കഴിയാതെ വരുകിലോ തന്റേതല്ലാത്ത കാരണത്താൽ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താലും ആനുകൂല്യം അനുവദിക്കുന്നതാണ്‌. ഇതിന്‌ അനുവദനീയ വേതനത്തുകയുടെ 50 ശതമാനം ആണ്‌ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്‌. ഈ പദ്ധതിയെ രാജീവ്‌ഗാന്ധി ശ്രമിക്‌ കല്യാണ്‍യോജന എന്നറിയപ്പെടുന്നു.

ഇന്‍ഷ്വർ ചെയ്‌തിട്ടുള്ളവരുടെ ആശ്രിതർക്കും വൈദ്യാനുകൂല്യങ്ങള്‍ നല്‌കിവരുന്നു. ചില പ്രദേശങ്ങളിൽ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കിടത്തി ചികിത്സിക്കുന്നതിനും സൗകര്യങ്ങളുണ്ട്‌. റിട്ടയർ ചെയ്‌തവർ 120 രൂപാ വാർഷികവിഹിതം ഒടുക്കുകയാണെങ്കിൽ ഇവർക്കും ഇണയ്‌ക്കും വൈദ്യസഹായം നല്‌കുന്നതാണ്‌. ഡൽഹി ഒഴിച്ചുള്ള പ്രദേശങ്ങളിൽ തൊഴിലാളികള്‍ക്കു വൈദ്യസഹായം നല്‌കുന്നതിനുള്ള ചുമതല സംസ്ഥാനഗവണ്‍മെന്റിൽ നിക്ഷിപ്‌തമാക്കിയിരിക്കുന്നു. ഡൽഹിയിൽ കോർപ്പറേഷന്‍ നേരിട്ടാണ്‌ ഇതു നിർവഹിക്കുന്നത്‌. വൈദ്യസഹായം നല്‌കുന്നതിനുള്ള ചെലവ്‌ കോർപ്പറേഷനും സംസ്ഥാനഗവണ്‍മെന്റുകളും 7:1 എന്ന അനുപാതത്തിൽ വഹിക്കുന്നു. ഒരു പരിധിയിൽ കൂടുതലുള്ള ചെലവുകള്‍ സംസ്ഥാനഗവണ്‍മെന്റുകള്‍ നേരിട്ടു വഹിക്കണമെന്നുണ്ട്‌.

വൈദ്യസഹായവും ധനസഹായവും നല്‌കുന്നതിനു പുറമേ മറ്റുചില പുനരധിവാസ പ്രവർത്തനങ്ങളും കോർപ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്‌. തൊഴിൽ അപകടങ്ങള്‍മൂലം അംഗവൈകല്യം നേരിട്ടിട്ടുള്ളവർക്കു കൃത്രിമ അവയവങ്ങള്‍ നല്‌കുക; കണ്ണട, ശ്രവണസഹായികള്‍ എന്നിവ നല്‌കുക, സാമ്പത്തികാനുകൂല്യങ്ങള്‍ കോർപ്പറേഷന്റെ ചെലവിൽ മണി ഓർഡറായി അയയ്‌ക്കുക, വിദഗ്‌ധവൈദ്യപരിശോധനാകേന്ദ്രങ്ങള്‍ സന്ദർശിക്കുന്നതിനും മെഡിക്കൽ ബോർഡിനു മുമ്പിൽ ഹാജരാകുന്നതിനും മറ്റും യാത്രാച്ചെലവുകള്‍ നല്‌കുക എന്നിവ ഇതിൽപ്പെട്ട ഇനങ്ങളാണ്‌. കൂടാതെ തൊഴിലാളികള്‍ക്കു കുടുംബാസൂത്രണമാർഗങ്ങളെപ്പറ്റിയുള്ള ഉപദേശങ്ങളും നല്‌കിവരുന്നു. കോർപ്പറേഷന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവർക്കുവേണ്ടി കോർപ്പറേഷന്‍ ഒരു കുടുംബക്ഷേമപരിപാടി അടുത്തകാലത്തായി ആരംഭിച്ചിട്ടുണ്ട്‌. ജനസംഖ്യാപ്രവർത്തനങ്ങള്‍ക്കുവേണ്ടിയുള്ള യു.എന്‍. ഫണ്ടിന്റെ സാമ്പത്തികസഹായത്തോടെയാണ്‌ ഇത്‌ നടപ്പിലാക്കിയിട്ടുള്ളത്‌.

ഇ.എസ്‌.ഐ. പ്രവർത്തനങ്ങളെ സംബന്ധിച്ച തർക്കങ്ങള്‍കേട്ടു തീരുമാനിക്കുന്നതിന്‌ പ്രത്യേകം എംപ്ലോയീസ്‌ ഇന്‍ഷ്വറന്‍സ്‌ കോടതികളുണ്ട്‌. നിയമപ്രശ്‌നം സംബന്ധിച്ച തർക്കങ്ങളിൽ ഹൈക്കോടതിയാണ്‌ അവസാനതീരുമാനമെടുക്കുന്നത്‌.

സാമ്പത്തികാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും മറ്റുമായി 57 റീജിയണൽ/സബ്‌റീജിയണൽ/ഡിവിഷണൽ ഓഫീസുകളും 619 ബ്രാഞ്ച്‌ ഓഫീസുകളും 180 പേ ആഫീസുകളുമുണ്ട്‌. കോർപ്പറേഷന്‍ പുതുതായി വൈദ്യസുരക്ഷാച്ചെലവ്‌ ആരംഭിച്ചിട്ടുണ്ട്‌. സൂപ്പർസ്‌പെഷ്യാലിറ്റി ചികിത്സാച്ചെലവുകള്‍ കോർപ്പറേഷന്‍ നേരിട്ടുവഹിക്കുന്നു. ഇതിനായി രാജ്യത്തെ പ്രശസ്‌തമായ 800 സ്വകാര്യ ആശുപത്രികളുമായി കോർപ്പറേഷന്‍ കരാറിലേർപ്പെട്ടിരിക്കുന്നു. ഐ.വി.എഫ്‌. ചികിത്സാസഹായം, ആയുഷ്‌-ആയുർ വേദ, യുനാനി, സിദ്ധ, ഹോമിയോ & യോഗ-എന്ന ചികിത്സാ സൗകര്യങ്ങളും കോർപ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്‌. അടുത്തകാലത്തായി മെഡിക്കൽ/നഴ്‌സിങ്‌ കോളജുകളും തുടങ്ങുന്നതിന്‌ കോർപ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ കോർപ്പറേഷന്റെ ആദ്യ മെഡിക്കൽ കോളജ്‌ പ്രവർത്തനസജ്ജമായി വരുന്നു. നേരിട്ടുള്ള ചികിത്സയുടെ ഭാഗമായി ഇന്ത്യയൊട്ടാകെ 790 സെന്ററുകളിലായി 7983 ഐ.എം.ഒ./ഐ.എം.പി. യൂണിറ്റുകള്‍, 1403 ഡിസ്‌പെന്‍സറികള്‍, 93 ഐ.എസ്‌.എം. യൂണിറ്റുകള്‍, 148 ആശുപത്രികളെക്കൂടാതെ ഇവയോടു ചേർക്കപ്പെട്ടിരിക്കുന്ന 42 ചികിത്സാലയങ്ങളിലുള്‍പ്പെടെ 22,325 കിടക്കാ സൗകര്യം കോർപ്പറേഷന്‍ ഒരുക്കിയിരിക്കുന്നു. സ്വകാര്യാശുപത്രിയിലെ കിടക്കകള്‍കൂടി കണക്കിലെടുത്താൽ ഇവയുടെ എണ്ണം 27,339 ആയി വർധിക്കും. ഈ കോർപ്പറേഷന്റെ ചികിത്സാവിഭാഗത്തിൽ മാത്രമായി 50,000-ത്തിൽ ഏറെ ജീവനക്കാർ (മെഡിക്കൽ ആന്‍ഡ്‌ പാരാമെഡിക്കൽ) പ്രവർത്തിക്കുന്നു.

3.15151515152
DEVIPRIYA AJITH Aug 08, 2016 02:54 PM

കുടുതൽ കാര്യം അറിയുവാൻ സാധിച്ചു

Jerin Johnson Aug 08, 2016 02:17 PM

വളരെ ഉപകാര പ്രദമായിരുന്നു .ESI നെ കുറിച്ച കൂടുതൽ അറിയാൻ സാധിച്ചു.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top