অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റാഗിങ്

റാഗിങ്

ഇന്ത്യയില്‍ റാഗിങ് ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍ കടന്നിട്ട് അധികകാലമായിട്ടില്ല. ആദ്യനിയമം വന്നത് തമിഴ്നാട്ടിലാണ്. തൊട്ടുപിന്നാലെ കേരളത്തിലും. റാഗിങ് നിരോധിക്കുന്ന നിയമങ്ങള്‍ ഇന്ന് ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ഉത്തരവുകളിലൂടെ റാഗിങ് നിരോധിച്ചിട്ടുണ്ട്. റാഗിങ്ങിന്റെ ഭാഗമായുണ്ടാകുന്ന പീഡനങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 13 വകുപ്പുകള്‍പ്രകാരം കുറ്റകരമാകുന്ന സ്ഥിതി ഇന്നുണ്ട്.  

കേരളത്തിലും കര്‍ശനമായ വ്യവസ്ഥകളോടെ നിയമം വന്നിട്ട് 10 വര്‍ഷം പിന്നിടുന്നു. റാഗിങ് തടയാന്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. പക്ഷേ റാഗിങ് ഇടയ്ക്കിടെ മനുഷ്യത്വരഹിതമായ രൂപത്തില്‍ തലപൊക്കുന്നു. അടുത്തിടെ കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗയിലുണ്ടായ റാഗിങ്ങില്‍ കടുത്ത പീഡനമാണ് ഇരയായ പെണ്‍കുട്ടിക്കുനേരെ ഉണ്ടായത്. കേരളത്തിലും റാഗിങ്ങിന്റെ മറവില്‍ അതിക്രമങ്ങള്‍ കുറവല്ല. ഇവിടുത്തെ ക്യാമ്പസുകളിലൊന്നില്‍ ബലാത്സംഗംവരെ നടന്നു. ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. 

നേരിട്ടോ അല്ലാതെയോ റാഗിങ്ങിലേര്‍പ്പെടുന്നവരും റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നവരും കേരളത്തിലെ റാഗിങ്വിരുദ്ധ നിയമ (ഠവല ഗലൃമഹമ ജൃീവശയശശീിേ ീള ഞമഴഴശിഴ അര, 1998)  പ്രകാരം ശിക്ഷാര്‍ഹരാണ്. രണ്ടുവര്‍ഷംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റക്കാരനെന്നു തെളിയുന്ന ഒരു വിദ്യാര്‍ഥിയെ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് പുറത്താക്കണമെന്ന് നിയമത്തിന്റെ അഞ്ചാംവകുപ്പില്‍ പറയുന്നു.  ഈ പുറത്താക്കല്‍ തീയതിമുതല്‍ മൂന്നുവര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിലും ഇയാള്‍ക്ക് പ്രവേശനം നല്‍കാനും പാടില്ല. നിയമം  നിലവില്‍വന്നത് 1997 ഒക്ടോബര്‍ 23 മുതലാണ്. ആദ്യം ഓര്‍ഡിനന്‍സായി കൊണ്ടുവന്ന നിയമം പിന്നീട് 1998ല്‍ നിയമസഭ പാസാക്കുകയായിരുന്നു. 
നിയമത്തില്‍ 'റാഗിങ്' നിര്‍വചിക്കുന്നുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷംവരുത്തുന്ന ഏതു പ്രവൃത്തിയും റാഗിങ്ങാണ്. വിദ്യാര്‍ഥിയില്‍ ഭയമോ ആശങ്കയോ നാണക്കേടോ പരിഭ്രമമോ ഉണ്ടാക്കുന്ന ചെയ്തികളും റാഗിങ്ങിന്റെ പരിധിയില്‍പ്പെടും. കളിയാക്കല്‍, അധിക്ഷേപം, മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള മറ്റു പെരുമാറ്റം എന്നിവയും നിയമം റാഗിങ്ങായി നിര്‍വചിക്കുന്നു. ഇതുകൂടാതെ സാധാരണഗതിയില്‍ ഒരു വിദ്യാര്‍ഥി ചെയ്യാനിടയില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതും റാഗിങ്തന്നെ. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അകത്തും പുറത്തും റാഗിങ് നിരോധിക്കുന്നതാണ് നിയമത്തിലെ മൂന്നാംവകുപ്പ്. നാലാംവകുപ്പ് ശിക്ഷ നിര്‍ദേശിക്കുന്നു. 

നേരിട്ടോ അല്ലാതെയോ റാഗിങ്ങിലേര്‍പ്പെടുന്നവരും റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നവരും നിയമപ്രകാരം ശിക്ഷാര്‍ഹരാണ്. രണ്ടുവര്‍ഷംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റക്കാരനെന്നു തെളിയുന്ന ഒരു വിദ്യാര്‍ഥിയെ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് പുറത്താക്കണമെന്ന് നിയമത്തിന്റെ അഞ്ചാംവകുപ്പില്‍ പറയുന്നു.  ഈ പുറത്താക്കല്‍ തീയതിമുതല്‍ മൂന്നുവര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇയാള്‍ക്ക് പ്രവേശനം നല്‍കാനും പാടില്ല. 

ഒരു പരാതി കിട്ടിയാല്‍ എന്തു ചെയ്യണമെന്ന് ആറാം വകുപ്പില്‍ പറയുന്നു. റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെയോ രക്ഷിതാവിന്റെയോ അധ്യാപകന്റെയോ പരാതി കിട്ടിയാല്‍ സ്ഥാപനമേധാവി ഏഴുദിവസത്തിനകം അന്വേഷണം നടത്തണം.  പരാതി പ്രഥമദൃഷ്ട്യാ സത്യമെന്നു കണ്ടാല്‍ കുറ്റംചെയ്ത വിദ്യാര്‍ഥിയെ സ്ഥാപനത്തില്‍നിന്ന് സസ്പെന്‍ഡ്ചെയ്യണം. പരാതി പൊലീസിന് കൂടുതല്‍ നടപടികള്‍ക്കായി കൈമാറുകയുംവേണം. പരാതി തെറ്റാണെന്നാണ് അന്വേഷണത്തില്‍ തെളിയുന്നതെങ്കില്‍ പരാതി നല്‍കിയ ആളെ അക്കാര്യം രേഖാമൂലം അറിയിക്കണം. 

പരാതി കിട്ടിയാല്‍ അന്വേഷിക്കുന്നതിലോ നടപടി സ്വീകരിക്കുന്നതിലോ വീഴ്ചവരുത്തുന്ന സ്ഥാപനമേധാവിക്കെതിരെ പ്രേരണാകുറ്റം ചുമത്താമെന്ന വ്യവസ്ഥയും നിയമത്തിന്റെ ഏഴാം വകുപ്പിലുണ്ട്. പരാതി അവഗണിക്കുകയോ പരാതി പ്രകാരം നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന വകുപ്പുമേധാവിക്ക് റാഗിങ്ങിലേര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷതന്നെ നല്‍കാമെന്നും ഏഴാംവകുപ്പില്‍ പറയുന്നു. 

കേരളത്തിലെ നിയമത്തിന് സമാനമായ നിയമങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എന്നാല്‍ മിക്കപ്പോഴും നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. 2001ല്‍ വിശ്വജാഗ്രതി മിഷന്‍ ഈ പ്രശ്നം മുന്‍നിര്‍ത്തി സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. റാഗിങ് ഇല്ലാതാക്കാന്‍ കര്‍ശനനടപടികള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഡിവിഷന്‍ ബെഞ്ച് 2001 മേയ് നാലിന് വിധി പറഞ്ഞു. റാഗിങ് തടയാന്‍ സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികള്‍ വിധിയില്‍ നിര്‍ദേശിക്കുന്നുണ്ട്. 

ബോധവല്‍ക്കരണ നടപടികളാണ് കോടതിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. അപേക്ഷാഫോറം മുതല്‍തന്നെ റാഗിങ്ങിലേര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കെതിരായ മുന്നറിയിപ്പ് ഉണ്ടാകണം. റാഗിങ്ങിലേര്‍പ്പെട്ടാല്‍ കിട്ടാവുന്ന ശിക്ഷയും വ്യക്തമാക്കണം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന സത്യപ്രസ്താവന വിദ്യാര്‍ഥിയില്‍നിന്നും രക്ഷിതാവില്‍നിന്നും ഒപ്പിട്ടുവാങ്ങണം. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ റാഗിങ് തടയാന്‍ ചുമതലപ്പെട്ട ഒരു കമ്മിറ്റി രൂപീകരിക്കണം. മുതിര്‍ന്ന അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡന്‍മാരും ഏതാനും മുതിര്‍ന്ന വിദ്യാര്‍ഥികളും ഇതില്‍ അംഗങ്ങളാകണം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിലും മറ്റും സുരക്ഷിതത്വം ഉറപ്പാക്കാനായി ഗാര്‍ഡുകളെ നിയമിക്കണം. 
കോഴ്സ് പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അവര്‍ പഠനകാലയളവില്‍ റാഗിങ്ങില്‍ ഏര്‍പ്പെട്ടിരുന്നോ എന്നു വ്യക്തമാക്കുന്ന കോളംകൂടി ഉള്‍പ്പെടുത്തണമെന്നും വിധിയില്‍ നിര്‍ദേശിക്കുന്നു.

എന്നാല്‍ നിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി 2006 നവംബറില്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. റാഗിങ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍തന്നെ കുറ്റമായി നിര്‍വചിക്കണമെന്ന് കമ്മിറ്റി ശിപാര്‍ശചെയ്തിരുന്നു. കമ്മിറ്റിയുടെ രണ്ടും മൂന്നും റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞമാസം 11ന് സുപ്രീംകോടതി പരിഗണിച്ചു. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും  വിവിധ വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും കോടതി കര്‍ശന നിര്‍ദേശം നല്‍കി. റാഗിങ്ങിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ പീഡനത്തിരയായ രണ്ടു സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ രാഘവന്‍ വിവരിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യംകൂടി പരിഗണിച്ച കോടതി, റാഗിങ്ങിലേര്‍പ്പെട്ടാല്‍ ഉണ്ടാകുന്ന ശിക്ഷയെപ്പറ്റി പ്രവേശനസമയത്തുതന്നെ മുന്നറിയിപ്പു നല്‍കണമെന്ന് എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ, യുജിസി തുടങ്ങിയ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ആവശ്യമാണെന്നു തോന്നിയാല്‍ പ്രതിയുടെ വിശദീകരണം കേള്‍ക്കുന്നതിനു മുമ്പുതന്നെ പ്രതിയെ കോളേജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്പെന്‍ഡ് ചെയ്യുകയുമാകാം. കേസ് പൊലീസിന് കൈമാറാനും വൈകിക്കൂടെന്ന് കോടതി പറയുന്നു. 

നിര്‍ദേശങ്ങള്‍ ലംഘിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന  സ്ഥാപനത്തിന്റെ ധനസഹായം നിഷേധിക്കുന്നതുപോലും പരിഗണിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കുന്നു. റാഗിങ് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന നിരീക്ഷണവും  ഈ വിധിയിലുണ്ട്. റാഗിങ്ങിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടികള്‍ സുപ്രീംകോടതി വീണ്ടും വിലയിരുത്തി. വീഴ്ചവരുത്തിയ ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.  ഇതിനുശേഷം യുജിസിയുടെ റാഗിങ്വിരുദ്ധ ചട്ടങ്ങള്‍ വന്നു. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള വ്യവസ്ഥകളാണിതില്‍. ഇതനുസരിച്ച് ഒരു ആന്റിറാഗിങ് ഹെല്‍പ്ലൈന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. 1800–180–5522 ആണ് നമ്പര്‍.  വലഹുഹശില@മിശൃേമഴഴശിഴ.ശി എന്ന മെയില്‍ ഐഡിയിലും  ആര്‍ക്കും റാഗിങ്ങിനെപ്പറ്റി  പരാതി നല്‍കാം. പേരു വെളിപ്പെടുത്താതെ പരാതി നല്‍കാനും വ്യവസ്ഥയുണ്ട്.
റാഗിങ്ങിനെതിരെ നിയമങ്ങള്‍ നിലവിലുള്ളത് ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം, ഉത്തര്‍പ്രദേശ്, ഛണ്ഡീഗഢ്, ത്രിപുര, തമിഴ്നാട്, അസം, കേരളം, പശ്ചിമ ബംഗാള്‍, ഗോവ, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ്.

തുടക്കം സ്പോര്‍ട്സില്‍

റാഗിങ് ഒരു തമാശ എന്ന മട്ടിലാണ് കലാലയ ക്യാമ്പസുകളില്‍ നിലനിന്നിരുന്നത്. പുതുതായി വരുന്നവരെ പരിചയപ്പെടലും പരിചയപ്പെടുത്തലുമായി അരങ്ങേറിയിരുന്ന റാഗിങ്ങിനെ വലിയൊരു വിപത്തായി പൊതുസമൂഹം കണ്ടിരുന്നില്ല. 

റാഗിങ്ങിനുമുണ്ട് പറയാന്‍ നൂറ്റാണ്ടുകളുടെ ചരിത്രം. ഏഴാം നൂറ്റാണ്ടിലെ ഗ്രീസില്‍ റാഗിങ്ങിന്റെ ആദ്യ രൂപം അരങ്ങേറി. അതുപക്ഷേ കായികതാരങ്ങള്‍ക്കിടയില്‍ ഒതുങ്ങിനിന്ന ഏര്‍പ്പാടായിരുന്നു. കായിക ഇനങ്ങളിലേക്ക് പുതുതായി കടന്നുവരുന്നവരെ കളിയാക്കിയും മറ്റും പരുവപ്പെടുത്തുന്ന രീതിയിലായിരുന്നു താരതമ്യേന നിരുപദ്രവകരമായ ഈ റാഗിങ്. കാലം കളിയാക്കല്‍ രീതികളില്‍ ഏറെ മാറ്റം കൊണ്ടുവന്നു. പിന്നീട് സൈന്യം ഈ രീതി കടം കൊണ്ടു. പുതുതായി പട്ടാളക്കാരാകുന്നവര്‍ പലതരത്തിലുള്ള 'പരീക്ഷണങ്ങള്‍'ക്ക് ഇരയാക്കപ്പെട്ടു. ക്യാമ്പസുകളിലേക്ക് റാഗിങ് എത്തുന്നത് പിന്നീടാണ്. ക്രമേണ സംഘടിത അക്രമത്തിന്റെ രൂപംതന്നെ ഇതിനു കൈവന്നു. 

1873ല്‍ റാഗിങ്ങിന് ആദ്യ രക്തസാക്ഷി ഉണ്ടായി. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ റാഗിങ്ങിനിടെ കൊക്കയില്‍ വീണ് ഒരു വിദ്യാര്‍ഥി മരിച്ചു.
ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് ക്യാമ്പസുകളില്‍ റാഗിങ് അപകടകരമായ മാനങ്ങളിലേക്കെത്തിയത്. യുദ്ധത്തിനുശേഷം മടങ്ങിയെത്തി കോളേജുകളില്‍ ചേര്‍ന്ന പട്ടാളക്കാര്‍ സൈന്യത്തില്‍ പരിശീലിച്ച റാഗിങ് തന്ത്രങ്ങള്‍ കോളേജുകളിലും പയറ്റിത്തുടങ്ങി. റാഗിങ് കടുത്ത ക്രൂരതയിലേക്ക് തിരിഞ്ഞു. 20–ാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ റാഗിങ്ങിന്റെ പേരിലെ ക്യാമ്പസ് അതിക്രമങ്ങള്‍ ഏറിത്തുടങ്ങി. ഇന്ത്യയിലും ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനൊപ്പം റാഗിങ്ങുമെത്തിയിരുന്നു. ആദ്യം പബ്ളിക് സ്കൂളുകളിലും സൈനിക സ്കൂളുകളിലും ഒതുങ്ങി. ക്രമേണ വ്യാപിച്ചു. അറുപതുകളുടെ അവസാനംവരെ ഗൌരവമുള്ള പ്രശ്നങ്ങള്‍ക്കൊന്നും റാഗിങ് ഇടയാക്കിയില്ല. 

കേരളത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. റാഗിങ് കടുത്ത രീതിയില്‍ തലപൊക്കിയപ്പോഴൊക്കെ വിദ്യാര്‍ഥി സംഘടനയുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതമൂലം കുറേയൊക്കെ തടയാനുമായി. എന്നാല്‍ തൊണ്ണൂറുകളില്‍ സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ രാജ്യത്താകെ മുളച്ചുപൊന്തിയതോടെ റാഗിങ് വീണ്ടും പ്രശ്നമായി. പഴയതിലും കടുത്ത രീതിയില്‍ റാഗിങ് തിരിച്ചുവന്നു. തമിഴ്നാട്ടില്‍  ആത്മഹത്യകള്‍ക്കുവരെ റാഗിങ്  കാരണമായി. റാഗിങ്  നിരോധം ആദ്യം വന്നതും തമിഴ്നാട്ടിലാണ്. 1997ല്‍ അവര്‍ റാഗിങ് നിരോധിച്ച് നിയമം പാസാക്കി. ആ വര്‍ഷംതന്നെ കേരളത്തിലും നിയമംവന്നു.

കടപ്പാട് : അഡ്വ. കെ ആര്‍ ദീപ

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate